Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

November 5, 2013

എമര്‍ജന്‍സി



പല ദേശ ഭാഷക്കാരാല്‍ തിങ്ങി നിറഞ്ഞിരിക്കയാണ് ഹാള്‍. അതിനിടയില്‍ സീറ്റ് തരാക്കിക്കൊടുത്ത മല്‍ബുവിനോട് വന്നിരുന്ന മല്‍ബു ചോദിച്ചു:
ഈ കാണുന്നവരെല്ലാം നക്കലിനു വന്നവര്‍ തന്നെയാണോ?

നക്കല്‍ അല്ല, നഖ്ല്‍ മഅ‌ലൂമാത്ത്.
ആഗതന്‍ വിട്ടുകൊടുത്തില്ല. നക്കല്‍ എന്നും പറയാം. പഴയ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ പുതിയ പാസ്‌പോര്‍ട്ട് നക്കിയെടുക്കുകയാണല്ലോ?
സമ്മതിച്ചിരിക്കുന്നു. അപാര ബുദ്ധി തന്നെ. വ്യാഖ്യാന പാടവം.

കുടുംബാംഗങ്ങളുടെ പാസ്‌പോര്‍ട്ട് പുതുക്കിയാല്‍ പ്രവാസികള്‍ നിര്‍ബന്ധമായും പൂര്‍ത്തീകരിക്കേണ്ട കര്‍മമാണ് നഖ്‌ലെന്ന ഈ എന്‍ഡോഴ്‌സ്‌മെന്റ്. വിവരങ്ങള്‍ പുതിയതിലേക്ക് മാറ്റുക.

ഇവിടെ എമര്‍ജന്‍സി എവിടെയാ കിട്ടാ. വല്ല വഴീം ഉണ്ടോ?
വന്നയാളുടെ അടുത്ത ചോദ്യം.
ഇഷ്ടം പോലെയുണ്ടല്ലോ? ഇപ്പം ഒരുപാട് കമ്പനികളുണ്ട്. പക്ഷേ ഞാന്‍ കൊണ്ടുപോകാറില്ല. പുതിയ വീടുവെച്ചപ്പോള്‍ ഒരു ഇന്‍വെര്‍ട്ടര്‍ കൂടിവെച്ചു. ഇപ്പോഴും വീട്ടുകാരി വിളിച്ചാല്‍ പറയും. നിങ്ങള്‍ക്ക് അന്നങ്ങനെ തോന്നിയതുകൊണ്ട് ഇപ്പോള്‍  ഒരു എടങ്ങേറുമില്ല. ഓരോ പോക്കിലും എമര്‍ജന്‍സി കൊണ്ടുപോകേണ്ട. ഒക്കെ ചൈനയാണ്. ചിലതിന് ഒരു മാസത്തെ ആയുസ്സ് പോലുമുണ്ടാകില്ല. ഇന്‍വെര്‍ട്ടര്‍ വെച്ചോ, അതാ നല്ലത്.

നാട്ടില്‍ കൊണ്ടുപോകാന്‍ എമര്‍ജന്‍സി ലൈറ്റ് വാങ്ങുന്ന കാര്യമല്ലാട്ടോ ഞാന്‍ ചോദിച്ചത്. ഇവിടെ എമര്‍ജന്‍സിയായി, പെട്ടെന്ന് കാര്യം നടന്നുകിട്ടാന്‍ വല്ല വഴീംണ്ടോ എന്നാണ്.

