Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

December 23, 2013

താങ്ക് യൂ ആമിനാത്ത



മണിക്കൂര്‍ ഒന്നു കഴിഞ്ഞിട്ടും കഫീല്‍ പുറത്തുവന്നില്ല.
കാത്തിരുന്നു മടുത്ത മല്‍ബുവിന് അസ്വസ്ഥത വര്‍ധിച്ചു.

ഇയാളിത് എവിടെ പോയി?   ഒരു പാസ്‌പോര്‍ട്ട് എടുത്തു വരാന്‍ ഇത്രയധികം സമയമോ? രണ്ടാം നിലയിലെ ഫ്ളാറ്റിനു മുന്നിലെത്തി രണ്ടു മൂന്ന് തവണ ബെല്ലടിക്കാന്‍ തുനിഞ്ഞെങ്കിലും കൈ തനിയെ താണു.

കഫീലിനു ദ്വേഷ്യം വന്നാല്‍ എല്ലാം കുളമാകും. മൊബൈലില്‍ വിളിക്കുന്നതുപോലും ഇഷ്ടമില്ലാത്തയാളാണ്. വിളിച്ചാലൊട്ട് എടുക്കുകയുമില്ല. പിന്നെ എപ്പോഴെങ്കിലും തിരിച്ചു വിളിക്കുകയാണ് പതിവ്.

ഇതുതന്നെ ഒരാഴ്ച നീണ്ട പരിശ്രമത്തിനൊടുവിലാണ് താമസസ്ഥലത്ത് വന്നാല്‍ പാസ്‌പോര്‍ട്ട് തരാമെന്ന് സമ്മതിച്ചത്.

പദവി മാറ്റാനുള്ള ഒരുക്കത്തിലാണ് മല്‍ബു. പുതിയ കഫീലിനെ കണ്ടുപിടിച്ച് ഡിമാന്റ് ലെറ്റര്‍ സംഘടിപ്പിച്ച ശേഷമാണ് വീണ്ടും കഫീലുമായി ബന്ധപ്പെട്ടത്. പുതിയ കഫീലാണെങ്കില്‍ രണ്ടു ദിവസത്തിനകം പാസ്‌പോര്‍ട്ട് എത്തിക്കണമെന്ന് പറഞ്ഞതാണ്. ഇപ്പോള്‍ ആഴ്ചയൊന്നായി.

മല്‍ബു ഡോറിലേക്കും ബെല്ലിലേക്കും മാറിമാറി നോക്കി.

 ടിഷ്യൂ പേപ്പര്‍ ചുരുട്ടി വെച്ചാണ് ഡോര്‍ അടച്ചിരിക്കുന്നത്. കഫീല്‍ ഇനി തന്നെ കാണാതെ പുറത്തിറങ്ങിപ്പോയോ? മല്‍ബുവിന് സംശയമായി.

ഇങ്ങനെ ടിഷ്യു വാതിലിന് അടയാളം വെച്ച് പുറത്തുപോകാറുള്ള ഒരാളെ കുറിച്ച് മൊയ്തു പറഞ്ഞിട്ടുണ്ട്. ഗൃഹനാഥന്‍ പുറത്തുപോകുമ്പോള്‍ ഇങ്ങനെ ഒരു അടയാളം വെക്കുന്നതിന്റെ ഗുട്ടന്‍സ് മൊയ്തുവിനോടൊപ്പം തലപുകഞ്ഞ് ആലോചിച്ചിട്ടും പിടികിട്ടിയിരുന്നില്ല.

അതേ അടയാളമാണ് ഇവിടെയും കാണുന്നത്. കഫീല്‍ അകത്തുണ്ടോ? അതോ പുറത്തുപോയോ?

കാത്തിരിപ്പ് പിന്നെയും നീണ്ടു.

ഇതെന്താ ഇയാള്‍ പാസ്‌പോര്‍ട്ട് ഉണ്ടാക്കുകയാണോ? വീണ്ടും കൈ പൊങ്ങി ബെല്ലില്‍ തൊട്ടെങ്കിലും അമര്‍ത്താനുള്ള എനര്‍ജി കിട്ടിയില്ല. ഒടുവില്‍ രണ്ടും കല്‍പിച്ച് മൊബൈല്‍ ഡയല്‍ ചെയ്തു. ഏതോ അറബി ഗാനം പാടിത്തീര്‍ന്നതല്ലാതെ ആരും ഫോണ്‍ എടുത്തില്ല. കളിപ്പിച്ചാല്‍ മല്‍ബു കഫീലിനേയും തല്ലും എന്നു പറഞ്ഞതുപോലെ ~ഒടുവില്‍ ബെല്ലടിക്കുകയും ചെയ്തു. പിന്നെയും അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ദേ കഫീലിന്റെ വിളിവന്നു.

പാസ്‌പോര്‍ട്ട് കാണുന്നില്ല. ഞാന്‍ ഒന്നുകൂടി തെരഞ്ഞിട്ട് വൈകിട്ടു വിളിക്കാം. ഇപ്പോള്‍ പോയ്‌ക്കോളൂ.

കരച്ചിലിന്റെ വക്കിലെത്തിയ മല്‍ബുവിന് അങ്ങോട്ടൊന്നും പറയാന്‍ കഴിഞ്ഞില്ല. പുതിയ കഫീല്‍ പാസ്‌പോര്‍ട്ടിനുവേണ്ടി രാവിലെ കൂടി വിളിച്ചതാണ്.

ഒന്നുകൂടി തെരഞ്ഞാല്‍ കിട്ടുമായിരിക്കുമെന്ന് മല്‍ബു സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മനസ്സ് കൂട്ടാക്കുന്നില്ല.

പണ്ടൊരു കഫീല്‍ മേശ നേരെനില്‍ക്കാന്‍ പാസ്‌പോര്‍ട്ട് മേശക്കാലിനടിയില്‍ തിരുകിയ കഥ കേട്ടിട്ടുണ്ട്. അതുപോലെ എവിടെയെങ്കിലും തിരുകിയോ അതോ കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുത്തോ? പിന്നൊരു കഫീല്‍ കുറേയാളുകളുടെ പാസ്‌പോര്‍ട്ടുകള്‍ വെള്ളത്തിലിട്ട സംഭവവും കേട്ടിട്ടുണ്ട്. ഇങ്ങനെ പലതായി ചിന്തകള്‍.

അതിനിടയില്‍ കൂട്ടുകാരന്‍ മൊയ്തുവിനെ വിളിച്ച് ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട് എടുക്കാനുള്ള ചട്ടവട്ടങ്ങളൊക്കെ അന്വേഷിച്ചു. അതൊക്കെ നമുക്ക് എളുപ്പം ശരിയാക്കാമെന്ന് മൊയ്തു സമാധാനിപ്പിച്ചു.

അതിനിടയിലാണ് കഫീല്‍ പിടിച്ചുവെച്ച ഡ്രൈവിംഗ് ലൈസന്‍സ് ഒരു ഗദ്ദാമ  അടിച്ചുമാറ്റി നാട്ടുകാരന് നല്‍കിയ കഥ ഓര്‍മ വന്നത്. കളര്‍ ഫോട്ടോസ്റ്റാറ്റ് ലാമിനേറ്റ് ചെയ്ത് ഒറിജിനല്‍ പോലെയാക്കി വെച്ചാണ് ലൈസന്‍സ് അടിച്ചുമാറ്റി നാട്ടുകാരന് എത്തിച്ചത്. ആ നാട്ടുകാരന്‍ ഇപ്പോള്‍ വേറെ നാട്ടില്‍ പോയി ഒന്നാന്തരം ജോലി സമ്പാദിച്ചു കഴിയുന്നു. ഗദ്ദാമ ചെയ്ത സേവനം അയാള്‍ ഇപ്പോഴും എടുത്തു പറയും.


ആ വഴി പിന്തുടരാന്‍ മല്‍ബുവും തീരുമാനിച്ചു. പാസ്‌പോര്‍ട്ട് ഫ്ളാറ്റിനകത്ത് ഉണ്ടോ എന്ന് ഉറപ്പുവരുത്തണം. അതിന് ഇവിടത്തെ ഗദ്ദാമയെ കണ്ടുകിട്ടണം.

മല്‍ബി ഗദ്ദാമയെ വേണമെന്ന് കഫീല്‍ പറഞ്ഞപ്പോള്‍ അബ്ബാസിനോട് പറഞ്ഞ് ഏര്‍പ്പാടാക്കിക്കൊടുത്ത കാര്യം ഓര്‍മ വന്നു. പണി മാറി ദൂരേക്ക് പോയ അബ്ബാസിന്റെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചപ്പോള്‍ അയാളുടെ നാട്ടുകാരി ആമിനാത്തയാണ് ഗദ്ദാമയെന്ന വിവരം കിട്ടി. അബ്ബാസ് നല്‍കിയ നമ്പറില്‍ വിളിച്ചപ്പോള്‍ ആമിനാത്തയെ കിട്ടിയില്ല. കുറേ കഴിഞ്ഞപ്പോള്‍ കഫീലിനെ പോലെ ദേ ആമിനാത്ത തിരിച്ചുവിളിക്കുന്നു.

പാസ്‌പോര്‍ട്ട് കഫീല്‍ കാണാതാക്കിയെന്ന കാര്യം പറഞ്ഞപ്പോള്‍ ഈയിടെ ഫര്‍ണിച്ചറൊക്കെ മാറ്റിയിട്ടിരുന്നുവെന്നും നോക്കിയിട്ട് പറയാമെന്നും ആമിനാത്ത മറുപടി നല്‍കിയപ്പോള്‍ മല്‍ബുവിന് പ്രതീക്ഷ വര്‍ധിച്ചു. അന്നു വൈകിട്ട് തന്നെ ആമിനാത്തയുടെ വിളി വന്നു. ആരും ഉപയോഗിക്കാതെ മാറ്റിയിട്ട ഷെല്‍ഫില്‍ ഒരിടത്ത് മല്‍ബുവിന്റെ പാസ്‌പോര്‍ട്ട് ഒളിഞ്ഞിരിപ്പുണ്ട്.

