നീളമുള്ള ഒരു വടി സംഘടിപ്പിച്ച് അതിന്റെ അറ്റത്ത് കറിക്കത്തി കെട്ടി മല്‍ബുവും രണ്ടു കൂട്ടുകാരും ഇറങ്ങി. ഇരുട്ട് പരന്നു തുടങ്ങിയിട്ടുണ്ടെങ്കിലും കത്തി ആരും കാണാതിരിക്കാന്‍ അത് ഒരു പ്ലാസ്റ്റിക്ക് സഞ്ചിക്കകത്താക്കി കയറില്ലാത്തതിനാല്‍ മറ്റൊരു പ്ലാസ്റ്റിക് സഞ്ചി കൊണ്ട് കെട്ടിയിട്ടുണ്ട്.
കത്തി കളഞ്ഞിങ്ങ് പോന്നേക്കരുതെന്ന് റൂമില്‍നിന്ന് ഇറങ്ങുമ്പോള്‍ മൊയ്തു വിളിച്ചു പറഞ്ഞിരുന്നു. ചൈനീസ് മെയ്ഡിനുമേല്‍ ജപ്പാന് എന്നെഴുതിയതും സാക്ഷാല്‍ ജപ്പാനില്‍നിന്നുള്ളതുമായി അനവധി കത്തികള്‍ ലഭ്യമായിട്ടും മൊയ്തു നാട്ടില്‍നിന്ന് കൊണ്ടുവന്നതാണ് കറിക്കത്തി.
മൊയ്തുവിന്റെ ലാപ്ടോപ്പിന്റെ ബാക്ക്ഗ്രൗണ്ട് എപ്പോഴും ഏതെങ്കിലും ഒരു നാടന്‍ ചിത്രമായിരിക്കും. റൂമിലെ മറ്റുള്ളവര്‍ അവരുടെ കംപ്യൂട്ടറുകളില്‍ നടീനടന്മാരുടേയും മേത്തരം കാറുകളുടേയും ചിത്രങ്ങളിടുമ്പോള്‍ നാടന്‍ അടുക്കളയോടായിരിക്കും മൊയ്തുവിന്റെ പ്രണയം.
എന്നാ പിന്നെ ഗ്യാസ് ഒക്കെ എടുത്തുമാറ്റി ഒരു നാടന്‍ അടുപ്പങ്ങ് കൂട്ടിക്കൂടേ മൊയ്തൂക്കാ എന്നു ചോദിച്ചാല്‍ പറ്റുന്നത് ചെയ്യാടാ എന്നായിരിക്കും മറുപടി.
അല്ല മാഷേ ഇനീം കുറേ പോണോ?
കത്തികെട്ടിയ വടി താഴ്ത്തിപ്പിടിച്ച് പിന്നാലെ നടക്കുകയായിരുന്ന മല്‍ബു മുന്നില്‍ വഴികാട്ടിയായി നടക്കുന്ന വിനയന് മാഷോട് ചോദിച്ചു.
ഇല്ലാന്നേ, കുറച്ചുകൂടി പോയാല്‍ മതി. കുറച്ച് നടന്നാലെന്താ? നല്ല ഒന്നാന്തരം കായാണ് അവിടുള്ളത്. ഇന്ന് നമുക്ക് കാ മാത്രം പറിച്ചാല്‍ മതി. ഇല വേണ്ട.
തൊട്ടടുത്തു തന്നെ മൂന്നു നാല് മുരിങ്ങാ മരം ഉണ്ടായിരുന്നിട്ടും രണ്ട് കായ കിട്ടാന്‍ ഇങ്ങനെ നടക്കേണ്ടി വരുന്നല്ലോ എന്നോര്‍ത്തായിരുന്നു മല്‍ബുവിനു സങ്കടം.
ചിക്കനും ബീഫും കൂട്ടി മടുക്കുമ്പോഴൊക്കെ പോയി കാ വേണേല്‍ കാ, ഇല വേേണല്‍ ഇല എന്ന നിലയില്‍ ഇഷ്ടം പോലെ പറിച്ചു കൊണ്ടുവരാമായിരുന്നു.