എത്രയാ ടോക്കണ്‍?
82
75 ആയല്ലോ. ഇനിയിപ്പോള്‍ ഏഴാമത്തെയാള്‍ നിങ്ങളാ.
അല്ല, എന്റേത് ജി 82 ആണ്. ഇപ്പോള്‍ നടക്കുന്നത് എഫാണ്. അതു നൂറായി പിന്നെ ആദ്യേ തുടങ്ങണം. വല്യ എടങ്ങേറായിപ്പോയി. നാളേക്ക് സൗദിയക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കാ. അതാകട്ടെ ഒന്നും ചെയ്യാന്‍ പറ്റാത്ത ടിക്കറ്റ്. പോയില്ലെങ്കില്‍ പണം പോയതുതന്നെ. നെറ്റ് വഴി വാങ്ങിയാലും എടങ്ങേറ് തന്നെ.
റീ എന്‍ട്രി അടിക്കാന്‍ നോക്കിയപ്പോഴാണ് ഇളയ മോളുടെ പാസ്‌പോര്‍ട്ട് എക്‌സ്പയറായത് കണ്ടത്. ഇന്നിപ്പോള്‍ മുഴുവന്‍ ഇവിടെ കാത്തിരിക്കേണ്ടി വരും. ഒരു സമാധാനമുണ്ട്. ടോക്കണ്‍ കിട്ടിയതുകൊണ്ട് സംഗതി നടന്നുകിട്ടൂന്ന് വിചാരിക്കാ.
പാസ്‌പോര്‍ട്ട് വേഗം കിട്ടി അല്ലേ?

അതുപിന്നെ എമര്‍ജന്‍സി എടുത്തതാണ്.
700 റിയാല്‍ അധികം കൊടുത്ത് എടുത്തോ?
അല്ല, ആ എമര്‍ജന്‍സി അല്ല. ഇത് ഡിങ്കോള്‍ഫി എമര്‍ജന്‍സിയാണ്. 200 റിയാലാണ് അധികം കൊടുത്തത്. ഇരുന്നൂറ്ച്ചാ ഇരുന്നൂറ്. കാര്യം നടന്നല്ലോ. ഒറ്റ ദിവസേ എടുത്തുള്ളൂ. പക്ഷേ, ജീവിതത്തില്‍ ആദ്യായിട്ടാണ് പാസ്‌പോര്‍ട്ട് കിട്ടാന്‍ കൈക്കൂലി കൊടുത്തത്.

ആഹാ, ഒരു ദിവസം കൊണ്ട് ഒപ്പിച്ചുതന്നു അല്ലേ?
അതെ, ഞാന്‍ അപേക്ഷയുമായി കൗണ്ടറില്‍ ചെന്ന് കാര്യം പറഞ്ഞു. വേഗം കിട്ടണം. അല്ലെങ്കില്‍ ടിക്കറ്റ് മുഴുവന്‍ ക്യാന്‍സലാകും.

എമര്‍ജന്‍സി എടുക്കല്‍ മാത്രേ നിര്‍വാഹമുള്ളൂ എന്ന് കൗണ്ടറുകാരന്റെ മറുപടി.
വേറെ ഒരു വഴിയും ഇല്ലേ? എന്റെ ചോദ്യം.
അതുപിന്നെ അകത്തെ മുറിയില്‍ ഒരു മല്‍ബു ഇരിപ്പുണ്ട്. അങ്ങേരെ പോയി കണ്ടാല്‍ മതി.

അവിടേം തിരക്കായിരുന്നുവെങ്കിലും ആളുകളെ വകഞ്ഞുമാറ്റി മുറിക്കകത്ത് പ്രവേശിച്ചു. രണ്ട് ചെയറുണ്ട്. ഒന്നിലേ ആളുള്ളൂ. അതാകട്ടെ, കണ്ടാല്‍ മല്‍ബുവിന്റെ ലുക്കില്ല. നീളന്‍ കുപ്പായമിട്ട് ഒരു അറബിയെപ്പോലെ. മറ്റേ ചെയറിലായിരിക്കും കക്ഷി വരികയെന്ന് കരുതി കുറച്ചുനേരം കാത്തുനിന്നു.
കാണാതായപ്പോള്‍ ആ ചെയറിലേക്ക് വിരല്‍ ചൂണ്ടി എപ്പോള്‍ വരുമെന്ന് ആംഗ്യ അറബിയില്‍ ആ അറബിയോട് ചോദിച്ചു.
എന്താ കാര്യംന്ന് അയാള്‍ തിരിച്ചു ചോദിച്ചപ്പോഴാണ്, വേഷം മാത്രേയുള്ളൂ ഭാഷ മാറീട്ടില്ലാന്നു മനസ്സിലായത്.
കാര്യം വിശദീകരിച്ചപ്പോള്‍ വേഗം കിട്ടണമെങ്കില്‍ കൂടുതല്‍ കാശ് വെക്കേണ്ടി വരുമെന്നായി അയാള്‍.
കൂടുതല്‍ എന്നു പറഞ്ഞാല്‍ എത്ര വെക്കേണ്ടി വരും?
അധികമൊന്നുമില്ല. ഒരു ഇരുന്നൂറ് റിയാല്‍.

