Pages
About Me
പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
December 20, 2012
പൊടിക്കാറ്റും ബി.കോമും
അതിരാവിലെ മല്‍ബു കട തുറക്കുമ്പോള്‍ ദേ റോഡില്‍ ഒരാള്‍ തെക്കുവടക്കു നടക്കുന്നു. പരിചയമുള്ള കക്ഷിയാണ്. രണ്ടു മൂന്ന് ബില്‍ഡിംഗ് അപ്പുറത്ത് താമസിക്കുന്ന ഫുട്‌ബോള്‍ കളിക്കാരന്‍. എവിടെ കളിയുണ്ടോ അവിടെ ഇയാളെ കാണും. എന്നാലും ഇത്ര പുലര്‍ച്ചെ ഒരിക്കലും ഇങ്ങനെ പുറത്തിറങ്ങാറില്ല. വലിയ ജോലി കിട്ടാന്‍ പോകുന്നു എന്നൊക്കെ ആരോ പറഞ്ഞു കേട്ടിരുന്നു. പത്താം ക്ലാസും ഗുസ്തിയുമായാണ് നാട്ടില്‍നിന്ന് വന്നതെങ്കിലും സ്വന്തമായി പഠിച്ച് ബിരുദം നേടി. ഇപ്പോള്‍ ഇതാ അതിനനുസരിച്ചുള്ള ജോലിയിലേക്ക് മാറാന്‍ ഒരുങ്ങുന്നു.
ആര്‍ക്കെങ്കിലും പുതിയ ജോലിയോ ശമ്പളക്കയറ്റമോ ഉണ്ടായീന്നു കേട്ടാല്‍ മല്‍ബുവിന് ചെറിയൊരു അസ്വസ്ഥത തോന്നാറുണ്ട്. അസൂയ എന്നൊന്നും അതിനെ പറയാന്‍ പറ്റില്ല. എന്നാലും മനസ്സിലൊരു ചൊറിച്ചില്‍. പക്ഷേ അടുത്ത നിമിഷം മല്‍ബു തിരുത്തും.
എന്തു ജോലിയായിട്ടെന്താ. ബിസിനസിന് ഒക്കൂല. സ്വന്തം പരിപാടിയാകുമ്പോള്‍ ആരുടെ മുഖവും കാണേണ്ട. ഓഫീസ് ജോലിയൊക്കെ ആകുമ്പോള്‍ ആരുടെയൊക്കെ ആട്ടും തുപ്പും സഹിക്കണം. ചത്തു പണിയെടുത്താലും രണ്ടു നല്ല വാക്കു പോലുമുണ്ടാകില്ല.
കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്ത ശേഷം അയാള്‍ തിരിഞ്ഞു നടക്കുകയാണ്. റോഡിന്റെ രണ്ട് സൈഡിലേക്ക് നീങ്ങിയും എന്തോ തിരയുന്നതുപോലെയുമാണ് നടത്തം.
ഇങ്ങനെയാണോ വ്യായാമം. ഒന്നൂടി ഉഷാറായി നടക്കണം. തടി അറിയട്ടെ.
കടയില്‍നിന്ന് മല്‍ബു വിളിച്ചു പറഞ്ഞപ്പോള്‍ അയാള്‍ അടുത്തേക്കു വന്നു.
ഇതെന്താ ഇങ്ങനെ അനങ്ങിയുള്ള നടത്തം. ഇതിനെക്കാളും നല്ലത് നിങ്ങള്‍ക്ക് ഹൈപ്പറില്‍ നടക്കാന്‍ പോകുന്നതാ. അവിടെയാകുമ്പോള്‍ എ.സിയുടെ തണുപ്പില്‍ ഇങ്ങനെ ഉലത്തിയാല്‍ മതിയല്ലോ? നടത്തത്തിനായി ഹൈപ്പറില്‍ പോകുന്ന എത്രയോ പേരുണ്ട്.
നടക്കുകയൊന്നുമല്ല, ഒരു കടലാസ് കളഞ്ഞു പോയി. അത് തെരയുകയായിരുന്നു. കുറേ നേരായി നോക്കുന്നു.
റോഡില്‍ കളഞ്ഞു പോയാതണെങ്കില്‍ ഇന്നലെ രാത്രി വീശിയടിച്ച പൊടിക്കാറ്റു കൊണ്ടുപോയിക്കാണും. നോക്കിക്കേ എന്തൊരു നീറ്റാണ് റോഡ്. പൊടിയും കച്ചറയും ഒന്നുമില്ല.
എന്തു കടലസാണ് പോയത്. അത്യാവശ്യമുള്ളതാണോ? -മല്‍ബു ചോദിച്ചു
അത്യാവശ്യമുള്ളതു തന്നെയാണ്. എന്റെ ബി.കോം സര്‍ട്ടിഫിക്കറ്റാരുന്നു.
അതെങ്ങനെ ബി.കോം സര്‍ട്ടിഫിക്കറ്റ് റോഡില്‍ പോയി. വേറെ എന്തേലും പോയോ?
ഇല്ല. സര്‍ട്ടിഫിക്കറ്റ് മാത്രാണ് കളഞ്ഞുപോയത്.
പുതിയ ജോലിക്ക് കയറുമ്പോള്‍ കൊടുക്കാനുള്ളതാണ്.
അതുകേട്ടപ്പോള്‍ മല്‍ബുവിന് വിഷമമായി.
ഇന്നലെ രാത്രി കൂടി ഇയാളുടെ ഭാഗ്യത്തെ കുറിച്ചും പുതിയ ജോലിയെ കുറിച്ചും ശമ്പളത്തെക്കുറിച്ചുമൊക്കെ പറയുന്നതു കേട്ടിരുന്നു. ഫാമിലി സ്റ്റാറ്റസ് മാത്രമല്ല. മക്കളെ പഠിപ്പിക്കാനായി വേറേം തുക കിട്ടുമെന്ന കാര്യം പോലും പാട്ടായിരുന്നു.
സര്‍ട്ടിഫിക്കറ്റൊക്കെ സൂക്ഷിച്ചു വെക്കേണ്ടേ. ഇനിയിപ്പോ തെരഞ്ഞിട്ടൊന്നും വലിയ കാര്യമില്ല. അമ്മാതിരി കാറ്റായിരുന്നു ഇന്നലെ. മനുഷ്യന്മാരെ പോലും ഈ കാറ്റു കൊണ്ടു പോകുമെന്നാ തോന്നിയത്. പുതിയ ജോലിക്ക് കയറുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് വേണം അല്ലേ.
ജോലി ഉറപ്പായിട്ടൊന്നുമില്ല. നാളെയാണ് ഇന്റര്‍വ്യൂ. കിട്ടാന്‍ തന്നെയാണ് 90 ശതമാനം ചാന്‍സും. നാളെ പോകുമ്പോള്‍ കൊണ്ടു പോകാനുള്ള സര്‍ട്ടിഫിക്കറ്റാണ് കളഞ്ഞു പോയത്-അയാളുടെ മുഖത്ത് ഇത്തിരി വിഷാദഭാവം.
കാര്യമാക്കണ്ട. ഒരു സര്‍ട്ടിഫിക്കറ്റാണോ ഇപ്പോള്‍ വലിയ കാര്യം. ഇവിടെ മല്‍ബുകള്‍ ഒപ്പിച്ചു തരാത്ത എന്തെങ്കിലും സര്‍ട്ടിഫിക്കറ്റുണ്ടോ?
ഞാനൊരു നമ്പര്‍ തരാം. ഇപ്പോ തന്നെ വിളിച്ചു പറഞ്ഞാല്‍ വൈകുന്നേരം സര്‍ട്ടിഫിക്കറ്റ് കിട്ടും. കോപ്പിയുണ്ടല്ലോ കൈയില്‍. അതും കൊണ്ടു ചെന്നാ മതി.
ഇതാണ് വി.സിയുടെ നമ്പര്‍.
ഓ. ഇത് എന്റെ പക്കലുണ്ട്-അയാള്‍ പറഞ്ഞു.
ഏതു സര്‍ട്ടിഫിക്കറ്റിന്റെയും ഒറിജിനലിനെ വെല്ലുന്ന വ്യാജനെ നിര്‍മിച്ചു നല്‍കുന്ന ടിയാന്
മല്‍ബുകള്‍ അറിഞ്ഞിട്ട പേരാണ് വി.സി അഥവാ വൈസ് ചാന്‍സലര്‍. ഏത് കുഴഞ്ഞുമറിഞ്ഞ ഒപ്പും അതേപടി പകര്‍ത്താന്‍ കഴിയുന്നു എന്നത് വി.സിയുടെ സവിശേഷത.
വി.സിയെ വിളിക്കുകയല്ലേ എന്നു ചോദിച്ചിട്ടും ഫുട്‌ബോള്‍ കളിക്കാരന്റെ മുഖം തെളിഞ്ഞില്ല. ഗോള്‍ മുഖത്തെത്തിയപ്പോള്‍ എതിരാളിയുടെ ചവിട്ടേറ്റതു പോലെ.
എന്താ ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി കൊണ്ടുപോയാല്‍ മതിയോ-മല്‍ബു ചോദിച്ചു.
അതു പോരാ. ഒറിജിനല്‍ തന്നെ വേണം. പിന്നെ നിങ്ങള്‍ ആരോടും പറയരുത്. വി.സി. ഉണ്ടാക്കിയ സര്‍ട്ടിഫിക്കറ്റ് തന്നെയാ ഇപ്പോള്‍ കളഞ്ഞു പോയത്. ഞാനത് ടെറസിനു മുകളില്‍ വെയിലു കൊള്ളാന്‍ വെച്ചതായിരുന്നു. കുറച്ചു പഴക്കം തോന്നിക്കുന്നത് നല്ലതാണെന്ന് വി.സി തന്നെയാണ് പറഞ്ഞത്. മൂന്ന് ദിവസായി വെച്ചിട്ട്. ഇന്നലെ എടുക്കാമെന്നു വിചാരിച്ചു വന്നതാ. അപ്പോഴേക്കും ടെറസും പൂട്ടി ആ ഹാരിസ് എവിടെയോ സര്‍ക്കീട്ട് പോയിരുന്നു. രാത്രി ഇങ്ങനെ പൊടിക്കാറ്റ് വീശൂന്ന് ആരു കണ്ടു.
ഇതും പറഞ്ഞ് ഗോളടിക്കാനുള്ള അവസരം പാഴാക്കിയ കളിക്കാരനെ പോലെ അയാള്‍ തിരിഞ്ഞു നടന്നപ്പോള്‍ മല്‍ബു മനസ്സില്‍ പറഞ്ഞു.
സ്വന്തം പ്രയത്‌നം കൊണ്ടു നേടിയ ബി.കോം പൊടിക്കാറ്റു കൊണ്ടുപോയി. വി.സിക്കു വീണ്ടും പണിയായി.
December 7, 2012
കരയുന്ന റേഡിയോ
അത്തറിന്റെ മണമുള്ള വലിയ കവര്‍ മല്‍ബുവിനെ ഏല്‍പിക്കുമ്പോള്‍ അയാളൊന്നു വിതുമ്പി. നാവെടുക്കാതെ സംസാരിക്കാറുള്ള അയാള്‍ പൊടുന്നനെ നിശ്ശബ്ദനായതു പോലെ. പ്രായം കൊണ്ടല്ലെങ്കിലും രൂപം കൊണ്ട് അയാള്‍ ഇച്ചയായിരുന്നു. റസാഖിച്ച. രൂപം കൊണ്ട് ഒരാളുടെ പ്രായം അളക്കാന്‍ പറ്റാത്തതാണ് പ്രവാസം. റേഡിയോ എന്നാണ് അയാളെ പലരും വിളിച്ചിരുന്നത്.
റസാഖിച്ചയോടൊപ്പം മൂന്ന് പ്രതികളും ഉണ്ടായിരുന്നു. അവര്‍ക്കിടയില്‍ മധ്യസ്ഥന്റെ റോളിലാണ് മല്‍ബു. പ്രതികളെന്നു പറയുമ്പോള്‍ മറ്റാരുമല്ല. മൂവരും ഇച്ചയുടെ അളിയന്മാര്‍. പുതിയാപ്പിള എന്നാണ് ഇച്ച അവരെ വിളിക്കുക. പെങ്ങന്മാരുടെ ഭര്‍ത്താക്കന്മാര്‍. മരിച്ചുപോയാലും അവര്‍ പുതിയാപ്പിളമാര്‍ അല്ലാതാകുന്നില്ല. പുതിയാപ്പിളയുടെ ഖബര്‍ പിന്നെയും അവശേഷിക്കും.
ഇന്നലെ കടയില്‍ തിരക്കൊഴിഞ്ഞ നേരത്താണ് ഇച്ച ഓടിക്കിതച്ചെത്തിയത്. ആളില്ലാത്ത നേരം നോക്കിയേ അല്ലെങ്കിലും അയാള്‍ വരാറുള്ളൂ. ദൂരെ മാറിനിന്ന് കസ്റ്റമേഴ്‌സൊക്കെ ഇറങ്ങിയെന്ന് ഉറപ്പുവരുത്തും. അതിനുശേഷം നിറഞ്ഞ ചിരിയുമായി കടയിലേക്ക് കയറും. ശല്യായില്ലല്ലോ എന്ന മുഖവുരയോടെയായിരിക്കും കുശലാന്വേഷണം. ശരിക്കും ഒരു റേഡിയോ പോലെ തന്നെ. അങ്ങോട്ട് ഒന്നും പറയേണ്ടതില്ല. എല്ലാം കേള്‍ക്കാനായി നിന്നുകൊടുക്കുന്നതു കൊണ്ട് മല്‍ബുവിനെ വലിയ ഇഷ്ടവുമാണ്. മനസ്സു തുറക്കാന്‍ നീയൊരാളേ ഉള്ളൂ എന്ന് പ്രശംസ ചൊരിയുകയും ചെയ്യും.
ഇപ്പോള്‍ വര്‍ത്താനം കേള്‍ക്കാന്‍ ആരും അധികം നിന്നുകൊടുക്കാറില്ല. ആരെയെങ്കിലും കിട്ടിയാല്‍ സംസാരം ഇയാളൊട്ട് നിര്‍ത്തുകയുമില്ല. പേരും നാടും ജോലിയും ഇവിടെ താമസിക്കുന്ന സ്ഥലവും മക്കള്‍ പഠിക്കുന്ന സ്‌കൂളും ക്ലാസും അങ്ങനെ തുടങ്ങി എല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞുതീര്‍ക്കും. എല്ലാ ദിവസവും എന്തെങ്കിലും വിശേഷങ്ങള്‍ പറയാനുമുണ്ടാകും.
എന്തിനാ ഇങ്ങനെ ഒറ്റശ്വാസത്തില്‍ വേണ്ടതും വേണ്ടാത്തതുമൊക്കെ പറഞ്ഞു തീര്‍ക്കുന്നത് എന്നു ചോദിച്ചാല്‍ അയാളുടെ പക്കല്‍ മറുപടി റെഡിയാണ്.
രണ്ടു പേര്‍ക്കും സമയമില്ല. അപ്പോള്‍ പിന്നെ നിങ്ങള്‍ ചോദിക്കാനിടയുള്ള കാര്യങ്ങള്‍ക്കുകൂടി ഞാന്‍ ആദ്യമേ തന്നെ ഉത്തരം പറഞ്ഞാല്‍ രണ്ടു പേര്‍ക്കും സമയം ലാഭം. നാടു പറഞ്ഞാല്‍ നിങ്ങള്‍ കുടുംബത്തെ കുറിച്ച് ചോദിക്കും. പിന്നെ കുട്ടികള്‍ ഏതു ക്ലാസിലാണ് പഠിക്കുന്നതെന്നു ചോദിക്കും.
ഈ ന്യായം മല്‍ബുവിന് ഒത്തിരി ഇഷ്ടായി. അങ്ങനെയാണ് ഇരുവരും തമ്മില്‍ അടുപ്പം കൂടിയത്. തനിക്ക് മനസ്സു തുറക്കാനൊരാള്‍ ഉണ്ടെന്ന് അയാളും വെറുതെ തലയാട്ടി കൊടുത്താല്‍ തനിക്കെന്തു നഷ്ടമെന്ന് മല്‍ബുവും വെച്ചു.
പുതിയൊരു കാര്യമുണ്ട്. നിങ്ങള്‍ കേട്ടാ മാത്രം പോരാ. ഇടപെടണം. ഒന്നു മധ്യസ്ഥം പറയണം.
കുശലാന്വേഷണം ചുരുക്കി ഇക്കുറി അയാള്‍ നേരെ വിഷയത്തിലേക്ക് കടന്നു.
പുതിയാപ്പിളമാരെ കൊണ്ടു ഞാന്‍ തോറ്റു.
പിന്നേം തോറ്റോ -മല്‍ബു ചോദിച്ചു
അവരെ കൊണ്ട് തോറ്റ കഥകള്‍ ഇതാദ്യമല്ല. മൂന്ന് പെങ്ങന്മാരുടെ ഭര്‍ത്താക്കന്മാരെയും ഗള്‍ഫിലെത്തിച്ച് അവര്‍ക്ക് നല്ല ജോലിയും ശരിയാക്കിക്കൊടുത്തയാളാണ്. പുതിയാപ്പിളക്ക് നൊന്താല്‍ പെങ്ങളറിയുമെന്ന് നന്നായി അറിയുന്നതിനാല്‍ അവരെ പളുങ്ക് പോലെ കൊണ്ടു നടക്കുന്നയാള്‍. നാട്ടിലായിരുന്നപ്പോള്‍ ബസില്‍ പുതിയാപ്പിളക്ക് സീറ്റ് ഒഴിഞ്ഞു കൊടുത്തില്ലാന്നു പറഞ്ഞ് ഒരിക്കല്‍ അനുഭവിച്ചിട്ടുണ്ട്. പിന്നെയും നിസ്സാര സംഭവങ്ങള്‍ക്ക് പലപല തോല്‍വികള്‍.
ഇപ്പോള്‍ എന്തു സംഭവിച്ചു?
പുതിയാപ്പിളമാരുടെ ശമ്പളം കൊണ്ടാണ് ഞാന്‍ നാട്ടില്‍ സ്ഥലം വാങ്ങുന്നതെന്ന് ഒരു മുറുമുറുപ്പ്. നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും അതു പുലിവാലായി മാറുന്നതിനുമുമ്പ് പരിഹരിക്കണം.
അല്ലെങ്കിലും നിങ്ങള്‍ എന്തിനാ അവരുടെ ശമ്പളം സൂക്ഷിക്കുന്നത്. അവരോട് ബാങ്കിലേക്ക് അയക്കാന്‍ പറയണം.
ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ അവരോട് എത്രയായി പറയുന്നു. മടിയന്മാര്‍ക്ക് ഞാന്‍ തന്നെ അക്കൗണ്ടും തുടങ്ങിക്കൊടുക്കണം.
ശമ്പളം കിട്ടിയാല്‍ എന്നെ ഏല്‍പിക്കുന്നു. അവര്‍ ചോദിക്കുമ്പോള്‍ കൊടുക്കുന്നു. നാട്ടില്‍ അയക്കാന്‍ പറയുമ്പോള്‍ അയക്കുന്നു. ഇതുവരെ ഒരു വീഴ്ചയും വരുത്തിയിട്ടില്ല.
ഇതെന്താ ഇപ്പോ പിന്നെ ഈ സംശയം.
അത് നാട്ടില്‍ ഞാന്‍ സ്വത്ത് കച്ചോടം ചെയ്യുന്നത് ഇവരുടെ കൂടി പണം കൊണ്ടാണെന്ന് അവര്‍ക്കൊരു തോന്നല്‍. അതൊന്നു തീര്‍ത്തു കൊടുക്കണം. നാളെ രാത്രി മൂന്ന് പേരെയും വിളിച്ചിട്ടുണ്ട്. തട്ടാണ്ട് മുട്ടാണ്ട് ഒഴിവാക്കാന്‍ നിങ്ങള്‍ വരണം.
അങ്ങനെയാണ് മല്‍ബു മധ്യസ്ഥന്റെ റോളിലായത്.
നിങ്ങളുടെ കാശ് കൊണ്ടാണ് അളിയന്‍ നാട്ടില്‍ സ്വത്ത് കച്ചോടം നടത്തുന്നതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
നാട്ടുകാര്‍ അങ്ങനെ പറയുന്നുണ്ടെന്ന് മൂവരും ഒരുമിച്ച് മറുപടി നല്‍കി.
ബാങ്ക് അക്കൗണ്ട് തുടങ്ങി നാട്ടിലേക്ക് നേരിട്ട് പണം അയച്ചു കൂടേ എന്ന ചോദ്യത്തിന് അതുപിന്നെ അളിയനെ വിശ്വാസമില്ലാത്ത പ്രശ്‌നമില്ല എന്നൊക്കെ മൂന്ന് പേരും ചേര്‍ന്ന് വിശദീകരിക്കുമ്പോഴേക്കും ഇച്ച അകത്തുപോയി ആ കവര്‍ കൊണ്ടുവന്നിരുന്നു.
ഓരോ മാസവും ഇവര്‍ ഏല്‍പിക്കുന്ന ശമ്പളം കൃത്യമായി ഇതില്‍ എഴുതി വെക്കാറുണ്ട്. ഇവര്‍ തിരികെ വാങ്ങിയ കാശും കഴിച്ച് ബാക്കി മുഴുവന്‍ തുകയും ഇതിലുണ്ട്.
ശരിയാണ്. കണക്കും പണവും കിറുകൃത്യം. ഇവരുടെ സൂക്ഷിപ്പില്‍ ഇച്ച ഒരിക്കല്‍പോലും തിരിമറി നടത്തിയിട്ടില്ല.
വേര്‍തിരിച്ച തുകകള്‍ ഏറ്റുവാങ്ങാതിരിക്കാന്‍ ഓരോ പുതിയാപ്പിളയും ശ്രമിച്ചെങ്കിലും മധ്യസ്ഥനായ മല്‍ബു ഉറച്ച നിലപാടിലായിരുന്നു. അവര്‍ ദയ അര്‍ഹിക്കുന്നില്ല.
November 26, 2012
അമ്മായി വേഷം
ഉച്ചമയക്കത്തിലായിരുന്നു മല്‍ബു. അതുവരെയുള്ള വിറ്റുവരവിന്റെ നോട്ടുകള്‍ എണ്ണി സഞ്ചിയിലാക്കി ഭദ്രമാക്കിവെച്ച ശേഷമുള്ള മയക്കം. രണ്ടു മൂന്ന് മണിക്കൂറുകള്‍ നീളുന്ന ഈ വിശ്രമവും ചിലപ്പോള്‍ ഗാഢനിദ്രയും പതിവുള്ളതാണ്. പൊതുവെ ആളുകള്‍ കുറയുന്ന ഉച്ചനേരത്ത് കടയില്‍ കൂടുതല്‍ പണം സൂക്ഷിക്കുന്നത് ഒട്ടും സേഫല്ല. നട്ടുച്ചക്കാണ് ഒരിക്കല്‍ മൂന്ന് കള്ളന്മാര്‍ കയറി പണവും ടെലിഫോണ്‍ കാര്‍ഡുകളുമൊക്കെ അടിച്ചോണ്ടുപോയത്. അതുകൊണ്ടു ഉച്ചഭക്ഷണത്തിനു ഫ്‌ളാറ്റിലേക്ക് പോരുമ്പോള്‍ അതുവരെയുള്ള കച്ചവടത്തിന്റെ പണവും കൊണ്ടുവരും.
മയക്കത്തിലേക്ക് വീഴുന്നതേ ഉണ്ടായിരുന്നുള്ളൂ.
അപ്പോഴാണ് മൊബൈല്‍ ഫോണ്‍ നാണയത്തുട്ടുകള്‍ നിലത്തുവിഴുന്ന ശബ്ദമുണ്ടാക്കിയത്. കച്ചവടക്കാരനു ചേരുന്ന റിംഗ് ടോണെന്ന് പലരും പുകഴ്ത്തിയിട്ടുണ്ട് ഈ മണിക്കിലുക്കത്തെ.
പരിചയമില്ലാത്ത നമ്പര്‍ ആയതിനാല്‍ എടുക്കാന്‍ മടിച്ചു. പക്ഷെ, വീണ്ടും നാണയം വീണു കിലുങ്ങി.
എന്തിനാ എടുക്കാതിരിക്കുന്നത്, ചിലപ്പോള്‍ അയാളായിരിക്കും. എടുത്തുനോക്കൂ- മല്‍ബി പറഞ്ഞു.
അയ്യായിരം അടിച്ചോണ്ടു പോയ ഹാരിസിന്റെ വിളിയാണ് മല്‍ബി പ്രതീക്ഷിക്കുന്നത്. മക്കളോട് അടുപ്പം കാണിച്ചും ഫ്രഷ് മീന്‍ എത്തിച്ചും സ്‌നേഹം നടിച്ച് അയ്യായിരം റിയാല്‍ കടമായി വാങ്ങി മുങ്ങിയ ഹാരിസ് പണവുമായി മടങ്ങിയെത്തുമെന്ന് കരുതുന്ന പോഴത്തക്കാരി, പാവം.
മനസ്സില്ലാമനസ്സോടെ മൊബൈല്‍ എടുത്തപ്പോള്‍ അങ്ങേത്തലക്കല്‍ പരിചയമുള്ള അറബി. അയാള്‍ കൈമാറിയതാകട്ടെ ഒരു രഹസ്യ വിവരം.
കടയില്‍ ഒരു സയ്യിദത്തി കയറിയിട്ട് കുറച്ചുനേരമായി. ഷട്ടര്‍ പാതി താഴ്ത്തിയിട്ടുമുണ്ട്.
ഇതായിരുന്നു ഞെട്ടിക്കുന്ന ആ വിവരം.
കടയില്‍ പണിക്കാരന്‍ തനിച്ചേയുള്ളൂ. കഴിഞ്ഞയാഴ്ച അവനുണ്ടാക്കിയ ഒരു പുകില്‍ തീര്‍ന്നിട്ടില്ല. ഇപ്പോഴിതാ വീണ്ടുമൊന്ന്. പടച്ചോനെ എന്നു വിളിച്ചുപോയി മല്‍ബു.