ഇപ്പോള്‍ നാലു ഭാഗത്തും വലിയ മുരിങ്ങയുള്ള ആ കോമ്പൗണ്ടിന്റെ അടുത്തു ചെല്ലണമെങ്കില്‍ അവിടത്തെ അപ്പൂപ്പന് ഇല്ലാത്ത നേരം നോക്കണം. ഇനി പോയാല്‍ തന്നെ അവിടത്തെ പണിക്കാര്‍ക്കു പേടിയാണ്. ഏതു സമയത്താണ് വടി കുത്തി നടക്കുന്ന കാരണവര്‍ പ്രത്യക്ഷപ്പെടുന്നതെന്നോ വടി വീശുന്നതെന്നോ പറയാന്‍ കഴിയില്ല.
മല്‍ബു പോയ്ക്കോ. ഞങ്ങള്‍ നല്ല കായയും ഇലയും പറിച്ചുവെച്ച് മിസ്സിടാം അപ്പോള്‍ വന്നാല്‍ മതി. എന്നു പറഞ്ഞ് അവര്‍ തിരിച്ചയക്കും.
അവര്‍ മിസ്സിടുകയില്ലെന്നും തന്നെ ഒഴിവാക്കാന്‍ പറയുന്നതാണെന്നും അറിവുള്ള മല്‍ബു പിന്നെ അവര്‍ക്കും ഒന്നും കൊടുക്കാതായി.
മുരിങ്ങക്ക് പകരം മല്‍ബു നല്‍കാറുണ്ടായിരുന്നത് പെര്‍ഫ്യൂമിന്റെ സാമ്പിളുകളായിരുന്നു. കമ്പനിയില്‍ വിതരണം ചെയ്യാന്‍ കിട്ടുന്ന സാമ്പിള്‍ സ്പ്രേകളില്‍ കുറേ അടിച്ചുമാറ്റുന്ന മല്‍ബു അവയില്‍ കുറച്ചു ദാനം ചെയ്യും.
നാട്ടില്‍ മാത്രമല്ല, നാടുവിട്ടാലും നമുക്ക് ഇതുതന്നെയാണ് ധര്‍മം. അങ്ങോട്ടും ഇങ്ങോട്ടും. ഒരു വശത്തോട്ട് മാത്രമായാല്‍ അതുവേഗം നിലച്ചു പോകും. അതാണ് ഇവിടെയും സംഭവിച്ചത്.
ആരും ഉപയോഗിക്കാതെ നശിച്ചുപോയിരുന്ന മുരിങ്ങക്കയും ഇലയും അവിടത്തെ പണിക്കാര് പറിച്ച് അതു ഉപയോഗിക്കാന്‍ കൊതിയുള്ള മല്‍ബുവിനു നല്കുമ്പോള് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ പരസ്യത്തിനായി നല്കുന്ന സാമ്പിള്‍ സ്പ്രേകള്‍ അവയുടെ വില ഓര്‍ക്കാന്‍ പോലും കഴിയാത്ത സാദാ പണിക്കാര്‍ക്ക് മല്‍ബു സമ്മാനിക്കുന്നു.
മുരിങ്ങ ഇങ്ങനെ തിന്നുതിന്നു, നാട്ടില്‍ പോകാന്‍ ഇനിയുമുണ്ടല്ലോ ഒരു കൊല്ലമെന്ന് പണിക്കാര് കളിയാക്കുമ്പോള്‍ സ്പ്രേ അടിച്ച് പുയ്യാപ്ല ആയിട്ട് നിങ്ങള്‍ക്കും കാര്യമില്ലല്ലോ എന്ന് മല്‍ബു അങ്ങോട്ടും കാച്ചും.
അങ്ങനെ അഭംഗുരം തുടരുകയായിരുന്ന മുരിങ്ങ-സ്പ്രേ
കൈമാറ്റം അവസാനിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു.
നിരവധി വാഹനങ്ങളും ജോലിക്കാരുമൊക്കെയുള്ള ആ വലിയ വീട്ടിലേക്ക് ഒരു പെണ്ണു വന്നു. ഭാര്യ മരിച്ച വീട്ടുടമയായ കാരണവര്‍ക്കൊരു മണവാട്ടിയായി.
ആ സന്തോഷം മുതലെടുക്കാന്‍ പണിക്കാരായ രണ്ടു മല്‍ബുകളും ചേര്‍ന്ന് അപാര സാധ്യതകളുള്ള മുരിങ്ങയെ കുറിച്ച് കാരണവരോട് വിശദീകരിച്ചു.
