നയാ പൈസ ഇല്ലാ, കയ്യില്‍ നയാ പൈസയില്ലാ..
ബാത്ത്റൂമില്‍നിന്ന് പതിവില്‍ കവിഞ്ഞ ശബ്ദത്തിലാണ് മല്ബുവിന്റെ പാട്ട്. ഈയടുത്ത ദിവസങ്ങളില്‍ നാവിന് തുമ്പത്തുനിന്ന് ഈ പാട്ട് മാറിയിട്ടേയില്ല. ബാച്ചിലര്‍ ഫ്ളാറ്റില്‍
കൂട്ടംകൂടിയിരുന്ന് ടി.വി കാണുമ്പോഴും കാരംസ് കളിക്കുമ്പോഴും മല്‍ബു അറിയാതെ പാടും.
പാടുപെട്ടുള്ള പാട്ടിന് മധുരമില്ലെങ്കിലും അടുത്തിരിക്കുന്ന മൊയ്തു താളമിടും. പക്ഷേ പാട്ടിലെ അടുത്ത വരികളിലേക്ക് മല്‍ബു പോകില്ല. അതേ വരി ആവര്‍ത്തിക്കും. നയാപൈസ ഇല്ലാ...
കേള്‍ക്കാനോ താളം പിടിക്കാനോ ആരുമില്ലെങ്കിലും കിച്ചണില്‍ കയറിയാലും ബാത്ത് റൂമില്‍ കയറിയാലും മല്‍ബുവിന് മാത്രമല്ല, റൂമിലെ മറ്റുള്ളവര്‍ക്കും പാട്ടു വരും. നാടുവിട്ടവരുടെ ബാച്ചിലര്‍ ലൈഫില്‍ മൂളിപ്പാട്ടും പാടുപെട്ടുള്ള പാട്ടുമൊക്കെ ഒരു അടയാളമാണ്. സന്തോഷം വന്നാലും ദുഃഖം വന്നാലും പാട്ടു വരാതെ നിര്‍വാഹമില്ല.
നയാപൈസ ഇല്ലാന്നുള്ള പാട്ട് ഇനി പാടരുതെന്ന് ഉമ്പായി താക്കീത് ചെയ്തിട്ടും രക്ഷയില്ല. അറിയാതെ സംഭവിച്ചു പോകുന്നതാണ് മല്ബുവിന്റെ പാട്ട്.
നീയൊരു ആഗോളീകരണ, ഉദാരീകരണത്തിന്റെ ഇരയാണെന്ന് ഉമ്പായി പറഞ്ഞപ്പോള്‍ മല്‍ബു തുറിച്ചു നോക്കി.
നിനക്കൊന്നും വിചാരിച്ചാലും നാട്ടില്‍ പോകാന്‍ കഴിയില്ല. നിന്റെയൊക്കെ ജീവിതം ക്രെഡിറ്റ് കാര്‍ഡിലും ലോണിലും ബന്ധിതമാണ്.
നോക്കൂ എന്നെ നോക്കൂ. ഐയാം ഫ്രീ. എപ്പോള്‍ വേണമെങ്കിലും പോകാം. ഇതാ ഈ പെട്ടിയെടുത്താല്‍ മതി. നീയൊക്കെ വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ നിനക്കൊക്കെ ഒരു ഭാരമാണ്.
ഉമ്പായി പ്രസംഗം തുടര്‍ന്നപ്പോള്‍ ഹ്യൂഗോ ഷാവേസിനെയാണ് മല്‍ബുവിന് ഓര്മ വന്നത്. സൈഡിലൂടെ നോക്കിയാല്‍ ഉമ്പായിക്ക് ഷാവേസിന്റെ ഒരു ലുക്കുണ്ട്.
പണ്ട് ഞാനൊരു കമ്യൂണിസ്റ്റായിരുന്നുവെന്ന് പറയുമെങ്കിലും ഇപ്പോള്‍ ആരാണെന്ന് ഉമ്പായി പറയില്ല.
ഉമ്പായിയുടെ നീണ്ട പ്രസംഗം അവസാനിച്ചപ്പോള്‍ മല്‍ബുവിന് തോന്നി.
