എ.ടി.എമ്മില്‍നിന്ന് പണത്തിനു പകരം കിട്ടിയ സ്ലിപ്പ് ചുരുട്ടി വലിച്ചെറിഞ്ഞ് പുറത്തിറങ്ങുകയായിരുന്നു മല്‍ബു. സാലറി എത്തിയിട്ടുണ്ടോ എന്നറിയാന്‍ രണ്ടു തവണ എ.ടി.എമ്മില്‍ കുത്തി ബാലന്‍സ് പ്രിന്റൗട്ട് എടുത്തു. സീറോ.
ശരിക്കും ആവശ്യമില്ലാത്ത ഒരു അധ്വാനം.
ശമ്പളമെത്തിയാല്‍ ബാങ്കില്‍നിന്ന് മൊബൈലിലേക്ക് മെസേജ് വരും. അതിനുശേഷം പോയാല്‍ മതി എ.ടി.എമ്മിലേക്ക്.
പക്ഷേ, എസ്.എം.എസ്സാണ്. ചിലപ്പോള്‍ മിസ്സാകാമല്ലോ. അതുകൊണ്ടുതന്നെ മാസാന്ത്യമായാല്‍ എ.ടി.എമ്മില്‍ പോയി ഇടക്കിടെ കുത്തിനോക്കുക മല്ബുവിന്റെ ഒരു ശീലമാണ്.
രണ്ടും മൂന്നും തവണ ഇങ്ങനെ ചുമ്മാ കുത്തി കടലാസ് കളഞ്ഞാല്‍ എ.ടി.എമ്മിലെ ക്യാമറ പകര്‍ത്തി ബാങ്ക് വിളിപ്പിക്കുമോ എന്ന സംശയമുണ്ട്. കഴിഞ്ഞ മാസം അക്കൗണ്ട് അപ്ഡേറ്റ് ചെയ്യാന്‍ പോയപ്പോള്‍ കസ്റ്റമര്‍ കെയറുകാരന്‍ ശരിക്കും ഒന്നു വിരട്ടിയതാണ്.
നിങ്ങളെ കൊണ്ട് ബാങ്കിന് എന്താണൊരു ഗുണം എന്നായിരുന്നു ടിയാന്റെ ആദ്യത്തെ ചോദ്യം. മാസാവസാനം ശമ്പളം അക്കൗണ്ടില്‍ വരുന്നു. ഒരു ദിവസം പോലും അത് അവിടെ നിര്‍ത്താതെ നിങ്ങള്‍ പിന്‍വലിക്കുന്നു. ബാങ്കിന് ഒരു ഗുണവുമില്ല. അതുകൊണ്ട് വര്‍ഷത്തേക്ക് 150 റിയാല്‍ ഫീയുള്ള ക്രെഡിറ്റ് കാര്‍ഡ് നിര്‍ബന്ധമായും എടുക്കണം. അതെങ്കിലും കിട്ടട്ടെ ബാങ്കിന്.
അയ്യോ അതുവേണ്ട, മിസ്കീനാണ് എന്നൊക്കെ പറഞ്ഞതുകൊണ്ടല്ല, അയാള്‍ക്ക് അപ്പോള്‍ തന്നെക്കാള്‍ വലിയ കസ്റ്റമറെ കിട്ടിയതുകൊണ്ടാണ് ക്രെഡിറ്റ് കാര്‍ഡ് കെണി തല്ക്കാലം ഒഴിവായി കിട്ടിയത്.
അയാള്‍ ഇനിയും തന്നെ പിടികൂടി ഒരു മാസ്റ്റര്‍ കാര്‍ഡ് ഹോള്‍ഡറാക്കി മാറ്റുമെന്ന് മല്‍ബു ഉറച്ചുവിശ്വസിക്കുന്നു. അങ്ങനെയൊരു സാഹചര്യം വന്നാല്‍ എടുക്കാമെന്നും അതുവരെ ഇങ്ങനെ പോകട്ടെയെന്നുമാണ് മല്ബുവിന്റെ നിലപാട്. അല്ലെങ്കിലും ഇക്കാലത്ത് ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് ആര്‍ക്കെങ്കിലും രക്ഷയുണ്ടോ?
ശീലം അറിയാവുന്നതുകൊണ്ടു തന്നെ മല്‍ബു മറ്റുള്ളവര്‍ക്ക് ഒരു ആശ്രയമാണ്. ശമ്പളം വന്നോ എന്നറിയാന്‍ തിടുക്കമുള്ളവരും എന്നാല്‍ എ.ടി.എമ്മില്‍ പോയി കുത്താന്‍ മടിയുള്ളവരുമായ സഹപ്രവര്‍ത്തകര്‍ വിളിച്ചു ചോദിക്കും
മല്‍ബൂ, സാലറി വന്നോ?
വന്നാല്‍ മെസേജ് വരുമെന്നാണ് മറുപടി നല്കാറുള്ളതെങ്കിലും ഒന്നു കൂടി കുത്തിനോക്കാന്‍ മല്‍ബു ആരും കാണാതെ എ.ടി.എമ്മിലേക്കോടും.