മുരിങ്ങമഹിമ വിളമ്പിയതു വഴി ഇരുവര്‍ക്കും സമ്മാനമൊന്നും ലഭിച്ചില്ലെങ്കിലും ഇനിയൊരാള്‍ക്കും മുരിങ്ങക്ക കൊടുത്തുപോകരുതെന്ന് കര്‍ശന കല്പന ഉണ്ടായി.
പിന്നെ കാവല്‍ക്കാരിലൊരാളായ അസ്സുക്ക നാട്ടില്‍നിന്ന് ഒരു താത്തയെ കൊണ്ടുവന്നു. അവര്‍ മുരിങ്ങക്ക ചേര്‍ത്ത് അവിയലും മുരിങ്ങയിലയിട്ട് തോരനും പരിപ്പുകറിയും പിന്നെ ഇല കൊണ്ട് പേരില്ലാത്ത ഒത്തിരി വിഭവങ്ങളും ഉണ്ടാക്കി അറബിയെ തീര്‍ത്തും മുരിങ്ങ പ്രിയനാക്കി. മുരിങ്ങക്കയും ചക്കക്കുരുവും ചേര്‍ത്തുള്ള കറി കാരണവര്‍ പിന്നെയും പിന്നെയും ചോദിച്ചുവാങ്ങും.
മുരിങ്ങക്കാ നഷ്ടത്തെ കുറിച്ചുളള കഥ പറഞ്ഞു തീര്‍ന്നപ്പോഴേക്കും മല്‍ബുവിനെ വിനയന് മാഷ് പുതിയ കോമ്പൗണ്ടിനടുത്ത് എത്തിച്ചിരുന്നു.
ഇഷ്ടം പോലെ മുരിങ്ങക്ക പറിച്ച് മടങ്ങുമ്പോള്‍ മല്‍ബു ചോദിച്ചു.
മാഷേ, ഇങ്ങള് വലിയ വിദ്വാനാണല്ലോ. എന്താ നമ്മുടെ ഈ മുരിങ്ങക്ക് ആയുര്‍േവദത്തില്‍ പറയാ..
മുരിങ്ങാന്നു തന്നെ. പിന്നെ ഒരു സംസ്കൃത പദമുണ്ട്. ശോഭാഞ്ജനപത്രം. തമിഴില്‍ മുരിങ്ക, ഹിന്ദിയില്‍ സജിന. ഇംഗ്ലീഷില്‍ മൊറിംഗ.
21 comments:
മുരിങ്ങപുരാണം കൊള്ളാം. നാട്ടിൽ സുലഭമായ പച്ചക്കറികളിൽ ഒരുപക്ഷെ ഗൾഫിൽ എവിടേയും വളരുന്നതും ഈ മുരിങ്ങ തന്നെയാകും. ആശംസകൾ...
ആ കാരണവരെ “മുന്താണൈ മുടിച്ച്” എന്ന പടവും കൂടി കാണിച്ചാല്‍ സൌദിയിലുള്ള മുരിങ്ങ മുഴുവന്‍ പാട്ടത്തിനെടുത്തേനെ!!
vadikoduth adi vangi alle?
muringa visesham assalaayi.
അപ്പോ മുരിങ്ങ വിശേഷം അറബിയെ പഠിപ്പിച്ചു അല്ലെ? ഇനി അജിത് പറഞ്ഞ പോലെ മുന്താണെ മുടിച്ചി കാണിച്ചു കൊടുക്ക്. നമ്മുടെ നാട്ടിലെ പുതിയാപ്ല കോര എന്ന മീന്‍ [കിളി മീന്‍] അറബികള്‍ക്കു പ്രിയമണെന്നു കേട്ടിട്ടുണ്ട്. അതും കൂടെ ആ താത്താനോട് പറഞ്ഞാല്‍ മതി.
അറബി മുരിങ്ങയും നമ്മുടെ നാടൻ മുരിങ്ങയും ഒരുപോലെയാണോ?
ഹഹഹ കൊള്ളാം അഷ്റഫ് ഭായ് .. നന്നായിട്ടുണ്ട്
അഭിനന്ദനങ്ങള്‍
ആദ്യമായാണീ വഴി. മുരിങ്ങാ വിശേഷം ജോറായി. ആശംസകള്‍.