അതൊന്ന് എടുത്തുതരാമോ എന്ന് മല്‍ബു ചോദിച്ചപ്പോള്‍ അതു ബുദ്ധിയല്ലെന്നും കഫീല്‍ കാണുന്നിടത്ത് എടുത്തുവെക്കാമെന്നും ആമിനാത്ത തിരുത്തി. പിറ്റേന്നു പുലര്‍ച്ചെ കഫീല്‍ ഉറക്കമെണീറ്റു വന്നപ്പോള്‍ തൊട്ടുമുന്നില്‍ മല്‍ബുവിന്റെ പാസ്‌പോര്‍ട്ട് പ്രത്യക്ഷപ്പെട്ടു.

പാസ്‌പോര്‍ട്ട് കിട്ടിയെന്നും വന്നു കൊണ്ടുപോയിക്കോളൂ എന്നും കഫീല്‍ വിളിച്ചുപറഞ്ഞപ്പോള്‍ കുതിച്ചെത്തിയ മല്‍ബുവിന് ഒട്ടും കാത്തിരിക്കേണ്ടിവന്നില്ല. പുഞ്ചിരിക്കുന്ന മുഖത്തോടെ കഫീല്‍ പാസ്‌പോര്‍ട്ട് നല്‍കി.

ആമിനാത്ത അവിടെ എവിടെയെങ്കിലും ഉണ്ടോയെന്ന് നോക്കിയെങ്കിലും  കാണാന്‍ കഴിഞ്ഞില്ല. ആ ഫഌറ്റ് നോക്കിയും പിന്നീട് മൊബൈലില്‍ വിളിച്ചും മല്‍ബു പറഞ്ഞു.
താങ്ക് യൂ ആമിനാത്ത. യു ആര്‍ ഗ്രേറ്റ്.

 

December 18, 2013

വെറുതെയല്ല സോഫ



രണ്ടു മാസത്തെ പരോളിനു പോയ ഒരാള്‍ക്ക് ഒരു മാസം നീട്ടിക്കിട്ടുകയെന്ന് പറഞ്ഞാല്‍ അതൊരു ചെറിയ സംഭവമല്ല.

ലോട്ടറിയടിച്ചല്ലോ എന്നായിരുന്നു മല്‍ബിയുടെ ഉടന്‍ പ്രതികരണം. അതു കേട്ടപ്പോള്‍ ഉമ്മാ ഇതുവരെ ലോട്ടറി എടുത്തിട്ടുണ്ടോ എന്നായി മൂന്നാം ക്ലാസില്‍ പഠിക്കുന്ന മോന്റെ സംശയം.

രണ്ടു വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അവധി ദിവസങ്ങള്‍ പോകുന്നയാള്‍ക്ക് പരോളാണെങ്കിലും സ്വീകരിക്കുന്നവര്‍ക്ക് അതൊന്നും ആലോചിക്കാന്‍ നേരമില്ലല്ലോ?


നീട്ടിക്കിട്ടിയ ഒരു മാസം കൂടി  അടിച്ചുപൊളിച്ച് മടങ്ങി എത്തിയിരിക്കയാണ് മല്‍ബു.
മൂന്നു മാസം നില്‍ക്കാന്‍ പറ്റി അല്ലേ, ഭാഗ്യവാന്‍ എന്നായിരുന്നു വിമാനത്തില്‍ തൊട്ടുടുത്തിരുന്നയാള്‍ പറഞ്ഞത്. എനിക്ക് 28 ദിവസേ കിട്ടിയുള്ളൂ. ഒരു പത്ത് ദിവസം കൂടി നീട്ടിക്കിട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല -അയാളുടെ പരിഭവം.

പണിസ്ഥലത്ത് എത്തിയപ്പോഴാണ് പരോള്‍ നീട്ടിക്കിട്ടിയതിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്.
മല്‍ബുക്കാ വേണമെങ്കില്‍ പരോള്‍ ഒരു മാസം നീട്ടിക്കോ, ഇവിടത്തെ കാര്യങ്ങള്‍ ഞാന്‍ നോക്കിക്കോളാമെന്ന് മൊയ്തു പറഞ്ഞപ്പോള്‍ കൂട്ടുകാരനെ കുറിച്ച് പറയാന്‍ നൂറു നാക്കായിരുന്നു മല്‍ബുവിന്. ഭാര്യയേക്കാളും ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന കൂട്ടുകാരന്‍ കാണുമെന്ന പ്രസ്താവന കേട്ടപ്പോള്‍ മല്‍ബി ശരിക്കും വാളെടുത്തിരുന്നു.

അവസാനം ഞാനേ കാണൂ എന്ന അവളുടെ വാക്കുകളാണ് ഇപ്പോള്‍ കാതുകളില്‍.
ചതി പറ്റിയിരിക്കുന്നു.

പത്തിരുപത് വര്‍ഷം കൊണ്ട് മുതലാളിയുടെ മനസ്സില്‍ നേടിയെടുത്ത സ്ഥാനത്തുനിന്ന് താഴെ ഇറക്കി അവിടെ കയറി ഇരിക്കുകയാണ് കൂട്ടുകാരനും പകരക്കാരനുമായ മൊയ്തു.
ഞാന്‍ റെക്കമന്റ് ചെയ്തു, ലീവ് കൂട്ടാന്‍ അപ്പോള്‍ തന്നെ പഹയന്‍ സമ്മതിച്ചു എന്ന മൊയ്തുവിന്റെ വാക്കുകള്‍ മാത്രമല്ല, മുതലാളിയുടെ അടുത്തുള്ള അവന്റെ നില്‍പും ഭാവവുമൊന്നും മല്‍ബുവിന് പിടിച്ചില്ല.

പണിയില്ലാതെ നടന്ന മൊയ്തുവിനെ സ്വന്തം ചെലവില്‍ ഒരു മാസം കൂടെ താമസിപ്പിച്ച്, പകരം പണിക്ക് നിര്‍ത്തി നാട്ടില്‍ പോയതായിരുന്നു മല്‍ബു.

ഇപ്പോള്‍ മല്‍ബുവിനു മീതെ മൊയ്തു. മുതലാളി എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നത് മൊയ്തുവിനോട്. വര്‍ഷങ്ങള്‍ കണ്ട മുഖമായിട്ടും മല്‍ബുവിനെ കണ്ട ഭാവം നടിക്കുന്നില്ല.

മല്‍ബുവിന് നിയന്ത്രണം വിട്ട ഒരു സന്ദര്‍ഭമുണ്ടായി. ശരിക്കും കരയിപ്പിച്ച സംഭവം.
ഒരു ദിവസം മല്‍ബു കേള്‍ക്കെ മുതലാളി മൊയ്തുവിനോട് പറഞ്ഞു.

നീയൊന്ന് വീട്ടിലേക്ക് വാ. അവിടെ ഒരു ഗിഫ്റ്റ് വെച്ചിട്ടുണ്ട്.
ഇതുകേട്ടപ്പോള്‍ മൊയ്തു മല്‍ബുവിനുനേരെ ഒരു ക്ലാസിക് നോട്ടവുമെറിഞ്ഞു. അധികനേരം അവിടെ നില്‍ക്കാന്‍ മല്‍ബുവിന് കഴിഞ്ഞില്ല.

രാത്രി റൂമിലെത്തിയപ്പോള്‍ രണ്ട് പേര്‍ക്കും ഉറക്കമില്ല. എന്തു ഗിഫ്റ്റായിരിക്കും മുതലാളി എടുത്തുവെച്ചിട്ടുണ്ടാവുക എന്നാണ് രണ്ടുപേരും ആലോചിച്ചത്. നാളെ അറിയാമല്ലോ എന്ന പ്രതീക്ഷയില്‍ അല്‍പം കഴിഞ്ഞപ്പോള്‍ മൊയ്തു ഉറങ്ങിയെങ്കിലും നാട്ടില്‍ മല്‍ബിയെ വിളിച്ച് ചതിയുടെ കാഠിന്യം അറിയിക്കുകയാണ് മല്‍ബു ചെയ്തത്.

അടുത്ത ദിവസം രാവിലെ തന്നെ സമ്മാനത്തെ കുറിച്ചുള്ള വിവരം മൊയ്തുവിനു കിട്ടി.

നമ്മുടെ ഫ്ളാറ്റിലെ സോഫ എടുത്തുകളയണം. മുതലാളിയുടെ ഗിഫ്റ്റ് ആറ് സീറ്റ് സോഫയാണ്. ഇന്നുതന്നെ എടുക്കണമെന്നു പറഞ്ഞിട്ടുണ്ട്.
ഇവിടത്തെ സോഫ ആര്‍ക്കെങ്കിലും കൊടുക്കാം അല്ലേ. അതെടുത്ത് താഴെയെത്തിച്ച് കളയാന്‍ വലിയ പാടായിരിക്കും.

മൊയ്തു മല്‍ബുവിനോട് അഭിപ്രായം ചോദിച്ചു.
സങ്കടവും ദേഷ്യവുമൊക്കെ അടക്കി മല്‍ബു മറുപടി നല്‍കി.
എന്തെങ്കിലും ചെയ്യൂ.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷോഭിച്ചതുകൊണ്ടോ വിഷമം പ്രകടിപ്പിച്ചതുകൊണ്ടോ ഒരു കാര്യവുമില്ല.
തലയിലെഴുത്ത് ചീകിയാല്‍ പോകില്ലല്ലോ?

ഉച്ചയായതോടെ മൊയ്തു ഒരാളെ കൂട്ടിവന്നു. അയാള്‍ സോഫ നോക്കി കൊണ്ടുപോയ്‌ക്കോളാം എന്നു പറഞ്ഞപ്പോള്‍ മല്‍ബുവിന് അതു വിശ്വസിക്കാനായില്ല. കാരണം  കറപിടിച്ച്, കീറപ്പറിഞ്ഞ് ഇരിക്കാന്‍ അറപ്പു തോന്നും വിധമായിരുന്നു അതിന്റെ കോലം.

അതു കൊണ്ടുപോകാനും ആളുണ്ടായി. ഈ ഓസിന്റെ ഒരു കാര്യം.
അങ്ങനെ ആ പണി തീര്‍ന്നു കിട്ടി-മൊയ്തു പറഞ്ഞു. മൂന്നാം നിലയില്‍നിന്ന് താഴെ ഇറക്കി ഗുമാമിലെത്തിക്കാനുള്ള മടിയാണ് മൊയ്തുവിനെ ധര്‍മിഷ്ഠനാക്കിയത്.

