Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

March 14, 2010

മല്‍ബൂ വിട്ടോടാ…. അഥവാ തോട്ടത്തിലേക്കുള്ള ക്ഷണം




ഐ.ഐ.ടിയില്‍ പോയി നേടിയ ബിരുദമൊന്നും ഇല്ലെങ്കിലും കമ്പ്യൂട്ടറില്‍ ഒരു കൈ നോക്കാമെന്ന പ്രതീക്ഷ മല്‍ബു കൈവിട്ടിരുന്നില്ല. കാരണം മല്‍ബുകളായ മുഹന്തിസുമാരെ കണ്ടാല്‍ അറബികള്‍ കൊത്തിക്കൊണ്ടു പോകുമെന്നാണ് കേള്‍വി. അതുകൊണ്ടുതന്നെ രാവും പകലുമില്ലാതെ, ഊണും ഉറക്കുമൊഴിഞ്ഞാണ് കമ്പ്യൂട്ടര്‍ പഠിച്ചത്.
ഇപ്പോള്‍ ഏതു കമ്പ്യൂട്ടറും ഏതു പ്രോഗ്രാമും വഴങ്ങും. ഏതു ലാപ്‌ടോപ്പും നന്നാക്കിക്കൊടുക്കാന്‍ മിനിറ്റുകള്‍ മതി. മുഹന്തിസുമാരുടെ സുപ്രധാന യോഗ്യതയായ സ്‌മോക്കിംഗും പഠിച്ചു. പേരുകേട്ട് തെറ്റിദ്ധരിക്കേണ്ട. ഇത് മൈക്രോസോഫ്റ്റിന്റെ ഗള്‍ഫ് കോണ്‍സെന്‍ട്രേറ്റഡ് കോഴ്‌സൊന്നുമല്ല. സാക്ഷാല്‍ സ്‌മോക്കിംഗ് തന്നെ. മല്‍ബുവിന്റെ സ്വന്തം ഭാഷയില്‍ പുകക്കുക എന്നര്‍ഥം.
ഇടക്കിടെ ഒന്നു പുകച്ചാലേ മുഹന്തിസാകൂ എന്നത് മല്‍ബുവിന് ഇവിടെനിന്നു കിട്ടിയ ജ്ഞാനമാണ്. വിജ്ഞാനം എവിടെ കണ്ടാലും അതു സ്വായത്തമാക്കണമെന്നാണല്ലോ? ഒരിക്കല്‍ ഒരു അറബി ചോദിച്ചതാണ്- പുകവലിക്കാത്ത മുഹന്തിസോ? അപ്പാഴാണ് മുഹന്തിസുമാര്‍ക്ക് ചിന്താശക്തി വേണമെന്നും അതുണ്ടാകണമെങ്കില്‍ ഇടക്കിടെ പുക കയറിക്കൊണ്ടിരിക്കണമെന്നും മനസ്സിലാക്കാനായത്. ഒരു കാര്യം മനസ്സിലായാല്‍ പിന്നെ അത് ഉള്‍ക്കൊള്ളാനും സ്വന്തമാക്കാനും മല്‍ബു കഴിഞ്ഞേ മറ്റൊരാളുള്ളൂ.
എന്തുകൊണ്ടാണ് മല്‍ബുകളെ അറബികള്‍ക്ക് ഇത്രമാത്രം ഇഷ്ടമാകാന്‍ കാരണമെന്ന് നാട്ടില്‍നിന്നുതന്നെ പഠിച്ചിട്ടുണ്ട്. കേട്ടുകേള്‍വിയൊന്നുമല്ല. അനുഭവം തന്നെ. അയലത്തെ അയമു ഇക്കണ്ടതൊക്കെ ഉണ്ടാക്കിയത് അറബിയുടെ പിരിശം കൊണ്ടാണെന്നത് നാട്ടില്‍ പാട്ടാണ്. അറബിയുടെ പിരിശം എന്ന പേരില്‍ ഒരു ജോലിയോ തസ്തികയോ ഉണ്ടോ എന്നുപോലും സംശയിക്കാം.
