മൊയ്തു ഒരു രാഷ്ട്രീയ ഗുണ്ടയോ തെമ്മാടിയോ ഒന്നുമല്ല. പലരേയും പോലെ ഒരു ഫ്രീ വിസക്കാരന്‍. രണ്ടു ബഖാലകള്‍ നടത്തുന്നു. അതിനു വേറെയും പാര്‍ട്ണര്‍മാരുണ്ടെന്നും അതല്ല, മൊയ്തുവിന്റെ സ്വന്തമാണെന്നും അഭിപ്രായമുണ്ട്. അധികൃതരുടെ കണക്കായ 70 ശതമാനം ബിനാമികളില്‍ താനും ഉള്‍പ്പെടുന്നുവെന്ന തിരിച്ചറിവില്‍ പലരേയും പോലെ, ഒരു ബഖാല കൈയൊഴിഞ്ഞാലോ എന്നു രാവും പകലും ചിന്തിച്ചുകൂട്ടുന്നു. ഒന്ന് ഒഴിവാക്കാമെന്ന് രാത്രി തീരുമാനിക്കും. രാവിലെ ആയാല്‍ തീരുമാനം മാറ്റും. വേണ്ട, പരമാവധി പിടിച്ചുനില്‍ക്കാം.
അങ്ങനെയുള്ള മൊയ്തു നാലാളുടെ മുന്നില്‍വെച്ച് മല്‍ബുവിനെ അടിക്കാന്‍ കൈയോങ്ങിയത് വലിയൊരു വിഷയമായി.
ഓങ്ങിയതല്ലേയുള്ളൂ തല്ലിയില്ലല്ലോ എന്നു മറ്റുള്ളവര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മല്‍ബുവിന് അത് സഹിച്ചില്ല. ഒരു മുറിയില്‍ രണ്ടു കട്ടിലിട്ട് അഭിമുഖമായി കിടക്കുന്നവരാണ്. ആശയും നിരാശയും ഉറക്കമൊഴിഞ്ഞു പോലും പങ്കുവെക്കുന്നവര്‍. അങ്ങനെയുള്ള മൊയ്തുവാണ് കരണം നോക്കി ഓങ്ങിയത്.
മല്‍ബുവിന് നേരിട്ട അഭിമാനക്ഷതത്തിനു സാക്ഷ്യം വഹിച്ചവരും പുറമേനിന്ന് വന്നവരൊന്നുമല്ല. എല്ലാവരും അതേ ഫഌറ്റിലെ താമസക്കാര്‍.
അവര്‍ക്കിടയില്‍ ചൂടേറിയ വാക്കുതര്‍ക്കങ്ങള്‍ പുതിയ സംഭവമല്ല. ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ പോലും മണിക്കൂറുകളോളം ചര്‍ച്ച ചെയ്യും. ചിലത് മഹാ വിടലായിരിക്കും. സൂപ്പര്‍ ബണ്ട്ല്‍.
അങ്ങനെയുള്ള ഒരു ചര്‍ച്ചയാണ്, ഒരൊറ്റ ചോദ്യം മതി ജീവിതം മാറ്റിമറിക്കാനെന്നതു പോലെ കശപിശയില്‍ കലാശിച്ചത്.
തുടക്കം പിഴച്ചത് മല്‍ബുവിനായിരുന്നു. കാരണം അന്നത്തെ മല്‍ബുവിന്റെ രണ്ടു വിടല്‍സും പമ്പര വിഡ്ഢിത്തമായിരുന്നു.
റോമിംഗിനെ കുറിച്ചായിരുന്നു ആദ്യം.
സൗജന്യ റോമിംഗ് നിര്‍ത്തലാക്കിയത് പ്രവാസികള്‍ക്ക് വലിയ കഷ്ടമായിപ്പോയെന്നും ഇവിടെ നിന്നെടുത്ത ഒരു സിം നാട്ടില്‍ മല്‍ബിക്കെത്തിച്ചാല്‍ ലോക്കല്‍ കോള്‍ നിരക്കില്‍ ഇഷ്ടം പോലെ സംസാരിക്കാമെന്നും മല്‍ബു കാച്ചിയപ്പോള്‍ ഇന്ത്യയില്‍ സൗജന്യ റോമിംഗ് ഇല്ലായിരുന്നുവെന്ന വസ്തുത കൊണ്ട് നേരിട്ടത് ഹൈദ്രോസായിരുന്നു. ഇനി ഉണ്ടെങ്കില്‍ തന്നെ ഇവിടത്തെ ലോക്കല്‍ കോള്‍ നിരക്കറിയുന്നവര്‍ റോമിംഗിനായാലും ഉപയോഗിക്കാന്‍ നില്‍ക്കില്ല.