ശരിയാണല്ലോ. താന്‍ ഈ പറഞ്ഞതിന്റെയൊക്കെ ഒരു ഇര തന്നെയല്ലേ?
നാട്ടില്‍ പോയാലോ എന്ന് ഓരോ മാസവും കൊതിക്കും. പക്ഷേ, ശമ്പളം വരുമ്പോഴേക്കും ബാങ്കില്‍നിന്ന് ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് ഇഷ്യൂ ചെയ്തിരിക്കും. 28 ന് ശമ്പളമെത്തും, 29 ന് ബാങ്ക് അതു പിടിച്ചിരിക്കും.
പിന്നെ ഒരു റിയാലിന്റെ ഖുബ്സ് വാങ്ങിയാലും സൂപ്പര്‍ മാര്‍ക്കറ്റില്‍ ക്രെഡിറ്റ് കാര്‍ഡ് കൊടുക്കണം. ഒരു റിയാലിനു മാത്രം എങ്ങനെ കൊടുക്കുമെന്ന് നാണിച്ച് അതിന്റെ കൂടെ ജ്യൂസും പാലുമൊക്കെ വാങ്ങി പത്ത് റിയാല്‍ തികക്കും.
അതു കാണുമ്പോഴും ഉമ്പായി പറയാറുണ്ട്.
എടോ മല്‍ബൂ, ഇങ്ങനെ ജംഗ്ഫുഡ്സ് വാങ്ങി കാശും ആരോഗ്യവും കളയണോ. മധുരമുള്ള ഈ കളര്‍ പാനീയങ്ങള്‍ നിന്നെ കൊണ്ടെത്തിക്കുക ഷുഗര്‍ ഗുളികയിലായിരിക്കും. പിന്നെ നിനക്ക് ജീവിതം മുഴുവന്‍ അതു വിഴുങ്ങേണ്ടിവരും.
ഷെയിം വിചാരിച്ചതോണ്ട് വാങ്ങിയതാണെന്ന കാര്യം മല്‍ബു മറച്ചുവെക്കും. എന്തിനാ ഇങ്ങനെ പിശുക്കിയിട്ട്. ജീവിക്കുമ്പോള്‍ സുഖലോലുപന് തന്നെയായി ജീവിക്കണം എന്ന തത്വമിറക്കും.
കൊണ്ടറിഞ്ഞോളുമെന്ന് പറഞ്ഞ് ചുമലിലുള്ള തോര്‍ത്തെടുത്ത് കുടഞ്ഞ് ഉമ്പായി ഉമ്പായിയുടെ പാട്ടിനു പോകും.
രണ്ട് മാസം മുമ്പ് വരെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് സാധാനങ്ങള്‍ വാങ്ങുമ്പോള്‍ മാത്രമായിരുന്നു മല്‍ബു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മുന്‍കൂര്‍ കാഷ് എടുക്കാനും നിര്‍ബന്ധിതനാണ്. ചിട്ടിവരിക്കു പുറമെ ഓരോ മാസവും ബാങ്കിലെ ലോണ്‍ തിരിച്ചടവിലേക്ക് അക്കൗണ്ടില്‍നിന്ന് ആയിരം റിയാല്‍ പിടിക്കും.
നാട്ടില്‍ ബാങ്കില്‍ വല്ലതും മിച്ചം കിടന്നോട്ടെ എന്നു കരുതിയാണ് രൂപയുടെ മൂല്യം കുറഞ്ഞത് മുതലാക്കാന്‍ ചിട്ടി തുടങ്ങിയും ലോണ്‍ എടുത്തും പണമയച്ചത്. പക്ഷേ, അത് ബാങ്കില്‍ കിടന്നിരുന്നെങ്കില്‍ സമാധാനിക്കാമായിരുന്നു. അതീവ രഹസ്യമായാണ് പണം അയച്ചതെങ്കിലും അതു അവിടെ എത്തുമ്പോഴേക്കും പരസ്യമായിരുന്നു. പിന്നീട് ആവശ്യക്കാരും ആവശ്യങ്ങളും പല വിധമായിരുന്നു.