അതെന്തായാലും അയമുവാണ് ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്്. ഗള്‍ഫിലുള്ള ബാപ്പയോട് പില തവണ ചോദിച്ചതായിരുന്നു. എന്തു പഠിച്ചാലാണ് അവിടെ അവസരം? ബാപ്പ മറുപടിയൊന്നും നല്‍കില്ല. എന്തോ താന്‍ ഗള്‍ഫിലേക്ക് പോകുന്നത് ബാപ്പാക്ക് ഇഷ്ടമില്ലാത്തതുപോലെ. ചെവിക്ക് സൈ്വരം കൊടുക്കാതിരിക്കാന്‍ ഉമ്മയും കൂട്ടുകൂടിയതോടെയാണ് ഒരിക്കല്‍ ബാപ്പ പറഞ്ഞത്. അയമു നാട്ടിലുണ്ടല്ലോ, അവനെ ഒന്നുപോയി കണ്ടുനോക്കൂ. അവന് വിസ പരിപാടിയൊക്കെ ഉണ്ടെന്നു കേട്ടിട്ടുണ്ട്.
അങ്ങനെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഫയലുമായി അയമുവിനെ കാണാന്‍ പോയത്. വലിയ ഫയല്‍ കണ്ടതുകൊണ്ടാവണം, അയല്‍ക്കാരനായിട്ടു പോലും അയമു വാതില്‍ കാല്‍ഭാഗമേ തുറന്നുള്ളൂ. വാതില്‍ പെട്ടെന്ന് അടക്കേണ്ട കേസാണെങ്കില്‍ അതിനുള്ള എളുപ്പത്തിനുവേണ്ടിയാകണം വാതില്‍ കാല്‍ഭാഗം മാത്രം തുറന്ന് തല പുറത്തേക്കിടുന്നത്.
ബാപ്പ നിങ്ങളെ വന്നു കാണാന്‍ പറഞ്ഞു. എം.എ ഒക്കെ കഴിഞ്ഞിട്ടുണ്ട്. ഒരു വിസ തരപ്പെടുത്തിത്തരണം.
നിങ്ങളുടെ അറബി വിചാരിച്ചാല്‍ സാധിക്കുമെന്നാ ബാപ്പ പറഞ്ഞത്.
എം.എ കൊണ്ടൊന്നും അവിടെ ഇപ്പോള്‍ കാര്യമില്ലാട്ടോ. കമ്പ്യൂട്ടര്‍ പഠിക്കാന്‍ നോക്ക്. എന്നാല്‍ എന്തെങ്കിലും നോക്കാം.
അങ്ങനെയാണ് കമ്പ്യൂട്ടര്‍ പഠനം തുടങ്ങിയത്.
അധികം വൈകാതെ തന്നെ അയമുവഴി ബാപ്പ വിസ തരപ്പെടുത്തി അയച്ചു. വിസ അയച്ചപ്പോള്‍ തന്നെ ബാപ്പ പറഞ്ഞിരുന്നു. ഒന്നര ലക്ഷത്തോളം രൂപ ഇപ്പോള്‍ തന്നെ ചെലവായി. പകുതിയും കടമാണ്.
അങ്ങനെയാണ് തന്നെയും ഒരു അറബി കൊത്തിയെടുക്കുമെന്ന പ്രതീക്ഷയുമായി മല്‍ബു വിമാനം കയറിയത്.
തല്‍ക്കാലം ഒരു കമ്പ്യൂട്ടര്‍ കടയില്‍ നില്‍ക്കാം. ഭാഷ പഠിക്കാം. ചാന്‍സ് വല്ലതും വരികയും ചെയ്യും.
ബാപ്പയും അയമുവും പറഞ്ഞതനുസരിച്ച് കമ്പ്യൂട്ടര്‍ കടയില്‍ ജോലിക്കു കയറിയ മല്‍ബു കാത്തിരിപ്പ് തുടരുകയായിരുന്നു. ഒരു അറബി വരും, പിരിശത്തോടെ തന്നെ കൊത്തിയെടുക്കാന്‍.
ബാപ്പ വിളിക്കുമ്പോഴൊക്കെ മല്‍ബു പറഞ്ഞുതുടങ്ങി. കടയിലെ ജോലി മടത്തൂട്ടോ. എവിടേക്കെങ്കിലും മാറണം. എന്റെ യോഗ്യതയനുസരിച്ച് ഈ ജോലിയൊന്നും പോരാട്ടോ.
ബാപ്പ ശുഭാപ്തി വിടില്ല. എല്ലാം ശരിയാകും. കുറച്ചുകൂടി ക്ഷമിക്കൂ.
ഒരു ദിവസം ബാപ്പ വിളിച്ചു പറഞ്ഞു. കഫീല്‍ വരുന്നുണ്ട് നിന്നെ കാണാന്‍. സന്തോഷത്തിനു കണക്കില്ലായിരുന്നു.