സന്ധ്യ കഴിഞ്ഞപ്പോള്‍ പുതിയ സോഫ കൊണ്ടുവരാന്‍ വാഹനം വിളിച്ച് ഇരുവരും മുതലാളിയുടെ വീട്ടില്‍ എത്തി.

കുശലാന്വേഷണത്തിനിടയില്‍ തന്നെ, മുതലാളി ഒതുക്കിയിട്ടിരിക്കുന്ന സോഫ കാണിച്ചു.
മല്‍ബുവും മൊയ്തുവും മുഖത്തോടു മുഖം നോക്കി.
ഫഌറ്റില്‍നിന്ന് ഒഴിവാക്കിയതിനേക്കാളും പോക്കായ ഒരു സോഫ. സര്‍വത്ര കറ പിടിച്ചിരിക്കുന്നു. വേണ്ട എന്ന് മല്‍ബു ആംഗ്യം കാണിച്ചെങ്കിലും മുതലാളിക്ക് എന്തുതോന്നുമെന്ന് ആലോചിച്ച മൊയ്തു അത് എടുക്കാന്‍ തന്നെ തീരുമാനിച്ചു.
മൊയ്തു പ്രയോഗിച്ച തന്ത്രമാണ് മുതലാളിയും പ്രയോഗിച്ചിരിക്കുന്നത്. എടുത്തു കളയുന്ന ബുദ്ധിമുട്ടൊഴിവാക്കാന്‍ ഗിഫ്റ്റാക്കി മാറ്റുക.

രണ്ടുപേരും കൂടി സോഫ മുറിയുടെ പുറത്തേക്കെടുക്കുമ്പോള്‍ മല്‍ബുവിന് ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു.

വണ്ടിയില്‍ കയറ്റി മുന്നോട്ടു നീങ്ങവെ, മൊയ്തു തന്നെ പറഞ്ഞു. ഇതിപ്പോള്‍ ഫ്‌ളാറ്റില്‍ എത്തിച്ചാല്‍ എല്ലാവരും കൂടി നമ്മളെ കൊല്ലും. ആര്‍ക്കെങ്കിലും കൊടുത്തിട്ട് പോകാം.
വഴിയില്‍ ഒരാളെ കണ്ടപ്പോള്‍ വണ്ടി നിര്‍ത്തി ചോദിച്ചു.
സോഫ വേണോ?

അയാള്‍ വേണ്ടെന്ന് പറഞ്ഞ് മുന്നോട്ടുനീങ്ങിയപ്പോള്‍ ഒന്നു കൂടി പറഞ്ഞു. കാശൊന്നും തരേണ്ട. ഞങ്ങള്‍ കളയാന്‍ കൊണ്ടുപോകുകയാണ്. വേണമെങ്കില്‍ എടുത്തോളൂ.
സ്വീകരിക്കാന്‍ കൂട്ടാക്കാതെ അയാള്‍ മുന്നോട്ടു പോയി.

പിന്നെയും അന്വേഷിച്ചു. ഒടുവില്‍ രണ്ട് സിംഗിള്‍ സോഫകള്‍ വഴിയോര കച്ചവടക്കാര്‍ വാങ്ങി റോഡരികിലിട്ടു.
ഇനിയൊരു വലുതുണ്ട്.

ഇനിയിപ്പോ ഇത് ഇവിടെ എവിടെയെങ്കിലും കളയാം. മുതലാളി കാണാതിരുന്നാല്‍ മതിയല്ലോ?
മൊയ്തു പറഞ്ഞു.

രണ്ട് മൂന്ന് ഗലികള്‍ കൂടി ഉള്ളിലേക്ക് കടന്ന് ഒരു ഗുമാം പെട്ടിക്ക് സമീപം മുതലാളി നല്‍കിയ ആ ഗിഫ്റ്റ് ഉപേക്ഷിച്ച് വണ്ടിക്കാരന് കൂലിയും നല്‍കി അവര്‍ റൂമിലേക്ക് മടങ്ങി.

December 7, 2013

ഓട്ടി മൊയ്തു




കമ്പനിക്കുവേണ്ടി രാവുംപകലും ചത്തു പണിയെടുക്കുന്ന ഒ.ടി മൊയ്തു ഒരു പൊട്ടനല്ല. പൊട്ടന്‍ മല്‍ബു, പാവം എന്നൊക്കെ ആളുകള്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അത് എല്ലാവര്‍ക്കും തിരുത്തേണ്ടി വന്നു. ഒറ്റത്തെങ്ങില്‍ എന്ന കുടുംബപ്പേരിന്റെ ചുരുക്കമാണ് ഒ.ടിയെങ്കിലും പിന്നീട് അതിന് പല മല്‍ബുകളുടേയും സ്വപ്നമായ സാക്ഷാല്‍ ഓട്ടിയാകാനുള്ള ഭാഗ്യമുണ്ടായി.
എയര്‍പോര്‍ട്ടീന്ന് കമ്പനിയിലേക്ക് കമ്പനീന്ന് എയര്‍പോര്‍ട്ടിലേക്ക് എന്നതു പോലെയായിരുന്നു മൊയ്തുവിന്റെ ജീവിതവും ജോലിക്കമ്പവും. അതായത് കരിപ്പൂരിലേക്ക് വിമാനം കയറാന്‍ പോകുമ്പോള്‍ മാത്രമാണ് ടിയാന്‍ കമ്പനിയുമായുള്ള ബന്ധം വിഛേദിച്ചിരുന്നത്.
അല്ല മൊയ്തൂ  നീ കമ്പനീ തന്നെയാണോ താമസം എന്നാണ് എപ്പൊഴെങ്കിലും പുറത്തുകണ്ടാല്‍ പരിചയക്കാര്‍ മൊയ്തുവിനോട് ചോദിച്ചിരുന്നത്.
ഒന്നും  പറയേണ്ട കാക്കാ എന്നുമാത്രമായിരിക്കും അപ്പോള്‍ മൊയ്തുവിന്റെ മറുപടി.
പാവം ഒരാളെ ഇങ്ങനെ ചൂഷണം ചെയ്യാന്‍ പാടുണ്ടോ എന്ന് നാട്ടുകര്‍ പരസ്പരം ചോദിക്കാനും അതിനൊരു പരിഹാരം കാണുന്നതിനു മുന്നിട്ടിറങ്ങാനും ഒരു സംഭവമുണ്ടായി.
തലങ്ങും വിലങ്ങും പോകുന്ന ഗള്‍ഫുകാരെക്കൊണ്ട് എപ്പോഴും അത്തറു മണക്കുന്ന തൊക്കിലങ്ങാടിയില്‍നിന്ന് മൊയ്തുവടക്കം ഇരുപത് പേരെ കടല്‍ കടത്തിയ കുഞ്ഞാക്കയുടെ മരണത്തെ തുടര്‍ന്നായിരുന്നു അത്. നാട്ടാരെ ഗള്‍ഫിലെത്തിച്ച് തൊക്കിലങ്ങാടിയുടെ മുഖഛായ മാറ്റിയ കുഞ്ഞാക്കയുടെ മരണം പത്രങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി മൂന്ന് വര്‍ഷം കഴിഞ്ഞായിരുന്നു കുഞ്ഞാക്കയുടെ മരണമെങ്കിലും അദ്ദേഹത്തോടുള്ള ആദരവിന് ഒരു കുറവും വന്നിരുന്നില്ല.
പരേതനെ അനുസ്മരിക്കാനും പ്രാര്‍ഥിക്കാനും തൊക്കിലങ്ങാടിക്കാരുടെ കൂട്ടായ്മ ഒരു ചടങ്ങ് സംഘടിപ്പിച്ചു. സംഗതി വേര്‍പാടാണെങ്കിലും തീറ്റക്ക് കുറവു വരുത്തിയിരുന്നില്ല. ബ്രോസ്റ്റും ജ്യൂസും ഏര്‍പ്പാടാക്കിയത് കുഞ്ഞാക്ക ഗള്‍ഫിലേക്ക് കൊണ്ടുവന്നവരായിരുന്നു. ചടങ്ങിനുശേഷം കാശ് പിരിക്കുന്നതിനുമുമ്പുതന്നെ ഒ.ടി. മൊയ്തുവിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടു.
ആളുകള്‍ അടക്കം പറഞ്ഞു.
മയ്യിത്ത് നിസ്‌കരിക്കാന്‍ പോലും ഓന്‍ വന്നില്ല. അതും കുഞ്ഞാക്കയുടെ. ഓനെ ഇങ്ങട് കൊണ്ടുവന്ന നന്ദിയെങ്കിലും കാണിക്കണ്ടെ?
അവിടെയുമുണ്ടായി രണ്ടുപക്ഷം.
 ആ മൊയ്തുവിന്റെ കാര്യം കഷ്ടാണ് കേട്ടോ. ജോലിത്തിരക്ക് കൊണ്ട് ഒന്ന് ശ്വാസം വിടാന്‍ പോലും നേരം കിട്ടുന്നില്ല. ശരിക്കും കമ്പനിക്കാര് ആ പാവത്തെ ചൂഷണം ചെയ്യാണ്.
മൊയ്തുവിനെ അവിടെനിന്ന് രക്ഷിക്കണമെന്ന് നാട്ടുകാരില്‍ ചിലര്‍ തീരുമാനമെടുത്തു. പിടിപാടുള്ള ഒരു തൊക്കിലങ്ങാടിക്കാരന്റെ കെയറോഫില്‍ ജോലി ശരിയാക്കിയശേഷമാണ് അവര്‍ മൊയ്തുവിനെ കാണാന്‍ പോയത്.
കുഞ്ഞാക്കാന്റെ നിസ്‌കാരത്തിനുപോലും വരാന്‍ പറ്റിയില്ല, അല്ലേ, സാരമില്ല, ഞങ്ങള്‍ നിനക്കൊരു ജോലി ശരിയാക്കിയിട്ടുണ്ട്. കൂട്ടായ്മയൊക്കെ ഇവിടെയുള്ളപ്പോള്‍ ഒരാള്‍ ഇങ്ങനെ കഷ്ടപ്പെടാന്‍ പാടില്ല.
ഞാനെങ്ങോട്ടും മാറുന്നില്ല. എനിക്ക് ഇവിടെ തന്നെ മതി- ഒ.ടി. മൊയ്തു തറപ്പിച്ചുപറഞ്ഞപ്പോള്‍ മാറിയാല്‍ നല്ല ആശ്വാസം കിട്ടും പഹയാ എന്ന് കൂട്ടത്തില്‍ പ്രായമുള്ളയാള്‍ ഓര്‍മ്മിപ്പിച്ചു.
ഒരു ആശ്വാസവും വേണ്ട. ഇവിടെ അധ്വാനിക്കുന്നതിന് കായ് കിട്ടുന്നുണ്ട്. പത്ത് മിനിറ്റ് അധികം പണിയെടുത്താല്‍ പോലും കാശാണ്.
ഉമ്മന്‍ചാണ്ടിയെ ചാടിക്കാന്‍ ജോര്‍ജിന്റെ കൂടെ കൂടിയ മീഡിയക്കാരെക്കാളും കൂടുതല്‍ നിരാശരായി ആഗതര്‍.
മൊയ്തുവിനുവേണ്ടി സഹതപിച്ചവരെല്ലാം അന്നുമുതലാണ് മൊയ്തുവിനെ ഓട്ടി മൊയ്തുവെന്ന് വിളിച്ചു തുടങ്ങിയത്.
ഓവര്‍ ടൈമിനുവേണ്ടി ചാകുന്നവന്‍.
ഓട്ടിയോട് തോറ്റു മടങ്ങുമ്പോള്‍ നീ നമ്മളെ തേടി വരും പഹയാ എന്നു തൊക്കിലങ്ങാടി സംഘം പറഞ്ഞതു പോലെയായി പിന്നീട് കാര്യങ്ങള്‍.  
സ്വദേശി പൊല്ലാപ്പായ നിതാഖാതില്‍നിന്ന് രക്ഷിക്കാന്‍ കമ്പനി തട്ടിയത് മൊയ്തുവിനെ. വീണ്ടും തൊക്കിലങ്ങാടിക്കാര്‍ രക്ഷക്കെത്തിയപ്പോള്‍ മൊയ്തു വന്നുവീണത് ഒരു ബഖാലയില്‍. പക്ഷേ ഓട്ടി മൊയ്തുവിനെ അവിടെ ഭാഗ്യം കൈവിട്ടില്ല. ബഖാലയിലും തുറന്നുകിട്ടി എക്‌സ്ട്ര ഇന്‍കം ഉണ്ടാക്കാനൊരു വഴി.
പണം വലിച്ചെടുക്കുന്ന ആസ്തമയല്ലാട്ടോ.അടുത്തുള്ള വല്യോരു വീട്ടിലേക്ക് മൊയ്തു സാധനങ്ങള്‍ എത്തിച്ചുകൊടുക്കും. അവിടെയുള്ളൊരു ബാബ നന്നായി കൈമടക്കും. ആ കൈമടക്കില്‍ ഓട്ടിയില്ലാത്ത സങ്കടം മൊയ്തു മറക്കും. ബഖാലയില്‍ രാവും പകലും പണീണ്ടെങ്കിലും ഓട്ടിയില്ലല്ലോ. ഇപ്പോഴാണ് മൊയ്തു ഒഴിവുസമയം എന്‍ജോയ് ചെയ്യുന്നത്. നിസ്‌കാരത്തിന് കടയടച്ചാലും മൊയ്തു റൂമില്‍ പോയി വിശ്രമിക്കും.
അങ്ങനെയിരിക്കെ, മൊയ്തുവിനെ വീണ്ടും തോല്‍പിച്ചുകൊണ്ട് ആ ബാബ വിടചൊല്ലുകയും കൈമടക്ക് അവസാനിക്കുകയും ചെയ്തു. സമീപത്തെ മറ്റൊരു ഫ്‌ളാറ്റ് വഴി ബാബയുടെ ഫ്‌ളാറ്റിലേക്കും സാധനങ്ങള്‍ എത്തിക്കുന്നുണ്ടെങ്കിലും കൈമടക്കിനു കനമില്ലാതായി.
ഒരു ദിവസം മൊയ്തു ഉച്ചഭക്ഷണത്തിനെത്തിയപ്പോള്‍ കൂട്ടുകാര്‍ ഒരു വലിയ തളിക ചോറും ആടുമായി കാത്തിരിക്കുന്നു.
എന്താ വകയെന്ന് ചോദിക്കുക മൊയ്തുവിന്റെ ഒരു വീക്ക്‌നെസ്സാണ്. അപ്പം തിന്നാല്‍ പോരേയെന്ന് കൂട്ടുകാര്‍ ചോദിച്ചെങ്കിലും മൊയ്തുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവര്‍ക്ക് അതു പറയേണ്ടിവന്നു.
ബാബയുടെ വീട്ടില്‍നിന്ന് കൊണ്ടുവന്ന ആ തളികക്കുമുന്നില്‍ മൊയ്തുവിന്റെ കണ്ണീരൊഴുകിയപ്പോള്‍ അതൊരു മരണവീട് പോലെയായി.