ടാക്സല്ലേ, എല്‍.ഇ.ഡി ടി.വി ഇനിയിപ്പോ അവിടെനിന്ന് കൊണ്ടുവരേണ്ട. നാട്ടില്‍നിന്ന് ഓഫറില്‍ വാങ്ങാമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചത് മല്‍ബിയായിരുന്നു. അത് അംഗീകരിക്കപ്പെട്ടു.
മല്‍ബി എല്‍.ഇ.ഡി വാങ്ങിയത് പാട്ടായപ്പോള്‍ തറവാട്ടിലേക്കും പെങ്ങന്മാരുടെ വീട്ടിലേക്കും എല്‍.ഇ.ഡി കൂടിയേ തീരൂ എന്ന് ഉമ്മയുടെ ഓര്‍ഡര്‍. അതു സാധിച്ചുകൊടുത്തപ്പോള്‍ കുടുംബക്കാര്‍ക്കിടയില്‍ മല്ബുവിന്റെ പ്രശസ്തി ഇരട്ടിയായി.
കുടുംബത്തെ നോക്കുന്ന ദാനശീലന്.
പണം വെറുതെ ബാങ്കില്‍ കിടക്കുകയല്ലേ, തല്ക്കാലം വീടു പണി നടക്കുന്ന പെങ്ങളെ സഹായിക്കാനായിരുന്നു അടുത്ത വിളി. അതും സാധിച്ചുകൊടുത്തു.
ബാങ്കിലൊരു പത്ത് ലക്ഷമായല്ലോ എന്ന മല്ബുവിന്റെ സന്തോഷം നീര്‍ക്കുമിള പോലെയായിരുന്നു. ഇപ്പോള്‍ ലക്ഷത്തില്‍ താഴെ മാത്രം.
എങ്ങനെ പിശുക്കിയിട്ടും ചിട്ടിയും ലോണടവും ഇപ്പോള്‍ ഒത്തുപോകുന്നില്ല. ഈ മാസവും ആയിരം റിയാല്‍ ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് അഡ്വാന്‍സ് എടുക്കേണ്ടി വന്നു. അതിന് ഒരു മാസത്തേക്ക് അധികം നല്‍കേണ്ടത് മൂന്ന് ശതമാനം.
ഉമ്പായി പറയുന്നത് തന്നെയാണ് കാര്യം.
ചിട്ടിയും ക്രെഡിറ്റ് കാര്‍ഡും ലോണുമില്ലെങ്കില്‍ പിന്നെ മല്ബുവിനെന്തു ജീവീതം.
അടവുകളില്‍നിന്ന് അടവുകളിലേക്കുള്ള യാത്ര.
20 comments:
അടവുകളില്‍നിന്ന് അടവുകളിലേക്കുള്ള യാത്ര.
aashamsakal
അയ്യോ!കഷ്ടം.
അടച്ചിട്ടും അടച്ചിട്ടും തീരാത്ത ജീവിതയാത്ര.
ഒരിക്കൽ തലവച്ചു കൊടുത്താൽ പിന്നെ ഊരിപ്പോരാനാവാത്ത കുടുക്കാണ്, ഉപകാരിയാണെങ്കിലും തിരിച്ചോടാൻ കഴിയാത്തവണ്ണം കുടുക്കിക്കളയുന്ന ക്രെഡിറ്റ് കാർഡ്...!
ഇനി വല്ല അടവുകളും പയറ്റാന്‍ നോക്കേണ്ടി വരും ഈ അടവില്‍ നിന്നു രക്ഷപ്പെടാന്‍...മല്ബുവിന്റെ ജീവിതം പിന്നെയും ബാക്കി.
nannayirikunnu. title bahu kemam.
അപ്പോൾ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണല്ലേ
സൂക്ഷിക്കണേ, സംഗതി ഗുലുമാൽ ആക്കാതെ !!!
ആടുജീവിതത്തിൻറെ മറ്റൊരു പകർപ്പ് അല്ലെ!!!