മുതലാളിയോട് പറയുമ്പോള്‍ ഇത്തിരി ഗമ ഉണ്ടായിരുന്നു. എന്നെ കാണാന്‍ കഫീല്‍ വരുന്നുണ്ട്. ബാപ്പ വിളിച്ചു പറഞ്ഞതാ.
പടച്ചോനേ, കുടുങ്ങിയോ എന്നായിരുന്നു മുതലാളിയുടെ കമന്റ്.
താന്‍ ജോലി വിട്ടുപോകുന്നതു കൊണ്ടുള്ള വിഷമമായിരിക്കും ഉടമ പ്രകടിപ്പിച്ചത്. മല്‍ബു മനസ്സില്‍ കരുതി.
പിന്നെ എപ്പോഴും കടയില്‍ കയിലു കുത്താനാണോ ഇത്രയും പണവും കൊടുത്ത് വിസയും വാങ്ങി ഇങ്ങോട്ടു വന്നത്?
അടുത്ത ദിവസം ബാപ്പയോടൊപ്പം കഫീല്‍ എത്തി. ജോലിയും ശമ്പളവുമൊക്കെ ചോദിച്ചറിഞ്ഞു. പോകുമ്പോള്‍ കഫീല്‍ ഒരു മൊബൈല്‍ ഫോണ്‍കൂടി എടുത്തു. ഇത് മല്‍ബൂന്റെ കണക്കിലെഴുതിക്കോളൂ. ഞാന്‍ അടുത്ത ദിവസം വീണ്ടും വരുന്നുണ്ട്.
ജോലിയുടെ കാര്യങ്ങളൊക്കെ അന്വേഷിച്ച സ്ഥിതിക്ക് അടുത്ത ദിവസം തന്നെ പുതിയ ജോലിക്ക് കൊണ്ടുപോകുമെന്ന പ്രതീക്ഷയില്‍ മല്‍ബു സന്തോഷവാനായി.
അപായം മണത്ത കടയുടമ മല്‍ബുവിന്റെ ബാപ്പയെ വിളിച്ചു ചോദിച്ചു.
അല്ല, കാക്കാ നിങ്ങള്‍ ഇതെന്താ ചെയ്തത്? മകനേയും കടയും എന്തിനാ കഫീലിനു കാണിച്ചു കൊടുത്തത്?
അതോ, അതു പിന്നെ... കഫീലിന് ഭയങ്കര നിര്‍ബന്ധം മോനെ കാണണോന്ന്.
എന്തായാലും അബദ്ധം ആയീന്നാ തോന്നുന്നത്. ഏതായാലും മകനെ വിളിച്ചൊന്ന് ഉപദേശിച്ചേക്ക്. അവസരത്തിനൊത്ത് പെരുമാറാന്‍.
ദിവസങ്ങള്‍ അധികം കഴിഞ്ഞില്ല. കഫീലിന്റെ വണ്ടി കടയുടെ മുന്നില്‍ വന്നു നിന്നു.
കടയില്‍ കയറിയ ഉടനെ കഫീല്‍ പറഞ്ഞു. മല്‍ബൂനെ ഞാന്‍ കൊണ്ടുപോകുന്നൂട്ടോ. അവനെ എനിക്കാവശ്യമുണ്ട്. തോട്ടത്തില്‍ പോകാന്‍ ആളില്ല.
കടയുടമ ശങ്കിച്ചതുപോലെ തന്നെയായി. ആമില്‍ മസ്‌റ എന്നായിരുന്നു ഇഖാമയില്‍ മല്‍ബുവിന്റെ ജോലി. സ്വന്തം തോട്ടത്തിലേക്ക് തൊഴിലാളിയെ കൊണ്ടുപോകാനാണ് കഫീല്‍ വന്നിരിക്കുന്നത്.
അതുപിന്നെ, പെട്ടെന്ന്്, ഇന്നുതന്നെ എങ്ങനെയാ കൊണ്ടുപോകുന്നത്. നിങ്ങള്‍ നാളെ വാ എന്നു കഫീലിനോട് പറയുമ്പോള്‍ കടയുടമ മലയാളത്തിലും പറഞ്ഞു: "മല്‍ബൂ വിട്ടോടാ....'

March 7, 2010

എമിഗ്രേഷന്‍ കൗണ്ടറിലെ മറവി



നിങ്ങളുടെ മുഴുവന്‍ വിലാസവും പറയൂ.