കടയില്‍ ച്യൂയിംഗം വാങ്ങാനെത്തിയ ചെറിയ പെണ്‍കുട്ടിയോട് പണിക്കാരന്‍ മനസ്സറിഞ്ഞു ചിരിച്ചതാണ് കഴിഞ്ഞാഴ്ച പൊല്ലാപ്പായത്. കുട്ടിയുടെ പിതാവും മാതാവും ചാടിക്കിതച്ചെത്തി ടിയാന്റെ ദേഹത്ത് കൈവെച്ചില്ലെന്നേയുള്ളൂ. ബാക്കിയൊക്കെ പറഞ്ഞ് കലി തീര്‍ത്തു. കുട്ടികള്‍ വരുന്ന കടയില്‍ ഇവനെയൊന്നും വെച്ചോണ്ടിരിക്കാന്‍ പാടില്ലെന്ന് മല്‍ബുവിനു താക്കിതും കിട്ടി.
പകച്ചുനില്‍ക്കേണ്ട സമയമല്ല. അത്യാവശ്യമായി കടയില്‍ പോകണമെന്നു മാത്രം മല്‍ബിയോട് പറഞ്ഞ് ചാടി ഇറങ്ങി. വിശ്രമിക്കാന്‍ പോയ രണ്ടാമത്തെ പണിക്കാരനോട് ഉടന്‍ കടയില്‍ എത്താന്‍ വിളിച്ചു പറഞ്ഞു.
ഇരുവരും എത്തിയപ്പോള്‍ സംഗതി ശരിയായിരുന്നു. ഉച്ചനേരത്ത് കടയുടെ ഷട്ടര്‍ അല്‍പം താഴ്ത്താറുണ്ടെങ്കിലും ഇത് അതിലേറെ താഴ്ത്തിയിരിക്കുന്നു. രഹസ്യവിവരം നല്‍കിയ അറബിയും കുറച്ചകലെ നിര്‍ത്തിയിട്ടിരുന്ന കാറില്‍നിന്ന് ഇറങ്ങിവന്നു.
അകത്തു തന്നെയുണ്ട്. ഇറങ്ങിയിട്ടില്ല -അയാള്‍ പറഞ്ഞു.
പോലീസില്‍ അറിയിക്കട്ടെ -അയാള്‍ വീണ്ടും ചോദിച്ചു.
വേണ്ട, ആരാണ്, എന്താണ് എന്നൊക്കെ നോക്കി വേണ്ടതുപോലെ ചെയ്യാം.
അകത്ത് ക്യാമറയുണ്ടോ എന്നായി അറബിയുടെ അടുത്ത ചോദ്യം.
ക്യാമറയുണ്ടെങ്കിലും അതിന് കണക്ഷനൊന്നും കൊടുത്തിരുന്നില്ല. വെറുതെ ആളുകളെ പേടിപ്പിക്കാനായി കടയുടെ നാലു ഭാഗത്തും ക്യാമറ പിടിപ്പിച്ചിട്ടുണ്ട്. ക്യാമറ ഉണ്ടെന്നു തോന്നിയാല്‍ ഏതു പഠിച്ച കള്ളനും അല്‍പം മടിക്കും എന്നാണ് അതിന്റെ മനശ്ശാസ്ത്രം. കടയില്‍ നടക്കുമായിരുന്ന പല തട്ടിപ്പുകളും ക്യാമറ ചൂണ്ടിക്കാട്ടിയാണ് പൊളിക്കാറുള്ളത്. നൂറു റിയാല്‍ തന്നു എന്നു പറഞ്ഞ് വാശി പിടിച്ച ഒരാള്‍ ക്യാമറയിലെ വീഡിയോ നോക്കാമെന്നു പറഞ്ഞപ്പോള്‍ പണം വലിച്ചെറിഞ്ഞു പോയതാണ് അവസാനത്തെ സംഭവം.
ക്യാമറ വര്‍ക്ക് ചെയ്യുന്നതാണെന്നു പറഞ്ഞാല്‍ അറബി വീഡിയോ കാണിക്കാന്‍ ആവശ്യപ്പെടും. ആ പൊല്ലാപ്പ് വേണ്ടാന്നു കരുതി സത്യം തന്നെ പറഞ്ഞു.
ക്യാമറയുണ്ട്. പക്ഷേ ഇന്ന് ഓണ്‍ ചെയ്തിട്ടില്ല.
ഷട്ടര്‍ നീക്കാമെന്നും സയ്യിദത്തി ഇറങ്ങി ഓടാന്‍ ശ്രമിച്ചാല്‍ മൂന്ന് പേരും ചേര്‍ന്ന് പിടിക്കണമെന്നും ശട്ടം കെട്ടി.
ഷട്ടര്‍ ഉയര്‍ത്തി ഗ്ലാസ് തള്ളിത്തുറന്നതും കറുത്ത പര്‍ദയണിഞ്ഞ നീണ്ടുമെലിഞ്ഞ സ്ത്രീ പുറത്തേക്ക്. രണ്ട് മല്‍ബുകള്‍ക്കും ചേര്‍ന്ന് പിടിച്ചു നിര്‍ത്താമായിരുന്നിട്ടും അവള്‍ ഡോറിനു പുറത്തെത്തി. പിടിക്കാമായിരുന്നിട്ടും പിടിക്കാതിരുന്ന മല്‍ബുകളെ കഴുതകളെന്നു വിളിച്ചു കൊണ്ട് അറബി ഒറ്റച്ചാട്ടത്തിനു അവളുടെ പര്‍ദയില്‍ പിടികൂടി. പക്ഷേ, പര്‍ദ ഉപേക്ഷിച്ച് കുതറിയ അവളുടെ മുടിയിലായി പിടിത്തം. അവിടേം നിന്നില്ല റിബണ്‍ അറബിയുടെ കൈയിലേക്ക് നല്‍കിക്കൊണ്ട് ടീഷര്‍ട്ടും ജീന്‍സും ധരിച്ച അവള്‍ വേഗത്തിലോടി കുറച്ചുദൂരെ സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്ന കാറില്‍ കയറി രക്ഷപ്പെട്ടു.
മൂന്ന് പേരും കടയ്ക്കകത്തു കയറിയപ്പോള്‍ പണിക്കാരന്‍ സ്വന്തം പാന്റ്‌സിന്റേയും ഷര്‍ട്ടിന്റേയും പോക്കറ്റ് തപ്പുകയായിരുന്നു.
അയ്യോ എന്റെ ഇഖാമ അവന്‍ കൊണ്ടുപോയി.
ഏതവന്‍?
ഇപ്പോള്‍ ഇറങ്ങി ഓടിയില്ലേ. അവന്‍ തന്നെ.
അവനോ? അത് അപ്പം ചുട്ടുവന്ന നിന്റെ അമ്മായിയല്ലേ? അറബിയുടെ കൈയിലിരിക്കുന്ന പര്‍ദ ചൂണ്ടി മല്‍ബു പറഞ്ഞു.
അല്ല, നീളമുള്ള മുടിയില്‍ റിബണ്‍ കെട്ടിയ അവനെ കണ്ടാല്‍ പെണ്ണെന്നേ തോന്നൂ- പണിക്കാരന്‍ വിങ്ങി വിങ്ങിപ്പറഞ്ഞു.
ആണാണെന്ന് തിരിയുമ്പോഴേക്കും അവന്‍ എന്റെ ഇഖാമയും പഴ്‌സും ഇസ്‌കിയിരുന്നു. നാട്ടില്‍ വിടാനുള്ള 800 റിയാലും അതിലായിരുന്നു.
അറബിയുടെ പൊട്ടിച്ചിരിയില്‍ നീളമുള്ള ആ പര്‍ദയും പങ്കുചേര്‍ന്നു.
November 13, 2012
പാര്‍ട്ടി ഫ്‌ളാറ്റിലെ കാക്ക
മണി എട്ടടിച്ചിട്ടും പണിക്കാരില്‍ ഒരാളെ കാണുന്നില്ല. രാവിലെ ആറു മണിക്ക് പണിക്ക് കയറേണ്ടതാണ്. ഉറങ്ങിപ്പോയോന്ന് ചോദിക്കാന്നു വിചാരിച്ചാല്‍ ആരും ഫോണ്‍ എടുക്കുന്നുമില്ല. രണ്ടു പണിക്കാരെയും വെവ്വേറെ താമസിപ്പിച്ചിട്ട് രണ്ടാഴ്ചയേ ആയുള്ളൂ. അതുകൊണ്ട് ഒരാള്‍ സമയത്തിനെത്തി. രണ്ടാളും ചേര്‍ന്ന് പറ്റിക്കുന്നൂന്ന് തോന്നിയതുകൊണ്ടാണ് ഇരുവരേയും വേര്‍പെടുത്തുന്ന കഠിന തീരുമാനം കൈക്കൊണ്ടത്.
ഇയാളിത് എവിടെപ്പോയി കിടക്കുന്നു എന്നു എല്ലാവരും പിറുപിറുക്കുന്നതിനിടയില്‍ ദാ ടാക്‌സിയില്‍ വന്നിറങ്ങുന്നു.
സ്യൂട്ട് കെയ്‌സും പിന്നെ ഒരു സഞ്ചിയും കമ്പിളിയുമൊക്കയുണ്ട്. സഞ്ചി താഴെ വെച്ചപ്പോള്‍ അതില്‍നിന്ന് വീഡിയോ റെക്കോര്‍ഡറും ടെലിവിഷന്‍ റിസീവറും കേബിളുമൊക്കെ പുറത്തേക്ക് ചാടി.
അവിടെ ശരിയാകൂല്ല. ഞാനിങ്ങ് പോന്നു. അവിടത്തെ അന്ത്രൂന്റെ കൂടെ മനുഷ്യന്മാര്‍ക്ക് താമസിക്കാന്‍ പറ്റൂല്ലാന്നേ. ഒരു വിട്ടുവീഴ്ചയുമില്ലാത്ത ജന്തു-ഇളിച്ചു കൊണ്ട് കടയിലേക്ക് കയറിയ പണിക്കാരനോട് മല്‍ബുവിന് അരിശമാണ് തോന്നിയത്.
അന്ത്രൂന്റെ കാലും കൈയും പിടിച്ചാ അവിടെ ഒരു ബെഡ് സ്‌പേസ് ശരിയാക്കിക്കൊടുത്തത്. സ്വന്തം പാര്‍ട്ടിക്കാരനാണെന്നു പറഞ്ഞു കൊണ്ടു ചെന്നാക്കിയ ഇയാള്‍ ഒടുക്കത്തെ രാഷ്ട്രീയം പുറത്തെടുത്തു കാണും. അല്ലെങ്കില്‍ പുറത്താക്കാനൊന്നും സാധ്യതയില്ല.
അന്ത്രുവിന്റെ മെസ്സും ഫഌറ്റും സാധാരണ ഫഌറ്റല്ല. പാര്‍ട്ടി ഗ്രാമം പോലെയാ അത്. പാര്‍ട്ടി ഫഌറ്റ്. നാടു വിട്ടവര്‍ക്ക് ജാതിയും മതവുമില്ല, പ്രവാസികള്‍ ഒറ്റ ജാതി എന്നൊക്കെ പ്രസംഗിക്കാന്‍ കൊള്ളാം. ഇവിടെ പാര്‍ട്ടിക്കാരാണ് ഒരു ജാതി. പുതുതായി ഒരാള്‍ താമസിക്കാനെത്തുമ്പോള്‍ വെരിഫിക്കേഷന്‍ നടത്തി മാത്രമേ ബെഡ് അനുവദിക്കൂ. അന്ത്രുവിന് അതിന് അതിന്റേതായ ന്യായമുണ്ട്. ഒരു പാര്‍ട്ടിക്കാരായാല്‍ ഏറ്റവും ചുരുങ്ങിയത് ടി.വിയെങ്കിലും അലമ്പില്ലാതെ കാണാമല്ലോ? എതിര്‍പാര്‍ട്ടിക്കാരനായ ഒരു പഹയനുണ്ടായാല്‍ മതി. പിന്നെ കൂട്ടവും ഗുലുമാലുമായി. അനുഭവമാണ് ഗുരു. ഒരിക്കല്‍ സുധാകാരനേയും കോടിയേരിയേയും അനുകൂലിക്കുന്നവര്‍ തമ്മില്‍ തല്ലി ടി.വി പൊട്ടിച്ചതിന് സാക്ഷിയായിട്ടുണ്ട് അന്ത്രു. അതില്‍ പിന്നെ സ്വന്തം പേരില്‍ എടുക്കുന്ന ഫഌറ്റില്‍ സ്വന്തം പാര്‍ട്ടിക്കാരെയല്ലാതെ വേറെ ഒരാളെ അയാള്‍ കയറ്റിയിട്ടില്ല.
ഇതൊക്കെ പറഞ്ഞു മനസ്സിലാക്കിക്കൊടുത്താണ് ഈ പഹയനെ അവിടെ കൊണ്ടു ചെന്നാക്കിയത്. അവരുടെ കൂടെ ടി.വി കാണാന്‍ ഇരിക്കൂല്ലാന്ന് ഉറപ്പു വാങ്ങിയിരുന്നു. എന്തു പ്രകോപനമുണ്ടായാലും പ്രതികരിക്കാന്‍ പാടില്ല. സ്വന്തം പാര്‍ട്ടിക്കാരെ എന്തു തെറി വിളിച്ചാലും മിണ്ടരുത്. എവിടെ നിന്നോ സംഘടിപ്പിച്ച ഡ്യൂപ്ലിക്കേറ്റ് മെമ്പര്‍ഷിപ്പ് കളയാതെ സൂക്ഷിച്ചോണം. ഇനി അഥവാ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ മെമ്പര്‍ഷിപ്പ് എടുത്ത് കാണിക്കണം. അങ്ങനെ എല്ലാ മുന്‍കരുതലുകളും നൂറ്റൊന്നാവര്‍ത്തിച്ചു പറഞ്ഞതാണ്.
വേണമെങ്കില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവരുടെ നേതാക്കള്‍ക്ക് ജയ് വിളിക്കാമെന്നു പോലും സമ്മതിച്ച് പോയ ആളാണ് രണ്ടാഴ്ച തികയുന്നതിനു മുമ്പ് ഇറങ്ങിപ്പോന്നിരിക്കുന്നത്.
മല്‍ബുവിന് അരിശം മൂക്കുന്നതിനിടയില്‍ അന്ത്രൂന്റെ ഫോണ്‍ വന്നു. ഇമ്മാതിരി ബലാലാണെന്ന് അറിഞ്ഞിരുന്നെങ്കല്‍ ഇപ്പടി കയറ്റില്ലായിരുന്നു. നിങ്ങള്‍ ഒറ്റയാള്‍ പറഞ്ഞതോണ്ടാ ഞാന്‍ സമ്മതിച്ചത്. ഓനെ കണ്ടപ്പോ തന്നെ കൊയപ്പക്കരനാന്ന് എനിക്ക് തോന്നിയതാ. ഓന്റെ ഒരു ചാനലും റെക്കാര്‍ഡിംഗും.
എന്താ സംഭവിച്ചത്?
അതൊക്കെ ഓനോട് തന്നെ ചോദിച്ചാല്‍ മതി. ഏതായാലും സ്വയം ഇറങ്ങിപ്പോയത് നന്നായി. പുറത്താക്കാന്‍ ഞാന്‍ തീരുമാനിച്ചതായിരുന്നു.
എന്നാലും അന്ത്രുമാഷേ നിങ്ങള്‍ പറ. ഓന്‍ ആരോടെങ്കിലും അലമ്പുണ്ടാക്കിയോ?
പാര്‍ട്ടി വികാരം പുറത്തെടുത്തോ എന്നായിരുന്നു മല്‍ബുവിനു അറിയേണ്ടിയിരുന്നത്. ഉറച്ച ഒരു പാര്‍ട്ടിക്കാരന് മറ്റൊരു പാര്‍ട്ടിക്കാരനായി എത്ര കാലം അഭിനയിക്കാന്‍ സാധിക്കും. ആത്മാഭിമാനം പുറത്തു ചാടില്ലേ? വോട്ട് ചെയ്യുകയെന്ന അനുഭാവം മാത്രമേയുള്ളൂ എങ്കില്‍ തല്‍ക്കാലം അഡജസ്റ്റ് ചെയ്യും. ഇവന്‍ അതല്ല. നാട്ടില്‍ പാര്‍ട്ടിക്ക് വേണ്ടി ചെയ്യാത്തതൊന്നുമില്ല. നോട്ടീസും പോസ്റ്ററും കീറിയതു മുതല്‍ ആളെ കൊന്നില്ലെന്നേയുള്ളൂ. ബാക്കിയെല്ലാം ചെയ്തിട്ടുണ്ട്.
ഒരു സോറി പറയാന്‍ പോലും അവസരം നല്‍കാതെയും പണിക്കാരന്‍ എന്തു കുഴപ്പമാണ് ഉണ്ടാക്കിയതെന്നു പറയാതെയും അന്ത്രു ഫോണ്‍ വെച്ചു.
അയാള്‍ പറയൂല്ല. ശരിക്കും എന്താ ഉണ്ടായതെന്നു ഞാന്‍ പറയാം.
നിങ്ങള്‍ പറഞ്ഞതു പോലെ ഞാന്‍ അവരുടെ പാര്‍ട്ടിക്കാരനായി തന്നെയാ അഭിനയിച്ചത്. ആര്‍ക്കും ഒരു സംശയവും തോന്നിയിട്ടില്ല.
പിന്നെ എന്താണ് ഉണ്ടായത്?
റിസീവറും വീഡിയോ റെക്കോര്‍ഡറും കുത്തിനിറച്ച സഞ്ചി ചൂണ്ടി അയാള്‍ പറഞ്ഞു. ദാ അതാണു കാരണം.
ഓഹോ അപ്പോള്‍ അവിടെയും ആളുകളെ ഉറങ്ങാന്‍ വിട്ടില്ല, അല്ലേ?
പാര്‍ട്ടിയേക്കാളും പ്രധാനമാണ് ആളുകള്‍ക്ക് ഉറക്കം. എല്ലാവരും നിന്നെപ്പോലെയല്ല. നിനക്കിവിടെ വന്ന് ഉറക്കം തൂങ്ങിയാല്‍ മതിയല്ലോ?
സംഗതി ടിയാന്റെ സ്ഥിരം ഏര്‍പ്പാടാണ്. രാത്രി 12 മണിക്ക് കടയടച്ച് മുറിയിലെത്തിയാല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ കണ്ടിരിക്കാനുള്ള ടി.വി പരിപാടികള്‍ വീഡിയോ റെക്കോര്‍ഡറില്‍ കാത്തിരിപ്പുണ്ടാവും. ഒറ്റ സീരിയലും മിസ്സാകാന്‍ പാടില്ലെന്നതാണ് പോളിസി. മുറിയിലുള്ള മറ്റു രണ്ടു പേര്‍ ഉണര്‍ന്നാലും ഉറങ്ങിയാലും ഈ കാഴ്ചകള്‍ക്കു ശേഷം മാത്രമേ ടിയാന്‍ അലക്കാനും കുളിക്കാനും കയറൂ. അതൊക്കെ കഴിഞ്ഞ് വൈകി ഉറങ്ങിയാലും അതിരാവിലെ ഉണരാന്‍ കഴിയുന്ന അത്ഭുതക്കാക്ക.
ഈ കുണ്ടാമണ്ടികള്‍ സ്വന്തമാക്കിയതിനു പിന്നിലും ഒരു കഥയുണ്ട്. എല്ലാ ദിവസവും വൈകുന്നേരം കുറച്ചുനേരം പണിസ്ഥലത്തുനിന്ന് സീരിയലിലേക്ക് മുങ്ങുന്ന ഏര്‍പ്പാടുണ്ടായിരുന്നു. അതു പറ്റൂല്ലാന്ന് പറഞ്ഞപ്പോള്‍ കണ്ടുപിടിച്ചതാണ് ഈ വിദ്യ. എല്ലാം റെക്കോര്‍ഡ് ചെയ്തു വെക്കുക. പണി കഴിഞ്ഞ് പോയാല്‍ തുടര്‍ച്ചയായി കാണാം. ആരേയും പേടിക്കേണ്ടല്ലോ. നേരോടെ നിര്‍ഭയം നിരന്തരം സീരിയലുകള്‍ കാണാം.
നീ ഗുണം പിടിക്കൂലാന്നു മല്‍ബു പറഞ്ഞപ്പോള്‍ റിസീവറും റെക്കോര്‍ഡറും ഒതുക്കിവെക്കുന്ന തിരിക്കിലായിരുന്നു സീരിയലുകള്‍ക്കായി ഉറക്കം ത്യജിക്കുന്ന അത്ഭുതക്കാക്ക.
November 4, 2012
ഫ്രഷ് മീന്‍
അതിരാവിലെ തന്നെ ബഹളം കേട്ടാണ് മല്‍ബുവും മല്‍ബിയും ഉണര്‍ന്നത്. വാതില്‍ തുറന്നു നോക്കിയപ്പോള്‍ കുറേപ്പേര്‍ കൂടി നില്‍ക്കുന്നു.
ഇയാള്‍ അറിയാതെ അയാള്‍ എവിടേയും പോകില്ലെന്ന് മല്‍ബുവിനുനേരെ ചൂണ്ടി കൂട്ടത്തിലുള്ള അമ്മദ്.
ഉറക്കച്ചടവിലായിരുന്ന മല്‍ബു കണ്ണുതിരുമ്മി.
സംഘത്തില്‍ അയാളെ മാത്രമേ അറിയൂ. ഇന്നാളൊരു ദിവസം കടയില്‍ വന്ന് ഒരു കാര്യവുമില്ലാതെ കുഴപ്പമുണ്ടക്കിയ അലമ്പന്‍ അമ്മദ്. എവിടെ ചെന്നാലും അലമ്പുണ്ടാക്കുന്ന പഹയന്‍. ഒരു കിലോ തക്കാളിയില്‍ ഒന്നെങ്ങനെ ചീഞ്ഞു എന്നു ചോദിച്ചായിരുന്നു കടയിലെ ബഹളം. തക്കാളി മടക്കി നല്‍കിയെങ്കിലും പിന്നെയും കുറേ നേരം ഞൊടിഞ്ഞാണ് മടങ്ങിയത്.
ബാക്കി എല്ലാവരും അപരിചിതരാണ്. ഇത്രയും പേര്‍ പുലര്‍ച്ചെ തന്നെ സംഘടിച്ചെത്തിയത് എന്തിനാണെന്നറിയാതെ പകച്ചുപോയി മല്‍ബു.
എവിടെ പോയി ഹാരിസ്?
ഏതു ഹാരിസ്?
കണ്ടില്ലേ അറിയാത്തതുപോലെ അഭിനയിക്കുന്നത്. കള്ള ലക്ഷണമാണ് -അമ്മദ് ഒന്നുകൂടി സ്മാര്‍ട്ട് ആയി.
നിങ്ങള്‍ ആരുടെ കാര്യമാണ് പറയുന്നത്. എനിക്കൊന്നും മനസ്സിലാകുന്നില്ല. പിറകില്‍നിന്ന് മല്‍ബി പിടിച്ചുവലിക്കുന്നത് കാര്യാക്കാതെ മല്‍ബു ചോദിച്ചു.
നിങ്ങള്‍ കുപ്പായമിട്ട് ഇറങ്ങൂന്നേ എന്നു പറഞ്ഞു കൊണ്ടാണ് മല്‍ബി പിറകോട്ട് വലിക്കുന്നത്. ഷര്‍ട്ട് ഇടാതെ സ്റ്റീല്‍ ബോഡിയും കാണിച്ച് ഇറങ്ങുന്നതാണ് മല്‍ബിക്ക് പ്രശ്‌നം.
ഇവിടത്തെ ഹാരിസ് എവിടെ പോയി? അയാളെ കാണാനാണ് ഇവരൊക്കെ രാവിലെ തന്നെ വണ്ടിയും പിടിച്ച് വന്നിരിക്കുന്നത്.
അയാള്‍ എവിടെ പോകാനാ? താഴെ അയാളുടെ മുറിയില്‍ കാണും. നോക്കിയോ?- മല്‍ബു ചോദിച്ചു.
മുറി പൂട്ടിയിരിക്കയാണ്. മൊബൈല്‍ ഓഫ്. അതോണ്ടാ നിങ്ങളുടെ അടുത്തേക്ക് വന്നത്. ഈ ഫഌറ്റുമായാണല്ലോ അയാള്‍ക്ക് ഏറ്റവും അടുപ്പം.
ഇയാള്‍ അറിയാതെ എവിടേം പോകില്ലാട്ടോ. ഇതൊക്കെ അടവാണ് -അമ്മദ് വീണ്ടും ഇളകി.
അയാള്‍ എവിടെ പോകാനാ. പുറത്തെവിടെയങ്കിലും പോയതായിരിക്കും. ഇപ്പോ ഇങ്ങത്തും. ഞാനൊന്നു മൊബൈലില്‍ ട്രൈ ചെയ്യട്ടെ.
പിന്നെ, പിന്നെ ഇപ്പോ ഇങ്ങെത്തും. മൊബൈല്‍ എടുക്കും. ഇതാ ഇതു നോക്കിയേ. അമ്മദ് കൈയില്‍ ചുരുട്ടിപ്പിടിച്ചിരുന്ന പത്രം നിവര്‍ത്തി.
വന്‍ തുകയുമായി മലയാളി മുങ്ങി.
വെണ്ടക്ക അക്ഷരത്തില്‍ ഫോട്ടോ സഹിതമാണ് വാര്‍ത്ത. ഫോട്ടോ ഹാരിസിന്റേതു തന്നെ. പക്ഷേ പേര് ചേര്‍ത്തിരിക്കുന്നത് താഴേ വീട്ടില്‍ അലവി എന്നാണ്.
സംഗതി ഗുരുതരമാണ്. നാട്ടിലേക്ക് ഹുണ്ടി അയക്കാന്‍ വാങ്ങിയതും ചിട്ടിക്ക് ശേഖരിച്ചതുമായ പതിനായിരക്കണക്കിനു റിയാലുമായാണ് അലവി മുങ്ങിയിരിക്കുന്നത്.
