രണ്ടു ദിവസം നീട്ടിനീട്ടിവെച്ച പണി തീര്‍ത്ത ആശ്വാസത്തിലായിരുന്നു മൊയ്തുവും നാണിയും. ഹൈദ്രോസ് മല്‍ബുവിന്റെ മൂന്ന് വലിയ പെട്ടികള്‍ കാര്‍ഗോ അയച്ചു തിരിച്ചെത്തിയതേയുള്ളൂ. കാര്‍ഗോ നാട്ടില്‍ എപ്പോള്‍ കിട്ടുമെന്നതിന് ഒരു വ്യവസ്ഥയുമില്ല. എന്നാലും ഏറ്റ പണി ചെയ്തു. ഏതു സമയത്തും നാട്ടിലെത്താനിടയുള്ള ഹൈദ്രോസ് വിളിച്ചു ചോദിച്ചാല്‍ ഇനിയും അയച്ചില്ല എന്നു പറയേണ്ട സാഹചര്യം മാറിക്കിട്ടി. ഹൈദ്രോസിനോട് അങ്ങനെ ഒരിക്കലും പറയാന്‍ കഴിയില്ല. കാരണം അത്രമാത്രം ഉപകാരിയായിരുന്നു ഹൈദ്രോസ്. ഫഌറ്റിലുള്ളവര്‍ക്കു മാത്രമല്ല, ഏതെങ്കിലും മല്‍ബുവിന് എന്തെങ്കിലും സഹായം വേണ്ടിവന്നാല്‍ അവിടെ ഓടി എത്തും. ശാരീരികമായും സാമ്പത്തികമായും തന്നാലാവുന്നത് ചെയ്‌തേ മടങ്ങൂ. പണത്തിനാണ് അത്യാവശ്യമെങ്കില്‍ കൈയിലില്ലെങ്കിലും ഉള്ളവരില്‍നിന്ന് തേടിപ്പിടിച്ച് എത്തിക്കും. സ്വന്തം കാര്യം മറന്നും അന്യന്റെ കണ്ണീരൊപ്പുന്ന പരസഹായി.
ഹുറൂബുകാരെ സഹായിക്കുന്ന ഹുറൂബുകാരനെന്ന് ഹൈദ്രോസിനെ കളിയാക്കാറുണ്ട്. മല്‍ബുകളുടെ കണ്ണിലുണ്ണിയാണെന്ന കാര്യം കഫീല്‍ നോക്കേണ്ടതില്ലല്ലോ? സ്‌പോണ്‍സര്‍മാരുടെ വഞ്ചനയെ തുടര്‍ന്ന് അനധികൃത താമസക്കാരായി മാറിയ അനേകായിരം മല്‍ബുകളില്‍ ഒരുവനായി ഹൈദ്രോസും. താന്‍ ഒരു ഹുറൂബാണെന്ന കാര്യം വിസ്മരിച്ചുകൊണ്ടാണ് മറ്റു ഹുറൂബുകാരുടെ സേവനങ്ങള്‍ക്കായി ഹൈദ്രോസ് ഇറങ്ങിത്തിരിച്ചത്.
ഒടുവില്‍ ഹൈദ്രോസിനും മടങ്ങാന്‍ നേരമായി. മകളുടെ വിവാഹം നിശ്ചയിച്ചു. നാട്ടിലെത്തിയേ പറ്റൂ. അങ്ങനെയാണ് പോലീസുകാര്‍ക്ക് കാശ് കൊടുത്ത് പിടിത്തം കൊടുത്ത് നാട്ടിലേക്ക് മടങ്ങുന്നവരുടെ ഇടത്താവളമായ തര്‍ഹീലിലേക്ക് പോയത്. സാധനങ്ങളൊക്കെ പാക്ക് ചെയ്ത് കാര്‍ഗോ അയക്കാന്‍ മൊയ്തുവിനേയും നാണിയേയും ശട്ടം കെട്ടി പോയ ഹൈദ്രോസ് ഇതുവരെ വിളിച്ചിട്ടില്ല. പോകുന്ന പോക്കില്‍ പറ്റിയെങ്കില്‍ എയര്‍പോര്‍ട്ടില്‍നിന്ന് വിവരം അറിയിക്കും. അല്ലെങ്കില്‍ നാട്ടിലെത്തിയിട്ട് വിളി പ്രതീക്ഷിച്ചാല്‍ മതി. ഇതും പറഞ്ഞ് യാത്രയായ ഹൈദ്രോസിന്റെ വിളി കാത്തിരിക്കയാണ് രണ്ട് റൂംമേറ്റുകളും.
ഉച്ചമയക്കത്തിലാണ്ട ഇരുവരും തുരുതുരെ ബെല്ലടിക്കുന്നതു കേട്ടാണ് ഉണര്‍ന്നത്. വാതില്‍ തുറന്നു നോക്കിയപ്പോള്‍ ദേ നില്‍ക്കുന്നു ഹൈദ്രോസ് മല്‍ബു. മുഖത്ത് ചിരിയാണോ സങ്കടമാണോ എന്നു വ്യക്തമല്ല.