അതേ സാര്‍, മുഴുവന്‍ വിലാസവും പറഞ്ഞുകഴിഞ്ഞു.
വിശ്വാസം വരാതെ ഉദ്യോഗസ്ഥന്‍ വീണ്ടും കമ്പ്യൂട്ടറിലേക്കും പാസ്‌പോര്‍ട്ടിലേക്കും ഒടുവില്‍ മുഖത്തേക്കും മാറി മാറി നോക്കി.
കമ്പ്യൂട്ടറിലേക്കും പാസ്‌പോര്‍ട്ടിലേക്കും എത്ര വേണമെങ്കിലും നോക്കിക്കൊള്ളട്ടെ. മുഖത്തേക്കുള്ള ഈ നോട്ടമാണ് അസഹനീയം. മോഷ്ടാവെന്ന്് ഉറപ്പായ ആളുടെ നേരെ പോലീസുകാരന്‍ പോലും ഇങ്ങനെ നോക്കില്ല.
മല്‍ബുവിന്റെ മനസ്സില്‍ പറയാന്‍ പലതും വരുന്നുണ്ടെങ്കിലും സന്ദര്‍ഭം അനുസരിച്ചു പെരുമാറണമല്ലോ? എല്ലാം മനസ്സില്‍ ഒതുക്കി. പണ്ടായിരുന്നെങ്കില്‍ ഇങ്ങനെ അനാവശ്യ ചോദ്യം ചോദിക്കുന്നവരെ മല്‍ബു നിര്‍ത്തി പൊരിക്കുമായിരുന്നു.
എല്ലാ ജോലിയും ചെയ്ത ശേഷവും മെക്കിട്ട് കയറാന്‍ വന്ന ഒരു ബോസിന്റെ ചെകിട്ടത്ത് വെച്ചു വീക്കിയതാണ് ഏറ്റവും കുറഞ്ഞ റെക്കോര്‍ഡ്. ജോലി നഷ്ടപ്പെട്ടുവെങ്കിലും അനീതിക്കെതിരായ പോരാട്ടത്തില്‍ അങ്ങനെ പലതും സംഭവിക്കുമെന്ന് സ്വയം ന്യായം കണ്ടെത്തിയിട്ടുമുണ്ട്. ആ അവിസ്്മരണീയ സംഭവമാണ് ഒരുപക്ഷേ പ്രവാസ ലോകത്തേക്കുള്ള വാതില്‍ തുറന്നതെന്നും വേണമെങ്കില്‍ പറയാം. അതിനുശേഷമാണ് നാടു വിടുന്നതായിരിക്കും നല്ലതെന്ന്, പിതാവിനു പുറമെ ഭാര്യയും പറഞ്ഞുതുടങ്ങിയത്.
ഉടന്‍ പ്രതികരണമെന്ന സ്വഭാവവും കൊണ്ട് അങ്ങോട്ട് പോകരുതെന്ന് പലരും ഉപദേശിച്ചിരുന്നു. എന്നുവെച്ച് അതൊക്കെ അവിടെ ഉപേക്ഷിച്ചിട്ടൊന്നുമല്ല മല്‍ബു വിമാനം കയറിയത്. മരുഭൂമി അതു സ്വീകരിച്ചില്ലെന്നു മാത്രം. ഉരുകുന്ന ചൂടില്‍ പാകപ്പെടുത്തിയെടുത്തു.
ഗള്‍ഫ് ജീവിതം സമ്മാനിച്ച ഏറ്റവും വലിയ നേട്ടമാണിത്. സ്വഭാവത്തിലുണ്ടായ മാറ്റം. ഏതു സാഹചര്യത്തെയും നേരിടാനും അവസരത്തിനൊത്ത് പെരുമാറാനുമുള്ള കഴിവ്. ആരെയും വെറുപ്പിക്കരുത്. അറിയാതെ അങ്ങനെയെങ്ങാനും ഇടവന്നാല്‍ അടുത്ത നിമിഷം തന്നെ സുഖിപ്പിക്കാനുള്ള വിദ്യ കണ്ടെത്തണം.