പത്രം ഇന്നലത്തേതാണെങ്കിലും മല്‍ബു വാര്‍ത്ത കണ്ടിരുന്നില്ല. കച്ചവടത്തിരക്കില്‍ പത്രം വായിക്കാനൊക്കെ എവിടെ നേരം? കായി ഉണ്ടാക്കാനല്ലേ, പത്രം വായിക്കാനല്ലല്ലോ ഇങ്ങോട്ടു വന്നതെന്നാണ് മല്‍ബുവിന്റെ ന്യായം. വായിക്കാനാണെങ്കില്‍ നാട്ടില്‍തന്നെ നിന്നാല്‍ മതിയല്ലോ?
പക്ഷേ, അമ്മദ് അങ്ങനെയല്ല. പത്രം അരിച്ചുപെറുക്കി വായിക്കും. അലമ്പുണ്ടാക്കേണ്ടിടത്ത് അലമ്പുണ്ടാക്കും. അതുകൊണ്ടുതന്നെയാണ് മലയാളികള്‍ ചതിക്കപ്പെട്ട പട്ടണത്തിലേക്ക് രണ്ട് റിയാല്‍ ചെലവാക്കി വിളിച്ച് അതിരാവിലെ തന്നെ ഇരകളെ ഇങ്ങെത്തിച്ചത്.
ഫോട്ടോ കണ്ടിട്ട് നമ്മുടെ ഹാരിസിനെ പോലുണ്ട്. പക്ഷേ അയാളുടെ ശരിക്കുള്ള പേരും ഹാരിസ് എന്നു തന്നെയാണ്. അലവിയല്ല -മല്‍ബു വീണ്ടും പറഞ്ഞു.
പേരെന്തെങ്കിലുമാകട്ടെ, ഇപ്പോള്‍ അയാള്‍ എവിടെ?
ങാ, ഞാനെങ്ങനെ അറിയാനാ? ഇന്നലെ രാതി കണ്ടിരുന്നു. നിങ്ങള്‍ ബില്‍ഡിംഗ് ഓണറോട് പോയി ചോദിച്ചുനോക്ക്.
നിങ്ങള്‍ മറുപടി പറയേണ്ടിവരും കേട്ടോ. നിങ്ങളെ സ്വന്തക്കാരനാണ് അയാള്‍.
പോകുന്ന പോക്കില്‍ അമ്മദ് ഒന്നുകൂടി വിരല്‍ ചൂണ്ടി ഭീഷണിപ്പെടുത്തി.
താന്‍ പോടാ അലമ്പാന്നും പറഞ്ഞ് മല്‍ബു മുറിയിലേക്ക് തിരിഞ്ഞപ്പോള്‍ ദേ മല്‍ബി ഒരു കസേരയിലിരുന്നു കരയുന്നു.
നിനക്കെന്തു പറ്റി? ഹാരിസ് പോയാല്‍ നിനക്കെന്തു പോയി? നമ്മുടെ കാശൊന്നും പോയില്ലല്ലോ. അതോ ഞാന്‍ പറഞ്ഞതില്‍ വല്ല കാര്യോമുണ്ടോ?
ഒരു മാസംമുമ്പ് പുതിയ ഹാരിസ് വന്നതു മുതല്‍ മല്‍ബി അയാളുമായി ഇത്തിരി അടുപ്പം കാണിച്ചിരുന്നു. അയാളൊരു പ്രണയ ഗുരുവാണോ എന്നു സംശയം തോന്നുകയും ചെയ്തു. കാരണങ്ങള്‍ പലതാണ്.
അയാള്‍ വന്നതു മുതല്‍ മല്‍ബിയുടെ പരാതിക്കെട്ട് കുറഞ്ഞിരുന്നു. കുട്ടികളുമായി പുറത്തുപോണം, നിങ്ങളെ ഒടുക്കത്തെ ഒരു തിരക്ക് എന്നൊക്കെ പറഞ്ഞിരുന്ന മല്‍ബി അതൊക്കെ നിര്‍ത്തി കൂളായിരുന്നു.
ഹാരിസിനെ കുറിച്ച് നല്ലതു മാത്രം പറഞ്ഞു. കട കുറച്ചു ദൂരെയായതിനാല്‍ ഫഌറ്റിലെ കാര്യങ്ങളൊന്നും മല്‍ബു അപ്പപ്പോള്‍ അറിഞ്ഞിരുന്നില്ല.
ഓ, ഇയാളെ ശരിക്കും ഹാരിസ് എന്നു തന്നെ വിളിക്കാം അല്ലേ എന്നു പറഞ്ഞോണ്ടായിരുന്നു മല്‍ബിയുടെ തുടക്കം. കെട്ടിടങ്ങളുടെ കാവല്‍ക്കാരാകുന്നവരുടെ ജോലിപ്പേര് ഹാരിസ് എന്നാണെങ്കിലും മറ്റുള്ളവര്‍ അങ്ങനെ വിളിക്കുന്നത് അവര്‍ ഇഷ്ടപ്പെടില്ല. പണിക്കുവെച്ച ബില്‍ഡിംഗ് ഓണര്‍ ശരിയായ പേര് വിളിക്കുമ്പോള്‍ മല്‍ബുകള്‍ എന്തിനാ ഹാരിസ് എന്നു വിളിക്കുന്നതെന്ന ചോദ്യം ന്യായമാണുതാനും.
ഇതൊരു അപൂര്‍വ സംഭവമൊന്നുമല്ല. നമ്മുടെ നാട്ടില്‍ ഇഷ്ടം പോലെയുള്ള പേരാണ് ഹാരിസ്. എന്തു പേരു വിളിച്ചാലെന്ത്? കാര്യം നടക്കണമെന്ന് പറഞ്ഞാണ് മല്‍ബു ആ സംഭാഷണം അവസാനിപ്പിച്ചത്.
നിങ്ങളെ രണ്ടു മക്കളേയും ഹാരിസിനോടൊപ്പം കണ്ടല്ലോ എന്ന് ഒരു ദിവസം കടയിലെത്തിയ ഒരു പരിചയക്കാരന്‍ പറഞ്ഞപ്പോള്‍ മല്‍ബു ഞെട്ടിപ്പോയി. മറ്റൊന്നും ആലോചിക്കാതെ ചെന്നു നോക്കിയപ്പോള്‍ ശരിയാണ്, രണ്ട് മക്കളും ഹാരിസിനോടപ്പം കളിക്കുന്നു.
മക്കള്‍ വാപ്പാന്ന് വിളിച്ചെങ്കിലും ഹാരിസിനോടൊരു വിഡ്ഢിച്ചിരി പാസാക്കി മല്‍ബു മുറിയിലേക്ക് കുതിച്ചു.
ഇതെന്താ പതിവില്ലാതെ എന്നു ചോദിച്ചുകൊണ്ട് മല്‍ബി പറഞ്ഞു.
കുറേ ക്ലീനിംഗ് പണീണ്ട്. അതോണ്ട് ഹാരിസ് വന്നപ്പോ ഞാന്‍ കുട്ടികളെ അയാളുടെ കൂടെ വിട്ടു. അല്ലാതെന്താ ചെയ്യാ. ഒരു സൈ്വരോം തരില്ല നിങ്ങടെ മക്കള്‍.
നിനക്കും പോയിക്കൂടാരുന്നോ എന്ന് മല്‍ബു സീരിയസായി ചോദിച്ചപ്പോള്‍ ഒരു ദിവസം പോകേണ്ടി വരുമെന്ന് മല്‍ബി തിരിച്ചൊരു തമാശ പാസാക്കി.
മറ്റൊരു ദിവസം ഉച്ചക്ക് ചോറിനോടൊപ്പം വിളമ്പിയ ഫ്രഷ് മീന്‍ ഹാരിസ് കൊണ്ടുവന്നതാണെന്നു മല്‍ബി.
അയാളെന്താ കടലില്‍ പോക്കും തുടങ്ങിയോ എന്നു ചോദിച്ചപ്പോള്‍ നമ്മളോട് ഇഷ്ടമുള്ളതോണ്ടല്ലേ, വേറെ എവിടേം കൊടുക്കുന്നില്ലല്ലോ എന്നു പറഞ്ഞ മല്‍ബി കുറേ കളിപ്പാട്ടങ്ങളിലേക്ക് വിരല്‍ ചൂണ്ടി.
ദാ ഇതൊക്കെ മക്കള്‍ക്ക് അയാള്‍ കൊണ്ടുവന്നു കൊടുത്തതാണ്.
ദേഷ്യം തണുപ്പിക്കാന്‍ കൈയും മുഖവും തണുത്തവെള്ളത്തില്‍ കഴുകുമ്പോള്‍ മല്‍ബു മനസ്സില്‍ കരുതി.
ഇനി ഫഌറ്റ് പുറത്തുനിന്ന് പൂട്ടിപ്പോകേണ്ടിവരും.
ഫ്രഷ് മീന്‍ കറിയല്ലേ, കുറച്ചു ഹാരിസിന് കൊണ്ടുക്കൊടുക്കീന്നു പറഞ്ഞുകൊണ്ട് മല്‍ബി വെച്ചുനീട്ടിയ കറി പ്ലേറ്റ് മല്‍ബുവിന്റെ നോട്ടത്തില്‍ താഴെ വീണ് ചിതറിയത് ഭാഗ്യത്തിനു അന്ന് വലിയ സംഭവമായിരുന്നില്ല.
ഇപ്പോള്‍ ഇതാ ഹാരിസ് പോയീന്നറിഞ്ഞപ്പോള്‍ കെട്ട്യോള്‍ കിടന്നു കരയുന്നു.
മല്‍ബുവിന്റെ മനസ്സില്‍ പത്രങ്ങളിലും ടീവിലും കാണുന്ന ഒളിച്ചോട്ടത്തിന്റേയും വഞ്ചനയുടേയും കഥകള്‍ ഓരോന്നായി കടന്നുവന്നു.
അപ്പോഴേക്കും മല്‍ബി സീരിയലുകളിലേതു പോലെ പൊട്ടിക്കരഞ്ഞു. വാക്കുകള്‍ മുറിഞ്ഞ് മുറിഞ്ഞ് പറഞ്ഞൊപ്പിച്ചു.
എന്നോടു പൊറക്കണം. അമ്മോന് കടം കൊടുക്കാന്‍ വാങ്ങിയ അയ്യായിരം റിയാല്‍ ആ പഹയനാണ് കൊടുത്തത്. നാലുദിവസം കൊണ്ട് തിരിച്ചുതരാന്ന് പറഞ്ഞാണെന്നെ പറ്റിച്ചത്.
അയ്യായിരമല്ലേ പോയുള്ളൂ. അന്നെ കൊണ്ടുപോയില്ലല്ലോന്നും പറഞ്ഞു മല്‍ബിയെ ആശ്വസിപ്പിക്കുമ്പോള്‍ ഹാരിസ്‌ക്ക നല്‍കിയ ട്രെയിന്‍ ഓടിക്കുകയായിരുന്നു കുട്ടികള്‍ രണ്ടുപേരും.
October 28, 2012
ഗദ്ദാമകളുടെ മാസക്കുറി
പഠിപ്പില്ലാത്ത പെണ്ണുങ്ങള്‍ ഗള്‍ഫില്‍ വന്നാല്‍ അറബികള്‍ പിടിച്ച് ഗദ്ദാമകളാക്കുമെന്നാണ് മല്‍ബു മല്‍ബിയെ പേടിപ്പിച്ചിരുന്നത്. ഇമ്മേ എന്നു പറഞ്ഞ് മല്‍ബി അതു വിശ്വസിക്കുകയും ചെയ്തു. പക്ഷേ മല്‍ബു വിസ കൊടുത്ത് ഇക്കരെ എത്തിച്ച അളിയന്‍ മൂന്ന് പെട്ടികെട്ടുന്നതിനുമുമ്പു തന്നെ നാലാം ക്ലാസില്‍ തോറ്റ നാത്തൂനെ ഗള്‍ഫിലേക്ക് കൊണ്ടുവന്നതോടെ ആ നുണ പൊളിഞ്ഞു. അതോടൊപ്പം ഭര്‍തൃസാമീപ്യം അനിവാര്യമെന്ന് തങ്ങന്മാരും വൈദ്യന്മാരും ഒരേ പോലെ വിധിയെഴുതിയ ഒരുതരം ക്ഷീണത്തിനും കാലു വേദനക്കും അടിപ്പെട്ടു മല്‍ബി. അളിയന്മാരെ മുഴുവന്‍ കൊണ്ടു പോയ ഓനെന്തിനാ ഓളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്ന് നാട്ടുകാര്‍ ചോദിച്ചു തുടങ്ങി. അങ്ങനെയാണ് ഒരു വിസ തരപ്പെടുത്തി മല്‍ബിയെ കൂടി ഇക്കരയെത്തിച്ചത്.
ആ വരവും മല്‍ബുവിന്റെ ഉയര്‍ച്ചയും തമ്മില്‍ എന്തോ ഒന്നുണ്ടെന്ന് അസൂയാലുക്കള്‍ പ്രചരിപ്പിച്ചു. ആയിടക്കായിരുന്നല്ലോ ഇന്‍വെസ്റ്റ്‌മെന്റൊന്നും ഇല്ലാതെ തന്നെ മല്‍ബുവിന് സൂപ്പര്‍മാര്‍ക്കറ്റില്‍ പാര്‍ട്ണര്‍ഷിപ്പ് ലഭിച്ചത്. ഒടുവില്‍ ഭാഗ്യോം കൊണ്ടാണ് മല്‍ബി കടല്‍ കടന്നതെന്ന് നാട്ടുകാര്‍ മാത്രമല്ല മല്‍ബുവും വിശ്വസിച്ചു. നേട്ടങ്ങളുടെ തുടര്‍ക്കഥകളായിരുന്നു പിന്നീട്. സ്വന്തം ഗ്രാമമായ തൊക്കിലങ്ങാടിയിലെ മീന്‍കാരി ലീലേച്ചിക്ക് പേറ്റന്റുള്ള ട്രേഡ് ടെക്‌നിക്കും പച്ചക്കറി സ്റ്റാളുകളിലെ താടി വിദ്യകളും മല്‍ബുവിനെ ഒത്ത ഒരു കച്ചവടക്കാരനാക്കി.
ഒരു കടയില്‍നിന്ന് എങ്ങനെ കൂടുതല്‍ കടകള്‍ വികസിപ്പിച്ചെടുക്കാം എന്നതു മാത്രമായി മല്‍ബുവിന്റെ ചിന്ത. നീണ്ട താടി തടവി ചിന്താമഗ്നനായി ഇരിക്കുന്ന മല്‍ബുവിനെ ഉണര്‍ത്താന്‍ മല്‍ബിയുടെ ചോദ്യങ്ങള്‍ വേണ്ടിവന്നു.
എന്താ ഇത്ര ആലോചന. ഞാന്‍ വന്നതോണ്ട് വല്ല നഷ്‌ടോം ഉണ്ടായോ? തിരിച്ചു പോണോ?
നീ വന്നതോണ്ടല്ലേ ഇങ്ങനെ ഖൈറും ബര്‍ക്കത്തും ഉണ്ടായതെന്നു പറഞ്ഞു സമാധാനിപ്പിക്കുമ്പോഴും മല്‍ബുവിന്റെ ചിന്ത പച്ചക്കറി സ്റ്റാളില്‍നിന്നും സൂപ്പര്‍മാര്‍ക്കറ്റോളം വികസിച്ചു. ഐഡിയകള്‍ കിട്ടാന്‍ വേണ്ടി ഇന്നത്തെ പോലെ കണ്‍സള്‍ട്ടന്‍സികളെയൊന്നും സമീപിക്കേണ്ടി വന്നില്ല. ബേക്കറിയിലെ മെഷീനില്‍നിന്ന് ഖുബ്‌സുകള്‍ വന്നു ചാടുന്നതുപോലെ ഒന്നിനുമീതെ ഒന്നായി ഐഡിയകള്‍.
ഐഡിയ ഏതു മല്‍ബുവിനും തോന്നും പക്ഷെ, അതു പ്രയോഗത്തിലാക്കാന്‍ മീത്തലെ വീട്ടിലെ കോയാമു വരേണ്ടിവന്നു. സൂപ്പര്‍മാര്‍ക്കറ്റിനു പിറകുവശത്തെ വലിയ വീട്ടിലെ ഡ്രൈവറാണ് അയാള്‍. സ്ഥിരോത്സാഹിയായ കോയാമു വീട്ടുകാരും നാട്ടുകാരുമായി പലരേയും ഗള്‍ഫില്‍ എത്തിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഒരു അളിയനെ കൂടി കൊണ്ടുവരാനുള്ള തത്രപ്പാടിലാണ് ടിയാന്‍. ആദ്യമൊക്കെ വിസ ചുളുവില്‍ ലഭിച്ചിരുന്നെങ്കില്‍ അറബികളും അതൊരു ബിസിനസായി വികസിപ്പിച്ചതോടെ അനിയന്മാരുടേയും അളിയന്മാരുടേയും കാത്തിരിപ്പ് നീണ്ടു.
അളിയന്റെ വിസക്ക് നല്‍കാനുള്ള തുക കണ്ടെത്തുന്നതിനായി പുതിയ ഒരു ടെക്‌നിക്കുമായാണ് കോയാമു വന്നത്. മറ്റൊന്നുമല്ല, ഒരു മാസക്കുറി തുടങ്ങുന്നു. അതില്‍ മല്‍ബു ചേരണം. മാസം 250 റിയാല്‍. ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ വലിയ തുകയല്ലെങ്കിലും 200 റിയാലിന് ഒരു പവന്‍ ലഭിക്കുന്ന കാലത്ത് അതൊരു വലിയ തുക തന്നെയാണ്.
മാസക്കുറിയൊക്കെ നാട്ടിലല്ലേ? ഇവിടെ എങ്ങനെ നടക്കും? കുറിയടിച്ചവന്‍ തിരിച്ചടക്കാതെ മുങ്ങിയാല്‍ എന്തു ചെയ്യും? തുടങ്ങിയ സാദാസംശയങ്ങള്‍ മുന്നോട്ടുവെച്ച മല്‍ബുവിനെ കോയാമു ഈസിയായി കൈകാര്യം ചെയ്തു.
അങ്ങനെ മുങ്ങുന്നവരെ കഫീലിനെ കൊണ്ടുപോയി പിടിപ്പിക്കുമെന്നായിരുന്നു പ്രധാന മറുപടി. പിന്നെ നാടുംവീടുമൊക്കെ അറിയുന്നവരെ മാത്രമേ കുറിയില്‍ ചേര്‍ക്കുകയുള്ളൂ. ഇതൊക്കെയല്ലേ ഒരാള്‍ക്ക് മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയുന്ന സഹായമെന്ന ചോദ്യവും മല്‍ബുവിന് ബോധിച്ചു.
കോയാമുവിന്റെ അളിയനെ കൊണ്ടുവരാനുള്ള മാസക്കുറിയില്‍ മല്‍ബു ചേര്‍ന്നതു വലിയ സംഭവമല്ലെങ്കിലും മാസക്കുറി വിദ്യ സ്വന്തമായി നടപ്പിലാക്കി മല്‍ബു നേടിയത് മൂന്ന് പച്ചക്കറി കടകളായിരുന്നു.
മല്‍ബുകളും പച്ചകളും ബംഗാളികളും മാത്രമല്ല, വിശ്വസ്തനായ മല്‍ബുവിന്റെ മാസക്കുറിയില്‍ ചേരാന്‍ ചുറ്റുവട്ടത്തെ വീടുകളില്‍നിന്ന് ഇന്തോനേഷ്യന്‍ ഗദ്ദാമകള്‍ പോലുമെത്തി. കുറി പിടിച്ച് മുങ്ങിയവരെ പിടികൂടാന്‍ ഒരിക്കലും കഫീലുമായി പോകേണ്ടി വന്നില്ല എന്നതും മല്‍ബുവിന്റെ വിജയ രഹസ്യം.
October 22, 2012
കക്കിരിയും ക്ലീന്‍ഷേവും
കക്കിരി തൊലികളഞ്ഞ് അരച്ചെടുത്ത് മുഖത്തു പുരട്ടുകയായിരുന്നു മല്‍ബു.
ഇതാണല്ലേ മുഖകാന്തിയുടെ ഗുട്ടന്‍സെന്നു പറഞ്ഞുകൊണ്ടാണ് മുതലാളി കയറി വന്നത്.
ആ ചോദ്യം സഹിച്ചു. നോര്‍മല്‍. പക്ഷേ അടുത്ത ചോദ്യം മല്‍ബുവിനെ തളര്‍ത്തിക്കളഞ്ഞു. ഒരു മറുപടി പറയാന്‍ പോലും കഴിയാത്ത വിധം ഇരുന്നുപോയി.
ഒട്ടും ദഹിക്കാത്ത ഒരു ചോദ്യം. തികച്ചും വ്യക്തിപരം. കേട്ടാല്‍ നിര്‍ദോഷമെന്നു തോന്നാമെങ്കിലും മല്‍ബുവിന് ഒരിക്കലും സ്വീകരിക്കാന്‍ കഴിയില്ലായിരുന്നു അത്.
സ്വഭാവത്തിലും പെരുമാറ്റത്തിലും മാത്രമല്ല, സ്വന്തം ഗ്ലാമറിലും സന്തോഷ് പണ്ഡിറ്റിനെ കവച്ചുവെക്കുന്ന ആത്മവിശ്വാസമുണ്ടായിരുന്നു മല്‍ബുവിന്. ഹിന്ദി സിനിമേലുള്ള ആളാ അല്ലേ എന്ന് ഒരിക്കല്‍ ഒരു അറബിപ്പയ്യന്‍ പറഞ്ഞപ്പോള്‍ ആനന്ദപുളകിതനായിട്ടുണ്ട്. കണ്ണാടിക്കു മുന്നില്‍ ദിവസവും ബ്ലേഡുമായി മല്ലടിക്കുമ്പോള്‍ കളിയാക്കുന്ന മല്‍ബു സീനിയേഴ്‌സല്ല, ഏതോ അറബിപ്പയ്യനാണ് ആ സാമ്യത കണ്ടെത്തിയത്. അല്ലെങ്കിലും അസൂയ മൂത്ത നാട്ടുകാര്‍ക്ക് അതൊക്കെ കാണാന്‍ എവിടെ നേരം?
ഒരാളെ കീഴ്‌പ്പെടുത്താന്‍ അയാളുടെ ആത്മവിശ്വാസം തകര്‍ക്കുകയാണ് ആദ്യം വേണ്ടതെന്ന് അറിയാവുന്ന മല്‍ബു മുതലാളിയുടെ ആവശ്യത്തോട് പ്രതികരിച്ചില്ല. പക്ഷേ മുതലാളി വിട്ടുകൊടുക്കുാന്‍ തയാറല്ലായിരുന്നു.
ഒരു ദിവസം മല്‍ബുവിനെ കൂട്ടി അയാള്‍ കറങ്ങാനിറങ്ങി.
നമുക്ക് മാര്‍ക്കറ്റ് ഒക്കെ ഒന്നു കണ്ടുവരാം.
ആദ്യം ചെന്നത് നിറയെ പച്ചക്കറിയും പഴങ്ങളുമുള്ള ഒരു കടയില്‍. താടി നീട്ടിവളര്‍ത്തിയ ഒരാളായിരുന്നു അവിടെ സെയില്‍സ്മാന്‍. പേര് മോഹനന്‍.
എങ്ങനെയുണ്ട് കച്ചവടം എന്നൊക്കെ ചോദിച്ച് അവിടെ നിന്നിറങ്ങിയത് അടുത്ത പച്ചക്കറി ഷോപ്പിലേക്ക്. അവിടേയും താടി നീട്ടി വളര്‍ത്തിയ ഒരാള്‍. മല്‍ബു തന്നെ. പേര് അരവിന്ദാക്ഷന്‍. പിന്നെയും നാലഞ്ചു കടകളില്‍ ചെന്നു. എല്ലായിടത്തും നല്ലോണം കച്ചോടം നടക്കുന്നു. വേറെ ഒരു സാമ്യതകൂടിയുണ്ട്. എല്ലായിടത്തും കടയിലുള്ളത് മുതലാളിയായാലും സെയില്‍സ്മാനായാലും താടി നീട്ടി വളര്‍ത്തിയവര്‍.
പ്രവാസം തെരഞ്ഞെടുത്തത് താടി നീട്ടാനാണോ എന്നുതോന്നിപ്പോകും ഇവരെയൊക്കെ കണ്ടാല്‍.
താടിക്കാരുടെ കടകളിലെ തിരക്കില്‍നിന്ന് പുറത്തുകടന്ന ശേഷം മുതലാളി മല്‍ബുവിന്റെ കണ്ണില്‍ തന്നെ നോക്കി. എന്നിട്ടു ചോദിച്ചു.
ഇപ്പോള്‍ മനസ്സിലായില്ലേ ഞാന്‍ പറഞ്ഞതിന്റെ ഗുട്ടന്‍സ്.
ഇവരൊന്നും തന്നെ നാട്ടില്‍നിന്ന് താടിക്കാരായി വന്നവരല്ല. എല്ലാവരും ഇവിടെ വന്ന് താടിനീട്ടിയവര്‍.
മല്‍ബുവല്ലേ? മുതലാളി പറയാതെ തന്നെ ഗുട്ടന്‍സ് പിടികിട്ടി. കക്കിരി കൊണ്ട് മുഖകാന്തി കൂട്ടാമെങ്കിലും രണ്ടു ദിവസം പഴകി വാടിയ കക്കിരി വില്‍ക്കാന്‍ ക്ലീന്‍ ഷേവ് മുഖകാന്തി കൊണ്ട് കഴിയില്ല.
പച്ചക്കറി ഫ്രഷ് ആണോ എന്നു ചോദിക്കുമ്പോള്‍ അതെ എന്നു പറഞ്ഞുകൊണ്ട് ദൈവത്തെ പിടിച്ച് ആണയിടണം. വെറു വല്ലാഹി പോരാ. മല്‍ബുവും താടി വളര്‍ത്തണം.