സമ്മതിച്ചു. സാധാരണ തുകയായ 229 ന്റെ കൂടെ 200 കൂടി കൊടുത്തു.
ഉഷാര്‍ സര്‍വീസ് തന്നെ. പിറ്റേ ദിവസം രാവിലെ മെസേജ് വന്നു. പാസ്‌പോര്‍ട്ട് റെഡി ടു ഡെലിവറി.

കുടുങ്ങിയവന്‍ എവിടേയും പിഴിയപ്പെടും. ഇക്കാലത്ത് വെറുതെ കിട്ടുന്ന ഒരു സര്‍വീസുമില്ലല്ലോ? ഇവിടേം കാണുമായിരിക്കും ടോക്കണ്‍ വില്‍ക്കുന്ന ആളുകള്‍.

സാധ്യതയില്ല. ഇവിടെ കൗണ്ടറില്‍നിന്നുതന്നെയാണ് ടോക്കണ്‍ കൊടുക്കുന്നത്.
തറയിലൊക്കെ ഒന്നു നോക്കിക്കോ. ആരേലും കളഞ്ഞ ടോക്കണ്‍ കിട്ടും.
മല്‍ബുവിന്റെ ഉപദേശം കേട്ട് ആഗതന്‍ ഹാള്‍ മുഴുവന്‍ പരതിയെങ്കിലും തടഞ്ഞില്ല.

ഇതിപ്പോള്‍ ഇന്നു നടന്നുകിട്ടിയില്ലെങ്കില്‍ ആകെ കുളമാകുമെന്ന് അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എത്ര കാശ് കുറഞ്ഞാലും വേണ്ടില്ല, ഇനിയൊരിക്കലും മാറ്റാന്‍ കഴിയാത്ത വിമാന ടിക്കറ്റെടുക്കില്ലെന്ന പ്രഖ്യാപനവും.

ആകെ അസ്വസ്ഥനായിരുന്ന മല്‍ബുവിന് അടുത്തിരുന്ന ഒരു 'പച്ച' പച്ചവെള്ളം നല്‍കി. പച്ചാന്ന് പറഞ്ഞാല്‍ മല്‍ബുവിന് പാക്കിസ്ഥാനി.
അറബി അറിയില്ലെങ്കിലും ഉര്‍ദു അറിയാവുന്ന മല്‍ബു പച്ചയോടു തിരക്കി.
കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ നിങ്ങള്‍ക്ക് എത്രയാ ചാര്‍ജ്?
80 റിയാല്‍.
ഞങ്ങളെപ്പോലെ പുറം ഏജന്‍സിയാണോ അതോ കോണ്‍സുലേറ്റ് തന്നെയാണോ പാസ്‌പോര്‍ട്ട് പുതുക്കുന്നത്?
കോണ്‍സുലേറ്റ്.
എമര്‍ജന്‍സിയായി കിട്ടാന്‍ എത്ര കൊടുക്കണം.
ഡബ്ള്‍ കൊടുത്താല്‍ മതി. അതായത് 160.