November 22, 2013

അടവുജീവിതം




നയാ പൈസ ഇല്ലാ, കയ്യില്‍ നയാ പൈസയില്ലാ..
ബാത്ത്‌റൂമില്‍നിന്ന് പതിവില്‍ കവിഞ്ഞ ശബ്ദത്തിലാണ് മല്‍ബുവിന്റെ പാട്ട്. ഈയടുത്ത ദിവസങ്ങളില്‍ നാവിന്‍ തുമ്പത്തുനിന്ന് ഈ പാട്ട് മാറിയിട്ടേയില്ല. ബാച്ചിലര്‍ ഫ്‌ളാറ്റില്‍
കൂട്ടംകൂടിയിരുന്ന് ടി.വി കാണുമ്പോഴും കാരംസ് കളിക്കുമ്പോഴും മല്‍ബു അറിയാതെ പാടും.
പാടുപെട്ടുള്ള പാട്ടിന് മധുരമില്ലെങ്കിലും അടുത്തിരിക്കുന്ന മൊയ്തു താളമിടും. പക്ഷേ പാട്ടിലെ അടുത്ത വരികളിലേക്ക് മല്‍ബു പോകില്ല. അതേ വരി ആവര്‍ത്തിക്കും. നയാപൈസ ഇല്ലാ...

കേള്‍ക്കാനോ താളം പിടിക്കാനോ ആരുമില്ലെങ്കിലും കിച്ചണില്‍ കയറിയാലും ബാത്ത് റൂമില്‍ കയറിയാലും മല്‍ബുവിന് മാത്രമല്ല, റൂമിലെ മറ്റുള്ളവര്‍ക്കും പാട്ടു വരും. നാടുവിട്ടവരുടെ ബാച്ചിലര്‍ ലൈഫില്‍ മൂളിപ്പാട്ടും പാടുപെട്ടുള്ള പാട്ടുമൊക്കെ ഒരു അടയാളമാണ്. സന്തോഷം വന്നാലും ദുഃഖം വന്നാലും പാട്ടു വരാതെ നിര്‍വാഹമില്ല.

നയാപൈസ ഇല്ലാന്നുള്ള പാട്ട് ഇനി പാടരുതെന്ന് ഉമ്പായി താക്കീത് ചെയ്തിട്ടും രക്ഷയില്ല. അറിയാതെ സംഭവിച്ചു പോകുന്നതാണ് മല്‍ബുവിന്റെ പാട്ട്.

നീയൊരു ആഗോളീകരണ, ഉദാരീകരണത്തിന്റെ ഇരയാണെന്ന് ഉമ്പായി പറഞ്ഞപ്പോള്‍ മല്‍ബു തുറിച്ചു നോക്കി.
നിനക്കൊന്നും വിചാരിച്ചാലും നാട്ടില്‍ പോകാന്‍ കഴിയില്ല. നിന്റെയൊക്കെ ജീവിതം ക്രെഡിറ്റ് കാര്‍ഡിലും ലോണിലും ബന്ധിതമാണ്.

നോക്കൂ എന്നെ നോക്കൂ. ഐയാം ഫ്രീ. എപ്പോള്‍ വേണമെങ്കിലും പോകാം. ഇതാ ഈ പെട്ടിയെടുത്താല്‍ മതി. നീയൊക്കെ വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ നിനക്കൊക്കെ ഒരു ഭാരമാണ്.
ഉമ്പായി പ്രസംഗം തുടര്‍ന്നപ്പോള്‍ ഹ്യൂഗോ ഷാവേസിനെയാണ് മല്‍ബുവിന് ഓര്‍മ വന്നത്. സൈഡിലൂടെ നോക്കിയാല്‍ ഉമ്പായിക്ക് ഷാവേസിന്റെ ഒരു ലുക്കുണ്ട്.

പണ്ട് ഞാനൊരു കമ്യൂണിസ്റ്റായിരുന്നുവെന്ന് പറയുമെങ്കിലും ഇപ്പോള്‍ ആരാണെന്ന് ഉമ്പായി പറയില്ല.
ഉമ്പായിയുടെ നീണ്ട പ്രസംഗം അവസാനിച്ചപ്പോള്‍ മല്‍ബുവിന് തോന്നി.

ശരിയാണല്ലോ. താന്‍ ഈ പറഞ്ഞതിന്റെയൊക്കെ ഒരു ഇര തന്നെയല്ലേ?
നാട്ടില്‍ പോയാലോ എന്ന് ഓരോ മാസവും കൊതിക്കും. പക്ഷേ, ശമ്പളം വരുമ്പോഴേക്കും ബാങ്കില്‍നിന്ന് ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റ് ഇഷ്യൂ ചെയ്തിരിക്കും. 28 ന് ശമ്പളമെത്തും, 29 ന് ബാങ്ക് അതു പിടിച്ചിരിക്കും.