ഈയിടെയായി ഉറുപ്യക്ക് ഒരു ശീലമുണ്ട്. ചതീന്ന് പറയുന്നതാകും കൂടുതല്‍ ശരി. ബാങ്കില്‍ ശമ്പളമെത്തുന്നതുവരെ അതിന്റെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കും. ശമ്പളമെത്തി, നാട്ടിലയക്കാന്‍ വിചാരിക്കുമ്പോഴേക്കും തിരിച്ചുകയറിത്തുടങ്ങും. മല്ബുവിന്റെ ഭാഗ്യദോഷം.
ഇനിയിപ്പോ ശമ്പളം നാളെ വരുമായിരിക്കുമെന്ന് കരുതി പുറത്തിറങ്ങിയ മല്‍ബുവിനെ കാത്ത് ഒരാള്‍. അഭിവാദ്യം ചെയ്തുകൊണ്ട് അടുത്തുവന്ന അയാളുടെ കൈയില്‍ നൂറ് ഡോളറിന്റെ ഒരു നോട്ട്.
ഇതൊന്ന് അത്യാവശ്യമായി മാറണമായിരുന്നു.
എന്തു പറ്റിയെന്ന് അയാളോട് ചോദിക്കേണ്ടി വന്നില്ല.
താനൊരു പൈലറ്റാണെന്നും ഇളയ കുട്ടിയെ ഇവിടെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കയാണെന്നും അത്യാവശ്യമായി റിയാല്‍ വേണമെന്നും ദൂരെ പോയി ഡോളര്‍ മാറാന്‍ സമയമില്ലെന്നും അയാള്‍ വിശദീകരിച്ചു.
വയ്യാവേലിയെന്ന് കരുതി മുന്നോട്ടുനീങ്ങിയ മല്‍ബുവിനെ പിടിച്ചു നിര്‍ത്തി, ഞാനൊരു പൈലറ്റായിട്ടും വിശ്വാസമില്ലേ എന്നു കൂടി ചോദിച്ചപ്പോള്‍ മല്‍ബുവിനു ശരിക്കും തട്ടിപ്പ് മണത്തു.
കീശയും പഴ്സുമൊക്കെ തപ്പി യഥാസ്ഥാനത്തുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്തത്.
ഒരു തട്ടിപ്പില്‍ താന്‍ രക്ഷപ്പെട്ടിടത്ത് നാട്ടുകാരന് മല്‍ബു തലവെച്ചു കൊടുത്തിട്ട് അധികം ദിവസമായിട്ടില്ല.
അതൊരു മൊബൈല്‍ കടയ്ക്കു മുന്നില്‍ വെച്ചായിരുന്നു. കൈയില്‍ പിടിച്ച ഗാലക്സി ഫോണ്‍ എവിടെ കൊണ്ടുപോയി വില്‍ക്കുമെന്ന് ചോദിച്ചുകൊണ്ടാണ് അയാള്‍ അടുത്തുവന്നത്. അതൊരു ഹിന്ദിയായിരുന്നു. സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിന് അത്യാവശ്യമായി പണം വേണ്ടതിനാലാണ് ഫോണ്‍ വില്ക്കുന്നതെന്നു പറഞ്ഞ അയാള്‍ക്ക് എവിടെ വിറ്റാല്‍ നല്ല വില കിട്ടുമെന്നാണ് അറിയേണ്ടിയിരുന്നത്. മൊബൈല്‍ മാര്‍ക്കറ്റില്‍ പോയാല്‍ മതിയെന്നു പറഞ്ഞെങ്കിലും അയാള്‍ക്ക് ഫോണ്‍ മല്‍ബുവിനു തന്നെ വില്‍ക്കണം.
ഒഴിഞ്ഞുമാറി ഫ്ളാറ്റിലെത്തി അല്പം കഴിഞ്ഞപ്പോള്‍ കേട്ടത് ആ ഹിന്ദിക്കാരന് ഒറിജിനല്‍ മൊബൈല്‍ കാണിച്ച് ഡ്യൂപ്ലിക്കേറ്റ് വിറ്റ് നാട്ടുകാരന് മൊയ്തുവിനെ സമര്‍ഥമായി കബളിപ്പിച്ച കഥയാണ്. മൊയ്തു പഴ്സില്‍നിന്ന് പണം എടുത്ത് നല്കിയപ്പോഴേക്കും മറിമായം സംഭവിച്ചുവത്രെ. സുമുഖനായ ആ ഹിന്ദിക്കാരന് കാറില്‍ കയറി പോവുകയും ചെയ്തു.
ഇതിപ്പോള്‍ നൂറിന്റെ ഡോളര്‍ കള്ളനോട്ടായിരിക്കാം. അല്ലെങ്കില്‍ ഡോളറിനു പകരം റിയാല്‍ നല്കാന് പഴ്സെടുത്താല്‍ അത് തട്ടിപ്പറിച്ചോടാം.