സംസാരം നീണ്ടുപോകുന്നതിനിടയില്‍ മല്‍ബുവിന്റെ കണ്‍മുന്നില്‍ ആ പച്ചയുടെ കൈയില്‍ ഭാഗ്യമുദിച്ചു. അയാളുടെ അടുത്തുവന്ന ഒരു അറബി വലംകൈയിലേക്ക് ഒരു ടോക്കണ്‍ സമ്മാനിച്ചു.
കാത്തിരുന്ന് മുഷിഞ്ഞ് മടങ്ങുകയായിരുന്ന അയാള്‍ നല്‍കിയ ടോക്കണില്‍ നമ്പര്‍ ജി 14.
പച്ചയുടെ കൈയില്‍ ഉണ്ടായിരുന്നത് ഇരുപതാം നമ്പര്‍ ടോക്കണ്‍.
മല്‍ബു പച്ചയുടെ കൈയില്‍നിന്ന് വേഗം ആ ടോക്കണ്‍ കൈക്കലാക്കി പകരം ഒരു ശുക്‌രിയാ നല്‍കി.
എന്നിട്ട് ഇടത്തോട്ടു തിരിഞ്ഞ് മറ്റേ മല്‍ബുവിനോട്:
നിങ്ങള്‍ക്കു മുമ്പ് ഞാന്‍ പോകൂട്ടാ.
നിങ്ങടത് 24 അല്ലേ, എനിക്ക് 20 കിട്ടി.

പച്ചയുമായുള്ള ഇടപാട് കണ്ടിരുന്ന മല്‍ബു പറഞ്ഞു:
200 കൊടുത്തതല്ലേ. അതിന്റെ പുണ്യായിക്കാരം.
ടെന്‍ഷന്‍ മാറട്ടെ.


8 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ വ്യാഖ്യാന പാടവം
എങ്ങിനെ നന്നാവാതിരിക്കും...
എഴുതിയത് ഇമ്മ്ടെ മൽബുവല്ലേ..അല്ലേ

Mohamedkutty മുഹമ്മദുകുട്ടി said...

എന്നെപ്പോലെയുള്ള നാടന്‍ മല്‍ബുമാര്‍ക്ക് പ്രവാസികളെപ്പോലെ ഇതു പൂര്‍ണ്ണമായി ആസ്വദിക്കാന്‍ പറ്റുകയില്ല.

Echmukutty said...

ടെന്‍ഷന്‍ മാറട്ടെ..

ente lokam said...

hum sathyam..pakshe ividuthukaare muzhuvan cheetha aakkunnathum nammalanu..ingane oro tharikida patippichu..:)

SUJITH KAYYUR said...

aashamsakal

Shahida Abdul Jaleel said...

നമ്മളെ പോലെ ഉള്ള മല്ലുസ് ആണ് എല്ലാവരെയും ചീത്ത ആക്കുന്നത് കൈകൂലി കൊടുത്തു ..നമ്മളെ പറഞ്ഞിട്ടും കാര്യമില്ല നമ്മല്‍ നമ്മളെ ഭരിക്കുന്നവരെ കണ്ടല്ലേ പഠിക്കുനത്...

ബഷീർ said...

>>കുടുങ്ങിയവന്‍ എവിടേയും പിഴിയപ്പെടും << അതാണ് കാര്യം.. കുടുങ്ങിയവരെ പിഴിയാനായി സ്വന്തക്കാരും ക്യൂ നിൽക്കും.. എമർജൻസി എടുക്കയല്ലാതെ വഴിയില്ലാണ്ടാവുമ്പോൾ കുറ്റകൃത്യത്തിനും നമ്മളും കൂട്ടാവുന്നു

a.rahim said...

പിഴവുകള്‍ നമ്മുടേതാണെങ്കില്‍ പാപത്തിന്റെ ഫലം നമ്മള്‍ തന്നെ അനുഭവിക്കുന്നതല്ലേ നീതി...

നമ്മുടെ പിഴവുകളെ മുതലെടുക്കാന്‍ വരുന്നവന്റെ സാമര്‍ത്ഥ്യത്തെ പഴിക്കുന്നതിലും നല്ലത് സാമര്‍ത്ഥ്യക്കാരനെ തോല്‍പ്പിക്കാന്‍ പിഴവ് വരുത്താതിരിക്കുക എന്നതല്ലേ.

Related Posts Plugin for WordPress, Blogger...