പിന്നെ ഒരു റിയാലിന്റെ ഖുബ്‌സ് വാങ്ങിയാലും സൂപ്പര്‍ മാര്‍ക്കറ്റില്‍ ക്രെഡിറ്റ് കാര്‍ഡ് കൊടുക്കണം. ഒരു റിയാലിനു മാത്രം എങ്ങനെ കൊടുക്കുമെന്ന് നാണിച്ച് അതിന്റെ കൂടെ ജ്യൂസും പാലുമൊക്കെ വാങ്ങി പത്ത് റിയാല്‍ തികക്കും.
അതു കാണുമ്പോഴും ഉമ്പായി പറയാറുണ്ട്.

എടോ മല്‍ബൂ, ഇങ്ങനെ ജംഗ്ഫുഡ്‌സ് വാങ്ങി കാശും ആരോഗ്യവും കളയണോ. മധുരമുള്ള ഈ കളര്‍ പാനീയങ്ങള്‍ നിന്നെ കൊണ്ടെത്തിക്കുക ഷുഗര്‍ ഗുളികയിലായിരിക്കും. പിന്നെ നിനക്ക് ജീവിതം മുഴുവന്‍ അതു വിഴുങ്ങേണ്ടിവരും.
ഷെയിം വിചാരിച്ചതോണ്ട് വാങ്ങിയതാണെന്ന കാര്യം മല്‍ബു മറച്ചുവെക്കും. എന്തിനാ ഇങ്ങനെ പിശുക്കിയിട്ട്. ജീവിക്കുമ്പോള്‍ സുഖലോലുപന്‍ തന്നെയായി ജീവിക്കണം എന്ന തത്വമിറക്കും.

കൊണ്ടറിഞ്ഞോളുമെന്ന് പറഞ്ഞ് ചുമലിലുള്ള തോര്‍ത്തെടുത്ത് കുടഞ്ഞ് ഉമ്പായി ഉമ്പായിയുടെ പാട്ടിനു പോകും.

രണ്ട് മാസം മുമ്പ് വരെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് സാധാനങ്ങള്‍ വാങ്ങുമ്പോള്‍ മാത്രമായിരുന്നു മല്‍ബു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മുന്‍കൂര്‍ കാഷ് എടുക്കാനും നിര്‍ബന്ധിതനാണ്. ചിട്ടിവരിക്കു പുറമെ ഓരോ മാസവും ബാങ്കിലെ ലോണ്‍ തിരിച്ചടവിലേക്ക് അക്കൗണ്ടില്‍നിന്ന് ആയിരം റിയാല്‍ പിടിക്കും.
നാട്ടില്‍ ബാങ്കില്‍ വല്ലതും മിച്ചം കിടന്നോട്ടെ എന്നു കരുതിയാണ് രൂപയുടെ മൂല്യം കുറഞ്ഞത് മുതലാക്കാന്‍ ചിട്ടി തുടങ്ങിയും ലോണ്‍ എടുത്തും പണമയച്ചത്. പക്ഷേ, അത് ബാങ്കില്‍ കിടന്നിരുന്നെങ്കില്‍ സമാധാനിക്കാമായിരുന്നു. അതീവ രഹസ്യമായാണ്  പണം അയച്ചതെങ്കിലും അതു അവിടെ എത്തുമ്പോഴേക്കും പരസ്യമായിരുന്നു. പിന്നീട് ആവശ്യക്കാരും ആവശ്യങ്ങളും പല വിധമായിരുന്നു.

ടാക്‌സല്ലേ, എല്‍.ഇ.ഡി ടി.വി ഇനിയിപ്പോ അവിടെനിന്ന്  കൊണ്ടുവരേണ്ട. നാട്ടില്‍നിന്ന് ഓഫറില്‍ വാങ്ങാമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചത് മല്‍ബിയായിരുന്നു. അത് അംഗീകരിക്കപ്പെട്ടു.
മല്‍ബി എല്‍.ഇ.ഡി വാങ്ങിയത് പാട്ടായപ്പോള്‍ തറവാട്ടിലേക്കും പെങ്ങന്മാരുടെ വീട്ടിലേക്കും എല്‍.ഇ.ഡി കൂടിയേ തീരൂ എന്ന് ഉമ്മയുടെ ഓര്‍ഡര്‍. അതു സാധിച്ചുകൊടുത്തപ്പോള്‍ കുടുംബക്കാര്‍ക്കിടയില്‍ മല്‍ബുവിന്റെ പ്രശസ്തി ഇരട്ടിയായി.
കുടുംബത്തെ നോക്കുന്ന ദാനശീലന്‍.

പണം വെറുതെ ബാങ്കില്‍ കിടക്കുകയല്ലേ, തല്‍ക്കാലം വീടു പണി നടക്കുന്ന പെങ്ങളെ സഹായിക്കാനായിരുന്നു അടുത്ത വിളി. അതും സാധിച്ചുകൊടുത്തു.
ബാങ്കിലൊരു പത്ത് ലക്ഷമായല്ലോ എന്ന മല്‍ബുവിന്റെ സന്തോഷം നീര്‍ക്കുമിള പോലെയായിരുന്നു. ഇപ്പോള്‍ ലക്ഷത്തില്‍ താഴെ മാത്രം.
എങ്ങനെ പിശുക്കിയിട്ടും ചിട്ടിയും ലോണടവും ഇപ്പോള്‍ ഒത്തുപോകുന്നില്ല. ഈ മാസവും ആയിരം റിയാല്‍ ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് അഡ്വാന്‍സ് എടുക്കേണ്ടി വന്നു. അതിന് ഒരു മാസത്തേക്ക് അധികം നല്‍കേണ്ടത് മൂന്ന് ശതമാനം.
ഉമ്പായി പറയുന്നത് തന്നെയാണ് കാര്യം.

ചിട്ടിയും ക്രെഡിറ്റ് കാര്‍ഡും ലോണുമില്ലെങ്കില്‍ പിന്നെ മല്‍ബുവിനെന്തു ജീവീതം.
അടവുകളില്‍നിന്ന് അടവുകളിലേക്കുള്ള യാത്ര.

November 5, 2013

എമര്‍ജന്‍സി



പല ദേശ ഭാഷക്കാരാല്‍ തിങ്ങി നിറഞ്ഞിരിക്കയാണ് ഹാള്‍. അതിനിടയില്‍ സീറ്റ് തരാക്കിക്കൊടുത്ത മല്‍ബുവിനോട് വന്നിരുന്ന മല്‍ബു ചോദിച്ചു:
ഈ കാണുന്നവരെല്ലാം നക്കലിനു വന്നവര്‍ തന്നെയാണോ?

നക്കല്‍ അല്ല, നഖ്ല്‍ മഅ‌ലൂമാത്ത്.
ആഗതന്‍ വിട്ടുകൊടുത്തില്ല. നക്കല്‍ എന്നും പറയാം. പഴയ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ പുതിയ പാസ്‌പോര്‍ട്ട് നക്കിയെടുക്കുകയാണല്ലോ?
സമ്മതിച്ചിരിക്കുന്നു. അപാര ബുദ്ധി തന്നെ. വ്യാഖ്യാന പാടവം.

കുടുംബാംഗങ്ങളുടെ പാസ്‌പോര്‍ട്ട് പുതുക്കിയാല്‍ പ്രവാസികള്‍ നിര്‍ബന്ധമായും പൂര്‍ത്തീകരിക്കേണ്ട കര്‍മമാണ് നഖ്‌ലെന്ന ഈ എന്‍ഡോഴ്‌സ്‌മെന്റ്. വിവരങ്ങള്‍ പുതിയതിലേക്ക് മാറ്റുക.

ഇവിടെ എമര്‍ജന്‍സി എവിടെയാ കിട്ടാ. വല്ല വഴീം ഉണ്ടോ?
വന്നയാളുടെ അടുത്ത ചോദ്യം.
ഇഷ്ടം പോലെയുണ്ടല്ലോ? ഇപ്പം ഒരുപാട് കമ്പനികളുണ്ട്. പക്ഷേ ഞാന്‍ കൊണ്ടുപോകാറില്ല. പുതിയ വീടുവെച്ചപ്പോള്‍ ഒരു ഇന്‍വെര്‍ട്ടര്‍ കൂടിവെച്ചു. ഇപ്പോഴും വീട്ടുകാരി വിളിച്ചാല്‍ പറയും. നിങ്ങള്‍ക്ക് അന്നങ്ങനെ തോന്നിയതുകൊണ്ട് ഇപ്പോള്‍  ഒരു എടങ്ങേറുമില്ല. ഓരോ പോക്കിലും എമര്‍ജന്‍സി കൊണ്ടുപോകേണ്ട. ഒക്കെ ചൈനയാണ്. ചിലതിന് ഒരു മാസത്തെ ആയുസ്സ് പോലുമുണ്ടാകില്ല. ഇന്‍വെര്‍ട്ടര്‍ വെച്ചോ, അതാ നല്ലത്.

നാട്ടില്‍ കൊണ്ടുപോകാന്‍ എമര്‍ജന്‍സി ലൈറ്റ് വാങ്ങുന്ന കാര്യമല്ലാട്ടോ ഞാന്‍ ചോദിച്ചത്. ഇവിടെ എമര്‍ജന്‍സിയായി, പെട്ടെന്ന് കാര്യം നടന്നുകിട്ടാന്‍ വല്ല വഴീംണ്ടോ എന്നാണ്.

എത്രയാ ടോക്കണ്‍?
82
75 ആയല്ലോ. ഇനിയിപ്പോള്‍ ഏഴാമത്തെയാള്‍ നിങ്ങളാ.
അല്ല, എന്റേത് ജി 82 ആണ്. ഇപ്പോള്‍ നടക്കുന്നത് എഫാണ്. അതു നൂറായി പിന്നെ ആദ്യേ തുടങ്ങണം. വല്യ എടങ്ങേറായിപ്പോയി. നാളേക്ക് സൗദിയക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കാ. അതാകട്ടെ ഒന്നും ചെയ്യാന്‍ പറ്റാത്ത ടിക്കറ്റ്. പോയില്ലെങ്കില്‍ പണം പോയതുതന്നെ. നെറ്റ് വഴി വാങ്ങിയാലും എടങ്ങേറ് തന്നെ.
റീ എന്‍ട്രി അടിക്കാന്‍ നോക്കിയപ്പോഴാണ് ഇളയ മോളുടെ പാസ്‌പോര്‍ട്ട് എക്‌സ്പയറായത് കണ്ടത്. ഇന്നിപ്പോള്‍ മുഴുവന്‍ ഇവിടെ കാത്തിരിക്കേണ്ടി വരും. ഒരു സമാധാനമുണ്ട്. ടോക്കണ്‍ കിട്ടിയതുകൊണ്ട് സംഗതി നടന്നുകിട്ടൂന്ന് വിചാരിക്കാ.
പാസ്‌പോര്‍ട്ട് വേഗം കിട്ടി അല്ലേ?