ഇടപാടുകാരായ അറബികള്‍ക്ക് ഒരു പ്രതീകമാണ് താടി.
അളവിലും തൂക്കത്തിലും ഇടപാടുകളിലും കൃത്രിമം പാടില്ലെന്ന പ്രവാചകാധ്യാപനമാണ് താടിക്കു പിന്നില്‍ അവര്‍ കാണുന്നത്.
വിഷമത്തോടെയാണെങ്കിലും ക്ലീന്‍ ഷേവിനു വിട നല്‍കി മല്‍ബുവും ഒരു താടിക്കാരനായി.
ഉളളിക്ക് ഉരുളക്കിഴങ്ങോ വെളുത്തുള്ളിക്ക് ഇഞ്ചിയോ ഫ്രീ കൊടുക്കേണ്ടി വന്നില്ല. ഓഫറുകളില്ലാതെ തന്നെ കച്ചവടം പൊടിപൊടിച്ചു. ഭാഗ്യം കൊണ്ടുവന്നത് മല്‍ബുവാണെന്ന മുതലാളിയുടെ ഉറച്ചവിശ്വാസത്തില്‍ കാലചക്രമുരുണ്ടു.
പൊടുന്നനെയാണ് മുതലാളിയുടെ സൈ്വര്യം കെടുത്താന്‍ ഒരു താടിക്കാരന്‍ അറബി പ്രത്യക്ഷപ്പെട്ടത്. തൂക്കുസഭയിലെ എം.എല്‍.എയെ പിടിക്കാനെന്ന പോലെ ഒരു ചാക്കുമായാണ് അയാളുടെ വരവ്.
മല്‍ബുവിനെ പൊക്കി കൊണ്ടുപോകുകയാണ് ലക്ഷ്യം. കൂടുതല്‍ ശമ്പളവും സൗകര്യങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടു.
വിശ്വാസത്തിനു കോട്ടം തട്ടുകയാണ്. മല്‍ബു തന്നെ വിട്ടുപോകുമോ എന്ന ശങ്ക മുതലാളിയുടെ ഉറക്കം കെടുത്തി. സീനിയര്‍ ജീവനക്കാര്‍ കളിയാക്കി.
ഇപ്പോള്‍ എന്തായി?
മല്‍ബുവാണ് ഈ കടയുടെ ഐശ്വര്യം എന്നാണല്ലോ പറഞ്ഞു നടന്നിരുന്നത്?
വെറുംവാക്കല്ല, കടയുടെ ഐശ്വര്യം തന്നെയായിരുന്നു മല്‍ബു. ചാടിപ്പോകാതെ എങ്ങനെ പിടിച്ചുനിര്‍ത്താമെന്ന മുതലാളിയുടെ ചിന്ത ഒടുവില്‍ പാര്‍ട്ണര്‍ഷിപ്പിലാണ് അവസാനിച്ചത്. അങ്ങനെ മിനി മാര്‍ക്കറ്റ് വിപുലീകരിച്ചു. സൂപ്പര്‍മാര്‍ക്കറ്റായി. അതില്‍ പച്ചക്കറി വിഭാഗത്തില്‍ മല്‍ബുവിന് പാര്‍ട്ണര്‍ഷിപ്പ് ലഭിച്ചു. നിക്ഷേപമൊന്നുമില്ലാതെ വര്‍ക്കിംഗ് പാര്‍ട്ണര്‍.
തൊഴിലാളി പങ്കാളിത്തമെന്ന ആധുനിക തിയറി സ്വീകാര്യമാകുന്നതിനു മുമ്പുതന്നെ ഇവിടെ അതു പരീക്ഷിക്കപ്പെട്ടു. പലപല ടെക്‌നിക്കുകള്‍ പുറത്തെടുത്ത മല്‍ബു നാള്‍ക്കുനാള്‍ കച്ചവടത്തില്‍ നേട്ടമുണ്ടാക്കി.
October 14, 2012
ഒട്ടക ഇറച്ചിയും റിയാലും
മൂന്ന് തവണ പെട്ടി കെട്ടിയതേയുള്ളൂ. അതിനിടയില്‍ മല്‍ബു മൂന്ന് ഫ്രീ വിസ ഒപ്പിച്ചു. ഇപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും അക്കാലത്ത് അളിയന്മാര്‍ നിറയെ ഭാഗ്യമുള്ളവരായിരുന്നു. പെട്ടി കെട്ടി ഓരോ തവണ നാട്ടില്‍ പോയി വരുമ്പോഴും മല്‍ബു കൂടെ ഒരു അളിയനെ കൊണ്ടുവന്നു. അറബികളുടെ മനസ്സു കീഴടക്കിയതിന്റെ പാരിതോഷികമായിരുന്നു അതെങ്കിലും അസൂയ മൂത്ത രണ്ട് സീനിയര്‍ മല്‍ബുകള്‍ കളിയാക്കി.
അളിയനെ കൊണ്ടുവരാന്‍ പോകുവാണോ?
അളിയന്മാരെ കൊണ്ടുവന്ന് ബക്കാലയില്‍ പണിക്കു നിര്‍ത്തി തങ്ങളെ പുറത്താക്കുമെന്ന് അവര്‍ ഭയപ്പെട്ടുവെങ്കിലും ബുദ്ധിയുളള മല്‍ബു അളിയന്മാരെ ഫ്രീയാക്കി വിട്ടു. നല്ല പണി കണ്ടെത്തി അവരൊക്കെ കേമന്മാരാവുകയും ചെയ്തു. ഭാഗ്യം കൊണ്ടുവന്ന ബക്കാലയില്‍ ഉറച്ചുനിന്നതിനാല്‍ മല്‍ബുവിനും ഉണ്ടായില്ല നഷ്ടം. സീനിയര്‍ ജോലിക്കാര്‍ അസൂയയും പിറുപിറുപ്പുമായി നാളുകളെണ്ണിയപ്പോള്‍ മല്‍ബു പലതും നേടി.
വീട്ടിലെ പൊട്ടിത്തെറികള്‍ ഒഴിവാക്കാന്‍ കഴിഞ്ഞതു തന്നെ വലിയ നേട്ടം. വിസക്കുവേണ്ടി അളിയന്മാര്‍ കലഹം തുടങ്ങിയ കാര്യം നാട്ടില്‍ പാട്ടായിരുന്നു. എന്തേ അളിയന്മാര്‍ക്ക് വിസ എടുക്കുന്നില്ലെന്ന ഉമ്മയുടേയും പെങ്ങന്മാരുടേയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ ബോംബെയില്‍ തന്നെ നിന്നാല്‍ മതിയായിരുന്നു, വെറുതെ കടല്‍ കടന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഫ്രീ വിസയെന്നാല്‍ ഫ്രീ ആയിക്കിട്ടുന്ന വിസ. ഇതായിരുന്നു പെങ്ങന്മാരുടെ ധാരണ. അവരെ വീട്ടിലെത്തിച്ച് മല്‍ബുവിനെ പാഠം പഠിപ്പിക്കാന്‍ അളിയന്മാരുടെ സംഘം തീരുമാനിക്കുകയും ചെയ്തിരുന്നു.
സീനിയോറിറ്റി അനുസരിച്ച് ഓരോ അളിയനേയും വിമാനം കയറ്റിക്കൊണ്ടുവന്നപ്പോഴാണ് തലവേദന ഒഴിവായത്.
മല്‍ബു ആലോചിക്കും.
ഇതുതന്നെയല്ലേ ഓരോ പ്രവാസിയുടേയും നേട്ടം.
സ്വന്തം ജീവിതം ഹോമിച്ച് കുടുംബക്കാരെ കരകയറ്റി.
ആയിടക്കാണ് ഒരു സംഭവമുണ്ടായത്.
ഒരു ദിവസം സന്ധ്യാനേരത്ത് ഒരു അറബി വന്ന് മല്‍ബുവിനോട് എന്തോ സ്വകാര്യം പറഞ്ഞു.
മല്‍ബു അത് മുതലാളിയോട് മാത്രം പറഞ്ഞു.
സീനിയേഴ്‌സ് പലതും ഊഹിച്ചു.
പുതിയ വിസ പാസായതായിരിക്കും, അല്ലെങ്കില്‍ തങ്ങളെ കുറിച്ച് പരാതിപ്പെട്ടതായിരിക്കും.
സംസാരിക്കുന്നതിനിടയില്‍ മല്‍ബു ഒരാളുടെ നേരെ കൈ ചൂണ്ടുകയും ചെയ്തിരുന്നു.
പലതായി അവരുടെ ചിന്ത.
ഉള്ള മൂന്ന് അളിയന്മാരും ഇങ്ങെത്തി. ഇനിയിപ്പോ പഠിക്കുന്ന ഒരു അനുജനേയുള്ളൂ. അതുകൊണ്ട് വിസക്കാര്യമാകാന്‍ തരമില്ലെന്ന് അവര്‍ തന്നെ ഉത്തരം കണ്ടെത്തി. പിന്നെ പരാതിക്കും തരമില്ല. കാരണം കുറേയായി ഈ അറബി കടയില്‍ വന്നിട്ട്. അയാള്‍ നാടു വിട്ടുപോയി എന്നാണ് കരുതിയിരുന്നത്.
ഊഹങ്ങള്‍ അവസാനിച്ചില്ലെങ്കിലും രാത്രി ഏതാണ്ട് പത്ത് മണിയായതോടെ അറബി വീണ്ടുമെത്തി. കാര്‍ ബക്കാലയോട് ചേര്‍ത്തു നിര്‍ത്തി മല്‍ബുവിനെ അതില്‍ കയറ്റിക്കൊണ്ടുപോയി.
എങ്ങോട്ടു പോകുന്നുവെന്ന് ചോദിച്ച സീനിയേഴ്‌സിനോട് ദാ ഇപ്പോ വരാം എന്നേ മല്‍ബു പറഞ്ഞുള്ളൂ. മുതലാളിയും ഒന്നും പറഞ്ഞില്ല.
അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മല്‍ബു കാറില്‍ വന്നിറങ്ങി.
ഒരു കൈയില്‍ പൊതിയും മറുകൈയില്‍ നൂറു റിയാലിന്റ പിടക്കുന്ന ഒരു നോട്ടും.
സീനിയേഴ്‌സിന്റെ സസ്‌പെന്‍സും അസൂയയും ഇരട്ടിപ്പിക്കുന്നതായിരുന്നു മല്‍ബുവിന്റെ ചിരി.
അവരുടെ ആകാംക്ഷക്കും ചോദ്യങ്ങള്‍ക്കും അറുതി വരുത്തി മല്‍ബു പറഞ്ഞു.
പൊതിയില്‍ ഒട്ടകത്തിന്റെ ഇറച്ചി. നല്ലോണം വേവിച്ച് റൊട്ടിക്കു കൂട്ടാം.
റിയാല്‍ എനിക്കുള്ള കൂലി.
അരമണിക്കൂര്‍ കൊണ്ട് നൂറു റിയാല്‍ കൂലിയോ?
എന്തായിരുന്നു ജോലി?
അത് അവരുടെ വീട്ടില്‍ ഒരു ട്യൂബ് ലൈറ്റ് മാറ്റിയിടാനുണ്ടായിരുന്നു. എത്ര വേണമെന്നു ചോദിച്ചു. ഞാന്‍ ഒന്നും പറഞ്ഞില്ല. നൂറു തന്നിട്ട് ഇതു മതിയോ എന്ന് ചോദിച്ചു.
ഇന്നാളൊരു ബള്‍ബിട്ടു കൊടുത്തതിന് ദാ അപ്പുറത്തെ അറബി എനിക്കും നൂറു റിയാല്‍ തന്നു. സീനിയേഴ്‌സില്‍ ഒരാള്‍ രഹസ്യം വെളിപ്പെടുത്തി.
അമ്പടാ കള്ളാ.. ഇതുവരെ ഇതു പറഞ്ഞില്ലെന്ന് സീനിയര്‍ രണ്ടാമന്‍.
കേമത്തമുള്ള പണി പോലും അറബിക്ക് കൈമാറി നാടുവിടാന്‍ നിര്‍ബന്ധിതമാകുന്ന ഇക്കാലത്ത് ഇതൊക്കെ മല്‍ബുകള്‍ക്ക് സുഖമുള്ള ഓര്‍മകള്‍.
Labels:
saudi arabia,
എം.അഷ്റഫ്,
ജിദ്ദ,
നര്‍മം,
പ്രവാസി,
മല്‍ബു,
ഹാസ്യം
October 8, 2012
ലീലേച്ചിയുടെ മത്തിയേറ്
മല്‍ബുവിന്റെ നാടായ തൊക്കിലങ്ങാടിയുടെ പ്രിയങ്കരി ആയിരുന്നു മീന്‍കാരി ലീലേച്ചി. അവരുടെ തലച്ചുമട് ഇറക്കിവെക്കാനും ഫ്രഷ് മീന്‍ വാങ്ങാനും ഗ്രാമത്തിലെ എല്ലാവരും മത്സരിച്ചു. ആ ലീലേച്ചിയുടെ മത്തിയേറ് കൊണ്ടവനാണ് ഗള്‍ഫുകാരനായി മാറിയ മല്‍ബു.
ബക്കാലയിലെ സീനിയര്‍മാരുടെ ഇടയിലെ പോക്കിന്റെ ഗുട്ടന്‍സ് കണ്ടെത്തി മുതലാളിയുടെ ശങ്ക ദൂരീകരിച്ചതു പോലെ മത്തിയേറിനു പിന്നിലും സാഹസികം എന്നൊന്നും പറയാന്‍ പറ്റാത്ത ഒരു കണ്ടുപിടിത്തമുണ്ട്.
ലീലേച്ചിയുടെ മത്തിക്കുട്ടയില്‍നിന്ന് പുറത്തെടുത്ത ഒരു രഹസ്യം. അതാകട്ടെ പിന്നീട് ജീവിതത്തില്‍ വിജയം കൈവരിക്കാനുള്ള ഒരു ടിപ്പായി മാറുകയും ചെയ്തു. എങ്ങനെ ആളുകളുടെ ഇഷ്ടം നേടാം എന്ന പേരില്‍ പുസ്തകം എഴുതുകയാണെങ്കില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്താം.
എ ടിപ്പ് ഫ്രം ലീലേച്ചി.
നാളുകള്‍ കഴിയുന്തോറും പുറത്ത് പ്രിയങ്കരനും അകത്ത് ദുഷ്ടനുമായി മാറിക്കൊണ്ടിരുന്നു മല്‍ബു. ലീലേച്ചിയുടെ രഹസ്യത്തില്‍നിന്ന് വികസിപ്പിച്ച ടെക്‌നിക്കും അതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചു.
അറിഞ്ഞു കൊണ്ടൊരു ദ്രോഹവും ചെയ്തിട്ടില്ലെങ്കിലും സീനിയര്‍മാരുടെ മനസ്സ് അകന്നുപോയി. മുതലാളിയുടെ സ്വന്തക്കാരനെന്ന പട്ടം ചാര്‍ത്തപ്പെട്ടു. പക്ഷേ അതേക്കാളും മല്‍ബുവിന് ഇഷ്ടം സീനിയര്‍മാരോടൊപ്പം നില്‍ക്കാനായിരുന്നു.
പുകക്കാനായി നിങ്ങള്‍ ഇടക്കിടെ പുറത്തു പോകുന്നത് മുതലാളിയെ ഒരു സംശയരോഗിയാക്കുന്നുണ്ടെന്ന് അവര്‍ക്ക് ഒരു ക്ലൂ നല്‍കിയത് അതുകൊണ്ടാണ്.
പക്ഷേ, അവര്‍ അത് പോസിറ്റീവായി എടുത്തില്ല.
മുതലാളി പറയിപ്പിച്ചതാണെന്നു വിശ്വസിച്ചു.
നേര്‍ക്കുനേരെ പറയാന്‍ പറയെടോ..
ഇതായിരുന്നു രണ്ടു പേരുടേയും പ്രതികരണം. മുഖത്തു നോക്കി പറയാന്‍ ത്രാണിയില്ലാത്ത ഹമുക്ക് എന്ന് പിറുപിറുക്കുകയും ചെയ്തു.
മല്‍ബു പിന്നെ ഒന്നും പറയാന്‍ പോയില്ല.
കണ്ടു പഠിച്ചില്ലെങ്കില്‍ കൊണ്ടുപഠിച്ചോളും. ഇതായി സീനിയേഴ്‌സിനും പിന്നീട് മല്‍ബുവിനോടുള്ള നിലപാട്. മുതലാളിയുടെ സപ്പോര്‍ട്ടുണ്ടെന്ന് കരുതുന്നതിനാല്‍ മറിച്ചൊരു നില സാധ്യമല്ലായിരുന്നു.
ബക്കാലയില്‍ മാത്രമല്ല, എല്ലായിടത്തും മുതലാളിമാര്‍ തീര്‍ക്കുന്ന ഒരു സാഹചര്യമാണിത്. ചിലരോട് മമതയുണ്ടെന്ന് വരുത്തിത്തീര്‍ത്ത് കാര്യം കാണും. അതുകഴിയുമ്പോള്‍ മമത ഏറ്റുവാങ്ങിയവര്‍ വെറും കറിവേപ്പില.
മല്‍ബു പുറത്തെടുത്ത പുതിയ വിദ്യ മുതലാളിക്കും കസ്റ്റമേഴ്‌സിനും മുഹബ്ബത്ത് കൂട്ടുകയും സീനിയേഴ്‌സിന്റെ വിദ്വേഷം ഇരട്ടിപ്പിക്കുകയും ചെയ്തു.
സംഗതി നിസ്സാരമാണെങ്കിലും അതിന്റെ ഇഫക്ട് അപാരമായിരുന്നു.
തൊക്കിലങ്ങാടിയില്‍നിന്ന് കൊണ്ടുവന്ന ഈ ടെക്‌നിക്ക് മുംബൈയിലെ തിരക്കേറിയ ഗലിയില്‍ പരീക്ഷിച്ചപ്പോള്‍ പാതിയാണ് വിജയിച്ചതെങ്കില്‍ കടല്‍കടന്ന് ഗള്‍ഫിലെത്തിയപ്പോള്‍ വിജയം നൂറുശതമാനം.
കടയിലെത്തുന്ന ഓരോരുത്തരും എവിടെ മല്‍ബു എന്നു ചോദിക്കുന്ന സാഹചര്യമാണ് ഇതു സൃഷ്ടിച്ചത്. സാധനങ്ങള്‍ വാങ്ങാനെത്തിയ അറബികളുടെ മുഖം മല്‍ബു ഇല്ലെങ്കില്‍ വാടും.
മല്‍ബു പയറ്റിയ വിദ്യയുടെ സ്ലോഗന്‍ ഇതായിരുന്നു.
'അത് ഇങ്ങളെടുക്കണ്ട'
മീന്‍കാരി ലീലേച്ചിക്ക് പേറ്റന്റുള്ള ഈ വിദ്യയെക്കുറിച്ച് പറയുമ്പോള്‍ നടപ്പുറത്ത് കൊണ്ട മത്തിയേറ് ഓര്‍ക്കാതെ വയ്യ.
തൊക്കിലങ്ങാടി മുഴുവന്‍ നടന്നു തീര്‍ക്കുന്ന ലീലേച്ചിയുടെ കുട്ടയില്‍ എന്തു മീനായാലും രണ്ടായി വേര്‍തിരിച്ചിട്ടുണ്ടാകും. നടുക്ക് മീന്‍ കെട്ടിക്കൊടുക്കാനുള്ള ഇലയും കടലാസും.
ദാ അഞ്ചുറുപ്യക്ക് ഇതു തന്നേ എന്നു കസ്റ്റമര്‍ പറയുമ്പോള്‍ ലീലേച്ചി പറയും, സ്വകാര്യായിട്ട്.
അതെടുക്കണ്ട. കുറച്ചു മോശാണ്.
എന്നിട്ടവര്‍ കുട്ടയിലെ മറ്റേ പാതി ചൂണ്ടിപ്പറയും.
ഇതെടുത്തോളൂ, പളുങ്കാണ്.
ഒരു ദിവസം മല്‍ബു അതു കണ്ടുപിടിച്ചു.
ഒരേ ദിവസം വാങ്ങിയ ഒരേ മത്തിയാണ് കുട്ടയിലുള്ളതെന്ന് ആലോചിക്കാതെ ഫ്രഷ് മത്തി കിട്ടിയ സന്തോഷത്തോടെ ആളുകള്‍ മടങ്ങിയപ്പോള്‍ ലീലേച്ചി കുട്ടയിലെ മീന്‍ വീണ്ടും നേര്‍ പകുതിയാക്കുന്നു.
ഇതാണല്ലേ തട്ടിപ്പെന്ന് പറഞ്ഞതും പോയ്‌ക്കോ ആട്ന്നൂന്നും പറഞ്ഞ് ലീലേച്ചി മത്തിയെടുത്ത് എറിഞ്ഞതും ഒരേ നിമിഷത്തിലായിരുന്നു.
തിരിഞ്ഞുനിന്നതു കൊണ്ട് ഏറ് നടപ്പുറത്ത്.
ബക്കാലയിലെ ഒരേ പച്ചക്കറി രണ്ട് പെട്ടിയിലാക്കി അതെടുക്കേണ്ട, ഇതെടുത്തോളൂ എന്നു പറയുമ്പോള്‍ കസ്റ്റമേഴ്‌സിന്റെ മുഖത്തു വിരിയുന്ന സന്തോഷത്തിന്റേയും വിശ്വാസത്തിന്റേയും ക്രെഡിറ്റ് ലീലേച്ചിക്കല്ലാതെ വേറെ ആര്‍ക്കു കൊടുക്കും.
Labels:
expatriates,
അനാദിക്കട,
എം.അഷ്റഫ്,
ജോലി,
നര്‍മം,
ഹാസ്യം
September 30, 2012
പത്തരമാറ്റ്
സുമുഖനും സുന്ദരനും സല്‍സ്വഭാവിയുമായ മല്‍ബു വളരെ വേഗം എല്ലാവരുടേയും കണ്ണിലുണ്ണിയായി. ബക്കാലയില്‍ വരുന്ന വിവിധ ദേശക്കാരും ഭാഷക്കാരും ഒരുപോലെ ഇഷ്ടപ്പെട്ടു.
വലദ് കോയിസെന്ന് അറബികളും അഛാ ആദ്മിയെന്ന് പാക്കിസ്ഥാനികളും നല്ലോനെന്ന് മല്‍ബുകളും പറഞ്ഞു.
ഒത്ത ഉയരം, എപ്പോഴും പുഞ്ചിരി തൂകുന്ന മുഖം, ആര്‍ക്കും വീണ്ടുമൊന്ന് കാണാന്‍ തോന്നുന്ന പ്രകൃതം, സ്‌മോക്കിംഗില്ല, ഉറക്കം തൂങ്ങില്ല.
ആള്‍വേയ്‌സ് സ്മാര്‍ട്ട്.
ഒരു സെയില്‍സ്മാന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ പത്തരമാറ്റു തികഞ്ഞവന്‍ എന്നാണ് മുതലാളി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
ഒരു രഹസ്യത്തിന്റെ കെട്ടഴിച്ചു നല്‍കിയതും മുതലാളിയുടെ കണ്ണില്‍ പ്ലസ് പോയന്റായി.
സര്‍ട്ടിഫിക്കറ്റൊക്കെ നല്‍കും. പത്ത് കായ് കൂട്ടിനല്‍കൂല്ല എന്ന് കടയിലെ മറ്റു രണ്ടു ഓള്‍ഡ് ജീവനക്കാര്‍ അസൂയ പങ്കുവെച്ചു.
ഈ രണ്ട് സീനിയര്‍മാരാണ് മുതലാളിയുടെ മനസ്സ് കേടുവരുത്തിക്കൊണ്ട് രഹസ്യത്തിന്റെ പുകമറ തീര്‍ത്തത്. ഇവര്‍ക്ക് പലവിധ ദോഷങ്ങളുണ്ടെങ്കിലും വേറെ വഴിയില്ലാതെ നിലനിര്‍ത്തിപ്പോരുകയാണ്.
പുതിയ മുതലിനെ വെച്ച് അറുപിശുക്കന്‍ മുതലാളി ഒരു കളി കളിക്കുമെന്ന് സീനിയര്‍മാര്‍ക്ക് സംശയമുണ്ട്. എങ്കിലും സാവകാശം പുതുമുഖത്തെ തങ്ങളുടെ പാതയില്‍ കൊണ്ടുവരാമെന്ന് ശുഭപ്രതീക്ഷയും വെച്ചുപുലര്‍ത്തുന്നു.
കടയിലെത്തിയാല്‍ ഒരു മണിക്കൂര്‍ കൂടുമ്പോഴെങ്കിലും മൂത്രശങ്ക തോന്നുന്നവരാണ് ഇരുവരും. അതാണ് മുതലാളിയുടെ കണ്ണില്‍ സീനിയര്‍മാര്‍ക്കുള്ള ദോഷങ്ങളിലൊന്ന്.
മൂത്രശങ്ക തീര്‍ക്കാന്‍ ബക്കാലയില്‍നിന്ന് രണ്ട് ബില്‍ഡിംഗ് അപ്പുറത്തുള്ള ഫഌറ്റില്‍ പോകാതെ രക്ഷയില്ല.
മുതലാളി ഇല്ലാത്ത നേരത്ത് കൂള്‍ ഡ്രിങ്ക്‌സും പാലും അടിച്ചുമാറുന്നതു കൊണ്ടാവാം അവര്‍ക്ക് പ്രകൃതിയുടെ ഈ അവര്‍ലി വിളിയെന്ന് സംശയിക്കാന്‍ നിവൃത്തിയില്ല.
മുതലാളിയുടെ ശങ്ക വേറെയാണ്.
കടയില്‍നിന്ന് വലിക്കുന്ന കായ് കൊണ്ടുവെക്കാനാണ് ഇവരുടെ പോക്കെന്നും മൂത്രമൊഴിക്കാനല്ലെന്നും ടിയാന്‍ നൂറുവട്ടം വിശ്വസിക്കുന്നു.