ഒന്നുകൂടി കണ്ണു തിരുമ്മി നോക്കിയ മൊയ്തുവും നാണിയും എന്തു പറ്റിയെന്ന് ആംഗ്യഭാഷയില്‍ ആരാഞ്ഞു. നാവിറങ്ങിയതു പോലെ ഹൈദ്രോസ് തന്റെ നീണ്ട താടിയില്‍ തടവിക്കൊണ്ട് അകത്തേക്ക് കയറി.
ഒന്നും പറയണ്ട, ഈ താടി നമ്മളെ ചതിച്ചു- സോഫയിലേക്ക് തളര്‍ന്നുവീണു കൊണ്ട് ഹൈദ്രോസ് പറഞ്ഞു.
അറിയാനുള്ള തിടുക്കത്തോടെ മൊയ്തുവും നാണിയും.
രണ്ടു ദിവസം കൊണ്ട് നാട്ടിലെത്താനാകുമെന്ന പ്രതീക്ഷയോടെയാണ് ഹൈദ്രോസ് മല്‍ബു പിടിത്തം കൊടുത്തത്. പിടിത്തം കൊടുത്തതല്ല, പണം കൊടുത്ത് പിടിപ്പിച്ചതാണ്. മകളുടെ കല്യാണം നിശ്ചയിച്ചിരിക്കെ, നാട്ടിലെത്തുന്നതിന് വേറെ വഴി ഒന്നും കണ്ടില്ല. പിടിത്തം കൊടുത്ത് തര്‍ഹീലിലെത്തി അങ്ങനെ നാട്ടിലെത്താം.
നാടു സ്വപ്‌നം കണ്ട് തര്‍ഹീലിലെത്തിയ ഹൈദ്രോസ് പക്ഷേ, അവിടെയും കണ്ണിലുണ്ണിയായി മാറി. നീണ്ട താടിയുള്ള മല്‍ബുവിനെ അവിടെയുള്ളവര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കാന്‍ നിയോഗിച്ചു. ഖുര്‍ആന്‍ പാരായണം കേട്ടവര്‍ അഭിനന്ദനങ്ങളുമായി നാലുപാടും കൂടി. അങ്ങനെ എല്ലാ പ്രാര്‍ഥനകള്‍ക്കും മല്‍ബുവായി നേതൃത്വം. നാട്ടിലേക്ക് പോകാന്‍ അവസരം കാത്ത് തര്‍ഹീലില്‍ കഴിയുന്ന മറ്റു മല്‍ബുകള്‍ക്ക് ഹൈദ്രോസ് നീണ്ട താടിയുള്ള തിരുവനന്തപുരം പാളയം ഇമാമിന്റെ പ്രതീതിയാണ് നല്‍കിയത്.
നാട്ടിലെത്തിയാല്‍ ചെയ്യാനുള്ള കാര്യങ്ങളൊക്കെ ഓര്‍ത്ത് ഒരു ദിവസം മല്‍ബു ചുമരില്‍ ചാരി ഇരിക്കുകയായിരുന്നു. ഒരു പോലീസുകാരന്‍ അടുത്തെത്തി ഹസ്തദാനം ചെയ്ത ശേഷം ഖുര്‍ആന്‍ പാരായണത്തിനുള്ള കഴിവിനെ പുകഴ്ത്തി. ഹിന്ദികളുടെ കഴിവില്‍ മതിപ്പ് പ്രകടിപ്പിച്ചശേഷം മല്‍ബുവിന്റെ കൈ പിടിച്ച് പുറത്തേക്ക് നടന്നു. അവിടെ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ കയറ്റിയപ്പോള്‍ മല്‍ബുവിന്റെ മനസ്സ് നാട്ടിലേക്ക് പറന്നു. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയാണ്.
പക്ഷെ, കുറച്ചുദൂരം പിന്നിട്ടപ്പോള്‍ പോലീസുകാരന്‍ പറഞ്ഞു.
നിങ്ങള്‍ നാട്ടിലേക്ക് പോകേണ്ട. എവിടെയെങ്കിലും പോയി ജോലി ചെയ്തു ജീവിച്ചോളൂ. നിങ്ങളെ പോലുള്ളവരെ ഈ നാടിന് ഇനിയും ആവശ്യമുണ്ട്.
ചുമലില്‍ പിടിച്ച് പുറത്തിറക്കിയ മല്‍ബു എന്തെങ്കിലും പറയുന്നതിനുമുമ്പേ പോലീസുകാരന്‍ ജീപ്പോടിച്ചു പോയി.
മൂന്നാം നാള്‍ താടി വടിച്ച് ക്ലീന്‍ ഷേവായി തര്‍ഹീലിലേക്കുള്ള പിടിത്തം കൊടുക്കാനായി ഹൈദ്രോസ് മല്‍ബു വീണ്ടും ഇറങ്ങുന്നതുവരെയും അതിനുശേഷവും ചിരിയായും സങ്കടമായും ഇക്കഥ അവരുടെ ഫഌറ്റിലും പുറത്തും പാറിപ്പറന്നു.
3 comments:
എങ്ങെനെയെങ്കിലും നാടണഞ്ഞാല്‍ മതി
താടി പാരയായ ഹൈദ്രോസ് കൊള്ളാം
ഹോ ഇതൊരു വല്ലാത്ത പാരത്താടി
ആയിപ്പോയല്ലോ ഹൈദ്രോസേ?
Post a Comment