അതുപിന്നെ എമര്‍ജന്‍സി എടുത്തതാണ്.
700 റിയാല്‍ അധികം കൊടുത്ത് എടുത്തോ?
അല്ല, ആ എമര്‍ജന്‍സി അല്ല. ഇത് ഡിങ്കോള്‍ഫി എമര്‍ജന്‍സിയാണ്. 200 റിയാലാണ് അധികം കൊടുത്തത്. ഇരുന്നൂറ്ച്ചാ ഇരുന്നൂറ്. കാര്യം നടന്നല്ലോ. ഒറ്റ ദിവസേ എടുത്തുള്ളൂ. പക്ഷേ, ജീവിതത്തില്‍ ആദ്യായിട്ടാണ് പാസ്‌പോര്‍ട്ട് കിട്ടാന്‍ കൈക്കൂലി കൊടുത്തത്.

ആഹാ, ഒരു ദിവസം കൊണ്ട് ഒപ്പിച്ചുതന്നു അല്ലേ?
അതെ, ഞാന്‍ അപേക്ഷയുമായി കൗണ്ടറില്‍ ചെന്ന് കാര്യം പറഞ്ഞു. വേഗം കിട്ടണം. അല്ലെങ്കില്‍ ടിക്കറ്റ് മുഴുവന്‍ ക്യാന്‍സലാകും.

എമര്‍ജന്‍സി എടുക്കല്‍ മാത്രേ നിര്‍വാഹമുള്ളൂ എന്ന് കൗണ്ടറുകാരന്റെ മറുപടി.
വേറെ ഒരു വഴിയും ഇല്ലേ? എന്റെ ചോദ്യം.
അതുപിന്നെ അകത്തെ മുറിയില്‍ ഒരു മല്‍ബു ഇരിപ്പുണ്ട്. അങ്ങേരെ പോയി കണ്ടാല്‍ മതി.

അവിടേം തിരക്കായിരുന്നുവെങ്കിലും ആളുകളെ വകഞ്ഞുമാറ്റി മുറിക്കകത്ത് പ്രവേശിച്ചു. രണ്ട് ചെയറുണ്ട്. ഒന്നിലേ ആളുള്ളൂ. അതാകട്ടെ, കണ്ടാല്‍ മല്‍ബുവിന്റെ ലുക്കില്ല. നീളന്‍ കുപ്പായമിട്ട് ഒരു അറബിയെപ്പോലെ. മറ്റേ ചെയറിലായിരിക്കും കക്ഷി വരികയെന്ന് കരുതി കുറച്ചുനേരം കാത്തുനിന്നു.
കാണാതായപ്പോള്‍ ആ ചെയറിലേക്ക് വിരല്‍ ചൂണ്ടി എപ്പോള്‍ വരുമെന്ന് ആംഗ്യ അറബിയില്‍ ആ അറബിയോട് ചോദിച്ചു.
എന്താ കാര്യംന്ന് അയാള്‍ തിരിച്ചു ചോദിച്ചപ്പോഴാണ്, വേഷം മാത്രേയുള്ളൂ ഭാഷ മാറീട്ടില്ലാന്നു മനസ്സിലായത്.
കാര്യം വിശദീകരിച്ചപ്പോള്‍ വേഗം കിട്ടണമെങ്കില്‍ കൂടുതല്‍ കാശ് വെക്കേണ്ടി വരുമെന്നായി അയാള്‍.
കൂടുതല്‍ എന്നു പറഞ്ഞാല്‍ എത്ര വെക്കേണ്ടി വരും?
അധികമൊന്നുമില്ല. ഒരു ഇരുന്നൂറ് റിയാല്‍.

സമ്മതിച്ചു. സാധാരണ തുകയായ 229 ന്റെ കൂടെ 200 കൂടി കൊടുത്തു.
ഉഷാര്‍ സര്‍വീസ് തന്നെ. പിറ്റേ ദിവസം രാവിലെ മെസേജ് വന്നു. പാസ്‌പോര്‍ട്ട് റെഡി ടു ഡെലിവറി.

കുടുങ്ങിയവന്‍ എവിടേയും പിഴിയപ്പെടും. ഇക്കാലത്ത് വെറുതെ കിട്ടുന്ന ഒരു സര്‍വീസുമില്ലല്ലോ? ഇവിടേം കാണുമായിരിക്കും ടോക്കണ്‍ വില്‍ക്കുന്ന ആളുകള്‍.

സാധ്യതയില്ല. ഇവിടെ കൗണ്ടറില്‍നിന്നുതന്നെയാണ് ടോക്കണ്‍ കൊടുക്കുന്നത്.
തറയിലൊക്കെ ഒന്നു നോക്കിക്കോ. ആരേലും കളഞ്ഞ ടോക്കണ്‍ കിട്ടും.
മല്‍ബുവിന്റെ ഉപദേശം കേട്ട് ആഗതന്‍ ഹാള്‍ മുഴുവന്‍ പരതിയെങ്കിലും തടഞ്ഞില്ല.

ഇതിപ്പോള്‍ ഇന്നു നടന്നുകിട്ടിയില്ലെങ്കില്‍ ആകെ കുളമാകുമെന്ന് അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എത്ര കാശ് കുറഞ്ഞാലും വേണ്ടില്ല, ഇനിയൊരിക്കലും മാറ്റാന്‍ കഴിയാത്ത വിമാന ടിക്കറ്റെടുക്കില്ലെന്ന പ്രഖ്യാപനവും.

ആകെ അസ്വസ്ഥനായിരുന്ന മല്‍ബുവിന് അടുത്തിരുന്ന ഒരു 'പച്ച' പച്ചവെള്ളം നല്‍കി. പച്ചാന്ന് പറഞ്ഞാല്‍ മല്‍ബുവിന് പാക്കിസ്ഥാനി.
അറബി അറിയില്ലെങ്കിലും ഉര്‍ദു അറിയാവുന്ന മല്‍ബു പച്ചയോടു തിരക്കി.
കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ നിങ്ങള്‍ക്ക് എത്രയാ ചാര്‍ജ്?
80 റിയാല്‍.
ഞങ്ങളെപ്പോലെ പുറം ഏജന്‍സിയാണോ അതോ കോണ്‍സുലേറ്റ് തന്നെയാണോ പാസ്‌പോര്‍ട്ട് പുതുക്കുന്നത്?
കോണ്‍സുലേറ്റ്.
എമര്‍ജന്‍സിയായി കിട്ടാന്‍ എത്ര കൊടുക്കണം.
ഡബ്ള്‍ കൊടുത്താല്‍ മതി. അതായത് 160.

സംസാരം നീണ്ടുപോകുന്നതിനിടയില്‍ മല്‍ബുവിന്റെ കണ്‍മുന്നില്‍ ആ പച്ചയുടെ കൈയില്‍ ഭാഗ്യമുദിച്ചു. അയാളുടെ അടുത്തുവന്ന ഒരു അറബി വലംകൈയിലേക്ക് ഒരു ടോക്കണ്‍ സമ്മാനിച്ചു.
കാത്തിരുന്ന് മുഷിഞ്ഞ് മടങ്ങുകയായിരുന്ന അയാള്‍ നല്‍കിയ ടോക്കണില്‍ നമ്പര്‍ ജി 14.
പച്ചയുടെ കൈയില്‍ ഉണ്ടായിരുന്നത് ഇരുപതാം നമ്പര്‍ ടോക്കണ്‍.
മല്‍ബു പച്ചയുടെ കൈയില്‍നിന്ന് വേഗം ആ ടോക്കണ്‍ കൈക്കലാക്കി പകരം ഒരു ശുക്‌രിയാ നല്‍കി.
എന്നിട്ട് ഇടത്തോട്ടു തിരിഞ്ഞ് മറ്റേ മല്‍ബുവിനോട്:
നിങ്ങള്‍ക്കു മുമ്പ് ഞാന്‍ പോകൂട്ടാ.
നിങ്ങടത് 24 അല്ലേ, എനിക്ക് 20 കിട്ടി.

പച്ചയുമായുള്ള ഇടപാട് കണ്ടിരുന്ന മല്‍ബു പറഞ്ഞു:
200 കൊടുത്തതല്ലേ. അതിന്റെ പുണ്യായിക്കാരം.
ടെന്‍ഷന്‍ മാറട്ടെ.


October 12, 2013

പൈലറ്റ് നീട്ടിയ ഡോളര്‍




എ.ടി.എമ്മില്‍നിന്ന് പണത്തിനു പകരം കിട്ടിയ സ്ലിപ്പ് ചുരുട്ടി വലിച്ചെറിഞ്ഞ് പുറത്തിറങ്ങുകയായിരുന്നു മല്‍ബു. സാലറി എത്തിയിട്ടുണ്ടോ എന്നറിയാന്‍ രണ്ടു തവണ എ.ടി.എമ്മില്‍ കുത്തി ബാലന്‍സ് പ്രിന്റൗട്ട് എടുത്തു. സീറോ.

ശരിക്കും ആവശ്യമില്ലാത്ത ഒരു അധ്വാനം.
ശമ്പളമെത്തിയാല്‍ ബാങ്കില്‍നിന്ന് മൊബൈലിലേക്ക് മെസേജ് വരും. അതിനുശേഷം പോയാല്‍ മതി എ.ടി.എമ്മിലേക്ക്.
പക്ഷേ, എസ്.എം.എസ്സാണ്. ചിലപ്പോള്‍ മിസ്സാകാമല്ലോ. അതുകൊണ്ടുതന്നെ മാസാന്ത്യമായാല്‍ എ.ടി.എമ്മില്‍ പോയി ഇടക്കിടെ കുത്തിനോക്കുക മല്‍ബുവിന്റെ ഒരു ശീലമാണ്.