നിങ്ങളെ ഒന്നിനും കൊള്ളില്ല എന്ന് ഒരാളോട് പറഞ്ഞുപോയെങ്കില്‍ നിങ്ങളെ മാത്രമേ കൊള്ളൂ എന്ന് അടുത്ത നിമിഷം, അല്ലെങ്കില്‍ അടുത്ത ദിവസമെങ്കിലും പറയാനുള്ള കഴിവ് നേടിയെടുക്കാതെ പ്രവാസ ലോകത്ത് പിടിച്ചുനില്‍ക്കുക സാധ്യമേയല്ല. പിടിച്ചുനില്‍ക്കുന്നതിനുമപ്പുറം തിളങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മണിയടി കൂടി ശീലക്കണം. ആ മണിയടിയില്‍ കൂടെ ജോലി ചെയ്യുന്നവന്റെ മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയുമാണെന്ന ചിന്ത ഒരിക്കലും കടന്നുവരരുത്. മറ്റുള്ളവരെ കുറിച്ച് ബോസിന്റെ മനസ്സില്‍ സംശയം ജനിപ്പിക്കുമ്പോള്‍ സ്വന്തം ഇരിപ്പിടം ഉറപ്പാവുകയും ശമ്പള പാക്കറ്റിന്റെ കനം കൂടുകയും ചെയ്യും.
ഇങ്ങനെ തിയറിയും പ്രാക്ടിക്കലുമൊക്കെ പഠിച്ച് നേടിയെടുത്ത അനുഭവസമ്പത്താണ് മല്‍ബുവിന്റെ കൈമുതല്‍.
അതുകൊണ്ടുതന്നെ മേശയുടെ മറുഭാഗത്തിരിക്കുന്ന ഉദ്യോഗസ്ഥന്‍ കള്ളനെ പോലെ തനിക്കുനേരെ നോക്കുമ്പോഴും പുഞ്ചിരി തൂകാന്‍ മല്‍ബുവിന് കഴിഞ്ഞു.
പക്ഷെ, പുഞ്ചിരി മാത്രം ഇവിടെ ഫലം ചെയ്യില്ല. ഓര്‍മശക്തി കൂടി വേണം.
സ്വന്തം മേല്‍വിലാസം ഓര്‍മിച്ചെടുക്കാന്‍ കഴിയാത്തവന് മറ്റ് എന്തു ശക്തിയുണ്ടായിട്ടെന്തു കാര്യം?
ഇവിടെ അതാണ് പരീക്ഷിക്കപ്പെടുന്നത്. വിലാസം പൂര്‍ണമായി പറഞ്ഞുകൊടുത്തിട്ടും യന്ത്രം മുന്നില്‍ വെച്ചിരിക്കുന്നയാള്‍ക്ക് സംശയം നീങ്ങുന്നില്ല.
നിങ്ങളുടെ മുഴുവന്‍ വിലാസവും പറയാതെ രക്ഷയില്ല.
ഉദ്യോഗസ്ഥന്‍ വീണ്ടും. ഞാന്‍ പറഞ്ഞുകഴിഞ്ഞു സാര്‍. ഇതെന്റെ ശരിയായ വിലാസമാണ്. പൂര്‍ണ വിലാസം.
ഉദ്യോഗസ്ഥന്റെ മുഖം തെളിയുന്നില്ല.
കമ്പ്യൂട്ടര്‍ പറയുന്നു, ഇത് താങ്കളുടെ വിലാസമല്ല. ശരിയായ വിലാസം നിങ്ങള്‍ പറയാതെ എനിക്ക് ഒന്നും ചെയ്യാനും കഴിയില്ല.
ഈ പറഞ്ഞതല്ലാതെ എനിക്ക് മറ്റൊരു വിലാസമില്ല സാര്‍.
ഉറപ്പാണോ?
അതെ, നൂറുവട്ടം ഉറപ്പാണ്.
എന്നാല്‍ നിങ്ങളുടെ പാസ്‌പോര്‍ട്ട് കള്ള പാസ്‌പോര്‍ട്ടാണ്.
നിങ്ങള്‍ വന്നിരിക്കുന്നത് മറ്റൊരാളുടെ പാസ്‌പോര്‍ട്ടിലാണ്. അല്ലെങ്കില്‍ നിങ്ങള്‍ കള്ള പാസ്‌പോര്‍ട്ട് എടുത്തിരിക്കയാണ്.
അയാളുടെ ചെകിട്ടത്തുവെക്കേണ്ട കൈവിരല്‍ മല്‍ബു സ്വന്തം മൂക്കത്തുവെച്ചു.
എന്താ കഥ. അഞ്ച് പത്ത് വര്‍ഷമായി പോയി വരുന്ന പാസ്‌പോര്‍ട്ട് വ്യജനാണത്രെ. അതിശയം തന്നെയല്ലേ ഇത്.
മാറിനില്‍ക്കണം.