ഇവര് നമ്മളെ എല്ലാ നിലക്കും പുകച്ചു പുറത്തു ചാടിക്കുമെന്ന മുഖവുരയോടെയായിരുന്നു രണ്ടാമത്തെ ബണ്ട്ല്‍.
എല്ലാവരും ശമ്പളം ബാങ്ക് അക്കൗണ്ട് വഴിയാക്കണമെന്ന നിയമത്തിനു ശേഷം ഇതാ എ.ടി.എമ്മില്‍നിന്ന് പണമെടുക്കാന്‍ 25 റിയാല്‍ ഫീ ചുമത്തുന്നു. കഷ്ടം തന്നെ എന്നു പറഞ്ഞ് മല്‍ബു നിര്‍ത്തിയപ്പോള്‍ മേശക്കടിയില്‍ പരതി ഒരു പത്രമെടുത്ത് പൊട്ടത്തരം പറയാതെ മല്‍ബൂ എന്നു പറഞ്ഞത് മൊയ്തു.
ഇവിടത്തെ കാര്‍ഡുമായി മറ്റു രാജ്യങ്ങളിലെ എ.ടി.എമ്മുകളില്‍നിന്ന് പണമെടുക്കുമ്പോഴാണ് ഫീ ചുമത്താന്‍ ആലോചിക്കുന്നതെന്ന വാര്‍ത്ത മൊയ്തു വായിച്ചു കേള്‍പ്പിച്ചു.
രണ്ട് ബണ്ടലുകളും പൊട്ടിയെങ്കിലും മല്‍ബു അവസാനിപ്പിച്ചില്ല.
ഓല് ബ്രോസ്റ്റും കയ്ച്ച് മടങ്ങിയല്ലോ? പ്രതീക്ഷയായിരുന്നു പോലും പ്രതീക്ഷ.
മല്‍ബു ഇതു പറഞ്ഞപ്പോള്‍ മൊയ്തുവിന് ഒട്ടും പിടിച്ചില്ല. ചര്‍ച്ച ബഹിഷ്‌കരിച്ച് മൊയ്തു എഴുന്നേറ്റ് തിരിഞ്ഞു നടന്നപ്പോള്‍ വീണ്ടും മല്‍ബു പറഞ്ഞു.
കണ്ടില്ലേ കെറുവിച്ചുകൊണ്ട് മന്ത്രീടെ അതേ പോക്ക്.
മല്‍ബൂ നിനക്ക് മൊയ്തൂന്റെ കൈയീന്ന് വീഴും കേട്ടോ.
നാണീം ഹൈദ്രോസും താക്കീത് നല്‍കി.
ആര് എന്തൊക്കെ പറഞ്ഞാലും ഓല് പെരുമ്പറയടിച്ച് വന്നിട്ട് ഒരു ചുക്കും നേടിയില്ലാന്നേ ഞാന്‍ പറയൂ. ഇത് ഇവിടെ മാത്രമല്ല, എവിടേം പറയും.
മല്‍ബു സ്വന്തം അഭിപ്രായം ഇത്തിരി കനത്തില്‍ പ്രഖ്യാപിച്ചപ്പോള്‍ അത് കാതില്‍ തറച്ച മൊയ്തുവിന് തിരിച്ചു വരാതിരിക്കാന്‍ കഴിഞ്ഞില്ല.
മന്ത്രിമാരെ കുറിച്ച് വായില്‍ തോന്നിയത് വിളിച്ചു പറയരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു മടക്കം.
ആ പറച്ചിലിനികാട്ടെ ആധികാരികതയും ഗമയുമുണ്ട്.
ഒച്ച ഉയര്‍ത്തി പറഞ്ഞില്ലെങ്കില്‍ മല്‍ബു വെള്ളം കുടിപ്പിക്കുമെന്ന് മൊയ്തുവിന് നന്നായി അറിയാം.
മന്ത്രിമാര്‍ ബ്രോസ്റ്റ് തിന്നുന്നത് താന്‍ കണ്ടോ?
മൊയ്തു മല്‍ബുവിന് നേരെ വിരല്‍ ചൂണ്ടി ചോദ്യം നേര്‍ക്കുനേരെയാക്കി.
