ഹൈദ്രോസും മൊയ്തുവും ആ വരവ് നോക്കിയിരിക്കുകയായിരുന്നു. അവര്‍ മാത്രമല്ല, വേറെയും ആളുകള്‍ നോക്കുന്നുണ്ട്. അതിവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ സ്ലോ ആക്കി ചിലര്‍ തല പുറത്തിട്ട് നോക്കുന്നു, വേറെ ചിലര്‍ ഹോണ്‍ മുഴക്കുന്നു.
നാടിളക്കി വരുന്നത് മറ്റാരുമല്ല, സഹ പണിക്കാരനാണ്. സൂപ്പര്‍ മാര്‍ക്കറ്റ് തുറന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് എഴുന്നള്ളത്ത്. ഭാഗ്യവാന്. മറ്റെല്ലാ പണിയും തീര്‍ത്ത് സാവകാശം വന്നാല്‍ മതിയെന്ന് ചേക്കുമുതലാളി ഇളവു കൊടുത്തിട്ടുണ്ട്. വന്നിട്ടെന്താ എന്നു മറ്റുള്ളവര്‍ ചോദിക്കുമെങ്കിലും എല്ലാ ദിവസവും തല കാണിക്കും.
നിയമനം നല്കി രണ്ട് മാസമേ ആയിട്ടുള്ളൂ. നല്ല മൂഡിലാണെങ്കില്‍ അല്പനേരം കാഷ് കൗണ്ടറില്‍ ഇരിക്കും. അല്ലെങ്കില്‍ ഒന്നു ചുറ്റിക്കറങ്ങിയ ശേഷം പടിയിറങ്ങും. വെറെ ഒന്നുമെടുത്തില്ലെങ്കിലും രണ്ട് റബര്‍ ബാന്‍ഡുകള്‍ മറക്കാതെ എടുക്കും.
നിര്‍ബന്ധിതാവസ്ഥയില്‍ ചേക്കു മുതലാളി നിയമിച്ചയാളാണ്. ഇതോടെ മുതലാളിയും കീഴിലുള്ള തൊഴിലാളികളും മാത്രമല്ല, സൂപ്പര്‍ മാര്‍ക്കറ്റിന്റെ കഫീല്‍ തന്നെയും ചുകപ്പില്‍നിന്ന് പച്ചയിലായി. വിദേശി-സ്വദേശി നിയമനത്തോതിന്റെ അനുപാതമൊപ്പിക്കാന്‍ കഫീല്‍ നിര്‍ബന്ധിച്ചപ്പോള്‍ വേണ്ടാ വേണ്ടാന്നു പരമാവധി പറഞ്ഞുനോക്കിയതാണ് ചേക്കു. പക്ഷേ രക്ഷയില്ലായിരുന്നു.
കറുത്ത നീളന്‍ കുപ്പായമിട്ട് തലയില്‍ കറുത്ത തൊപ്പി കൂടി വെച്ചപ്പോള്‍ ദൂരക്കാഴ്ചയില്‍ ശരിക്കുമൊരു പര്‍ദയണിഞ്ഞ സ്ത്രീ തന്നെ. നടത്തവും അതുപോലെ. അതാണ് ചീറിപ്പാഞ്ഞു പോകുന്ന കാറുകളുടെ പോലും വേഗം കുറച്ചത്. തല പുറത്തിട്ട് നോക്കിയ ചെക്കന്മാര് ഇളിഭ്യരായി.
പണിക്കാരായ ഹൈദ്രോസും മൊയ്തുവും പലര്‍ക്കും മല്‍ബുച്ചുവയുള്ള പേരു നല്‍കാറുണ്ട്. മുടിയുടെ സാമ്യം വെച്ച് ടിയാനു നല്‍കിയിരിക്കുന്ന പേര് പന്ന്യന്‍ എന്നാണ്. സൂക്ഷിച്ചുനോക്കിയാല്‍ മുഖത്തും പന്ന്യന്‍ രവീന്ദ്രന്റെ സാമ്യമുണ്ടെന്ന് മൊയ്തു മൊത്തത്തില്‍ വിശകലനം ചെയ്തു പറഞ്ഞിട്ടുണ്ട്.
മുടിയും വേഷവും പലപ്പോഴും സ്ത്രീ സാന്നിധ്യമാകുന്ന അറബിപ്പന്ന്യന്‍ കൗണ്ടറില്‍ ഇരുന്ന ശേഷം എഴുന്നേറ്റു പോയാല്‍ ഹൈദ്രോസിന് വല്ലാത്തൊരു അസ്വസ്ഥതയാണ്. മറ്റൊന്നുമല്ല, അവിടെയും ഇവിടെയും മുടി. ഈ പെണ്‍മുടി ഹൈദ്രോസ് മല്‍ബുവിന് സഹിക്കില്ല.
നാട്ടില്‍ പോയാല്‍ മല്‍ബിയുമായി ഉണ്ടാകാറുള്ള ഏക കശപിശ മുടിയെ ചൊല്ലിയാണ്. പനങ്കുല പോലുള്ള മുടിയെ വര്‍ണിക്കുകയും തഴുകുകയും ചെയ്യുന്ന സമയമുണ്ടെങ്കിലും വിളമ്പിവെച്ച ചോറിലോ കറിയിലോ കണ്ടാല്‍ ഹൈദ്രോസിന് അതു സഹിക്കില്ല. ചോറു വിളമ്പിയ പ്ലേറ്റ് തട്ടിമാറ്റി എഴുന്നേറ്റു പോകും. പിന്നെ വേറെ വല്ലതുമുണ്ടാക്കി കൊടുത്താലല്ലാതെ മല്‍ബിയോട് ഹൈദ്രോസ് തണുക്കില്ല. ഇവിടേം, പന്ന്യന്‍ എഴുന്നേറ്റു പോയാല്‍ ഹൈദ്രോസ് സൂക്ഷ്മ നിരീക്ഷണം നടത്തും. അതു കാണുമ്പോള്‍ മൊയ്തു പറയും. നിന്റെ ഒരു വസ്വാസ്. ഒരു മുടിയല്ലേ ഇഷ്ടാ?