വെറുതെയല്ല, കാര്യകാരണ സഹിതം.
രാവിലെ ഫഌറ്റില്‍നിന്നിറങ്ങിയാല്‍ ഉച്ചവരെ തനിക്ക് മൂത്രശങ്ക ഇല്ല എന്നതാണ് മെയിന്‍ ന്യായം. ഇവരെ പോലെ ചായയും വെള്ളവും താനും കുടിക്കുന്നുണ്ടല്ലോ?
ഒത്തുപോകാനുള്ള ശമ്പളം കിട്ടുന്നില്ലെങ്കില്‍ കടയിലെ പണിക്കാരെ സാധാരണ ബാധിക്കാറുള്ള അസുഖമായ വലിവ് അഥവാ ആസ്്ത്മ കണ്ടെത്താനുളള ഉപകരണം ഇന്നത്തെ പോലെ സാര്‍വത്രികമായിരുന്നില്ല അന്ന്.
അതുകൊണ്ടുതന്നെ ക്യാമറക്കണ്ണുകള്‍ക്കു പകരം സ്വന്തം കണ്ണുകള്‍ തുറന്നു പിടിക്കുകയേ മുതലാളിമാര്‍ക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ഇന്നിപ്പോള്‍ ഇത്തിരി കാശ് ചെലവാക്കിയാല്‍ മുതലാളിക്ക് സ്വന്തം മുറിയിലിരുന്ന് മോണിറ്ററോ മൊബൈല്‍ ഫോണോ നോക്കിയാല്‍ മതി. കടയില്‍ സൂചി അനങ്ങുന്നതുപോലും കാണാം.
ഉറക്കം കെടുത്തുന്ന കൂടംകുളം മാത്രമല്ല, നല്ല ഉറക്കം സമ്മാനിക്കുന്ന കൂടോത്രം കൂടിയാണിന്ന് ടെക്‌നോളജി. നാടുവിട്ട മല്‍ബു മുതലാളിമാര്‍ക്ക് സുഖനിദ്ര സമ്മാനിക്കുന്ന സാങ്കേതിക വിദ്യ.
ചൊറിയുന്നതു പോലും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുമല്ലോ എന്ന ഭയത്തോടെയാണ് ബക്കാല പണിക്കാര്‍, പാവങ്ങള്‍. വസ്ത്രമൊക്കെ ഇടക്കിടെ പിടിച്ചു നേരെയാക്കണം, ക്യാമറയില്‍ പതിയാനുള്ളതാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ മുതലാളിമാര്‍ക്ക് കാണാന്‍ വേണ്ടിയാണല്ലോ പണിക്കാരുടെ അഭിനയം. ഏതെങ്കിലും ഭാഗത്ത് ഒടിഞ്ഞുകുത്തി ഇരിക്കാന്‍ പാടില്ല.
സീനിയര്‍മാര്‍ രണ്ടു പേരുമില്ലാത്ത ഒരു ദിവസം മുതലാളിയും മല്‍ബുവും തമ്മില്‍ ഒരു ഡയലോഗിന് അവസരമുണ്ടായി.
സമയം രാവിലെ പത്തു മണിയായിക്കാണും.
നീ അവസാനമായി എന്താണ് കുടിച്ചത്?
കടയില്‍നിന്ന് വല്ലതും കട്ടു കുടിച്ചതാണോ ചോദ്യത്തിനു കാരണമെന്ന് ആലോചിച്ച് മല്‍ബു ഒന്നു ഞെട്ടി.
കടയിലെത്തിയതിനുശേഷം പാലോ ജ്യൂസോ കുടിച്ചിട്ടില്ലാത്തതിനാല്‍ ധൈര്യസമേതം പറഞ്ഞു.
രാവിലെ റൂമീന്ന് ഇറങ്ങാന്‍ നേരത്ത് ഒരു ഗ്ലാസ് വെള്ളം കുടിച്ചതേയുള്ളൂ.
എന്നാലും എത്ര മണിയായിക്കാണും?
ഒരാറുമണി.
ഞാനും അപ്പോഴാണ് ഒരു ഗ്ലാസ് ചായ കുടിച്ചത്. നിനക്കിപ്പോള്‍ മൂത്രശങ്കയുണ്ടോ?
ഏയ്... ഇല്ല.
പിന്നെ ഇവന്മാര്‍ക്കിതെവിടെനിന്നു വരുന്നു ഈ മൂത്രം? ഈ പോക്കു മൂത്രമൊഴിക്കാനൊന്നുമല്ല, വേറേ എന്തിനോ ആണ്. നിനക്കറിയോ ഈ പഹയന്മാരുടെ പരിപാടി?
ചിരിവന്ന മല്‍ബു രണ്ടു വിരലുകള്‍ അല്‍പം അകറ്റി ചുണ്ടില്‍വെച്ച് ആഞ്ഞുവലിച്ച ശേഷം വിട്ടു.
സിഗരറ്റോ? നിനക്കെങ്ങനെ അറിയാം?
ഇതിലൊക്കെ എന്തു രഹസ്യം? ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ എന്ന് പരസ്യമായും നീയൊക്കെ ഒരു പൊട്ടന്‍ മുതലാളിയെന്ന് മനസ്സിലും പറഞ്ഞു മല്‍ബു.
എന്നാലും അവരെ സിഗരറ്റ് മണമൊന്നുമില്ലല്ലോ?
ഓല് രണ്ടാളും അത്തറു പുരട്ടുന്ന സിഗരറ്റാണ് വലിക്ക്യ.
അത്തര്‍ സിഗരറ്റോ?
നോക്കിക്കോ, രണ്ടാളേം എപ്പോഴും അത്തറു മണക്കും.
മുതലാളി വിശ്വസിച്ചാലും ഇല്ലെങ്കിലും വന്ന് ഒരാഴ്ച കഴിയുന്നതിനുമുമ്പുതന്നെ വലിയ ഒരു രഹസ്യത്തിന്റെ കെട്ടഴിച്ചു കൊടുത്തു മല്‍ബു.
വലിക്കാരല്ലെന്ന് തെളിയിക്കാന്‍ പച്ചില മുതല്‍ അത്തറുവരെ പലവിധ ടെക്‌നിക്കുകള്‍ സ്വായത്തമാക്കിയവരായിരുന്നു സീനിയര്‍മാര്‍.
September 23, 2012
ബക്കാലയിലെ കനവുകള്‍
ബോംബെയില്‍ രക്ഷകനായി അവതരിച്ചത് ഒരു പോക്കറ്റടിക്കാരന്‍.
കടലുകടക്കാന്‍ അയാള്‍ വഴി കാണിച്ചു.
ഇവിടെ ഇതാ ഊരും പേരുമറിയാത്ത ഒരു മല്‍ബു. മടക്കി അയക്കാനൊരുങ്ങിയ അറബിയുടെ കൈയില്‍നിന്ന് രക്ഷിക്കാന്‍ പടച്ചവന്‍ അയച്ചതാണ് ഇയാളെ. ഇല്ലെങ്കില്‍ ഇപ്പോള്‍ നാട്ടിലെത്തിയേനെ. മരുഭൂ ജീവിതത്തിന് ഇനിയും യോഗമുണ്ട്. ചിന്തകള്‍ക്കൊപ്പമെത്താന്‍ കാരണവര്‍ ഓടി.
ഇരുവരുടേയും യാത്ര അവസാനിച്ചത് രണ്ടുമുറിക്കടയില്‍.
ഫാമിലി മിനി മാര്‍ക്കറ്റ്.
ബോര്‍ഡ് അങ്ങനെയാണെങ്കിലും ഒരു സാദാ ബക്കാല. ഇവിടെയാണ് ഇനി താവളം.
അപ്പോള്‍ പറഞ്ഞതുപോലെ എന്നു പറഞ്ഞുകൊണ്ട് രക്ഷകന്‍ യാത്രയായി.
ഒന്നും തന്നോടു പറഞ്ഞിരുന്നില്ലെങ്കിലും മൂളി.
കണ്ണില്‍നിന്നു മറയുന്നതുവരെ നോക്കിനിന്നു.
വെപ്രാളത്തിനിടയില്‍ അയാളെ ശരിക്കൊന്നു പരിചയപ്പെടാന്‍ പോലുമൊത്തിരുന്നില്ല.
അപ്പുറത്ത് ഒരാളുണ്ട്. അങ്ങോട്ടു ചെന്നോളൂ.
ക്യാഷ് കൗണ്ടറിലിരുന്നയാള്‍ വഴി കാണിച്ചു.
പൊട്ടന്‍, പേടിത്തൊണ്ടന്‍..
നല്ല പണി കളഞ്ഞിട്ട് വന്നിരിക്കാ അല്ലേ.
വാ. ഇരുന്നോളൂ.
തോര്‍ത്ത് മുണ്ട് കഴുത്തിലിട്ട് ഇലകള്‍ വേര്‍തിരിക്കുകയായിരുന്ന അയാള്‍ രണ്ട് ചീഞ്ഞ ഇലകള്‍ എടുത്തുമാറ്റിക്കൊണ്ട് ക്ഷണിച്ചു.
രക്തം തിളച്ചു. അഭിസംബോധന ഒട്ടും ഇഷ്ടമായിട്ടില്ല.
ചിലര്‍ അങ്ങനെയാണ്. ആരോട്, എങ്ങനെ, എന്തു പറയണമെന്ന് ഒരു നിശ്ചയവുമുണ്ടാകില്ല.
സാഹചര്യമൊന്നും പരിഗണിക്കാതെ എന്തും വിളിച്ചു പറയും.
ആളു ശുദ്ധനായിരിക്കും. നിഷ്‌കളങ്കന്‍, പച്ച മനുഷ്യന്‍.
അങ്ങനെ സമാധാനിച്ചുകൊണ്ട് തൊട്ടടുത്ത് ചെന്നിരുന്നു. ഇതാ ഇതുപോലെ കെട്ടിവെച്ചോളൂ.
മോശമായത് കളയണം. വേഗം വേഗം കെട്ടിക്കോളൂ.
ഇല കെട്ടാന്‍ അയാള്‍ ട്രെയിനിംഗ് നല്‍കിത്തുടങ്ങി.
ന്നാലും ഡ്രൈവര്‍ പണി കളഞ്ഞത് വലിയ പൊട്ടത്തരായീട്ടോ.
വീണ്ടും അയാള്‍ തുടങ്ങി.
ഞങ്ങളൊക്കെ എത്രയോ കൊതിച്ച പണിയാ അത്. നാട്ടിലേക്കാളും ഇവിടയല്ലേ ഡ്രൈവിംഗ് സുഖം. എനിക്കൊക്കെ നാട്ടില്‍ വണ്ടിയില്‍ ഇരിക്കാന്‍ തന്നെ പേടിയാ. പേടിപ്പിച്ചോണ്ടല്ലേ എതിരെ വണ്ടി വരിക.
നാളെയാവട്ടെ, ഞാനൊരാളെ കാണിച്ചു തരാം.
ഡ്രൈവറാണ്, പക്ഷേ അയാളുടെ മാസവരവ് കേട്ടാ ഞെട്ടും.
അതങ്ങനെയാണ്.
വീട്ടുകാര്‍ക്ക് ബോധിച്ചാ പിന്നെ വീട്ടുകാരനെ പോലെ തന്നെയാ ഡ്രൈവറും. നാട്ടിലെ കാര്യങ്ങള്‍ പോലും അന്വേഷിച്ച് സഹായം ചെയ്യും. ശമ്പളം പേരിനു മാത്രാന്നാ അയാളു പറയുന്നത്. കൈമടക്കാണ് ശരിക്കുമുള്ള വരുമാനം. പിന്നെ നോമ്പിന് മുതലാളീടെ ഒരു വാരിക്കൊടുക്കലുണ്ട്. പതിനായിരംവരെ കിട്ടീട്ടുണ്ടെന്നാ പറയുന്നേ. നോമ്പിന്റെ അവസാനം വലിയ മുതലാളി വരാനായി പണിക്കാരൊക്കെ കാത്തിരിക്കും. ആര്‍ക്ക് എത്ര എന്നൊന്നും നോട്ടമില്ല. മുന്നില്‍ ഒരാളെ കണ്ടാല്‍ നോട്ടുകള്‍ നിറച്ച സഞ്ചിയില്‍നിന്ന് വാരിയങ്ങു കൊടുക്കും.
നിര്‍ത്തുന്ന മട്ടില്ല.
എല്ലാം കണ്ണു തള്ളിക്കുന്ന വിവരങ്ങള്‍.
വളയം വിട്ടുപോന്നത് വലിയ ബുദ്ധിശൂന്യതയായെന്ന് തോന്നിത്തുടങ്ങി.
ഇവിടെ കൊണ്ടുവന്നാക്കിയ ഹൈദ്രൂനെ നേരത്തെ അറിയ്വോ?
ഇല്ല, നാലു ദിവസം മുമ്പാ ആദ്യായിട്ട് കണ്ടത്..
എന്നാല്‍ കേട്ടോളൂ. അയാളും ഒരു ഹൗസ് ഡ്രൈവറായിരുന്നു.
ഇപ്പോള്‍ വലിയ ബിസിനസുകാരനായി. പത്തു പതിനഞ്ച് പണിക്കാരുണ്ട് കീഴില്‍.
ഇനിയിപ്പോ വലിയ വലിയ കമ്പനികള്‍ നടത്തുന്ന നമ്മുടെ നാട്ടുകാരൊക്കെ ആരായിരുന്നു?
പലരും ഡ്രൈവര്‍ പണിക്കുവന്നവര്‍.
ജീവിതം പറയുമ്പോള്‍ അവരൊന്നും അത് മറച്ചു വെക്കാറില്ല. കൊണ്ടും കൊടുത്തും നേടിയ വിജയഗാഥകള്‍ അയവിറക്കുന്നവര്‍.
ഇനിയിപ്പോ പറഞ്ഞിട്ടെന്താ..
ഇതായിരിക്കും യോഗം. ബക്കാലപ്പണിയത്ര മോശമൊന്നുമല്ല. പക്ഷേ, വേഗം മടുക്കും.
രണ്ടും മൂന്നും നിലകളിലുള്ള ഫ്‌ളാറ്റുകളില്‍ സാധനം എത്തിക്കുന്ന പണിയാ ഏറ്റവും എടങ്ങേറ് പിടിച്ചത്. കയറി ഇറങ്ങുമ്പോഴേക്കും വിയര്‍ത്തു കുളിച്ചിട്ടുണ്ടാകും.
ഉപേക്ഷിച്ച പണിയുടെ പകിട്ടും തുടങ്ങുന്ന പണിയുടെ എടങ്ങേറുകളും അയാള്‍ വിവരിച്ചുകൊണ്ടിരുന്നു.
കാരണവരുടെ മനസ്സില്‍ നിരാശയുടേയും സങ്കടത്തിന്റേയും വേലിയേറ്റം.
വിസക്കു വേണ്ടി കൊതിച്ചു കൊതിച്ചു മരിച്ചുപോയ ബാപ്പയുടെ മകനാണ്.
സങ്കടപ്പെട്ടുകൂടാ. നിരാശ പാടില്ല.
നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതു വേറൊരു വഴിയില്‍ വന്നുചേരും.
അര്‍ഹമായത് എങ്ങനെ ആയാലും കിട്ടും.
ആരൊക്കെ ചേര്‍ന്നു വിചാരിച്ചാലും തടയാനാവില്ല.
അതാണ് ബാപ്പയെ നയിച്ച പോളിസി.
മോഹങ്ങള്‍ ഉദിച്ചുയരുകയായിരുന്നു. കനവുകള്‍.
സ്വന്തമായി ഒരു കട, പിന്നേയും പിന്നേയും കടകള്‍. അങ്ങനെ മറ്റൊരു ഹൈദ്രു. നിരാശയുടെ കടുപ്പത്തിനനുസരിച്ച് മോഹങ്ങളും കിനാവുകളും വലവിരിക്കുക സ്വാഭാവികം. മഴ കൊണ്ടതുപോലെ ഒലിച്ചിറങ്ങുന്ന വിയര്‍പ്പുകണങ്ങള്‍ കിനാവുകള്‍ കൊണ്ട് തുടച്ചു
September 17, 2012
സിഗരറ്റ് കുറ്റിയുടെ രഹസ്യം
കാരണവര്‍ ഒരു മെഴുകുതിരിയായിരുന്നു.
ചെക്കന്‍ മല്‍ബുവിന്റെ അരങ്ങേറ്റത്തിനു മുമ്പും പിമ്പും.
മറ്റുള്ളവര്‍ക്ക് വേണ്ടി ഉരുകിത്തീരുന്ന മെഴുകുതിരി.
പ്രവാസിയുടെ നിര്‍വചനത്തിനൊരു ഉത്തമ ഉദാഹരണം.
വെട്ടം തേടി സ്വന്തക്കാര്‍ വരുമ്പോള്‍ കാരണവര്‍ക്ക് മറുവാക്കില്ല.
മുഖം കനപ്പിച്ച് എന്തെങ്കിലും പറഞ്ഞാല്‍ നാലാളറിയും. നേടിയെടുത്ത പേരും പകിട്ടും അതോടെ ഡും.
നാടുവിട്ട ഒരു ഏഴാം ക്ലാസുകാരന്‍ കിളി പിടിപാടുള്ള ഒരാളായി മാറുന്നതിനു മുമ്പ് വിമാനങ്ങള്‍ ഒരുപാട് പറന്നു.
എട്ടാം ക്ലാസുള്ള സ്‌കൂള്‍ ദൂരെ ആയതിനാല്‍ ജീപ്പില്‍ കയറാനായിരുന്നു വിധി. സ്‌കൂളിലേക്കല്ല,
മമ്മാലിക്കയുടെ ജീപ്പിലെ കിളിയായി ഔദ്യോഗിക ജീവിതം.
ഗതി പിടിക്കാന്‍ നാടുവിടണമെന്ന് പലരും ഉപദേശിച്ചത് മനസ്സില്‍ തങ്ങിക്കിടപ്പുണ്ടായിരുന്നു. കടല്‍ കടക്കാനായിരുന്നു മോഹമെങ്കിലും കയറിയത് ബോംബെ ബസില്‍.
മലയോളം മോഹങ്ങള്‍ക്കു താങ്ങായി കെട്ടിച്ചയക്കേണ്ട മൂന്ന് പെങ്ങന്മാരും പഠിപ്പിച്ച് കരകയറ്റേണ്ട മൂന്ന് അനുജന്മാരും.
സ്ത്രീധനം വാങ്ങിയ പണം വിസക്കുകൊടുത്ത് ചതിയില്‍പെട്ട ബാപ്പയുടെ മകനായിരുന്നു. ബാപ്പയുടെ മോഹം പൂവണിയിക്കാനായി സമ്മാനിച്ച മൈനര്‍ പാസ്‌പോര്‍ട്ട് പുതുക്കി മേജറാക്കി പെട്ടിയില്‍ ഭദ്രമായി വെച്ചിട്ടുണ്ട്.
മഹാനഗരം സന്തോഷത്തോടെ സ്വീകരിച്ചു.
ചാറണക്കും ആട്ടണക്കും പൊതി കെട്ടി വില്‍ക്കുന്ന ഗലിയിലെ ഒറ്റമുറിക്കടയില്‍ ജോലി. ആ കൊച്ചുമുറിയില്‍ തന്നെ വെപ്പും കുടിയും കിടപ്പും.
രാവിലെ നിരന്നിരിക്കുന്ന കുട്ടികള്‍ക്കിടയിലൂടെ മൂക്കുപൊത്തി കാലു സംരക്ഷിച്ചുകൊണ്ട് യാത്ര.
പിന്നെ സ്വന്തം കൃത്യനിര്‍വഹണത്തിനുള്ള ക്യൂ.
പെയിന്റ് പാട്ടയിലെ അല്‍പ വെള്ളത്തോടു മല്ലടിച്ച് മലയാളത്തെ ഓര്‍ത്തു.
അറപ്പു തീര്‍ന്ന ജീവിതം.
അവിടെ രക്ഷകനായെത്തിയത് ഒരു പോക്കറ്റടിക്കാരന്‍.
സിഗരറ്റ് വാങ്ങി അതില്‍നിന്ന് പുകയില നീക്കി ഉള്ളംകയ്യില്‍ തേച്ച കഞ്ചാവ് നിറക്കുന്നതിനിടയില്‍ അവന്‍ വിളമ്പുന്നത് പോക്കറ്റടിക്കഥകള്‍.
കേട്ടാലും കേട്ടാലും കൊതിതീരില്ല.
മലബാരിയെ കണ്ടാല്‍, അയാള്‍ എവിടെ പണം ചുരുട്ടിവെച്ചിട്ടുണ്ടാകുമെന്ന് ഒറ്റനോട്ടത്തിനു പറയുന്ന ജ്ഞാനി.
കടയില്‍ മുതലാളിയില്ലാത്ത ഒരു ദിവസം പതിവ് പോക്കറ്റടിക്കഥകള്‍ക്കുശേഷം സ്വകാര്യമായി അവന്റെ ഒരു ചോദ്യം.
ഗള്‍ഫില്‍ പോയിക്കൂടേ?
മുതലാളിയെ തല്‍ക്കാലം ഒരു കള്ളത്തില്‍ മയക്കി അവന്റെ കൂടെ ട്രെയിനില്‍ കയറി.
സ്റ്റേഷനില്‍ തൊട്ടതിനുശേഷം അതിവേഗം നീങ്ങുന്ന ഇലക്ട്രിക് ട്രെയിനില്‍ ഒരു ചാക്ക് ചുരുട്ടിപ്പിടിച്ചിരിക്കുന്നയാളെ ചൂണ്ടി അവന്‍ പറഞ്ഞു.
കണ്ടോ ഒരു മലബാരി. നിന്റെ നാട്ടുകാരന്‍.
ആ ചാക്കിലാണ് ഇന്ന് മാര്‍ക്കറ്റില്‍ കൊടുക്കേണ്ട പണം.
കടലുകടക്കാന്‍ പലരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന
ട്രാവല്‍സില്‍ കയറിയപ്പോള്‍ അവിടേയും ഒരു മലബാരി.
ഒറ്റക്കു വന്നാല്‍ പോരായിരുന്നോ? വെറുതെ അഞ്ഞൂറു കൂട്ടി.
മഹാനഗരത്തില്‍ കമ്മീഷനില്ലാതെ എന്ത് ഏര്‍പ്പാട്.
മമ്മാലിക്കയുടെ ജീപ്പില്‍ കിളിയായതും കേണു കേണു ചക്രം പിടിച്ചതും തുണച്ചു.
അതൊരു ഡ്രൈവര്‍ വിസയായിരുന്നു. അറബി വീട്ടില്‍.
കാശ് കൊടുക്കണം. എവിടെനിന്നു കിട്ടും?
തിരികെ കടയിലെത്തിയപ്പോള്‍ മുതലാളിയുടെ ചോദ്യം
വിസ ശരിയായി അല്ലേ?
ഒളിച്ചുവെച്ച കാര്യമായിരുന്നു.
പക്ഷേ, പോക്കറ്റടിക്കാരന്‍ ആ ഗലിയിലുള്ളവര്‍ മാമു എന്നു വിളിക്കുന്ന മുതലാളിയുടെ കൂടി കൂട്ടുകാരനായിരുന്നു. അതു മറന്നു.
ആയുസ്സില്ലാത്ത രഹസ്യം.
പക്ഷേ ഗുണമുണ്ടായി. വിസക്കും ടിക്കറ്റിനും തികയാത്ത കാശ് മുതലാളി നല്‍കി.
പെങ്ങന്മാരൊക്കെയുള്ളതല്ലേ. പോയി രക്ഷപ്പെടൂ.
മറക്കാതിരുന്നാല്‍ മതി.
റോഡില്‍നിന്ന് സിഗരറ്റ് കുറ്റി പെറുക്കാനും അറബി മക്കള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കാനും ധാരാളം പേര്‍ കടലുകടക്കുന്ന കാലമായിരുന്നു അത്. സ്‌കൂള്‍പടി കാണാത്തവര്‍ പോലും ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പോയി.
മേല്‍ പറഞ്ഞ ജോബുകള്‍ യഥാക്രമം മുനിസിപ്പാലിറ്റിക്കു കീഴിലെ ക്ലീനിംഗും വീട്ടുവേലയുമാണ് എന്നു പച്ചക്കു പറയരുത്.
ഓരോ നാട്ടിലും മുക്കുമൂലകളില്‍ അത്തറിന്റെ മണം പരത്തി ചെത്തി നടന്നവര്‍ക്കുള്ള മറയായിരുന്നു ആ പറച്ചില്‍.
റാഡോ വാച്ചുകള്‍ക്കു പിന്നിലെ വിയര്‍പ്പ്.
അവര്‍ക്കിടയില്‍ ഡ്രൈവര്‍ പണിക്കിത്തിരി പത്രാസുണ്ട്.
അവിദഗ്ധര്‍ക്കിടയിലൊരു വിദഗ്ധന്‍.
ഭാഗ്യമോ നിര്‍ഭാഗ്യമോ?
വട്ടം പിടിക്കാനിട വന്നില്ല.
സാദാ മല്‍ബുവിനുവേണ്ടി മരൂഭുമി കാത്തുവെച്ചത്
മറ്റൊരു ലോകം.
താക്കോല്‍ ചതി
എയര്‍പോര്‍ട്ടില്‍ വരവേല്‍പിന് ഒരു അറബിയും കൂട്ടിനൊരു ദീര്‍ഘകായനും.
ഇന്നത്തെ പോലെ അന്ന് ആഘോഷമില്ല. ബാഗില്‍ നാടന്‍ പത്തിരിയും പോത്തിറച്ചി വരട്ടിയതുമില്ലെങ്കില്‍ പിന്നെന്ത് ആഘോഷം? ബാച്ചിലര്‍ റൂമുകളില്‍ ഓരോ വരവും ആഘോഷമാണ്. വന്നയാള്‍ക്ക് മൂഡ് ഓഫ്. ബാക്കിയുള്ളോര്‍ക്ക് സെലിബ്രേഷന്‍.
കപ്പയും ബീഫും.
