Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

December 7, 2013

ഓട്ടി മൊയ്തു




കമ്പനിക്കുവേണ്ടി രാവുംപകലും ചത്തു പണിയെടുക്കുന്ന ഒ.ടി മൊയ്തു ഒരു പൊട്ടനല്ല. പൊട്ടന്‍ മല്‍ബു, പാവം എന്നൊക്കെ ആളുകള്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അത് എല്ലാവര്‍ക്കും തിരുത്തേണ്ടി വന്നു. ഒറ്റത്തെങ്ങില്‍ എന്ന കുടുംബപ്പേരിന്റെ ചുരുക്കമാണ് ഒ.ടിയെങ്കിലും പിന്നീട് അതിന് പല മല്‍ബുകളുടേയും സ്വപ്നമായ സാക്ഷാല്‍ ഓട്ടിയാകാനുള്ള ഭാഗ്യമുണ്ടായി.
എയര്‍പോര്‍ട്ടീന്ന് കമ്പനിയിലേക്ക് കമ്പനീന്ന് എയര്‍പോര്‍ട്ടിലേക്ക് എന്നതു പോലെയായിരുന്നു മൊയ്തുവിന്റെ ജീവിതവും ജോലിക്കമ്പവും. അതായത് കരിപ്പൂരിലേക്ക് വിമാനം കയറാന്‍ പോകുമ്പോള്‍ മാത്രമാണ് ടിയാന്‍ കമ്പനിയുമായുള്ള ബന്ധം വിഛേദിച്ചിരുന്നത്.
അല്ല മൊയ്തൂ  നീ കമ്പനീ തന്നെയാണോ താമസം എന്നാണ് എപ്പൊഴെങ്കിലും പുറത്തുകണ്ടാല്‍ പരിചയക്കാര്‍ മൊയ്തുവിനോട് ചോദിച്ചിരുന്നത്.
ഒന്നും  പറയേണ്ട കാക്കാ എന്നുമാത്രമായിരിക്കും അപ്പോള്‍ മൊയ്തുവിന്റെ മറുപടി.
പാവം ഒരാളെ ഇങ്ങനെ ചൂഷണം ചെയ്യാന്‍ പാടുണ്ടോ എന്ന് നാട്ടുകര്‍ പരസ്പരം ചോദിക്കാനും അതിനൊരു പരിഹാരം കാണുന്നതിനു മുന്നിട്ടിറങ്ങാനും ഒരു സംഭവമുണ്ടായി.
തലങ്ങും വിലങ്ങും പോകുന്ന ഗള്‍ഫുകാരെക്കൊണ്ട് എപ്പോഴും അത്തറു മണക്കുന്ന തൊക്കിലങ്ങാടിയില്‍നിന്ന് മൊയ്തുവടക്കം ഇരുപത് പേരെ കടല്‍ കടത്തിയ കുഞ്ഞാക്കയുടെ മരണത്തെ തുടര്‍ന്നായിരുന്നു അത്. നാട്ടാരെ ഗള്‍ഫിലെത്തിച്ച് തൊക്കിലങ്ങാടിയുടെ മുഖഛായ മാറ്റിയ കുഞ്ഞാക്കയുടെ മരണം പത്രങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി മൂന്ന് വര്‍ഷം കഴിഞ്ഞായിരുന്നു കുഞ്ഞാക്കയുടെ മരണമെങ്കിലും അദ്ദേഹത്തോടുള്ള ആദരവിന് ഒരു കുറവും വന്നിരുന്നില്ല.
പരേതനെ അനുസ്മരിക്കാനും പ്രാര്‍ഥിക്കാനും തൊക്കിലങ്ങാടിക്കാരുടെ കൂട്ടായ്മ ഒരു ചടങ്ങ് സംഘടിപ്പിച്ചു. സംഗതി വേര്‍പാടാണെങ്കിലും തീറ്റക്ക് കുറവു വരുത്തിയിരുന്നില്ല. ബ്രോസ്റ്റും ജ്യൂസും ഏര്‍പ്പാടാക്കിയത് കുഞ്ഞാക്ക ഗള്‍ഫിലേക്ക് കൊണ്ടുവന്നവരായിരുന്നു. ചടങ്ങിനുശേഷം കാശ് പിരിക്കുന്നതിനുമുമ്പുതന്നെ ഒ.ടി. മൊയ്തുവിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടു.
ആളുകള്‍ അടക്കം പറഞ്ഞു.
മയ്യിത്ത് നിസ്‌കരിക്കാന്‍ പോലും ഓന്‍ വന്നില്ല. അതും കുഞ്ഞാക്കയുടെ. ഓനെ ഇങ്ങട് കൊണ്ടുവന്ന നന്ദിയെങ്കിലും കാണിക്കണ്ടെ?
അവിടെയുമുണ്ടായി രണ്ടുപക്ഷം.
 ആ മൊയ്തുവിന്റെ കാര്യം കഷ്ടാണ് കേട്ടോ. ജോലിത്തിരക്ക് കൊണ്ട് ഒന്ന് ശ്വാസം വിടാന്‍ പോലും നേരം കിട്ടുന്നില്ല. ശരിക്കും കമ്പനിക്കാര് ആ പാവത്തെ ചൂഷണം ചെയ്യാണ്.