അപ്പോഴും ഹൈദ്രോസ് അറപ്പ് പ്രകടിപ്പിക്കും.
തൊപ്പി തലയില്‍നിന്നെടുത്തുകൊണ്ട് പന്ന്യന്‍ കയറിയതും ഹൈദ്രോസ് മൊയ്തുവിനോട് പറഞ്ഞു.
ദേ നോക്കിക്കേ, പന്ന്യനിന്ന് സൂപ്പര്‍ ഫോമിലാണല്ലോ?
മറുപടി പറഞ്ഞത് മൊയ്തുവായിരുന്നില്ല.
പന്നി നിന്റെ വാപ്പ എന്നു പറഞ്ഞുകൊണ്ട് അറബിപ്പന്ന്യന്‍ കൈ ഓങ്ങി അടുത്തു വന്നപ്പോള്‍ കടത്തനാടന്‍ അടവുകള്‍ വശമുള്ള ഹൈദ്രോസ് ഒഴിഞ്ഞുമാറി.
കൈ ഓങ്ങിയതല്ല, ഹൈദ്രോസ്, മൊയ്തു മല്‍ബുകളെ അമ്പരപ്പിച്ചത് അറബിപ്പന്ന്യന്റെ മലയാളമായിരുന്നു. അത്ര കിറുകൃത്യമായിരുന്നു പറച്ചില്. ഗള്‍ഫിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറബിയില്‍ തപ്പിത്തടയുന്ന അവര്‍ക്ക് വെറും രണ്ട് മാസം കൊണ്ട് അറബിപ്പന്ന്യന്‍ മലയാളം പഠിച്ചുവെന്ന് എങ്ങനെ വിശ്വസിക്കാന്‍ കഴിയും. ഇതിനു മുമ്പു പലപ്പോഴും ടിയാനെ പരാമര്‍ശിക്കാന്‍ പന്ന്യന്‍ എന്നു ഉപയോഗിച്ചിട്ടുണ്ട്. അന്നൊന്നും ഒരു പ്രതികരണവുമുണ്ടായിട്ടില്ല.
ഇത്തിരി കൂടുതല്‍ അടുപ്പമുള്ള മൊയ്തു പത്രത്തില്‍ തപ്പി സാക്ഷാല്‍ പന്ന്യന്റെ ഫോട്ടോ കണ്ടുപിടിച്ച് തങ്ങള്‍ പന്നി എന്ന് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തി മാലിഷാക്കിയപ്പോള്‍ അറബിപ്പന്ന്യന്‍ റോഡിന്റെ മറുവശത്ത് നാണി മല്‍ബു പണിയെടുക്കുന്ന ബൂഫിയയിലേക്ക് വിരല്‍ ചൂണ്ടി.
നാണി ഒപ്പിച്ച വേലയായിരുന്നു അത്. ഹൈദ്രോസിന്റേയും മൊയ്തുവിന്റേയും സംസാരം അറബിപന്ന്യന്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തത് കേള്‍പ്പിച്ചപ്പോള്‍ അതിന്റെ മറുപടി മണിമണിയായി പഠിപ്പിക്കാന്‍ നാണി എടുത്ത സമയം പത്ത് മിനിറ്റ് മാത്രം.
9 comments:
ഹഹഹ
ഫോട്ടോ കിട്ടീത് നന്നായി
അല്ലെങ്കില്‍ പന്ന്യന്‍ രണ്ടാമന് പഞ്ഞിക്കിട്ടേനെ
ഹഹഹ അറബി പന്ന്യൻ
നാണിക്ക് ആകെ അറിയാവുന്നത്
ഒരു പ മാത്രം അല്ലെ?
എന്നാലും തിരിച്ചു പറയാൻ പെട്ടന്നു
പഠിപ്പിച്ചു വിട്ടല്ലോ ?
പന്യന്റെ ഫോട്ടോ കിട്ടിയത് രക്ഷ!!
ആ ഫോട്ടൊ കാരണം രക്ഷപ്പെട്ടു... അല്ലെങ്കില്‍ കാണാമായിരുന്നു...
എന്തായാലും സിമിലറായി
നമുക്കൊരു പന്യൻ ഉള്ളത് നന്നായി...
എന്നാലും നാണീയും ഈ രണ്ടാമനും തമ്മിൽ..?
മലയാളത്തില്‍ ഉള്ള തെറികള്‍ നമ്മളെ ക്കാളും നന്നായി പറയാന്‍ ഇവര്‍ക്കാവും വേറെ ഒന്നും ഇവര്‍ക്ക് നമ്മള് പഠിപ്പിച്ചു കൊടുത്തില്ലെങ്കിലും ഇത് നന്നായി പഠിപ്പിച്ചു നല്‍കിയിട്ടുണ്ട്
അറബി പന്ന്യന്‍ തരക്കേടില്ല ...
കാണിക്കാന്‍ പന്ന്യന്റെ ഒരു ഫോട്ടോ ഉണ്ടായതു നന്നായി. ഇല്ലെങ്കില്‍ .....
അവതരണം നന്നായി .....
അറബി പന്ന്യന്‍ ..:)
Post a Comment