നോ, നോ എന്നു പറഞ്ഞ് പൈലറ്റില്‍നിന്ന് രക്ഷപ്പെട്ട മല്‍ബു അല്പം മാറിനിന്ന് രംഗം വീക്ഷിച്ചു. എ.ടി.എമ്മിലേക്ക് വന്ന പലരേയും ആ പൈലറ്റ് ഡോളറുമായി സമീപിച്ചു. കുട്ടി ആശുപത്രിയിലാണെന്ന അയാളുടെ കദനകഥ എല്ലാവരും കേട്ടെങ്കിലും ആരും റിയാല്‍ പുറത്തെടുത്തില്ല.
അവസാനം അയാള്‍ ആശുപത്രിയില്‍ കിടക്കുന്ന കുട്ടിയെ മറന്ന് ദൂരെ നിര്‍ത്തിയിട്ടിരുന്ന പാട്ട വണ്ടിയില്‍ കയറി എതിര്‍ദിശയിലേക്ക് ഓടിച്ചുപോയി. പൈലറ്റിനു പറ്റിയ കാര്‍ തന്നെ. അതും പറഞ്ഞുകൊണ്ട് ഒരിക്കല്‍ കൂടി എ.ടി.എമ്മില്‍ കുത്തിനോക്കാന്‍ നില്‍ക്കാതെ മല്‍ബു ഓഫീസിലേക്ക് മടങ്ങി.
13 comments:
നന്നായിട്ടുണ്ട്. പര്യവസാനം കുറച്ചു കൂടി ആകർഷകമാക്കാമായിരുന്നു.
'ഈയിടെയായി ഉറുപ്യക്ക് ഒരു ശീലമുണ്ട്. ചതീന്ന് പറയുന്നതാകും കൂടുതല്‍ ശരി. ബാങ്കില്‍ ശമ്പളമെത്തുന്നതുവരെ അതിന്റെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കും. ശമ്പളമെത്തി, നാട്ടിലയക്കാന്‍ വിചാരിക്കുമ്പോഴേക്കും തിരിച്ചുകയറിത്തുടങ്ങും.'
athoru vaasthavam thanne...!!
aazamsakal..
ചതി തന്നെയാവും,എന്നാലും അവതരണത്തില്‍ പഴയ ആ മല്‍ബു ടച്ചില്ല. പിന്നെ കമന്റു ബോക്സിലെ ആവര്‍ത്തനങ്ങള്‍ നീക്കം ചെയ്യണം.വെറുതെ എണ്ണം കൂടിയാല്‍ പോരല്ലോ? .ഇല്ലെങ്കില്‍ ഇനി അതും ഒരു മല്‍ബു കഥയാവും..
എല്ലായിടത്തും തട്ടിപ്പുകള്‍ ..
തട്ടിപ്പുകാരെന്തെല്ലാം പുതിയ വിദ്യകളാണ് പരീക്ഷിച്ച് നോക്കുന്നത്. എന്നാലും ഇവര്‍ക്ക് 50 റിയാലും 100 റിയാലുമൊക്കെ പറ്റിയ്ക്കാന്‍ നാണമില്ലെ? നമുക്ക് ലക്ഷങ്ങളുടെയും കോടികളുടെയുമൊക്കെ തട്ടിപ്പേ ഒരു തട്ടിപ്പായി ഫീല്‍ ചെയ്യുകയുള്ളു
malbuvinu bhayankara budhiyaanalle...
തട്ടിപ്പുകൾ പലവിധം
തട്ടിപ്പിന്റെ മറിമായങ്ങൾ..
ഈ തട്ടിപ്പുകൾ ലോകത്തിന്റെ
എല്ലാഭാഗത്തുമുണ്ട് ഭായ്,ഇവരുടെ
കെണികളിലകപ്പെടാത്തവർ അധികം
അകപ്പെടാത്തവർ മല്ലൂസ് തന്നെ..!
>>ബാങ്കില്‍ ശമ്പളമെത്തുന്നതുവരെ അതിന്റെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കും. ശമ്പളമെത്തി, നാട്ടിലയക്കാന്‍ വിചാരിക്കുമ്പോഴേക്കും തിരിച്ചുകയറിത്തുടങ്ങും. << സത്യം... ! എല്ലാ മൽബൂസിന്റെയും ചിന്ത തന്നെ
സായിപ്പിനും ദാരിദ്യ്രമോ? ഒബാമക്കാലത്തെ അമേരിക്കന്‍ സായ്പായിരിക്കും, അല്ലേ?
ഹും മ്മടെ അടുത്താ ന്റെ കളി അല്ലേ ?!!
എല്ലാം സത്യങ്ങള തന്നെ....പക്ഷെ സത്യം കണ്ടാ
എങ്ങനെ തിരിച്ചു അറിയും എന്നതാ വല്യ
പ്രശനം ഇപ്പൊ ..
തട്ടിപ്പുകള്‍ പലവിധം...
നന്നായിട്ടുണ്ട് :)
Post a Comment