രണ്ടും മൂന്നും തവണ ഇങ്ങനെ ചുമ്മാ കുത്തി കടലാസ് കളഞ്ഞാല്‍ എ.ടി.എമ്മിലെ ക്യാമറ പകര്‍ത്തി ബാങ്ക് വിളിപ്പിക്കുമോ എന്ന സംശയമുണ്ട്. കഴിഞ്ഞ മാസം അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യാന്‍ പോയപ്പോള്‍ കസ്റ്റമര്‍ കെയറുകാരന്‍ ശരിക്കും ഒന്നു വിരട്ടിയതാണ്.
നിങ്ങളെ കൊണ്ട് ബാങ്കിന് എന്താണൊരു ഗുണം എന്നായിരുന്നു ടിയാന്റെ ആദ്യത്തെ ചോദ്യം. മാസാവസാനം ശമ്പളം അക്കൗണ്ടില്‍ വരുന്നു. ഒരു ദിവസം പോലും അത് അവിടെ നിര്‍ത്താതെ നിങ്ങള്‍ പിന്‍വലിക്കുന്നു. ബാങ്കിന് ഒരു ഗുണവുമില്ല. അതുകൊണ്ട് വര്‍ഷത്തേക്ക് 150 റിയാല്‍ ഫീയുള്ള ക്രെഡിറ്റ് കാര്‍ഡ് നിര്‍ബന്ധമായും എടുക്കണം. അതെങ്കിലും കിട്ടട്ടെ ബാങ്കിന്.

അയ്യോ അതുവേണ്ട, മിസ്‌കീനാണ് എന്നൊക്കെ പറഞ്ഞതുകൊണ്ടല്ല, അയാള്‍ക്ക് അപ്പോള്‍ തന്നെക്കാള്‍ വലിയ കസ്റ്റമറെ കിട്ടിയതുകൊണ്ടാണ് ക്രെഡിറ്റ് കാര്‍ഡ് കെണി തല്‍ക്കാലം ഒഴിവായി കിട്ടിയത്.

അയാള്‍ ഇനിയും തന്നെ പിടികൂടി ഒരു മാസ്റ്റര്‍ കാര്‍ഡ് ഹോള്‍ഡറാക്കി മാറ്റുമെന്ന് മല്‍ബു ഉറച്ചുവിശ്വസിക്കുന്നു. അങ്ങനെയൊരു സാഹചര്യം വന്നാല്‍ എടുക്കാമെന്നും അതുവരെ ഇങ്ങനെ പോകട്ടെയെന്നുമാണ് മല്‍ബുവിന്റെ നിലപാട്. അല്ലെങ്കിലും ഇക്കാലത്ത് ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് ആര്‍ക്കെങ്കിലും രക്ഷയുണ്ടോ?
ശീലം അറിയാവുന്നതുകൊണ്ടു തന്നെ മല്‍ബു മറ്റുള്ളവര്‍ക്ക് ഒരു ആശ്രയമാണ്. ശമ്പളം വന്നോ എന്നറിയാന്‍ തിടുക്കമുള്ളവരും എന്നാല്‍ എ.ടി.എമ്മില്‍ പോയി കുത്താന്‍ മടിയുള്ളവരുമായ സഹപ്രവര്‍ത്തകര്‍ വിളിച്ചു ചോദിക്കും
മല്‍ബൂ, സാലറി വന്നോ?

വന്നാല്‍ മെസേജ് വരുമെന്നാണ് മറുപടി നല്‍കാറുള്ളതെങ്കിലും  ഒന്നു കൂടി കുത്തിനോക്കാന്‍ മല്‍ബു ആരും കാണാതെ എ.ടി.എമ്മിലേക്കോടും.
ഈയിടെയായി ഉറുപ്യക്ക് ഒരു ശീലമുണ്ട്. ചതീന്ന് പറയുന്നതാകും കൂടുതല്‍ ശരി. ബാങ്കില്‍ ശമ്പളമെത്തുന്നതുവരെ അതിന്റെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കും. ശമ്പളമെത്തി, നാട്ടിലയക്കാന്‍ വിചാരിക്കുമ്പോഴേക്കും തിരിച്ചുകയറിത്തുടങ്ങും. മല്‍ബുവിന്റെ ഭാഗ്യദോഷം.

ഇനിയിപ്പോ ശമ്പളം നാളെ വരുമായിരിക്കുമെന്ന് കരുതി പുറത്തിറങ്ങിയ മല്‍ബുവിനെ കാത്ത് ഒരാള്‍. അഭിവാദ്യം ചെയ്തുകൊണ്ട് അടുത്തുവന്ന അയാളുടെ കൈയില്‍ നൂറ് ഡോളറിന്റെ ഒരു നോട്ട്.
ഇതൊന്ന് അത്യാവശ്യമായി മാറണമായിരുന്നു.
എന്തു പറ്റിയെന്ന് അയാളോട് ചോദിക്കേണ്ടി വന്നില്ല.
താനൊരു പൈലറ്റാണെന്നും ഇളയ കുട്ടിയെ ഇവിടെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കയാണെന്നും അത്യാവശ്യമായി റിയാല്‍ വേണമെന്നും ദൂരെ പോയി ഡോളര്‍ മാറാന്‍ സമയമില്ലെന്നും അയാള്‍ വിശദീകരിച്ചു.

വയ്യാവേലിയെന്ന് കരുതി മുന്നോട്ടുനീങ്ങിയ മല്‍ബുവിനെ പിടിച്ചു നിര്‍ത്തി, ഞാനൊരു പൈലറ്റായിട്ടും വിശ്വാസമില്ലേ എന്നു കൂടി ചോദിച്ചപ്പോള്‍ മല്‍ബുവിനു ശരിക്കും തട്ടിപ്പ് മണത്തു.
കീശയും പഴ്‌സുമൊക്കെ തപ്പി യഥാസ്ഥാനത്തുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്തത്.
ഒരു തട്ടിപ്പില്‍ താന്‍ രക്ഷപ്പെട്ടിടത്ത് നാട്ടുകാരന്‍ മല്‍ബു തലവെച്ചു കൊടുത്തിട്ട് അധികം ദിവസമായിട്ടില്ല.
അതൊരു മൊബൈല്‍ കടയ്ക്കു മുന്നില്‍ വെച്ചായിരുന്നു. കൈയില്‍ പിടിച്ച ഗാലക്‌സി ഫോണ്‍ എവിടെ കൊണ്ടുപോയി വില്‍ക്കുമെന്ന് ചോദിച്ചുകൊണ്ടാണ് അയാള്‍ അടുത്തുവന്നത്. അതൊരു ഹിന്ദിയായിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിന് അത്യാവശ്യമായി പണം വേണ്ടതിനാലാണ് ഫോണ്‍ വില്‍ക്കുന്നതെന്നു പറഞ്ഞ അയാള്‍ക്ക് എവിടെ വിറ്റാല്‍ നല്ല വില കിട്ടുമെന്നാണ് അറിയേണ്ടിയിരുന്നത്. മൊബൈല്‍ മാര്‍ക്കറ്റില്‍ പോയാല്‍ മതിയെന്നു പറഞ്ഞെങ്കിലും അയാള്‍ക്ക് ഫോണ്‍ മല്‍ബുവിനു തന്നെ വില്‍ക്കണം.

ഒഴിഞ്ഞുമാറി ഫ്‌ളാറ്റിലെത്തി അല്‍പം കഴിഞ്ഞപ്പോള്‍ കേട്ടത് ആ ഹിന്ദിക്കാരന്‍ ഒറിജിനല്‍ മൊബൈല്‍ കാണിച്ച് ഡ്യൂപ്ലിക്കേറ്റ് വിറ്റ് നാട്ടുകാരന്‍ മൊയ്തുവിനെ സമര്‍ഥമായി കബളിപ്പിച്ച കഥയാണ്. മൊയ്തു പഴ്‌സില്‍നിന്ന് പണം എടുത്ത് നല്‍കിയപ്പോഴേക്കും മറിമായം സംഭവിച്ചുവത്രെ. സുമുഖനായ ആ ഹിന്ദിക്കാരന്‍ കാറില്‍ കയറി പോവുകയും ചെയ്തു.
ഇതിപ്പോള്‍ നൂറിന്റെ ഡോളര്‍ കള്ളനോട്ടായിരിക്കാം. അല്ലെങ്കില്‍ ഡോളറിനു പകരം റിയാല്‍ നല്‍കാന്‍ പഴ്‌സെടുത്താല്‍ അത് തട്ടിപ്പറിച്ചോടാം.

നോ, നോ എന്നു പറഞ്ഞ് പൈലറ്റില്‍നിന്ന് രക്ഷപ്പെട്ട മല്‍ബു അല്‍പം മാറിനിന്ന് രംഗം വീക്ഷിച്ചു. എ.ടി.എമ്മിലേക്ക് വന്ന പലരേയും ആ പൈലറ്റ് ഡോളറുമായി സമീപിച്ചു. കുട്ടി ആശുപത്രിയിലാണെന്ന അയാളുടെ കദനകഥ എല്ലാവരും കേട്ടെങ്കിലും ആരും റിയാല്‍ പുറത്തെടുത്തില്ല.

അവസാനം അയാള്‍ ആശുപത്രിയില്‍ കിടക്കുന്ന കുട്ടിയെ മറന്ന് ദൂരെ നിര്‍ത്തിയിട്ടിരുന്ന പാട്ട വണ്ടിയില്‍ കയറി എതിര്‍ദിശയിലേക്ക് ഓടിച്ചുപോയി. പൈലറ്റിനു പറ്റിയ കാര്‍ തന്നെ. അതും പറഞ്ഞുകൊണ്ട് ഒരിക്കല്‍ കൂടി എ.ടി.എമ്മില്‍ കുത്തിനോക്കാന്‍ നില്‍ക്കാതെ മല്‍ബു ഓഫീസിലേക്ക് മടങ്ങി.