ബീഫില്ലാതെ വരുന്നവരോട് ഇപ്പോള്‍ പരമപുച്ഛം.
ബോംബെയില്‍നിന്ന് നാട്ടില്‍ പോയി വരാന്‍ സാവകാശമുണ്ടായിരുന്നില്ല.
അറബിയുടെ തിരക്കല്ല. സ്വപ്‌നഭൂമിയായിരുന്നു മനസ്സു നിറയെ.
എങ്ങനെയെങ്കിലും അവിടെ എത്തിയാല്‍ മതി.
അടുത്തൊന്നും സഫലമാകുമെന്ന് കരുതിയതല്ല ഗള്‍ഫ് മോഹം.
എല്ലാം അപ്രതീക്ഷിതവും വേഗത്തിലുമായിരുന്നു.
ലോകം വെട്ടിപ്പിടിച്ച ആവേശം.
പക്ഷേ, വിമാനത്തില്‍ കയറിയപ്പോള്‍ കേട്ട ഒരു ഏങ്ങലടി മാസ്മരിക ലോകത്തുനിന്ന് താഴെയിറക്കി. നേരെ സ്വന്തം ഗ്രാമമായ തൊക്കിലങ്ങാടിയില്‍.
കടലു കടക്കുകയാണ്.
ബോംബെയിലാണെങ്കില്‍ രാത്രി ബസില്‍ കയറിയാല്‍ ഉച്ചയോടെ നാടുപിടിക്കാം.
ഇനി വര്‍ഷങ്ങള്‍ കഴിയാതെ നാടില്ല. എത്ര വര്‍ഷമെന്നത് ഓരോരുത്തരുടെ യോഗം പോലിരിക്കും. ചെറിയ മോളെ കണ്ട് കൊതിതീരാതെ മണലാരണ്യത്തിലേക്ക് മടങ്ങുന്ന സഹയാത്രികന്റെ ഏങ്ങലടിയും കണ്ണീരും കാരണവര്‍ കൂടി ആവാഹിച്ചു. എല്ലാ പ്രവാസിയുടേയും വേദന ഒന്നുതന്നെ. വിമാനം ഇറങ്ങിയപ്പോള്‍, അറബിയോടൊപ്പം കൂട്ടാന്‍ വന്ന ദീര്‍ഘകായന്റെ സ്‌നേഹവായ്പ്.
അത്ഭുതപ്പെട്ടു പോയി.
ഇത്രമാത്രം സ്‌നേഹമോ?
അതൊരു പച്ചയായിരുന്നു.
പച്ചക്കും ഈച്ചക്കും പഞ്ഞമില്ലാത്ത കാലമായിരുന്നു അത്.
ഇന്നിപ്പോള്‍ പച്ചയോളമില്ല ഈച്ച.
പച്ചയെന്നാല്‍ അയല്‍ ദേശക്കാരന്‍, പാക്കിസ്ഥാനി.
അയാളുടെ സ്‌നേഹത്തിന്റെ ഗുട്ടന്‍സ് പിന്നെയാണ് മനസ്സിലായത്.
അയാള്‍ക്ക് നാടണയാനുള്ള താക്കോലാണ് ഈ വന്നിരിക്കുന്നത്.
മൂന്ന് വര്‍ഷമായി പിടിക്കുന്ന വളയം കൈമാറുന്നതോടെ പച്ചക്ക് നാടുപിടിക്കാം.
അയാളെ അറബി പിടിച്ചു വെച്ചിരിക്കുകയായിരുന്നു.
അപ്പോള്‍ കാരണവര്‍ ഒരു വിമോചകനാണ്.
പക്ഷെ, പച്ചയുടെ തിരക്ക് വൃഥാവിലായി.
ബോംബെയിലെ ജനത്തിരക്കില്‍നിന്ന് വാഹനത്തിരക്കിലേക്ക് എടുത്തെറിയപ്പെട്ട കാരണവര്‍ക്ക് ഒരു അസുഖം ബാധിച്ചു.
ആളുകളുടെ എണ്ണപ്പെരുപ്പം കണ്ട കണ്ണുകള്‍ വാഹനപ്പെരുപ്പത്തില്‍ തള്ളിപ്പോയി.
അതിനെ ഉള്‍ഭയമെന്നു വിളിച്ചു.
വളയം പിടിക്കാന്‍ കാറില്‍ കയറില്ലെന്ന് ഉറപ്പിച്ചങ്ങ് പറഞ്ഞു.
അറബിയും പച്ചയും ഞെട്ടി.
മെരുക്കിയെടുക്കാന്‍ പച്ച മറ്റൊരു മല്‍ബുവിനെ തപ്പിപ്പിടിച്ചു.
അടവാണോ നാട്ടുകാരാ?
കണ്ണുകളിലേക്ക് നോക്കി അതിഥി ചോദിച്ചു.
നാടുവിട്ടതോണ്ടുള്ള വിഷമമായിരിക്കും. അതൊക്കെ ഒരാഴ്ച കൊണ്ട് ശരിയായിക്കൊള്ളും.
നാട്ടിലേക്കാളും വളയം പിടിക്കാന്‍ ഇവിടെയാ സുഖം.
സുദീര്‍ഘമായ പ്രസംഗം പക്ഷേ സ്വാധീനിച്ചില്ല.
നാട്ടിലേക്ക് തിരച്ചയച്ചാലും വളയം തൊടില്ല.
മാറ്റമില്ലാത്ത തീരുമാനം.
മുക്കുമൂലകളിലും വലിയ കയറ്റിറക്കങ്ങളിലും അഭ്യാസിയെ പോലെ ജീപ്പോടിച്ചയാളാണ്.
പേടിക്കു മരുന്നില്ല.
ഓരോ പേടിക്കും ഒരു ചരിത്രമുണ്ടാകും.
വാഹനവുമായി ബന്ധമില്ലെങ്കിലും കാരണവരുടെ മനസ്സില്‍ ഒരു തൂക്കുപാലം മായാതെ കിടപ്പുണ്ട്.
നല്ല മഴയുള്ള ഒരു ദിവസം തൂക്കുപാലം കടക്കുകയായിരുന്നു.
മധ്യത്തിലെത്തിയപ്പോള്‍ രണ്ട് പലക ഇളകിപ്പോയിരിക്കുന്നു. കാലുകള്‍ വിറച്ചു.
താഴെ പുളഞ്ഞൊഴുകുന്ന പുഴ.
മലവെള്ളപ്പാച്ചില്‍.
എങ്ങനെയൊക്കെയോ അക്കര പിടിച്ചെങ്കിലും ആ പാലത്തിലൂടെ പിന്നെ തിരിച്ചു കടന്നില്ല.
വീട്ടിലേക്ക് മടങ്ങാന്‍ ചുറ്റിവളഞ്ഞ് വേറെ വഴി തേടി.
തൂക്കൂപാലം ഇന്നുമുണ്ടെങ്കിലും പിന്നീടൊരിക്കലും കാരണവരുടെ പാദ്‌സപര്‍ശമേറ്റിട്ടില്ല.
അതുപോലൊരു ഭയമാണ് ഇപ്പോള്‍, തീര്‍ച്ചയായും അടവല്ല.
അറബിയുടെ തീരുമാനം വന്നു. മടക്കം തന്നെ.
വേറെ എന്തെങ്കിലും പണി തരാന്‍ പറഞ്ഞുനോക്കാമോ?
മല്‍ബുവിനോട് കാരണവരും അറബിയോട് മല്‍ബുവും കെഞ്ചി.
വേറെ ഒരു ഡ്രൈവറെ കൊണ്ടുവന്നാല്‍ ഇവനെ കൊണ്ടുപോകാം.
കടയില്‍ നില്‍ക്കാമോ?
രാവും പകലും പണിയായിരിക്കും.
നിന്നോളാം, ബോംബെയില്‍ കടയില്‍നിന്നിട്ടുണ്ട്.
പോയി നോക്കട്ടെ, ഒരു ഡ്രൈവറെ കിട്ടിയാല്‍ വന്നു കൊണ്ടു പോകാം.
മല്‍ബുവിലുള്ള പ്രതീക്ഷയിലും പച്ചയുടെ കുത്തുവാക്കുകളിലും ദൈര്‍ഘ്യമേറിയ മൂന്ന് രാപകലുകള്‍. പച്ചയുടെ സ്‌നേഹവും അനുകമ്പയും എങ്ങോ പോയ്മറഞ്ഞിരുന്നു. ഇപ്പോള്‍ ദേഷ്യം മാത്രം.
പറഞ്ഞിട്ടു കാര്യമില്ല. അയാളുടെ പ്രതീക്ഷകളാണ് ഉള്‍ഭയത്തില്‍ തട്ടിത്തകര്‍ന്നത്.
നാലാംനാള്‍ നല്ല വാര്‍ത്ത എത്തി.
മല്‍ബു ഒരു ഡ്രൈവറെ കൊണ്ടുവന്ന് പകരം കാരണവരെ ഏറ്റുവാങ്ങി.
പത്രാസുള്ള ഡ്രൈവര്‍ പണി പോയതിലുള്ള സങ്കടമല്ല, രക്ഷപ്പെട്ടതിലുള്ള ആശ്വാസമായിരുന്നു അപ്പോള്‍ മനസ്സില്‍.
പുതിയ പ്രതീക്ഷകളിലേക്ക് രക്ഷകന്റെ പിന്നാലെ നടന്നു.
September 8, 2012
അരങ്ങേറ്റം
അരങ്ങേറ്റത്തെ പഴിച്ചിട്ടെന്തു കാര്യം. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ?
കൃത്യം 15 വര്‍ഷം മുമ്പ് നടന്ന പുറപ്പാടാണ് മനസ്സില്‍. യുദ്ധം ചെയ്തു നേടിയെടുത്ത അരങ്ങേറ്റം.
ഇനി മടക്കമാണ്. മരണം പോലെ തന്നെ,
ഇങ്ങോട്ടൊരു തിരിച്ചുവരവില്ല.
മോനേ നീയും ഉറൂബായോ?
നാട്ടില്‍ വിളിച്ചപ്പോള്‍ ഉമ്മയുടെ ചോദ്യം.
അതെ, ഇനി ഉറൂബിന്റ നോവലുകള്‍ വായിച്ചിരിക്കാം.
മറുപടി ഉമ്മാക്ക് തിരിഞ്ഞില്ലെങ്കിലും തൊണ്ട ഇടറി, രണ്ടു പേര്‍ക്കും.
കാര്‍ണോരോട് പറഞ്ഞില്ലേ? എന്തേലും വഴി കാണിച്ചു തരില്ലേ?
ശവത്തിലാണ് കുത്തിയതെന്ന് ഉമ്മ അറിഞ്ഞില്ലെങ്കിലും മല്‍ബുവിന് ശരിക്കും നൊന്തു. അയാളുടെ പിന്നാലെ പോകുന്നതിനേക്കള്‍ ഭേദം മടക്കം തന്നെ. കാരണം അത്രമാത്രം അകന്നിരിക്കുന്നു. കാര്‍ണോരെന്ന് പറയുമ്പോള്‍ അമ്മാവനല്ല. കുടുംബനാഥനായിരുന്ന ജ്യേഷ്ഠന്‍ തന്നെ.
വഴി കാണിച്ചുതരുന്ന പടച്ചോനൊന്നുമല്ല കാര്‍ണോരെങ്കിലും അങ്ങനെയാണ് പൊതുവെ വെപ്പ്. ഉമ്മാക്ക് മാത്രമല്ല, നാട്ടുകാര്‍ക്കും.
എയര്‍ ഇന്ത്യക്ക് പോലും പേടിയാണ് ടിയാനെ.
വിമാനം വൈകിയില്‍, ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ ആദ്യം കേന്ദ്രമന്ത്രിയെ വിളിച്ച് വഴിയുണ്ടാക്കുന്ന രക്ഷകന്‍.
കുട്ടത്തിലുണ്ടാകണേ എന്നു യാത്രക്കാരും ഉണ്ടാകരുതേ എന്നു എയര്‍ ഇന്ത്യ അധികൃതരും ആഗ്രഹിക്കുന്ന പ്രമുഖന്‍.
വിമാനം വൈകിയില്‍ യാത്രക്കാരെ ബാത്ത് റൂമും ഭക്ഷണവുമില്ലാത്ത പന്ന ഹോട്ടലുകളില്‍ കൊണ്ടു പോയി തള്ളാന്‍ കാര്‍ന്നോര്‍ ഒരു തടസ്സമാണ്. പറഞ്ഞിട്ടും കേള്‍ക്കുന്നില്ലെങ്കില്‍ സ്വാധീനം ഉപയോഗിക്കാന്‍ മടിക്കാത്തയാള്‍.
വിമാനം വരില്ലെന്ന് എല്ലാവരും ഉറപ്പിച്ച ഒരു ദിവസം ശൂന്യതയില്‍നിന്ന് വിമാനം വരുത്തി പറത്തിയിട്ടുണ്ട്, അതാണ് കാര്‍ണോര്‍.
ഉറൂബാകുന്ന ഹുറൂബില്‍നിന്ന് രക്ഷ നേടാന്‍ ഇനി മുട്ടാന്‍ വാതിലുകളൊന്നുമില്ല.
മന്ത്രിമാര്‍ വന്നു, സ്വീകരണങ്ങളും കൂടിക്കാഴ്ചകളും അരങ്ങേറി. പത്രങ്ങളില്‍ വെണ്ടക്ക പ്രഖ്യാപനങ്ങള്‍ വന്നു.
പക്ഷേ, അനേകായിരം ഹുറൂബുകാര്‍ ഇപ്പോഴും വഴി കാണാതെ നട്ടംതിരിയുന്നു.
ഹുറൂബ് നീക്കാനുള്ള മല്‍ബുവിന്റെ ശ്രമങ്ങളെല്ലാം വെറുതെയായി.
എല്ലാം ചതിയായിരുന്നു, കൊടും ചതി.
മല്‍ബുവിനു ചതി പറ്റുമോ?
ശരിക്കും ചതിയാണോ അതോ ചതിക്കുള്ള മറുചതിയോ?
ചോദ്യത്തിന് ഉത്തരമറിയുന്നതിനു മുമ്പ് അരങ്ങേറ്റത്തിന്റെ പിന്നാമ്പുറമറിയണം. ഒന്നര പതിറ്റാണ്ട് മുമ്പ് ഉമ്മയുടെ സഹായത്തോടെ ഒരു ചെക്കന്‍ യുദ്ധം ചെയ്ത കഥ.
പത്താം ക്ലാസ് പാസായിട്ടും കംപ്യൂട്ടര്‍ കഴിഞ്ഞിട്ടും വിസ വൈകിയപ്പോള്‍ ചരിത്രത്തില്‍ എവിടെയും കാണാത്ത വിധം വിസക്കു വേണ്ടിയുള്ള യുദ്ധമുഖം തുറക്കുകയായിരുന്നു.
ആദ്യമൊക്കെ ദയാഹരജികളായിരുന്നു.
ഇന്നത്തെ പോലെ അല്ലായിരുന്നു അന്ന്. മൊബൈല്‍ ഫോണ്‍ വന്നു തുടങ്ങുന്നേയുള്ളൂ. ഏതെങ്കിലും ഫോണ്‍ കാബിനു മുന്നില്‍ പോയി ക്യൂ നില്‍ക്കുകയോ ഫ്‌ളാറ്റുകള്‍ തേടി എത്തുന്ന കുഴല്‍ ഫോണ്‍ കാത്തിരിക്കുകയോ വേണമായിരുന്നു.
എപ്പോഴെങ്കിലും കാര്‍ന്നോരുടെ വിളി എത്തുമ്പോള്‍
ഉമ്മക്ക് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല.
നീ എങ്ങനെയെങ്കിലും ഒരു കള്ളാസ് കൊടുക്ക് മോനേ.
കത്തുകള്‍ക്കു പുറമേയുള്ള ഉമ്മയുടെ ഈ നിവേദനം സമര്‍പ്പിക്കല്‍ കേള്‍ക്കുമ്പോള്‍ ചെക്കന്‍ അകത്തെ മുറിയില്‍ ഒളിച്ചിരുന്നു ചിരിച്ചു.
ബോംബെയില്‍ പോകുമെന്നും തിരിച്ചു വരില്ലെന്നും ഭീഷണി മുഴക്കി. വസ്ത്രങ്ങള്‍ നിറച്ച് ബാഗ് ഒരുക്കിവെച്ച് ഉമ്മയെ ഭയപ്പെടുത്തി.
കൂട്ടുകെട്ട് മോശാട്ടോ. വലിയൊക്കെ തുടങ്ങീട്ടുണ്ട്. ഇനീം ഇവിടെ നിര്‍ത്തിയാല്‍ ഓനെ നമുക്ക് നഷ്ടപ്പെടും.
അതിനിടയില്‍ മുക്കിലുണ്ടായ ഒരു അടിപിടിയെ കുറിച്ച് പത്രത്തല്‍ വാര്‍ത്ത വന്നപ്പോള്‍ ചെക്കന്‍ പ്രതിപ്പട്ടികയില്‍ ആറാമനായുണ്ട്.
ഇങ്ങനെ അങ്ങനെ കൂര്‍ത്തു മൂര്‍ത്ത ആയുധങ്ങളില്‍ ഏതോ ഒന്നു ഫലിക്കുകയും പത്താം ക്ലാസും കംപ്യൂട്ടറും പാസായ ചെക്കന്റ കാത്തിരിപ്പ് അവസാനിക്കുകയും ചെയ്തു.
ഓനെ കയറ്റിയതോണ്ട് നിനക്ക് ആയിരം സ്വര്‍ഗം ലഭിക്കും.
ഇതാണ് കാര്‍ന്നോര്‍ക്ക് ഉമ്മ നല്‍കിയ സര്‍ട്ടിഫിക്കറ്റ്.
പക്ഷേ ഈ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ പെട്ടപാട് കാര്‍ന്നോര്‍ക്കല്ലേ അറിയൂ.
കാത്തുകാത്തിരുന്ന ചെക്കന്‍ ഒരു മല്‍ബുവായി മാറിയെങ്കിലും കലഹത്തിലേക്കുള്ള കവാടം കൂടിയായിരുന്നു ഈ അരങ്ങേറ്റം.
(തുടരും- സിഗരറ്റ് കുറ്റിയുടെ രഹസ്യം)
September 1, 2012
കരിനാക്ക്
കരിക്കട്ട ആയതുകൊണ്ടല്ല കരിമല്‍ബു ആയത്. ഒരു ക്രീമും തേക്കാതെ തന്നെ വെളുവെളുത്ത് ചൊങ്കനായ അബ്ദുല്‍ കരീമെന്ന മല്‍ബുവിനെ എല്ലാവരും വിളിച്ച് വിളിച്ച് കരി ആക്കിയതാണ്. മലബാരിയെ ഇഷ്ടത്തോടെ വിളിച്ച് മല്‍ബു ആയതു പോലെ. അല്ലെങ്കിലും മുഴുവന്‍ പേരു വിളിക്കാനൊക്കെ ആര്‍ക്കാ ഇവിടെ നേരം.
കരീന്നു പറയുമ്പോള്‍ ഒരു സാധാരണ കത്തി മല്‍ബു എന്നു പറയാം. മല്‍ബു ഹൗസില്‍ കരിക്ക് ശത്രുക്കളുമുണ്ട് മിത്രങ്ങളുമുണ്ട്. നാക്കുണ്ടെങ്കില്‍ നാലാളോട് പറയാന്‍ പറ്റുന്ന വിദ്യാഭ്യാസ യോഗ്യതയൊന്നും ആവശ്യമില്ലെന്ന് കരിയുടെ പക്ഷം. എന്നാല്‍ പണിയെടുത്തു തളര്‍ന്നുവന്ന് ടി.വി കാണാനിരിക്കുന്ന ഞങ്ങളോട് വേണോ കരിക്കത്തിയെന്ന് ശത്രുക്കളുടെ ചോദ്യം. കറിക്കത്തി പോലെ തന്നെയാ കരിക്കത്തി.
നാക്കിട്ടടിച്ചും നാക്കു പിഴച്ചും ദിവസവും പത്രങ്ങളില്‍ ഇടം പിടിക്കുന്നവരൊക്കെ കരിയുടെ പിന്നില്‍ നില്‍ക്കണം. ആറാം തരം ബിയില്‍ വെച്ച് പഠനം നിര്‍ത്തി പിന്നെയും പത്ത് വര്‍ഷം കാത്തിരുന്നാണ് കരി കടലു കടന്നത്. ഇന്നിപ്പോള്‍ നാടുവിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കേ, പഠിപ്പും പത്രാസുമുള്ള ആരോടും കിടപിടിക്കാവുന്ന ലോക വിവരം തനിക്കുണ്ടെന്ന ആത്മവിശ്വാസമാണ് കൈമുതല്‍. ആറാം തരത്തിലെ പപ്പന്‍ മാഷ് പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. നാക്കു കൊണ്ട് കരി കയിച്ചിലായി.
ആറാം ക്ലാസില്‍ പോയിട്ടുണ്ടെന്ന ഗമയോ പിടിവാശിയോ ഇല്ല. ശരിയാണ്, സ്‌കൂളിലും കോളേജിലുമൊന്നും പോയിട്ടില്ല, പക്ഷേ കരിക്ക് ലോക വിവരോണ്ട്. അതു മതി എന്ന ആമുഖത്തോടെ മാത്രമേ കരി വര്‍ത്താനം തുടങ്ങൂ. അതു കേട്ടാല്‍ ഉറപ്പിക്കാം അസാധ്യമായതെന്തോ സാധിച്ചുകൊണ്ടാണ് കരി ഹാജരായിരിക്കുന്നതെന്ന്.
എന്താ ഉണ്ടായേ കരീന്നു ചോദിക്കാന്‍ ഒരാളുണ്ടായാല്‍ ബഹുജോറായി. ഇരുന്നു കൊടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അപ്പോള്‍ തന്നെ ബദല്‍ മാര്‍ഗം തേടാം.
എന്തൊക്കെ പറഞ്ഞാലും കരി വന്ന ശേഷമാണ് മല്‍ബു ഹൗസിന് ഐശ്വര്യമുണ്ടായതെന്ന് ശത്രുക്കള്‍ പോലും സമ്മതിക്കും.
വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നതു പോലെയാണ് പലപ്പോഴും കരികഥനങ്ങള്‍. മുംബൈ എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ ഭാഷ കൊണ്ടു തോല്‍പിച്ച് ഡിസ്‌കൗണ്ട് വാങ്ങിയതാണ് അതിലൊരു ക്ലാസിക്.
നിങ്ങളുടെ അത്ര വിവരോം വിദ്യാഭ്യാസോം ഇല്ല. പക്ഷേങ്കില്‍ കരി കാര്യം നേടും. എങ്ങനെ? ഇഗ്ലീഷ് വേണോ ഇംഗ്ലീഷ്, ഹിന്ദി വേണോ ഹിന്ദി, അറബി വേണോ അറബി വേണ്ടിടത്ത് വേണ്ടതു കാച്ചും.
വിമാനത്തില്‍വെച്ച് കരിയുടെ എംബാര്‍ക്കേഷന്‍ ഫോറം പൂരിപ്പിച്ചത് കോട്ടിട്ട ഒരാളായിരുന്നു. ആറാം തരം ബിയില്‍ പഠിച്ചിട്ടുണ്ടെങ്കിലും ഒരു കോട്ടുകാരന്‍ എഴുതുന്നതിന് അതിന്റേതായ ഒരു സുഖമുണ്ട്. സ്വയം ചെയ്യാവുന്ന കാര്യങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നതാണല്ലോ മല്‍ബു സ്റ്റൈല്‍. സീറ്റില്‍ തൊട്ടടുത്ത് ഒരു മാന്യനുണ്ടായിരുന്നുവെങ്കിലും വിമാനം ലാന്റ് ചെയ്യുന്നതുവരെ അയാളുടെ അടുത്ത് നിരക്ഷരനായി ഇരിക്കുന്നതിലെ നാണക്കേടോര്‍ത്താണ് രണ്ട് സീറ്റപ്പുറത്ത് നീണ്ടുനിവര്‍ന്നിരിക്കുന്ന കോട്ടുകാരനെ സമീപിച്ചത്. രണ്ടു മിനിറ്റെടുക്കാതെ അയാളത് പൂരിപ്പിച്ചു നല്‍കിയെങ്കിലും അബ്ദുല്‍ കരീമെന്ന പേരില്‍ എല്ലില്ലെന്ന കാര്യം അടുത്തിരുന്നയാളാണ് ചൂണ്ടിക്കാണിച്ചത്.
കൗണ്ടറിലെത്തിയപ്പോള്‍ പേരില്‍ ആകെയുള്ള ഒരു എല്ല് വിട്ടുപോയത് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ കണ്ടില്ലെങ്കിലും കരി അതു മറച്ചുവെച്ചില്ല. കരിയുടെ കാര്യഗൗരവം ബോധ്യപ്പെട്ട ഉദ്യോഗസ്ഥന്‍ പക്ഷേ അതിനു 800 റിയാല്‍ പിഴ ആവശ്യപ്പെട്ടു. കരി വിട്ടുകൊടുക്കുമോ, ഇംഗ്ലീഷിലും ഹിന്ദിയിലും വാദിച്ച് അത് 400 റിയാലാക്കി ചുരുക്കി പോലും.
എയര്‍പോര്‍ട്ടില്‍ കരി കയിച്ചിലായ ഇക്കഥ വിശ്വസിക്കുന്നവര്‍ മിത്രങ്ങളും വിശ്വസിക്കാത്തവര്‍ ശത്രുക്കളുമാണ്.
വിസ്തരിച്ചൊരു വര്‍ത്താനത്തിന് കരി മുതിരുമ്പോഴേക്കും ശത്രുക്കളില്‍ പെടുന്ന കുഞ്ഞാമന്‍ മല്‍ബു മെല്ലെ അകത്തെ മുറിയിലെ കംപ്യൂട്ടറിനു മുന്നിലേക്ക് വലിഞ്ഞു. കരിനാക്കേറ്റു പിടയുന്നതിലും ഭേദം ഫേസ് ബുക്കില്‍ രണ്ട് ലൈക്കടിച്ച് തിരിച്ച് രണ്ട് ലൈക്ക് നേടുകയാണ്.