അയ്യോ തെറ്റിപ്പോയല്ലോ ഒറ്റ നോട്ടത്തിൽ ആടു ജീവിതം എന്ന് വായിച്ചു
ആടല്ല അടവാണ് എന്നു പിന്നീടാണ് പിടി കിട്ടിയത്. എന്തായാലും ഇത്തരം
മൽബു മാർക്ക് ആശംസകൾ നേരുന്നു, ഈ അടവു ജീവിതം ഇങ്ങനെ പോയാൽ
ജീവിതം കട്ടപ്പുക ആകുമോ എന്തോ !!! എന്തായാലും സൂക്ഷിക്കുക, വരവറിഞ്ഞു
ചിലവു ചെയ്ക. നന്ദി ഈ കുറിപ്പിന്
എന്തെല്ലാം അടവുകള്‍ പയറ്റിയാലും ജീവിച്ചുപോവാന് പറ്റാത്ത ഒരു കാലം തന്നെ..
അടവുകള്‍ കുറുക്കു വഴികള്‍ എല്ലാം നിഷ്ഫലം ! എന്ന് ആരു പറഞ്ഞു..... മല്‍ബു പറഞ്ഞു
ഈ പത്തു റിയാൽ സംഗതിയിൽ നമ്മളും പലതവണ വീണിട്ടുണ്ട്. ഇപ്പോൾ സൂപ്പർ മാർക്കറ്റ് പോക്ക് നിർത്തി !
Oru riyalinte kubbus vaangumboll vallatha vishamamaanu
Athu kondu ithil paranjad pole 10 riyalinte sadanam vaangiye super market vidarullu.malbu nannayirikkunnu.aashamsakal
ഈ കാര്‍ഡിനെ ഒരു ബ്ലേഡിനെ പോലെ കൈകാര്യം ചെയ്യണം...
ചിട്ടിയും കടം വാങ്ങലും എല്ലാം ഒരുവിധം മല്ബുമാര്ക്കെല്ലാം ഉണ്ടാവാം.................
ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ അത് എണ്ണത്തില്‍ കുറഞ്ഞ മല്‍ബുമാരുടെ മാത്രം കാര്യമാണ്..........
കൊക്കിലൊതുങ്ങുന്നത് കൊത്തന്‍ ശ്രമിക്കാത്തതിലെ പ്രശ്നമാണത്...
സ്വയം വാങ്ങിക്കൂട്ടിയ അമിത ഭാരം........പ്രയോഗം നന്നായി.
കലക്കി ...title...
ക്രെടിറ്റ് കാര്‍ഡ് ഒരു അത്യാവശ്യത്തിന് കൊള്ളാം, കാശുകൊണ്ട് നടക്കണ്ട. പോക്കറ്റ് അടിക്കാരില്‍ നിന്ന് രക്ഷ പെടാന്‍ നല്ലത് അല്ലാതെ അതില്‍ നിന്ന് കടം കൊണ്ടാല്‍ അത് ഒരു കുരുക്ക് തന്നെ!!
നല്ല പോസ്റ്റ്
അടവുകൾ അടവുകൾ അടച്ചിട്ടും തീരാത്ത അടവുകൾ
ഷബീറും മാണിക്യവും പറഞ്ഞത് ആവര്‍ത്തിക്കുന്നു.
കൂടെ ബീവിക്ക് നാട്ടിലേക്കു ഒരു താക്കീതു കൂടി
ആവാം.ഉമ്മ പറയുന്നത് എല്ലാം
വിളിച്ചു ഇങ്ങോട്ടു പറയണ്ട എന്ന് (എല്ലാവര്ക്കും ടീവി
വാങ്ങുന്ന കാര്യം പോലെയുള്ളവ) ..
മൽബുകളെ വഴിയാധാരം ആക്കുന്ന കാര്യത്തിൽ കാര്യ
പ്പിടിപ്പ് ഇല്ലാത്ത മൽബികളും വലിയ ഒരു പങ്കു വഹിക്കുന്നുണ്ട്.
ആർഭാടവും പിടിപ്പില്ലായ്മയും ഒക്കെ നാശത്തിലേക്ക് വഴി
തുറക്കും .
നന്നായി വിശകലനം ചെയ്തു പ്രശ്നങ്ങള അഷ്റഫ്.
അഭിനന്ദനങ്ങൾ ..
:) poor malbu
Post a Comment