ഞാനും സ്ഥിരമായി മുരിങ്ങാ ഒടിച്ചിരുന്ന ഒരു അറബി വീടുണ്ടായിരുന്നു............... കുറച്ചു ദിവസമായി അവിടെ പോയിട്ട്.. ഈശ്വരാ ആ പോക്കും നിലച്ചേക്കുമോ..........
ഹഹഹ ,, മുരിങ്ങാ പുരാണം കൊള്ളാം ട്ടോ പിന്നെ ഈ പോസ്റ്റ് കൊണ്ട് ഒരു ഉപകാരം ഉണ്ടായി , ശോഭാഞ്ജനപത്രം. തമിഴില്‍ മുരിങ്ക, ഹിന്ദിയില്‍ സജിന. ഇംഗ്ലീഷില്‍ മൊറിംഗ. ഇതൊക്കെ പഠിച്ചു :)
കന്നടയിൽ ഉറുഗേക്കായ്
മുരിങ്ങ പ്രിയനായ അറബി.
പരിപ്പിട്ടു വേവിച്ചു തേങ്ങയും ജീരകവും അരച്ച് ചേര്‍ത്തു വെളിച്ചെണ്ണ ഒഴിച്ചെടുത്ത ആ മുരിങ്ങയിലയുടെ രുചിയെ ഒരിക്കല്‍ കൂടി മല്‍ബൂ ഓര്‍മ്മിപ്പിച്ചു. ഈ എഴുത്തിലൂടെ.....
hahaha മുരുങ്ങാ കഥ ഹിഹിഹി
മുരിങ്ങ വിശേഷം കൊള്ളാം. പക്ഷേ പഴേ പോലെ പോസ്റ്റുകൾ അത്ര നർമ്മം വിതറുന്നില്ല.
മുരിങ്ങ വിശേഷം കൊള്ളാം ആശംസകള്‍.......
മലയാളികള്‍ എവിടെ പ്രവാസിയാകുന്നുവോ അവിടെ മുരിങ്ങയും പ്രവാസിയാകുന്നു. മലയാളിയും മുരിങ്ങയും തമ്മിലുള്ള ബന്ധം അന്ന്യേഷണ വിധേയമാക്കുക ! തിരയുടെ ആശംസകള്‍
അറബിയിൽ അൽ-മുരിങ്ങ എന്നല്ലേ പറയുക.:) മുരിങ്ങാ കഥ കൊള്ളാം..
മുരിങ്ങക്ക മാഹാൽമ്യം...ഇഷ്ടപ്പെട്ടു.
ഇംഗ്ലീഷിൽ drumstick എന്ന് ആയിരുന്നു
പരിചയം..മരം മൊരിങ്ങ എന്ന് ഇപ്പോഴാണ്
ശ്രദ്ധിക്കുന്നത്..(അപ്പൊ അവരും മലയാളം
ആണ് പറയുന്നത് അല്ലെ?:) )
ഇത് ഞാൻ പ്രസിധീകരി ക്കുന്നതിനു മുന്നേ വായിച്ചല്ലോ.'റിസപ്ഷൻ' കഥ ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ
എങ്ങനെയോ ഈ കഥ അന്ന് ഡ്രാഫ്റ്റ്ല് നിന്ന് വായനക്ക്
കയറി വന്നു (ഗൂഗിൾ അമ്മച്ചി നിന്റെ മായാ വിലാസങ്ങൾ)
മുരിങ്ങക്കറിയിലെ ചേരുവകളെല്ലാം നന്നായി.
പിന്നെ ശോഭാഞ്ജനമല്ല, സൌഭഞ്ജനമാണ്. സംസ്കൃതത്തില്‍ ശിഗ്രു, തീഷ്ണഗന്ധക, അക്ഷീബ, മോചക എന്നീ നാമങ്ങളും ഉണ്ട്.
മുരിങ്ങാക്കഥ കൊള്ളാലോ..
വടക്കേ ഇന്ത്യാക്കാര്‍ പിഞ്ചു മുരിങ്ങക്കാ കൊണ്ട് ഉശിരന്‍ അച്ചാര്‍ ഉണ്ടാക്കും..
മുരിങ്ങകള്ളന്മാർ :)
അപ്പോൾ മുരിങ്ങയുടെ
ഡ്രം സ്റ്റിക്കാകുന്ന ഗുണഗണങ്ങൾ
അറിയാത്തവരാണ് ഈ അറബികൾ അല്ലേ..!
Post a Comment