ഓനൊക്കെ നെറ്റും കംപ്യൂട്ടറും ഉണ്ടായിട്ടെന്താ കാര്യം.
കോഴിക്ക് ഡയപ്പര്‍ കണ്ടുപിടിച്ചത് ഈ കരിക്കേ അറിയൂ.
അമേരിക്കയില്‍ ഒരു പെണ്ണുംപിള്ള കോഴികള്‍ക്ക് ഉപയോഗിക്കാവുന്ന നാപ്പീസ് കണ്ടുപിടിച്ചതും അതു വില്‍ക്കാന്‍ ചിക്കന്‍ഡയപ്പേഴ്‌സ് ഡോട് കോം ആരംഭിച്ചതും കരിയുടെ വായീന്നു കേട്ടപ്പോള്‍ കിച്ചണില്‍ വരെ ലാപ്‌ടോപ്പുമായി പോകുന്ന ഓര്‍ക്കുട്ട് നാണി പോലും നാണിച്ചുപോയി.
August 24, 2012
പെരുന്നാപ്പൈസ പത്ത് ലക്ഷം
മല്‍ബു കണക്കുകൂട്ടുകയായിരുന്നു. സാധാരണ കൂട്ടലല്ല. വലിയ തുക ആയതിനാല്‍ ശരിക്കും കാല്‍ക്കുലേഷന്‍ തന്നെ.
ദിവസം 35 റിയാല്‍. ഒരു മാസത്തേക്ക് 1050 റിയാല്‍. വര്‍ഷത്തേക്ക് 12600. അഞ്ച് വര്‍ഷമാകുമ്പോള്‍ 63,000 റിയാല്‍.
ഇന്ത്യന്‍ മണിയില്‍ ഇതെങ്ങനെ കൂട്ടും. ഇന്നലത്തെ 15 ഇന്നത്തെ 13 നാളത്തെ പത്ത് എന്നിങ്ങനെയാണല്ലോ അതിന്റെ പോക്ക്. അപ്പോള്‍ 15 വെച്ചു തന്നെ കൂട്ടാം. 63,000 പതിനഞ്ച് കൊണ്ട് ഗുണിച്ചാല്‍ 9,45,000.
ഇതാണ് രൂപയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ലാഭം. രൂപയുടെ മൂല്യം പത്തിലേക്ക് ഉയര്‍ന്നാല്‍ അത് 6,30,000 ആയി താഴുകയും ഇരുപതിലേക്ക് താണാല്‍ 12,60,000 രൂപയായി വര്‍ധിക്കുകയും ചെയ്യും.
ഒരു സാധാരണ തൊഴിലാളി അഞ്ച് വര്‍ഷം വിയര്‍പ്പൊഴുക്കിയാലേ ഇത്രയും തുക കിട്ടൂ. അതാണ് മല്‍ബുവിന് ഈസിയായി കിട്ടിയിരിക്കുന്നത്.
എങ്ങനെ കിട്ടിയെന്ന് ചോദിച്ചാലേ കുഴപ്പമുള്ളൂ. അപ്പോള്‍ അതൊരു സാങ്കല്‍പിക കണക്കായി മാറുന്നു.
വേറെ ഒരാളുടെ പോക്കറ്റില്‍നിന്ന് നമ്മുടെ പോക്കറ്റില്‍ വന്നു ചേരുന്നതാണല്ലോ ലാഭം. വലിയ മണിമാളിക ഉണ്ടാക്കി അഞ്ച് കോടി വിലയുള്ള വസ്തുവിലാണ് താന്‍ ഉറങ്ങുന്നതെന്ന ഒരു സാദാ പ്രവാസിയുടെ സങ്കല്‍പത്തിന്റെ അത്ര പോലുമില്ല ഈ കാല്‍ക്കുലേഷനു യാഥാര്‍ഥ്യവുമായി ബന്ധം. പ്രോപ്പര്‍ട്ടി വില്‍ക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അഞ്ചു കോടി പോക്കറ്റില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. അപ്പോള്‍ ചുറ്റും കൂടുന്ന പുതിയ കുടുംബക്കാരേയും കൂട്ടുകാരെയും ഒക്കെ ശ്രദ്ധിച്ചാല്‍ മതി.
പോക്കറ്റില്‍ വന്നു ചേരാത്ത ഒന്നിനെയാണ് ഇപ്പോള്‍ ലാഭമായി കൂട്ടിയിരിക്കുന്നതെന്ന് പറഞ്ഞാല്‍ മല്‍ബു വിട്ടുതരില്ല. പോക്കറ്റില്‍നിന്ന് വേറെ ഒരാളുടെ പോക്കറ്റിലേക്ക് പോകാത്തതിനാല്‍ ലാഭം തന്നെയാണെന്ന് വാശി പിടിക്കും.
ആയിക്കോട്ടെ, സമ്മതിച്ചു. ലാഭം തന്നെ. എന്നാല്‍ അത് എവിടെ എന്നു ചോദിച്ചാല്‍ ഭ ഭ ഭ.
മല്‍ബുവിന്റെ കൈയില്‍ പണം ബാക്കിനില്‍ക്കാനോ? അതൊക്കെ പുട്ടടിച്ചെന്നേ തീര്‍ന്നു.
ലാഭം പ്രത്യക്ഷത്തില്‍ കാണാനില്ലെങ്കിലും അഞ്ചു വര്‍ഷമായി മല്‍ബുവിന് ഈ കാല്‍ക്കുലേഷനില്‍ ഒരു സുഖമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ ഫണ്ടില്‍ കോടികള്‍ കുന്നു കൂടുന്നതു പോലെ ഒരു സുഖം.
അങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് മുന്നില്‍ ഒരു അപരിചിതന്‍ പ്രത്യക്ഷപ്പെട്ടത്.
എന്നെ മറന്നുപോയോ എന്നായിരുന്നു ആഗതന്റെ ചോദ്യം.
യാചകന്റേതെന്ന് തോന്നിക്കുന്ന മുഷിഞ്ഞ വേഷം. യാചകനാണെങ്കില്‍ എന്തെങ്കിലും തരൂ എന്നു പറയുമെന്നല്ലാതെ എന്നെ മറന്നുപോയോ എന്നു ചോദിക്കാന്‍ ഒരു സാധ്യതയുമില്ല. ഇനിയിപ്പോള്‍ നാട്ടില്‍ പോയി വന്ന ആരെങ്കിലുമാണോ?
താടിയും മുടിയുമൊക്കെ ചായം പൂശി മൊഞ്ചനായി നാട്ടില്‍ പോയ മല്‍ബു തിരികെ വന്നപ്പോള്‍ കറുകറുത്ത് ആഫ്രിക്കക്കാരനെ പോലെ. എന്തു പറ്റിയെന്നു ചോദിച്ചാല്‍ കുറ്റം എല്‍നിനോക്ക്.
ഒരു തുള്ളി മഴയില്ല. വെയിലും പൊരിഞ്ഞ ചൂടും. പിന്നെ എങ്ങനെ നിറം മാറാതിരിക്കും.
കണ്ടു മറന്ന മുഖങ്ങളെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കെ സ്തബ്ധനാക്കിക്കൊണ്ട് ആഗതന്റെ അടുത്ത ചോദ്യം.
എത്രയായി ലാഭം?
താന്‍ മനസ്സില്‍ കണക്കുകൂട്ടിയത് ഇയാള്‍ എങ്ങനെ അറിഞ്ഞു? മല്‍ബു ഇരുന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റു.
മനസ്സിലിരിപ്പ് പറഞ്ഞ രൂപത്തെ തുറിച്ചു നോക്കി.
നോക്കണ്ട, അഞ്ച് വര്‍ഷം മുമ്പ് നമ്മള്‍ മദീനയില്‍ വെച്ച് കണ്ടിട്ടുണ്ട്. ലാഭത്തിന്റെ വഴി തുറന്നത് ഞാനായിരുന്നു. എല്ലാവരും എല്ലാം മറക്കുന്നു, മറവി അതാണ് മനുഷ്യന്‍.
മല്‍ബുവിന്റെ മനസ്സിലേക്ക് മദീനയിലെ കുളിരുകോരിയിട്ട ആ സന്ധ്യയും പുകച്ചുരുളുകളും ആഗതന്റെ രൂപവും ഇന്നലെ കഴിഞ്ഞതു പോലെ കടന്നെത്തി.
അന്നൊരു പെരുന്നാളായിരുന്നു.
തിരുനബിയുടെ പള്ളിക്ക് പുറത്ത് തണുപ്പിനെ അതിജീവിക്കാന്‍ ഒന്നിനു പിറകെ ഒന്നായി സിഗരറ്റ് പുകച്ചു കൊണ്ടിരിക്കെയാണ് ഇയാള്‍ പ്രത്യക്ഷപ്പെട്ട്, ഭക്ഷണം കഴിക്കാന്‍ അഞ്ച് റിയാല്‍ ആവശ്യപ്പെട്ടത്.
മുഖം തിരിച്ചപ്പോള്‍ ഒരു പായ്ക്കറ്റ് സിഗരറ്റിന്റെ വില മാത്രമല്ലേ മകനേ ചോദിച്ചുള്ളൂ. നീ എത്രയെത്ര സിഗരറ്റുകള്‍ പുകച്ചു തള്ളുന്നു.
ദിവസം അഞ്ച് പായ്ക്കറ്റ് സിഗരറ്റിലൂടെ 35 റിയാല്‍ പുകച്ചിരുന്ന കാലത്ത്
പിച്ചക്കാരന്റെ യുക്തി ബോധിച്ചതുകൊണ്ടൊന്നുമല്ല അയാള്‍ക്ക് അഞ്ച് റിയാല്‍ നല്‍കിയത്. പക്ഷേ, പോകുന്നതിനുമുമ്പ് അയാള്‍ വിശുദ്ധ പള്ളിക്കു നേരെ തിരിഞ്ഞുനിന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു.
കരുണാമയനായ നാഥാ, നന്മ വറ്റാത്ത ഈ മോനേയും ഇവന്റെ മാതാപിതാക്കളേയും നീ നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടണേ.
അശ്രദ്ധ അകലുകയും ആ പ്രാര്‍ഥനക്ക് ആമീന്‍ പറയുകയും ചെയ്തപ്പോള്‍ ഉറ്റിവീണ കണ്ണീരില്‍ അകത്തെ മാത്രമല്ല, പുറത്തേയും പുകച്ചുരുളുകള്‍ അണയുകയായിരുന്നു. അന്നുമുതല്‍ ഇന്നുവരെ മല്‍ബു സിഗരറ്റ് തൊട്ടിട്ടില്ല.
ഇതാ ഒരു കരിങ്കാലി
കരിങ്കാലിയാവാന്‍ മല്‍ബുവിന് അധികനാളുകള്‍ വേണ്ടിവന്നില്ല.
നാലാളറിഞ്ഞുകൊണ്ടു തന്നെയായിരുന്നു നാമകരണം. മെസ് ഹാളില്‍ ചിക്കന്‍
കടിച്ചുവലിച്ചു കൊണ്ടിരിക്കെ ആ കരിങ്കാലിയെ ആരെങ്കിലും കണ്ടോ എന്ന
കാരണവരുടെ ചോദ്യത്തില്‍നിന്ന് അത് ഉത്ഭവിച്ചു. എങ്കിലും ചിക്കന്‍ തീര്‍ന്ന്
കൈകഴുകി പല്ലില്‍ കുത്തി മടുക്കുന്നതുവരെ ചര്‍ച്ച തുടര്‍ന്നു. എല്ലാവരും
സജീവമായി പങ്കെടുത്തു. കരിങ്കാലി വേണോ കുലംകുത്തിവേണോ എന്ന ചര്‍ച്ചയില്‍
ആദ്യത്തെ പേരിനാണ് മുന്‍തൂക്കം ലഭിച്ചത്. കരിങ്കാലിയോളം പഴക്കമുള്ള ഒരു
വാക്കല്ല കുലംകുത്തി. അതുകൊണ്ടുതന്നെ അതു പുറന്തള്ളപ്പെടുക സ്വാഭാവികം.
എല്ലാ പ്രവാസികളേയും പോലെ തന്നെ, ടെന്‍ഷനടിച്ച് കഷണ്ടി കയറി അവസാനം
വെപ്പുമുടിയില്‍ അഭയം തേടിയ ഒരു സാധാരണ മല്‍ബു. കണ്ടാല്‍ ഇവനെയാണോ
കരിങ്കാലീന്നു വിളിക്കുന്നത് എന്നു തോന്നിപ്പോകും. അല്ലെങ്കിലും കരിങ്കാലി
ഒരു കാഴ്ചയല്ല, മനോഭാവമാണ്.
സമരത്തില്‍ ചേരാത്തവരെയാണ് സാധാരണ കരിങ്കാലിയെന്നു വിളിക്കാറുള്ളതെങ്കിലും കൂട്ടുസംരംഭങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ പൊതുവെ അങ്ങനെ വിളിക്കുന്നതില്‍ തെറ്റില്ല. അതുവെച്ചുനോക്കുമ്പോള്‍ മല്‍ബു ആ പേരിന് അര്‍ഹനായതില്‍ അതിശയോക്തിയുമില്ല.
നോമ്പുകാലമായതിനാല്‍ ഫുഡിന്റെ കാര്യത്തില്‍ ഒരുതരത്തിലുള്ള പിശുക്കും പാടില്ലെന്ന് തത്ത്വത്തില്‍ തീരുമാനിച്ചപ്പോഴാണ് ഒരു മാസം മുമ്പ് മെസ് മെംബര്‍ഷിപ്പെടുത്ത മല്‍ബു കാലുമാറിയത്. നോമ്പിന് എനിക്കു മെസ് വേണ്ട എന്നു പറഞ്ഞപ്പോള്‍ കാരണവരുടെ പതിവുശൈലിയായിരുന്നെങ്കില്‍ ഒന്നുവെച്ചു കൊടുക്കുകയാണ് വേണ്ടിയിരുന്നത്. എന്തോ ടിയാന്‍ ക്ഷമിച്ചു.
നാലു ഭാഗത്തുമുള്ള പള്ളികളിലെ നോമ്പുതുറ വിഭവങ്ങളുടെ പ്രലോഭനമാണ് മല്‍ബുവിന്റെ വേലത്തരത്തിനു പിന്നിലെന്ന മുറുമുറുപ്പ് ശരിവെക്കുന്ന തരത്തിലായിരുന്നു മല്‍ബുവിന്റെ ഒരു പ്രസ്താവന.
നോമ്പുതുറ മാത്രമേ ഒഴിവാക്കുന്നുള്ളൂ. അത്താഴം കഴിച്ചോളാം-. മല്‍ബു ഇതു പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ ക്ഷുഭിതരായിരുന്നുവെങ്കിലും തല്‍ക്കാലം അടങ്ങി. അത്താഴം മെസ്സില്‍ തുടരാന്‍ അനുവദിച്ചത് കരിങ്കാലിയോടുള്ള ഔദാര്യമല്ല. ഒരു മെസ് നടത്തിക്കൊണ്ടുപോകണമെങ്കില്‍ ഇങ്ങനെ ചില വിട്ടുവീഴ്ചകളൊക്കെ വേണ്ടിവരുമെന്ന് കാരണവര്‍ മറ്റുള്ളവര്‍ക്ക് വിദ്യാഭ്യാസം നല്‍കി. വര്‍ഷങ്ങളായി പരിചയമുള്ള കൂട്ടുകാരെ ഒഴിവാക്കാനാവില്ലെന്നും അവര്‍ ഇഫ്താറിനായി തന്നെ കാത്തിരിക്കുമെന്നും ആയിരുന്നു മല്‍ബുവിന്റെ മറുപടി.
പള്ളികളിലെ ഇഫ്താര്‍ ഒരു അഭിമാനപ്രശ്‌നമായി കാണേണ്ട കാര്യമൊന്നുമല്ല. റമദാനില്‍ മാത്രമല്ല, എപ്പോഴും നോമ്പ് നോല്‍ക്കാന്‍ നിര്‍ബന്ധിതരായ പാവങ്ങള്‍ക്കു വേണ്ടിയുള്ളതല്ല ഇക്കാലത്തെ ഇഫ്താറുകള്‍. ദരിദ്രരെ ഒഴിവാക്കി എല്ലാ നാളുകളിലും മൂക്കറ്റം തിന്നുന്നവരെ ഉള്‍പ്പെടുത്തിയ തീറ്റമേളകള്‍ മാത്രമാണ് എവിടേയും ഇഫ്താര്‍. അതുകൊണ്ടുതന്നെ പള്ളിയില്‍ പോയി നോമ്പു തുറക്കുന്നവരെ ആക്ഷേപിക്കേണ്ട ഒരു കാര്യവുമില്ല.
എന്നാല്‍ തങ്ങള്‍ കരിങ്കാലിയെന്നു വിളിച്ച് ആക്ഷേപിച്ച മല്‍ബു യഥാര്‍ഥത്തില്‍ ആ പേരിനു അര്‍ഹനല്ലെന്ന് അന്തേവാസികള്‍ തിരിച്ചറിഞ്ഞ ഒരു സംഭവമുണ്ടായി.
മെസ് കാരണവര്‍ തന്നെയാണ് അതു കണ്ടെത്തിയത്.
ഫ്‌ളാറ്റില്‍ വെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് മെസ് പ്രവര്‍ത്തിക്കാത്ത ഒരു ദിവസം കാരണവര്‍ നോമ്പ് തുറക്കാനായി പള്ളിയിലെത്തി. നാലാളു കാണരുതെന്ന് നിര്‍ബന്ധമുള്ളതിനാല്‍ കുറച്ചുദൂരെയുള്ള പള്ളിയാണ് തെരഞ്ഞെടുത്തത്. പള്ളിക്കു പുറത്ത് വിഭവങ്ങള്‍ക്കു മുന്നില്‍ നിരന്നിരിക്കുന്നവരുടെ ഇടയില്‍ അതാ കരിങ്കാലി.
ഈ പഹയന്‍ ഇവിടെയാണോ എന്നു ചിന്തിക്കുന്നതിനു മുമ്പ് തൊട്ടടുത്ത് ഇരിപ്പിടമൊരുക്കി കരിങ്കാലി മലര്‍ക്കെ ചിരിച്ചു.
നിരത്തിവെച്ച വിഭവങ്ങളുടെ കൂട്ടത്തില്‍ കരിങ്കാലിയുടെ മുന്നില്‍ പ്രത്യേകമായി ഒരു പാക്കറ്റ് ഖുബ്‌സും തൈരും. കാരണവര്‍ അതിലേക്ക് തുറിച്ച് നോക്കുന്നതു കണ്ടപ്പോള്‍ കരിങ്കാലി പറഞ്ഞു.
ഇവിടെ ഇഷ്ടം പോലെ ജ്യൂസും ചോറുമൊക്കെ ഉണ്ടെങ്കിലും ഈ ഖുബ്‌സും തൈരുമാണ് എന്റെ ഇഫ്താര്‍. ഒരു റിയാല്‍ കൊടുത്ത് ഖുബ്‌സ് വാങ്ങിയാല്‍ നാലാള്‍ക്ക് കൊടുക്കുകയും ചെയ്യാം.
അവിടെയും നിന്നില്ല കരിങ്കാലി മല്‍ബുവിന്റെ കൃത്യങ്ങള്‍. നോമ്പ് തുറക്കാന്‍ ഒന്നും കിട്ടാതെ ദൂരെ മാറിനിന്ന രണ്ട് സ്ത്രീകള്‍ക്ക് ഈത്തപ്പഴവും ജ്യൂസും തരപ്പെടുത്തി കൊടുത്തു. വീണ്ടും വന്നിരുന്നപ്പോള്‍ കാരണവര്‍ ചോദിച്ചു.
എവിടെ നോമ്പ് തുറക്കാന്‍ കൂട്ടിനുണ്ടാകുമെന്നു പറഞ്ഞ കൂട്ടുകാര്‍ ?
അവരൊക്കെ പലയിടത്തായി കാത്തിരിപ്പുണ്ടാവും. പാന്റ്‌സിന്റെ പോക്കറ്റില്‍നിന്ന് ഒരു വലിയ സഞ്ചി പുറത്തെടുത്തു കൊണ്ട് മല്‍ബു പറഞ്ഞു.
അപ്പോള്‍ ഇതായിരിക്കും പഹയന്റെ പരിപാടി. തൊട്ടു മുന്നില്‍ ജ്യൂസും ഈത്തപ്പഴവും വെള്ളവുമൊക്കെ ഒരാള്‍ സഞ്ചിയില്‍ നിറക്കുന്നതു നോക്കി കാരണവര്‍ ആലോചിച്ചു. സഞ്ചിയില്‍ നിറച്ചു കൊണ്ടുപോയി കൂട്ടുകാരോടൊപ്പം ലാവിഷ് ആക്കാമല്ലോ.
എന്താ ഒന്നും എടുക്കുന്നില്ലേ?
അതു പിന്നെ എല്ലാവരും തിന്നു കഴിഞ്ഞിട്ട് എടുത്താല്‍ മതി.
നോമ്പു തുറന്ന് ആളുകള്‍ എഴുന്നേറ്റപ്പോള്‍ കരിങ്കാലി പണി തുടങ്ങി. കടിച്ചുവലിച്ച ഇറച്ചിയില്‍ അവശേഷിച്ച എല്ലുകള്‍ മുഴുവന്‍ സഞ്ചിയിലാക്കി ഭദ്രമായി ഒരു സ്ഥലത്തു വെച്ചു.
കൂട്ടുകാര്‍ക്ക് ഇന്ന് നല്ലോണം കോളുണ്ട്- മല്‍ബു പറഞ്ഞുതീരുന്നതിനുമുമ്പേ ആകാശത്തുനിന്ന് പൊട്ടിവീണതുപോലെ വെളുത്ത ഉടലും കരിങ്കാലുകളുമുള്ള ഒരു പൂച്ച അവിടെ പ്രത്യക്ഷപ്പെടുകയും കാരണവരെ മൈന്റ് ചെയ്യാതെ നേരെ ഓടി മല്‍ബുവിന്റെ അടുത്തെത്തി കാലിലിരുമ്മി മുരളുകയും ചെയ്തു.
സമരത്തില്‍ ചേരാത്തവരെയാണ് സാധാരണ കരിങ്കാലിയെന്നു വിളിക്കാറുള്ളതെങ്കിലും കൂട്ടുസംരംഭങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ പൊതുവെ അങ്ങനെ വിളിക്കുന്നതില്‍ തെറ്റില്ല. അതുവെച്ചുനോക്കുമ്പോള്‍ മല്‍ബു ആ പേരിന് അര്‍ഹനായതില്‍ അതിശയോക്തിയുമില്ല.
നോമ്പുകാലമായതിനാല്‍ ഫുഡിന്റെ കാര്യത്തില്‍ ഒരുതരത്തിലുള്ള പിശുക്കും പാടില്ലെന്ന് തത്ത്വത്തില്‍ തീരുമാനിച്ചപ്പോഴാണ് ഒരു മാസം മുമ്പ് മെസ് മെംബര്‍ഷിപ്പെടുത്ത മല്‍ബു കാലുമാറിയത്. നോമ്പിന് എനിക്കു മെസ് വേണ്ട എന്നു പറഞ്ഞപ്പോള്‍ കാരണവരുടെ പതിവുശൈലിയായിരുന്നെങ്കില്‍ ഒന്നുവെച്ചു കൊടുക്കുകയാണ് വേണ്ടിയിരുന്നത്. എന്തോ ടിയാന്‍ ക്ഷമിച്ചു.
നാലു ഭാഗത്തുമുള്ള പള്ളികളിലെ നോമ്പുതുറ വിഭവങ്ങളുടെ പ്രലോഭനമാണ് മല്‍ബുവിന്റെ വേലത്തരത്തിനു പിന്നിലെന്ന മുറുമുറുപ്പ് ശരിവെക്കുന്ന തരത്തിലായിരുന്നു മല്‍ബുവിന്റെ ഒരു പ്രസ്താവന.
നോമ്പുതുറ മാത്രമേ ഒഴിവാക്കുന്നുള്ളൂ. അത്താഴം കഴിച്ചോളാം-. മല്‍ബു ഇതു പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ ക്ഷുഭിതരായിരുന്നുവെങ്കിലും തല്‍ക്കാലം അടങ്ങി. അത്താഴം മെസ്സില്‍ തുടരാന്‍ അനുവദിച്ചത് കരിങ്കാലിയോടുള്ള ഔദാര്യമല്ല. ഒരു മെസ് നടത്തിക്കൊണ്ടുപോകണമെങ്കില്‍ ഇങ്ങനെ ചില വിട്ടുവീഴ്ചകളൊക്കെ വേണ്ടിവരുമെന്ന് കാരണവര്‍ മറ്റുള്ളവര്‍ക്ക് വിദ്യാഭ്യാസം നല്‍കി. വര്‍ഷങ്ങളായി പരിചയമുള്ള കൂട്ടുകാരെ ഒഴിവാക്കാനാവില്ലെന്നും അവര്‍ ഇഫ്താറിനായി തന്നെ കാത്തിരിക്കുമെന്നും ആയിരുന്നു മല്‍ബുവിന്റെ മറുപടി.
പള്ളികളിലെ ഇഫ്താര്‍ ഒരു അഭിമാനപ്രശ്‌നമായി കാണേണ്ട കാര്യമൊന്നുമല്ല. റമദാനില്‍ മാത്രമല്ല, എപ്പോഴും നോമ്പ് നോല്‍ക്കാന്‍ നിര്‍ബന്ധിതരായ പാവങ്ങള്‍ക്കു വേണ്ടിയുള്ളതല്ല ഇക്കാലത്തെ ഇഫ്താറുകള്‍. ദരിദ്രരെ ഒഴിവാക്കി എല്ലാ നാളുകളിലും മൂക്കറ്റം തിന്നുന്നവരെ ഉള്‍പ്പെടുത്തിയ തീറ്റമേളകള്‍ മാത്രമാണ് എവിടേയും ഇഫ്താര്‍. അതുകൊണ്ടുതന്നെ പള്ളിയില്‍ പോയി നോമ്പു തുറക്കുന്നവരെ ആക്ഷേപിക്കേണ്ട ഒരു കാര്യവുമില്ല.