മാറിനിന്ന മല്‍ബുവിന്റെ ചിന്ത പലവഴിക്കും പോയി. പണം പിടുങ്ങാനുള്ള വല്ല ഏര്‍പ്പാടുമായിരിക്കുമോ? അല്ലാതെ എന്തു ചിന്തിക്കാനാ. കള്ള പാസ്‌പോര്‍ട്ടും രണ്ടാം പാസ്‌പോര്‍ട്ടും മനസ്സില്‍ വിചാരിക്കാത്ത കാര്യമാണ്. എന്തോ ചതിയുണ്ട്.
അധികം കഴിയുന്നതിനു മുമ്പേ, മല്‍ബുവിനെ അകത്തെ മുറിയില്‍ കൊണ്ടുപോയി. ചോദ്യശരങ്ങള്‍.
രണ്ടാം പാസ്‌പോര്‍ട്ടാ അല്ലേ?
സമ്മതിച്ചാല്‍ എളുപ്പം വീട്ടില്‍ പോകാം. അല്ലെങ്കില്‍ ഇന്നു പോകാന്‍ കഴിയില്ല.
അല്ല സാര്‍, ഇതെന്റെ ഒറിജിനല്‍ പാസ്‌പോര്‍ട്ടാ.
വീണ്ടും ചോദ്യം. രണ്ടാം പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ തലമാറ്റി വന്നതായിരിക്കും അല്ലേ?
അയ്യോ സാറേ... സ്വന്തം പാസ്‌പോര്‍ട്ടില്‍ വരാന്‍ എന്തിനു തല മാറ്റണം?
ശരി. എന്നാല്‍ നിങ്ങള്‍ വിലാസം മുഴുവനായി പറയൂ.
മല്‍ബു
സണ്‍ ഓഫ് എക്‌സ് മല്‍ബു
മെലിയന്റവിടെ
ഒഴിഞ്ഞപാടം
പോസ്റ്റ് മേലേക്കര
വഴി കുറുങ്കടവ്
കണ്ണൂര്‍ ജില്ല. കേരളം, ഇന്ത്യ

വിലാസം മുഴുവന്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ ചോദ്യം ചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥന്‍ കള്ള പാസ്‌പോര്‍ട്ട് പിടിച്ചതിനാല്‍ വിജയശ്രീലാളിതനായി നില്‍ക്കുകയായിരുന്ന ആദ്യ ഉദ്യോഗസ്ഥനു നേരെ നോക്കി.
വിലാസം കൃത്യമാണല്ലോ
അല്ല സാര്‍, ആദ്യം ഇയാള്‍ ഒഴിഞ്ഞപാടം എന്നു പറഞ്ഞിരുന്നില്ല.
ഉദ്യോഗസ്ഥന്‍ വീണ്ടും മല്‍ബുവിനു നേരെ.
ശരിയാണോ, ആദ്യം നിങ്ങള്‍ ഒഴിഞ്ഞപാടം എന്നു പറഞ്ഞില്ലേ?
അതെന്തു പറയാനാ, ഒഴിഞ്ഞപാടമല്ലേ. ഞാനതങ്ങ് മറന്നുപോയതാ.
ശരി ഇനി പോകാം എന്നു പറഞ്ഞുകൊണ്ട് മേലുദ്യോഗസ്ഥന്‍ ചിരിച്ചെങ്കിലും മല്‍ബുവിന് അമര്‍ഷം കൂടുകയായിരുന്നു.
വീണ്ടും കിട്ടി ഒരു സോറി.
ബുദ്ധിമുട്ടായി അല്ലേ.
ചിലപ്പോള്‍ കമ്പ്യൂട്ടര്‍ പരാജയപ്പെടും. അവിടെ ഞങ്ങള്‍ക്ക് ഇതേ നിവൃത്തിയുള്ളൂ.
ഇതൊക്കെയായിരിക്കും നിയോഗം. എയര്‍പോര്‍ട്ടിനു പുറത്തു കാത്തിരിക്കുന്ന മക്കളെ കാണാനുള്ള ധിറുതിയില്‍ കിട്ടിയ സോറിയും കൊണ്ട് മല്‍ബു വേഗം വീട്ടിലേക്ക്.