അതു പിന്നെ, ഇവിടംവരെ വന്നിട്ട് അല്‍ബെയ്ക് കൂടി തിന്നാതെയാണ് മടങ്ങിയതെങ്കില്‍ മഹാനഷ്ടം തന്നെ.
വിടാന്‍ ഭാവമില്ലാതെ, മല്‍ബു ഒന്നുകൂടി ആക്കിപ്പറഞ്ഞു.
മൊയ്തു ഒന്നു കൂടി ഇളകുകയായിരുന്നു.
പ്രവാസികളുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വന്ന കേന്ദ്ര മന്ത്രിമാരെ പിന്താങ്ങുകയൊന്നുമല്ല ഞാന്‍. എന്നാലും പറയുന്നതിന് ഒരു മാന്യത വേണം.
നിങ്ങളെ പോലെ തന്നാ മന്ത്രീം. അങ്ങേര്‍ക്കുമുണ്ട് ചിക്കന്‍ തിന്നാന്‍ പറ്റാത്ത അസുഖം. കണ്ടില്ലേ പത്രക്കാരേം, സംഘടനക്കാരേം ഒക്കെ വെറുപ്പിച്ചല്ലേ അങ്ങേര് മടങ്ങിയത്. അസുഖമില്ലെങ്കില്‍ ഇങ്ങനെ കണ്ടവരോടൊക്കെ തട്ടിക്കയറുമോ ഒരു മന്ത്രി?
ഇതു പറഞ്ഞപ്പോള്‍ മൊയ്തുവിന്റെ നാവല്ല, കൈയാണ് ചലിച്ചത്. മല്‍ബുവിന്റെ വിസ്തൃതിയുള്ള മുഖം നോക്കി കൈ ഓങ്ങിയപ്പോള്‍ ഹൈദ്രോസും നാണീം കൂടി പിടിച്ചുവെച്ചതു കൊണ്ട് ടപ്പേ എന്ന് ഒച്ച കേട്ടില്ലെന്ന് മാത്രം.
മന്ത്രിയെ ആക്ഷേപിച്ചതല്ല മൊയ്തുവിനെ ക്ഷുഭിതനാക്കിയതെന്ന് മനസ്സിലാക്കി, അതിന്റെ മൂലകാരണം കണ്ടെത്തിയ ഹൈദ്രോസും നാണിയും മേലില്‍ അതു പറയരുതെന്ന് മല്‍ബുവിനെ കൊണ്ട് സത്യം ചെയ്യിച്ചു.
6 comments:
ഹഹ ..എന്നാലും ആ മൂല കാരണം പറയിപ്പിക്കാതെ മൊയ്തുവിനെ ആ മൂലക്ക് എങ്ങാൻ വെറുതെ വിട്ടാൽ
മതി ആയിരുന്നു..
കോമഡി ഷോയിൽ ചെക്കന്റെ നാള് ഏതു എന്ന്
ചോദിച്ചപ്പോൾ (ഉറക്കെ പ്പറയാൻ വയ്യ അത് കൊണ്ട് ചെവിയിൽ
പറഞ്ഞപ്പോൾ) ഇയാളുടെ നാളു മൂലം ആണ് ഉറക്കെ പ്പറയാൻ
വയ്യ എന്ന് പറഞ്ഞത് പോലെ ആയി...എല്ലാ മൂലവും
പ്രശ്നക്കാർ ആണ് അല്ലെ ??
ഒരു മൂല കാരണം....!!
hahaha ഇത് മലയാളം ന്യൂസിൽ വായിച്ചിരുന്നു
ആശംസകൾ
കോഴിമുട്ട കഴിക്കാതിരിക്കുന്നതാ നല്ലത്. എന്നാലും വല്ലാത്തൊരു പ്രശ്നം തന്നെയാ.....
ഹഹഹഹ് മൂല കാരണം ഇപ്പോള്‍ അല്ലെ പിടി കിട്ടിയത് ശരിക്കും ഈ തട്ടി കയറുന്ന മന്ത്രിക്ക് അതുണ്ടോ ?
കുഴപ്പമില്ല. എന്നാലും എവിടെയോ എന്തോ പൊരുത്തകേട് പോലെ തോന്നുന്നു . പിന്നെ അക്ഷര തെറ്റ് സൂക്ഷിക്കുക. @PRAVAAHINY
Post a Comment