മൊയ്തുവിനെ അവിടെനിന്ന് രക്ഷിക്കണമെന്ന് നാട്ടുകാരില്‍ ചിലര്‍ തീരുമാനമെടുത്തു. പിടിപാടുള്ള ഒരു തൊക്കിലങ്ങാടിക്കാരന്റെ കെയറോഫില്‍ ജോലി ശരിയാക്കിയശേഷമാണ് അവര്‍ മൊയ്തുവിനെ കാണാന്‍ പോയത്.
കുഞ്ഞാക്കാന്റെ നിസ്‌കാരത്തിനുപോലും വരാന്‍ പറ്റിയില്ല, അല്ലേ, സാരമില്ല, ഞങ്ങള്‍ നിനക്കൊരു ജോലി ശരിയാക്കിയിട്ടുണ്ട്. കൂട്ടായ്മയൊക്കെ ഇവിടെയുള്ളപ്പോള്‍ ഒരാള്‍ ഇങ്ങനെ കഷ്ടപ്പെടാന്‍ പാടില്ല.
ഞാനെങ്ങോട്ടും മാറുന്നില്ല. എനിക്ക് ഇവിടെ തന്നെ മതി- ഒ.ടി. മൊയ്തു തറപ്പിച്ചുപറഞ്ഞപ്പോള്‍ മാറിയാല്‍ നല്ല ആശ്വാസം കിട്ടും പഹയാ എന്ന് കൂട്ടത്തില്‍ പ്രായമുള്ളയാള്‍ ഓര്‍മ്മിപ്പിച്ചു.
ഒരു ആശ്വാസവും വേണ്ട. ഇവിടെ അധ്വാനിക്കുന്നതിന് കായ് കിട്ടുന്നുണ്ട്. പത്ത് മിനിറ്റ് അധികം പണിയെടുത്താല്‍ പോലും കാശാണ്.
ഉമ്മന്‍ചാണ്ടിയെ ചാടിക്കാന്‍ ജോര്‍ജിന്റെ കൂടെ കൂടിയ മീഡിയക്കാരെക്കാളും കൂടുതല്‍ നിരാശരായി ആഗതര്‍.
മൊയ്തുവിനുവേണ്ടി സഹതപിച്ചവരെല്ലാം അന്നുമുതലാണ് മൊയ്തുവിനെ ഓട്ടി മൊയ്തുവെന്ന് വിളിച്ചു തുടങ്ങിയത്.
ഓവര്‍ ടൈമിനുവേണ്ടി ചാകുന്നവന്‍.
ഓട്ടിയോട് തോറ്റു മടങ്ങുമ്പോള്‍ നീ നമ്മളെ തേടി വരും പഹയാ എന്നു തൊക്കിലങ്ങാടി സംഘം പറഞ്ഞതു പോലെയായി പിന്നീട് കാര്യങ്ങള്‍.  
സ്വദേശി പൊല്ലാപ്പായ നിതാഖാതില്‍നിന്ന് രക്ഷിക്കാന്‍ കമ്പനി തട്ടിയത് മൊയ്തുവിനെ. വീണ്ടും തൊക്കിലങ്ങാടിക്കാര്‍ രക്ഷക്കെത്തിയപ്പോള്‍ മൊയ്തു വന്നുവീണത് ഒരു ബഖാലയില്‍. പക്ഷേ ഓട്ടി മൊയ്തുവിനെ അവിടെ ഭാഗ്യം കൈവിട്ടില്ല. ബഖാലയിലും തുറന്നുകിട്ടി എക്‌സ്ട്ര ഇന്‍കം ഉണ്ടാക്കാനൊരു വഴി.
പണം വലിച്ചെടുക്കുന്ന ആസ്തമയല്ലാട്ടോ.അടുത്തുള്ള വല്യോരു വീട്ടിലേക്ക് മൊയ്തു സാധനങ്ങള്‍ എത്തിച്ചുകൊടുക്കും. അവിടെയുള്ളൊരു ബാബ നന്നായി കൈമടക്കും. ആ കൈമടക്കില്‍ ഓട്ടിയില്ലാത്ത സങ്കടം മൊയ്തു മറക്കും. ബഖാലയില്‍ രാവും പകലും പണീണ്ടെങ്കിലും ഓട്ടിയില്ലല്ലോ. ഇപ്പോഴാണ് മൊയ്തു ഒഴിവുസമയം എന്‍ജോയ് ചെയ്യുന്നത്. നിസ്‌കാരത്തിന് കടയടച്ചാലും മൊയ്തു റൂമില്‍ പോയി വിശ്രമിക്കും.
അങ്ങനെയിരിക്കെ, മൊയ്തുവിനെ വീണ്ടും തോല്‍പിച്ചുകൊണ്ട് ആ ബാബ വിടചൊല്ലുകയും കൈമടക്ക് അവസാനിക്കുകയും ചെയ്തു. സമീപത്തെ മറ്റൊരു ഫ്‌ളാറ്റ് വഴി ബാബയുടെ ഫ്‌ളാറ്റിലേക്കും സാധനങ്ങള്‍ എത്തിക്കുന്നുണ്ടെങ്കിലും കൈമടക്കിനു കനമില്ലാതായി.
ഒരു ദിവസം മൊയ്തു ഉച്ചഭക്ഷണത്തിനെത്തിയപ്പോള്‍ കൂട്ടുകാര്‍ ഒരു വലിയ തളിക ചോറും ആടുമായി കാത്തിരിക്കുന്നു.
എന്താ വകയെന്ന് ചോദിക്കുക മൊയ്തുവിന്റെ ഒരു വീക്ക്‌നെസ്സാണ്. അപ്പം തിന്നാല്‍ പോരേയെന്ന് കൂട്ടുകാര്‍ ചോദിച്ചെങ്കിലും മൊയ്തുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവര്‍ക്ക് അതു പറയേണ്ടിവന്നു.
ബാബയുടെ വീട്ടില്‍നിന്ന് കൊണ്ടുവന്ന ആ തളികക്കുമുന്നില്‍ മൊയ്തുവിന്റെ കണ്ണീരൊഴുകിയപ്പോള്‍ അതൊരു മരണവീട് പോലെയായി.