March 1, 2010

അപ്രതീക്ഷിത യാത്ര



അവസാനംവരെ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കണം എന്നു പറഞ്ഞോണ്ടിരുന്നയാളാ. ഇപ്പോള്‍ ഇതാ സ്വന്തം പെട്ടി തന്നെ കെട്ടുന്നു. നാട്ടുകാരെയും സുഹൃത്തുക്കളെയുമൊക്കെ ഒരു പോലെ ഞെട്ടിക്കുന്നതായി മല്‍ബുവിന്റെ തീരുമാനം. ആകര്‍ഷകമായ ശമ്പളത്തില്‍ ലഭിച്ച ജോലി. കമ്പനി നല്‍കുന്ന ആനുകൂല്യങ്ങളോ, എത്രയും ആകര്‍ഷകവും. തന്റെ വിദ്യാഭ്യാസ യോഗ്യതയും പരിചയവും വെച്ച് ഒരിക്കലും മോഹിക്കാന്‍ പോലും പാടില്ലാത്തത്.
കുറേ കാലം സഹിച്ചതിനും കഷ്ടപ്പെട്ടതിനും അവന് ഒടുവില്‍ കിട്ടിയെന്നാണ് സഹമുറിയന്മാര്‍ പറഞ്ഞിരുന്നത്. ശരിയാണ്. കഷ്ടപ്പാടുകള്‍ തന്നെയായിരുന്നു മല്‍ബുവിന് ഇതുവരെ. ഓവര്‍ടൈം ജോലി ചെയ്തിട്ടു പോലും രണ്ടറ്റം കൂട്ടിമുട്ടിക്കുക പാടായിരുന്നു. അങ്ങനെയിരിക്കെയാണ്, കണ്ടു മറന്ന ഒരാള്‍ ജോലി വാഗ്ദാനവുമായി പ്രത്യക്ഷപ്പെട്ടത്. ആശ്ചര്യജനകമായിരുന്നു അയാളുടെ ടെലിഫോണ്‍ വിളിയും നാളെ തന്നെ ജോലിക്ക് അപേക്ഷിക്കാനുള്ള നിര്‍ദേശവും.
സൂപ്പര്‍ മാര്‍ക്കറ്റിലെ കഠിന ജോലി കണ്ട് അലിവ് തോന്നിയ അയാള്‍ എന്നോ നമ്പര്‍ വാങ്ങി വെച്ചതായിരുന്നു. എന്നോ പരിചയപ്പെട്ട ഒരാള്‍ ഫോണ്‍ നമ്പര്‍ സൂക്ഷിച്ച് വെച്ച്, അവസരം ഒത്തുവന്നപ്പോള്‍ കൃത്യമായി വിളിച്ചുവെന്നത് ആലോചിക്കുമ്പോള്‍ തന്നെ കുളിരുകോരുന്നു.
കാരണം, ഇന്ന് പരിചയങ്ങള്‍ക്കും സുഹൃദ്ബന്ധങ്ങള്‍ക്കുമൊക്കെ പണ്ടത്തെ വിലയില്ലല്ലോ? ഉദാരീകരണത്തിന്റെ മലവെള്ളപ്പാച്ചിലില്‍ ഓരോരുത്തരും സ്വന്തം മാളത്തിലേക്ക് വലിയുന്നു. സഹൃദ്ബന്ധവും പരിചയവുമൊക്ക ആവശ്യങ്ങളെ കേന്ദ്രീകരിച്ചായി.
സ്വന്തം ആവശ്യത്തിനുവേണ്ടി വിളിക്കുമ്പോള്‍ അതോടൊപ്പം നടക്കുന്ന ഔപചാരികതയായിരിക്കുന്നു കുശലാന്വേഷണം.
മല്‍ബു ഒരുപാട് മാറിപ്പോയി. ശീലങ്ങളൊക്കെ പോയ്മറഞ്ഞു.
അങ്ങനെ വരുമ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ കവറിലാക്കി കൊടുക്കുമ്പോള്‍ പരിചയപ്പെട്ട ഒരാള്‍ തന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചിട്ടുണ്ടെങ്കില്‍ അത് അത്ഭുതം തന്നെയല്ലേ.
അങ്ങനെ മല്‍ബുവിന്റെ കഷ്ടപ്പാടുകള്‍ക്ക് അറുതിയായെന്ന് മറ്റെല്ലാവരും കരുതുന്ന ജോലിയാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ആളുകള്‍ വിടുമോ?
മടങ്ങിപ്പോകുന്ന കാര്യം ചിന്തിക്കരുതെന്നും പരമാവധി ഇവിടെ തന്നെ പിടിച്ചുനില്‍ക്കണമെന്നും എല്ലാവരോടും ഉപദേശിക്കുന്ന നിങ്ങളും. ചോദ്യശരങ്ങള്‍ വീണ്ടും വീണ്ടും വന്നു.