എന്നാല്‍ തങ്ങള്‍ കരിങ്കാലിയെന്നു വിളിച്ച് ആക്ഷേപിച്ച മല്‍ബു യഥാര്‍ഥത്തില്‍ ആ പേരിനു അര്‍ഹനല്ലെന്ന് അന്തേവാസികള്‍ തിരിച്ചറിഞ്ഞ ഒരു സംഭവമുണ്ടായി.
മെസ് കാരണവര്‍ തന്നെയാണ് അതു കണ്ടെത്തിയത്.
ഫ്‌ളാറ്റില്‍ വെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് മെസ് പ്രവര്‍ത്തിക്കാത്ത ഒരു ദിവസം കാരണവര്‍ നോമ്പ് തുറക്കാനായി പള്ളിയിലെത്തി. നാലാളു കാണരുതെന്ന് നിര്‍ബന്ധമുള്ളതിനാല്‍ കുറച്ചുദൂരെയുള്ള പള്ളിയാണ് തെരഞ്ഞെടുത്തത്. പള്ളിക്കു പുറത്ത് വിഭവങ്ങള്‍ക്കു മുന്നില്‍ നിരന്നിരിക്കുന്നവരുടെ ഇടയില്‍ അതാ കരിങ്കാലി.
ഈ പഹയന്‍ ഇവിടെയാണോ എന്നു ചിന്തിക്കുന്നതിനു മുമ്പ് തൊട്ടടുത്ത് ഇരിപ്പിടമൊരുക്കി കരിങ്കാലി മലര്‍ക്കെ ചിരിച്ചു.
നിരത്തിവെച്ച വിഭവങ്ങളുടെ കൂട്ടത്തില്‍ കരിങ്കാലിയുടെ മുന്നില്‍ പ്രത്യേകമായി ഒരു പാക്കറ്റ് ഖുബ്‌സും തൈരും. കാരണവര്‍ അതിലേക്ക് തുറിച്ച് നോക്കുന്നതു കണ്ടപ്പോള്‍ കരിങ്കാലി പറഞ്ഞു.
ഇവിടെ ഇഷ്ടം പോലെ ജ്യൂസും ചോറുമൊക്കെ ഉണ്ടെങ്കിലും ഈ ഖുബ്‌സും തൈരുമാണ് എന്റെ ഇഫ്താര്‍. ഒരു റിയാല്‍ കൊടുത്ത് ഖുബ്‌സ് വാങ്ങിയാല്‍ നാലാള്‍ക്ക് കൊടുക്കുകയും ചെയ്യാം.
അവിടെയും നിന്നില്ല കരിങ്കാലി മല്‍ബുവിന്റെ കൃത്യങ്ങള്‍. നോമ്പ് തുറക്കാന്‍ ഒന്നും കിട്ടാതെ ദൂരെ മാറിനിന്ന രണ്ട് സ്ത്രീകള്‍ക്ക് ഈത്തപ്പഴവും ജ്യൂസും തരപ്പെടുത്തി കൊടുത്തു. വീണ്ടും വന്നിരുന്നപ്പോള്‍ കാരണവര്‍ ചോദിച്ചു.
എവിടെ നോമ്പ് തുറക്കാന്‍ കൂട്ടിനുണ്ടാകുമെന്നു പറഞ്ഞ കൂട്ടുകാര്‍ ?
അവരൊക്കെ പലയിടത്തായി കാത്തിരിപ്പുണ്ടാവും. പാന്റ്‌സിന്റെ പോക്കറ്റില്‍നിന്ന് ഒരു വലിയ സഞ്ചി പുറത്തെടുത്തു കൊണ്ട് മല്‍ബു പറഞ്ഞു.
അപ്പോള്‍ ഇതായിരിക്കും പഹയന്റെ പരിപാടി. തൊട്ടു മുന്നില്‍ ജ്യൂസും ഈത്തപ്പഴവും വെള്ളവുമൊക്കെ ഒരാള്‍ സഞ്ചിയില്‍ നിറക്കുന്നതു നോക്കി കാരണവര്‍ ആലോചിച്ചു. സഞ്ചിയില്‍ നിറച്ചു കൊണ്ടുപോയി കൂട്ടുകാരോടൊപ്പം ലാവിഷ് ആക്കാമല്ലോ.
എന്താ ഒന്നും എടുക്കുന്നില്ലേ?
അതു പിന്നെ എല്ലാവരും തിന്നു കഴിഞ്ഞിട്ട് എടുത്താല്‍ മതി.
നോമ്പു തുറന്ന് ആളുകള്‍ എഴുന്നേറ്റപ്പോള്‍ കരിങ്കാലി പണി തുടങ്ങി. കടിച്ചുവലിച്ച ഇറച്ചിയില്‍ അവശേഷിച്ച എല്ലുകള്‍ മുഴുവന്‍ സഞ്ചിയിലാക്കി ഭദ്രമായി ഒരു സ്ഥലത്തു വെച്ചു.
കൂട്ടുകാര്‍ക്ക് ഇന്ന് നല്ലോണം കോളുണ്ട്- മല്‍ബു പറഞ്ഞുതീരുന്നതിനുമുമ്പേ ആകാശത്തുനിന്ന് പൊട്ടിവീണതുപോലെ വെളുത്ത ഉടലും കരിങ്കാലുകളുമുള്ള ഒരു പൂച്ച അവിടെ പ്രത്യക്ഷപ്പെടുകയും കാരണവരെ മൈന്റ് ചെയ്യാതെ നേരെ ഓടി മല്‍ബുവിന്റെ അടുത്തെത്തി കാലിലിരുമ്മി മുരളുകയും ചെയ്തു.
August 4, 2012
രക്തവര്‍ണമുള്ള കോഴിമുട്ട
അര്‍ധരാത്രിയായിട്ടും തലവേദനക്ക് ഒട്ടും ശമനമില്ല. ഡോക്ടര്‍ പറഞ്ഞതിനേക്കാളും ഒരു ഗുളിക അധികം കഴിച്ചിട്ടും കൂടുന്നതല്ലാതെ കുറയുന്നില്ല. മല്‍ബു തിരിഞ്ഞും മറിഞ്ഞും കിടന്നു. ഗുളികകളൊക്കെ ഡ്യൂപ്ലിക്കേറ്റാണെന്ന് കഴിഞ്ഞ ദിവസം ആരോ പറഞ്ഞിരുന്നു. നല്ല ക്ഷീണവുമുണ്ട്. ഇങ്ങനെ ഉറങ്ങാതിരുന്നാല്‍ നാളെ രാവിലെ എങ്ങനെ ഓഫീസില്‍ പോകുമെന്ന ചിന്ത കൂടിയായി. ആകെ കട്ടപ്പൊക.
അഭിമുഖമുള്ള കട്ടിലില്‍ ആരുമില്ല. ഇന്നലെയാണ് അതിലെ അന്തേവാസി മുറി മാറിപ്പോയത്. ഒരാള്‍ ഇല്ലാത്തതിന്റെ വിഷമം കൂടി അറിയുകയായിരുന്നു മല്‍ബു. എന്തൊക്കെ പറഞ്ഞാലും ഒരാള്‍ മിണ്ടാനും പറയാനും ഉണ്ടാവുകയെന്നു പറഞ്ഞാല്‍ അതിനൊരു സുഖം വേറെ തന്നെയാണ്.
തനിച്ച് താമസിക്കരുതെന്ന് നാട്ടില്‍ വിളിക്കുമ്പോഴൊക്കെ മല്‍ബി പറയും. തലവേദനയെന്നു പറഞ്ഞതില്‍ പിന്നെ മിസ്ഡ് കോള്‍ നിലച്ചിട്ടില്ല.
മല്‍ബിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഡോക്ടറെ കാണാന്‍ പോയതുതന്നെ. പ്രവാസ ജീവിതത്തില്‍ തലവേദന സാധാരണമാണെന്ന പക്ഷക്കാരനായിരുന്നു മല്‍ബു. തലവേദന വരും പോകും. പ്രവാസം മുന്നോട്ടു പോകാതെ നിവൃത്തിയില്ലല്ലോ.
മുറി പങ്കിടുന്നയാളെ പറഞ്ഞുവിട്ടത് മല്‍ബിക്ക് ഒട്ടു ഇഷ്ടപ്പെട്ടിട്ടില്ല. മുഷിഞ്ഞാണ് അയാള്‍ പോയതെങ്കിലും പറഞ്ഞുവിടാതെ നിവൃത്തി ഇല്ലായിരുന്നു. ആരെയെങ്കിലും ഒരാളെ കൂട്ടിനു കണ്ടുപിടിക്കുമെന്ന് ഉറപ്പു നല്‍കിയ ശേഷമാണ് അവസാനം മല്‍ബി ഫോണ്‍ വെച്ചത്.
കിച്ചണില്‍ പോയി ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളം കുടിച്ച് മല്‍ബു കിടപ്പുമുറിയില്‍ എത്തിയപ്പോഴേക്കും ട്യൂബ് ലൈറ്റ് അണഞ്ഞു. മുറിക്കു പുറത്ത് ബള്‍ബ് കത്തുന്നുണ്ടെങ്കിലും അകത്ത് വെളിച്ചമെത്തുന്നില്ല. കറന്റ് പോയതാകുമെന്നാണ് ആദ്യം കരുതിയത്. കൊടുംചൂടില്‍ ഇതിപ്പോ കറന്റ് പോക്ക് നാട്ടിലെ പോലെ ഇവിടെയും പതിവായിട്ടുണ്ട്. പോയാല്‍ മൂന്നൂം നാലും മണിക്കൂറാകും ചിലപ്പോള്‍ തിരിച്ചുവരാന്‍. ഇന്നലെ കറന്റിനു കാത്തിരിക്കുമ്പോള്‍ ബില്‍ഡിംഗ് ഉടമ ചോദിച്ചു. ഇന്ത്യയില്‍ കറന്റ് മിയ മിയ ആണല്ലോ എന്ന്. നാട്ടിലെ കഥയൊന്നും വിശദീകരിക്കാന്‍ പോയില്ല. ഹിന്ദിയെന്നു കേള്‍ക്കുമ്പോള്‍ നമ്മെക്കാളും അഭിമാനപൂരിതമാകുന്ന ടിയാന്റെ അന്തരംഗം എന്തിനു കേടുവരുത്തണം. ചാര്‍ജ് വര്‍ധനയും പവര്‍കട്ടുമൊക്കെ നമ്മള്‍ അനുഭവിച്ചാല്‍ മതിയല്ലോ?
മൊബൈല്‍ തപ്പിയെടുത്ത് ഇരുന്നത് അന്തേവാസി ഒഴിഞ്ഞുപോയ കട്ടിലിലായിരുന്നു. മൊബൈലില്‍നിന്നുള്ള അരണ്ട വെളിച്ചം മാത്രമേയുള്ളൂ.
അപ്പോഴാണ് അതു കണ്ടത്. തന്റെ കട്ടിലിനടിയില്‍ രക്തവര്‍ണമുള്ള ഒരു കോഴിമുട്ട. തൊട്ടടുത്ത് തന്നെ ഒരു ചുകപ്പ് ശീലയും. കട്ടിലിനടിയില്‍ ഈ കോഴിമുട്ട എങ്ങനെ വന്നു? ഒരു മാസമായി ഫ്‌ളാറ്റിലേക്ക് മുട്ട വാങ്ങിയിട്ടില്ല. ആലോചിക്കുംതോറും ഭയം ഇരട്ടിച്ചു.
അതു അതുപോലെ തന്നെ കിടക്കട്ടെ, പ്രതിക്രിയ ചെയ്യാതെ തൊടണ്ട, പറ്റുമെങ്കില്‍ അടുത്ത മുറിയില്‍ പോയി കിടന്നോളൂ-കട്ടിലിനടിയിലെ അത്ഭുതം അറിയിച്ചപ്പോള്‍ കൂട്ടുകാരനും ക്രിയാപ്രതിക്രിയകളില്‍ നല്ലപിടിപാടുമുള്ള ഉസ്താദ് ഉപദേശിച്ചു.
ഇതേ കാര്യം മല്‍ബിയോട് പറഞ്ഞതാകട്ടെ, തലവേദനയുടെ ഗുട്ടന്‍സ് പിടികിട്ടിയെന്നായിരുന്നു. മുറിയില്‍നിന്ന് പുറത്താക്കിയവന്‍ ചെയ്തിട്ടുപോയി എന്നു പറഞ്ഞപ്പോള്‍ എന്‍ജിനീയറായ മല്‍ബിക്ക് ചിരിയാണ് വന്നത്. കോഴിമുട്ടയും ചെയ്യലുമൊക്കെ നാട്ടിലല്ലേ? അന്ധവിശ്വാസങ്ങളില്ലാത്ത നാട്ടില്‍ അതൊക്കെ നടക്കുമോ? മല്‍ബി അത്ഭുതം കൂറിയപ്പോള്‍ നിന്റെ ഒരു എന്‍ജിനീയറിംഗ് എന്നു പറഞ്ഞാണ് മല്‍ബു ഫോണ്‍ കട്ടാക്കിയത്.
മല്‍ബിയേക്കാളും ദൈവത്തേക്കാളും വിശ്വാസമാണ് മല്‍ബുവിന് കൂട്ടുകാരനായ ഉസ്താദിനെ. വേറെ ആര് എന്തു പറഞ്ഞാലും ഉസ്താദിനോളമെത്തില്ല. അപ്പറയുന്നതൊന്നും കേള്‍ക്കാന്‍ പോലും മെനക്കെടാത്ത മല്‍ബു ബെഡ്ഷീറ്റും ബ്ലാങ്കറ്റുമെടുത്ത് അടുത്ത മുറിയിലേക്ക് ചാടിക്കയറി. വെപ്രളത്തോടെ അവിടെയുള്ളവരോട് കാര്യം പറഞ്ഞു. ആരും മുറിയിലേക്ക് പോകരുതെന്നും പ്രതിക്രിയ ആവശ്യമാണെന്നും.
രക്തനിറമുള്ള മുട്ടയെന്ന് കേട്ടപ്പോള്‍ ധീരനായ അയമു മല്‍ബുവിന് നില്‍പുറച്ചില്ല. പതുങ്ങിപ്പോയി കട്ടിലിനടിയില്‍ നൂണ് മുട്ടയില്‍ തൊട്ടപ്പോള്‍ ഒട്ടും ഞെട്ടിയില്ല അതൊരു വ്യാജമുട്ടയായിരുന്നു. പ്ലാസ്റ്റിക്ക്. ശീലകൊണ്ടുള്ള ഒരു മൊബൈല്‍ കവറായിരുന്നു തൊട്ടടുത്ത്. അതിന്റെ ചുകപ്പ് നിറം പ്രതിഫലിച്ചപ്പോഴാണ് അരണ്ട വെളിച്ചത്തില്‍ രക്തനിറമുള്ള കോഴിമുട്ടയായി മാറിയത്.
മുറി മാറിപ്പോയ വിദ്വാന്‍ തന്നെയായിരുന്നു മുട്ട വെച്ചത്. അതുപക്ഷേ താമസം മാറുന്ന തിരക്കില്‍ ഉള്ള സാധനങ്ങളൊക്കെ പെറുക്കിക്കെട്ടുമ്പോള്‍ ഉരുണ്ടു പോയതാണെന്നു മാത്രം. ഒരു ദിവസം അയാള്‍ മണമുള്ള അഞ്ചാറ് പ്ലാസ്റ്റിക്ക് കോഴിമുട്ടകള്‍ കൊണ്ടുവന്നതും മണപ്പിക്കാന്‍ കൊടുത്തതും അയമുവിന് ഓര്‍മവന്നു.
ഇതൊക്ക ആയപ്പോള്‍ മല്‍ബുവും ചിരിച്ചെങ്കിലും പ്രതിക്രിയാ മനസ്സില്‍നിന്ന് മോചിതനാകാത്ത ഒരുതരം ചിരിയായിരുന്നു അത്.
ഓട്‌സിനു പോയി ഷാംപുവായി
പാലു വാങ്ങാന്‍ പോയി ആടായി എന്നു വടക്കന്‍ മല്‍ബുകള്‍ പറയുന്നതു പോലെയല്ല ഇത്. പാലിനു പോയയാള്‍ മടങ്ങിയെത്താന്‍ വൈകിയതിലുള്ള നീരസമാണ് അവന്‍ അവിടത്തന്നെ ആയി എന്ന ആടായി പ്രയോഗം.
ഇവിടെ ഓട്‌സ് വാങ്ങാന്‍ പോയ മല്‍ബു ഷാംപുവുമായി മടങ്ങിയ ദുരന്തകഥയുടെ വിവരണമാണ്.
ദുരന്തമെന്നു തന്നെ പറയാം. കാരണം നോമ്പു കാലമായതു കൊണ്ടു മാത്രമാണ് മല്‍ബിയുടെ പഴിയില്‍നിന്നു രക്ഷപ്പെട്ടത്. അത്യാവശ്യം വേണ്ട സാധനത്തിനു പകരം ഒട്ടും ആവശ്യമില്ലാത്ത സാധനം ഒരു ഡസന്‍ വാങ്ങി വന്നാല്‍ ഉപഭോക്തൃശാസ്ത്രത്തില്‍ ഒട്ടും വിവരമില്ലാത്ത മല്‍ബി പോലും വെറുതെ വിടില്ല.
ഓ അതങ്ങു വാങ്ങി. അതിനിപ്പോ കൊല്ലുകയൊന്നുമില്ലല്ലോ? എന്ന് മല്‍ബു ആശ്വസിച്ചതു പോലെ കലഹമൊന്നുമുണ്ടായില്ല.
നോമ്പുകാലത്ത് താളിപ്പു പോലെ പ്രധാനമാണ് ഓട്‌സും. താളിപ്പു മലപ്പുറത്തുകാര്‍ക്കല്ലേ പ്രധാനമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതു വെറുമൊരു തര്‍ക്ക വിഷയം മാത്രമാണ്. തര്‍ക്കവിതര്‍ക്കങ്ങള്‍ ഒട്ടും പാടില്ല വ്രതമാസത്തില്‍. ഹോട്ടലുകളിലും അതുപോലെ ബാച്ചിലേഴ്‌സ് കൂട്ടമായി താമസിക്കുന്ന മല്‍ബുമെസ്സുകളിലും അനിവാര്യ വിഭവമാണ് ആരോഗ്യത്തിനു ഒരു തരത്തിലുമുള്ള ഭീഷണിയുമുണ്ടാക്കാത്ത താളിപ്പ്. വ്രതം ആരംഭിക്കുന്നതനു മുമ്പുള്ള അത്താഴത്തോടൊപ്പം വയറിനു സുഖമേകുന്ന എരിവും പുളിയുമില്ലാത്ത മിശ്രിതം.
താളിപ്പു വിരുദ്ധര്‍ എത്ര ഉണ്ടായിട്ടും കാര്യമില്ല, മലപ്പുറത്തുകാരില്ലാത്ത മെസ്സ് കണ്ടെത്താനാവില്ല എന്നതാണ് എന്തുകൊണ്ട് അനിവാര്യമെന്ന ചോദ്യത്തിന്റെ ഉത്തരം.
താളിപ്പ് ഒരു ശുദ്ധ മല്‍ബു കൂട്ടാണെങ്കില്‍ ഓട്‌സ് ഒരു രാജ്യാന്തര സാധനമാണ്. അതുകൊണ്ടാണല്ലോ എല്ലാ വാണിജ്യ കേന്ദ്രങ്ങളിലും ഇത്രമാതം ഓട്‌സിറക്കി റമദാനെ വരവേല്‍ക്കുന്നത്. ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ ഓട്‌സിനുമുണ്ട് ചെറുതല്ലാത്ത സ്ഥാനം.
എന്നാല്‍ എന്തുകൊണ്ട് നമ്മുടെ താളിപ്പിന്റെ രസക്കൂട്ടായ കഞ്ഞിവെള്ളത്തിന്റെ വ്യാപാര സാധ്യത ഇനിയും മല്‍ബു കണ്ടെത്തിയില്ല എന്നത് ഒരു ചിന്താവിഷയമാണ്. വസ്ത്രങ്ങള്‍ മുക്കാന്‍ ആവശ്യമായ കഞ്ഞി കേരളത്തിലെ ഖാദിബോര്‍ഡടക്കം ധാരാളം കമ്പനികള്‍ വിപണിയിലിറക്കുന്നുണ്ട്. അതുപോലെ താളിപ്പില്‍ ചേര്‍ക്കാന്‍ സിന്തറ്റിക് സ്റ്റാര്‍ച്ച് അഥവാ രാസകഞ്ഞിക്കട്ട വരുന്ന കാലം അതിവിദൂരമല്ല.
കൃത്യമായ കണക്കുകൂട്ടലോടെയാണ് മല്‍ബുവിനെ ചെക്കന്‍ സഹിതം മല്‍ബി സൂപ്പര്‍ മാര്‍ക്കറ്റിലേക്കയച്ചത്. ഓട്‌സ് ഓഫറിനു പിന്നാലെ ആളുകള്‍ കൂടിയപ്പോള്‍ പതിവു പോലെ സൂപ്പര്‍മാര്‍ക്കറ്റുകാര്‍ നിയന്ത്രണം വെച്ചു. ഹോള്‍സെയില്‍ പര്‍ച്ചേസില്ല, ഒരാള്‍ക്ക് രണ്ടെണ്ണം മാത്രം. അതും ബില്‍ പേ ചെയ്യുമ്പോള്‍ കൗണ്ടറില്‍നിന്നു കിട്ടും. ചൈനീസ് മാതൃകയില്‍ ഒരാള്‍ക്ക് ഒന്നെന്ന വ്യവസ്ഥ വേറെ പല സാധനങ്ങള്‍ക്കുമുണ്ട്. സ്റ്റോക്ക് തീരുന്നതുവരെ എന്ന കണ്ടീഷന്‍ ഉള്ളതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും ഈ ഓഫര്‍ തനിയെ ഇല്ലാതാകാം.
സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയപ്പോള്‍ മല്‍ബുവല്ലേ കക്ഷി, എന്തെങ്കിലുമൊക്കെ വാങ്ങാതെ എങ്ങനെ കൗണ്ടറില്‍ പോയി ഓട്‌സ് ചോദിക്കുമെന്ന അഭിമാന പ്രശ്‌നം ഉയര്‍ന്നുവന്നു.
വേറെ സാധനങ്ങളൊന്നും വാങ്ങാന്‍ മല്‍ബി ഏല്‍പിച്ചിട്ടുമില്ല. എന്തെങ്കിലും ഓഫറുള്ള സാധാനം വാങ്ങാമെന്ന നിശ്ചയത്തില്‍ മല്‍ബു ഒരു കറക്കം കറങ്ങിയപ്പോള്‍ കണ്ടത് ചുളുവിലയിട്ടുവെച്ചിരിക്കുന്ന ഷാംപു. അധികമൊന്നും ചിന്തിക്കാതെ മല്‍ബുവും കൊച്ചനും അരഡസന്‍ വീതം വാങ്ങി കൗണ്ടറിലെത്തി. ബില്ലൊക്കെ അടിക്കുന്നതുവരെ അലസമായിനിന്നു. അതാണല്ലോ മല്‍ബു സ്‌റ്റൈല്‍, രണ്ട് ഓട്‌സിനായി വന്നതാണെന്ന് കൗണ്ടറിലിരിക്കുന്നയാള്‍ക്ക് തോന്നാന്‍ പാടില്ല.
രണ്ട് ഓട്‌സ് കൂടി തന്നേക്കൂ
കാഷ്യറുടെ മുഖത്തു നോക്കാതെ ആവശ്യപ്പെട്ടപ്പോഴാണ് അയാളുടെ വായില്‍നിന്നു പുറത്തുവന്നത്.
അയ്യോ തീര്‍ന്നു പോയല്ലോ?
ബില്ലടിച്ച ഷാംപു ഇനിയെങ്ങനെ തിരിച്ചു നല്‍കും. ഉപഭോക്താവാണ് രാജാവ് എന്നൊക്കെ പറയാന്‍ കൊള്ളാം. ആവശ്യമുണ്ടായിട്ട് വാങ്ങിയതല്ലെങ്കില്‍ പോലും അങ്ങനെ വാങ്ങിയ സാധനം മടക്കി നല്‍കുന്നത്് മല്‍ബുവിന്റെ സംസ്‌കാരത്തിനു നിരക്കുന്നതല്ലല്ലോ?
ഓട്‌സിനു പോയയാള്‍ കൈ നിറയെ ഷാംപുവുമായി മടങ്ങിയതു കണ്ട് മിഴിച്ചുനോക്കിയ മല്‍ബിയോട് വേണ്ടെങ്കില്‍ നാട്ടില്‍ കൊണ്ടു പോകാം ചുളുവിലയേയുള്ളൂ എന്നായിരുന്നു മറുപടി.
നാട്ടീന്നു കൊണ്ടുവന്ന താളിയും ചെറുപയര്‍പൊടിയുമൊക്കെ അതു പോലെ കിടക്കുമ്പോഴാണ് ഷാംപുവിന്റെ മൊത്തക്കച്ചവടം. നാട്ടില്‍ കൊണ്ടു പോകാമെന്നു പറഞ്ഞാലും തീരുന്നതല്ല പ്രശ്‌നം. ഓസിനു കിട്ടിയാല്‍ മല്‍ബു ആസിഡും കുടിക്കുമെന്ന പ്രമാണത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ നിവൃത്തിയില്ല.
ഈ ഷാംപുവുമായി നാട്ടില്‍ ചെന്നാല്‍ ഗള്‍ഫീന്നു കൊണ്ടുവന്നതല്ലേ എന്നു കരുതിപ്പോലും ആരും ഉപയോഗിക്കില്ല. കാരണം ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ന്നതെന്ന് മുദ്ര കൂത്തി ഇത് നാട്ടില്‍ എന്നോ നിരോധിച്ചിരിക്കുന്നു.
Subscribe to:
Posts (Atom)