9 comments:

ajith said...

എന്തിനാണ് മൊയ്തുവിന്റെ കണ്ണീരൊഴുകിയത്?
എനിക്ക് മനസ്സിലായില്ല.
പിന്നീട് വരാം

M. Ashraf said...

അജിത് ജീ നന്ദി,
മൊയ്തുവിന്റെ ജോലി മാറിയപ്പോള്‍ അധികവരുമാനത്തിന് ഏക ആശ്രയം ബാബ ആയിരുന്നു. ബാബ മരിച്ചതിനെ തുടര്‍ന്ന് ആ വീട്ടുകാര്‍ നല്‍കിയ അന്നദാനമാണ് തളികയില്‍ മൊയ്തുവിനു മുന്നിലെത്തിയത്. താഴെ ചേര്‍ത്ത വരിയില്‍ അത്അത്രകണ്ട് വ്യക്തമാകാത്തതിനു സോറി.
അങ്ങനെയിരിക്കെ, മൊയ്തുവിനെ വീണ്ടും തോല്‍പിച്ചുകൊണ്ട് ആ ബാബ വിടചൊല്ലുകയും കൈമടക്ക് അവസാനിക്കുകയും ചെയ്തു.

Echmukutty said...

വിശദീകരണം വായിച്ചപ്പോഴേ എനിക്കും മനസ്സിലായുള്ളൂ..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പാപി ചെന്നോളം പാതാളം എന്നല്ലേ..? എന്റെ ബുദ്ധിയെ സമ്മതിക്കണം.. വിശദീകരിക്കാതെത്തന്നെ കാര്യം മനസ്സിലായി..
അനേകരുടെ കഥ കഴിയും വരെ മൊയ്‌തുവിന്‍റെ കഥ ഇനിയും നീളും.

ajith said...

അതായിരിക്കും കാരണം എന്ന് ഒരു ഊഹമുണ്ടായിരുന്നു. ഇപ്പോള്‍ വ്യക്തമായി. താങ്ക്സ്

മുകിൽ said...

appo athaanu kaaranam..vaayichu. aaswadichu.

Mohamedkutty മുഹമ്മദുകുട്ടി said...

മൊയ്തുവിന്റെ ജീവിതം ഓട്ടിക്കായി ഇനിയും ബാക്കി.

K@nn(())raan*خلي ولي said...

വീണ്ടുമൊരു മല്‍ബൂ കഥ വായിക്കാന്‍ (സോറി. അനുഭവിക്കാന്‍)കഴിഞ്ഞല്ലോ..
അശ്രു., താങ്ക്ളൂ താങ്ക്ളൂ..

ബഷീർ said...

സത്യായിട്ടും എനിക്ക് മനസിലായിരുന്നു ഓട്ടിയുടെ കണ്ണു നിറഞ്ഞതിന്റെ കാരണം.. അങ്ങിനെ എത്രയോ പേർ..

Related Posts Plugin for WordPress, Blogger...