അതിലൊരാള്‍ സ്വയം കണ്ടെത്തിയ ഉത്തരം വിചിത്രമായിരുന്നു.
ഇതേക്കാളും നല്ല ജോലി ചിലപ്പോള്‍ പണ്ടു ചെയ്തതു തന്നായിക്കാരം. വലിക്കാന്‍ കിട്ടുന്ന ചാന്‍സല്ലേ കളഞ്ഞത്. ഇപ്പോള്‍ അറിയാത്ത ജോലി കാട്ടിക്കൂട്ടി ഒപ്പിക്കുന്നു. വിവരമുള്ളവന്‍ തലപ്പത്തുണ്ടെങ്കില്‍ പണ്ടേ സ്വയം പിരിഞ്ഞു പോകേണ്ടിവന്നേനെ.
ആളുകള്‍ എന്തെങ്കിലും പറയട്ടെ, മല്‍ബു ആരോടും മറുപടി പറയാന്‍ പോയില്ല.
പ്രവാസ ജീവിതം മതിയാക്കാന്‍ തീരുമാനിക്കുമ്പോള്‍ ഇങ്ങനെ പലരോടും മറുപടി പറയേണ്ടിവരും. കുടുംബക്കാരോടും നാട്ടുകാരോടും പിന്നെ സഹ പ്രവാസികളോടും.
അല്ലാ നീ ആലോചിച്ചിട്ടു തന്നെയല്ലേ തീരുമാനമെടുത്തത്. പോയവരൊക്കെ തിരിച്ചുവരുന്ന കാലമാണ്. അവസരങ്ങള്‍ അവിടെ കുന്നുകൂടി കിടക്കുകയാണെന്ന് പ്രധാനമന്ത്രിയും അംബാസഡറുമൊക്കെ പറയുന്നതു നേരാ. അതൊക്കെ കേട്ട് പോയവര്‍ പുതിയ വിസക്കായി കാത്തിരിക്കയാണ്.
അതുകൊണ്ട് നൂറുവട്ടം ചിന്തിക്കണം.
മല്‍ബുവിന് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.
കാരണം ജീവിതം മുഴുവന്‍ തനിക്കുവേണ്ടി മരുഭൂമിയില്‍ ജീവിച്ചു തള്ളി മടങ്ങിപ്പോയ ബാപ്പയാണ് തന്നെ വിളിച്ചിരിക്കുന്നത്.
ഇനി നീ ഇങ്ങോട്ട് പോര്. എനിക്ക് നിന്നെ കാണാതെ ഇനി വയ്യ. എന്തു സമ്പാദ്യം നഷ്ടപ്പെട്ടാലും നീ വരണം.
കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോള്‍ ബാപ്പ തീര്‍ത്തും അവശനായിരുന്നു. നീ വന്നപ്പോഴാ ഇങ്ങനെയെങ്കിലും ഒന്നു കണ്ണു തുറക്കുന്നതെന്നായിരുന്നു എല്ലാവരുടെയും പ്രതികരണം.
ഒരു മാസത്തെ അവധി കഴിഞ്ഞ മടങ്ങാനൊരുങ്ങുമ്പോള്‍ ആ കണ്ണുകളിലേക്ക് തന്നെ കുറേനേരം നോക്കിയിരുന്നു.
ആ കണ്ണുകളില്‍ അന്നു വായിക്കാന്‍ കഴിഞ്ഞതാണ് ഇപ്പോള്‍ ടെലിഫോണില്‍ കേട്ടത്.
നീ ഇനി നില്‍ക്കേണ്ട, എന്തു നഷ്ടം വന്നാലും.
പ്രവാസത്തിന്റെ ചൂടും തണുപ്പും അറിഞ്ഞ ബാപ്പ വിളിക്കുന്നത് ബാപ്പക്കു വേണ്ടിയായിരിക്കില്ല.
പണ്ട് ബാപ്പ വീട്ടിലേക്ക് എഴുതുന്ന എല്ലാ കത്തുകളുടേയും അവസാനം ഇങ്ങനെ ഒരുവരി കാണാമായിരുന്നു.
മോനോട് നല്ലവണ്ണം പഠിക്കാന്‍ പറയണം. ഒരിക്കലും ഗള്‍ഫ് സ്വപ്നം കാണരുതെന്നും.







Related Posts Plugin for WordPress, Blogger...