September 22, 2013

അറബിമനസ്സിലൊരു ഇക്ക



നീളമുള്ള ഒരു വടി സംഘടിപ്പിച്ച് അതിന്റെ അറ്റത്ത് കറിക്കത്തി കെട്ടി മല്‍ബുവും രണ്ടു കൂട്ടുകാരും ഇറങ്ങി. ഇരുട്ട് പരന്നു തുടങ്ങിയിട്ടുണ്ടെങ്കിലും കത്തി ആരും കാണാതിരിക്കാന്‍ അത് ഒരു പ്ലാസ്റ്റിക്ക് സഞ്ചിക്കകത്താക്കി കയറില്ലാത്തതിനാല്‍ മറ്റൊരു പ്ലാസ്റ്റിക് സഞ്ചി കൊണ്ട് കെട്ടിയിട്ടുണ്ട്. 

കത്തി കളഞ്ഞിങ്ങ് പോന്നേക്കരുതെന്ന് റൂമില്‍നിന്ന് ഇറങ്ങുമ്പോള്‍ മൊയ്തു വിളിച്ചു പറഞ്ഞിരുന്നു. ചൈനീസ് മെയ്ഡിനുമേല്‍ ജപ്പാന്‍ എന്നെഴുതിയതും സാക്ഷാല്‍ ജപ്പാനില്‍നിന്നുള്ളതുമായി അനവധി കത്തികള്‍ ലഭ്യമായിട്ടും മൊയ്തു നാട്ടില്‍നിന്ന് കൊണ്ടുവന്നതാണ് കറിക്കത്തി. 

മൊയ്തുവിന്റെ ലാപ്‌ടോപ്പിന്റെ ബാക്ക്ഗ്രൗണ്ട് എപ്പോഴും ഏതെങ്കിലും ഒരു നാടന്‍ ചിത്രമായിരിക്കും. റൂമിലെ മറ്റുള്ളവര്‍ അവരുടെ കംപ്യൂട്ടറുകളില്‍ നടീനടന്മാരുടേയും മേത്തരം കാറുകളുടേയും ചിത്രങ്ങളിടുമ്പോള്‍ നാടന്‍ അടുക്കളയോടായിരിക്കും മൊയ്തുവിന്റെ പ്രണയം. 

എന്നാ പിന്നെ ഗ്യാസ് ഒക്കെ എടുത്തുമാറ്റി ഒരു നാടന്‍ അടുപ്പങ്ങ് കൂട്ടിക്കൂടേ മൊയ്തൂക്കാ എന്നു ചോദിച്ചാല്‍ പറ്റുന്നത് ചെയ്യാടാ എന്നായിരിക്കും മറുപടി. 

അല്ല മാഷേ ഇനീം കുറേ പോണോ?
കത്തികെട്ടിയ വടി താഴ്ത്തിപ്പിടിച്ച് പിന്നാലെ നടക്കുകയായിരുന്ന മല്‍ബു മുന്നില്‍ വഴികാട്ടിയായി നടക്കുന്ന വിനയന്‍ മാഷോട് ചോദിച്ചു. 

ഇല്ലാന്നേ, കുറച്ചുകൂടി പോയാല്‍ മതി. കുറച്ച് നടന്നാലെന്താ? നല്ല ഒന്നാന്തരം കായാണ് അവിടുള്ളത്. ഇന്ന് നമുക്ക് കാ മാത്രം പറിച്ചാല്‍ മതി. ഇല വേണ്ട. 
തൊട്ടടുത്തു തന്നെ മൂന്നു നാല് മുരിങ്ങാ മരം ഉണ്ടായിരുന്നിട്ടും രണ്ട് കായ കിട്ടാന്‍ ഇങ്ങനെ നടക്കേണ്ടി വരുന്നല്ലോ എന്നോര്‍ത്തായിരുന്നു മല്‍ബുവിനു സങ്കടം. 

ചിക്കനും ബീഫും കൂട്ടി മടുക്കുമ്പോഴൊക്കെ പോയി കാ വേണേല്‍ കാ, ഇല വേേണല്‍ ഇല എന്ന നിലയില്‍ ഇഷ്ടം പോലെ പറിച്ചു കൊണ്ടുവരാമായിരുന്നു. 
ഇപ്പോള്‍ നാലു ഭാഗത്തും വലിയ മുരിങ്ങയുള്ള ആ കോമ്പൗണ്ടിന്റെ അടുത്തു ചെല്ലണമെങ്കില്‍ അവിടത്തെ അപ്പൂപ്പന്‍ ഇല്ലാത്ത നേരം നോക്കണം. ഇനി പോയാല്‍ തന്നെ അവിടത്തെ പണിക്കാര്‍ക്കു പേടിയാണ്. ഏതു സമയത്താണ് വടി കുത്തി നടക്കുന്ന കാരണവര്‍ പ്രത്യക്ഷപ്പെടുന്നതെന്നോ വടി വീശുന്നതെന്നോ പറയാന്‍ കഴിയില്ല.

മല്‍ബു പോയ്‌ക്കോ. ഞങ്ങള്‍ നല്ല കായയും ഇലയും പറിച്ചുവെച്ച് മിസ്സിടാം അപ്പോള്‍ വന്നാല്‍ മതി. എന്നു പറഞ്ഞ് അവര്‍ തിരിച്ചയക്കും.
അവര്‍ മിസ്സിടുകയില്ലെന്നും തന്നെ ഒഴിവാക്കാന്‍ പറയുന്നതാണെന്നും അറിവുള്ള മല്‍ബു പിന്നെ അവര്‍ക്കും ഒന്നും കൊടുക്കാതായി.

മുരിങ്ങക്ക് പകരം മല്‍ബു നല്‍കാറുണ്ടായിരുന്നത് പെര്‍ഫ്യൂമിന്റെ സാമ്പിളുകളായിരുന്നു. കമ്പനിയില്‍ വിതരണം ചെയ്യാന്‍ കിട്ടുന്ന സാമ്പിള്‍ സ്‌പ്രേകളില്‍ കുറേ അടിച്ചുമാറ്റുന്ന മല്‍ബു അവയില്‍ കുറച്ചു ദാനം ചെയ്യും. 

നാട്ടില്‍ മാത്രമല്ല, നാടുവിട്ടാലും നമുക്ക് ഇതുതന്നെയാണ് ധര്‍മം. അങ്ങോട്ടും ഇങ്ങോട്ടും. ഒരു വശത്തോട്ട് മാത്രമായാല്‍ അതുവേഗം നിലച്ചു പോകും. അതാണ് ഇവിടെയും സംഭവിച്ചത്.

ആരും ഉപയോഗിക്കാതെ നശിച്ചുപോയിരുന്ന മുരിങ്ങക്കയും ഇലയും അവിടത്തെ പണിക്കാര്‍ പറിച്ച് അതു ഉപയോഗിക്കാന്‍ കൊതിയുള്ള മല്‍ബുവിനു നല്‍കുമ്പോള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ പരസ്യത്തിനായി നല്‍കുന്ന സാമ്പിള്‍ സ്‌പ്രേകള്‍ അവയുടെ വില ഓര്‍ക്കാന്‍ പോലും കഴിയാത്ത സാദാ പണിക്കാര്‍ക്ക് മല്‍ബു സമ്മാനിക്കുന്നു. 

മുരിങ്ങ ഇങ്ങനെ തിന്നുതിന്നു, നാട്ടില്‍ പോകാന്‍ ഇനിയുമുണ്ടല്ലോ ഒരു കൊല്ലമെന്ന് പണിക്കാര്‍ കളിയാക്കുമ്പോള്‍ സ്‌പ്രേ അടിച്ച് പുയ്യാപ്ല ആയിട്ട് നിങ്ങള്‍ക്കും കാര്യമില്ലല്ലോ എന്ന് മല്‍ബു അങ്ങോട്ടും കാച്ചും. 
അങ്ങനെ അഭംഗുരം തുടരുകയായിരുന്ന മുരിങ്ങ-സ്‌പ്രേ
കൈമാറ്റം അവസാനിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു. 

നിരവധി വാഹനങ്ങളും ജോലിക്കാരുമൊക്കെയുള്ള ആ വലിയ വീട്ടിലേക്ക് ഒരു പെണ്ണു വന്നു. ഭാര്യ മരിച്ച വീട്ടുടമയായ കാരണവര്‍ക്കൊരു മണവാട്ടിയായി.

ആ സന്തോഷം മുതലെടുക്കാന്‍ പണിക്കാരായ രണ്ടു മല്‍ബുകളും ചേര്‍ന്ന് അപാര സാധ്യതകളുള്ള മുരിങ്ങയെ കുറിച്ച് കാരണവരോട് വിശദീകരിച്ചു. 
മുരിങ്ങമഹിമ വിളമ്പിയതു വഴി ഇരുവര്‍ക്കും സമ്മാനമൊന്നും ലഭിച്ചില്ലെങ്കിലും ഇനിയൊരാള്‍ക്കും മുരിങ്ങക്ക കൊടുത്തുപോകരുതെന്ന് കര്‍ശന കല്‍പന ഉണ്ടായി. 

പിന്നെ കാവല്‍ക്കാരിലൊരാളായ അസ്സുക്ക നാട്ടില്‍നിന്ന് ഒരു താത്തയെ കൊണ്ടുവന്നു. അവര്‍ മുരിങ്ങക്ക ചേര്‍ത്ത് അവിയലും മുരിങ്ങയിലയിട്ട് തോരനും പരിപ്പുകറിയും പിന്നെ ഇല കൊണ്ട് പേരില്ലാത്ത ഒത്തിരി വിഭവങ്ങളും ഉണ്ടാക്കി അറബിയെ തീര്‍ത്തും മുരിങ്ങ പ്രിയനാക്കി. മുരിങ്ങക്കയും ചക്കക്കുരുവും ചേര്‍ത്തുള്ള കറി കാരണവര്‍ പിന്നെയും പിന്നെയും ചോദിച്ചുവാങ്ങും. 

മുരിങ്ങക്കാ നഷ്ടത്തെ കുറിച്ചുളള കഥ പറഞ്ഞു തീര്‍ന്നപ്പോഴേക്കും മല്‍ബുവിനെ വിനയന്‍ മാഷ് പുതിയ കോമ്പൗണ്ടിനടുത്ത് എത്തിച്ചിരുന്നു. 
ഇഷ്ടം പോലെ മുരിങ്ങക്ക പറിച്ച് മടങ്ങുമ്പോള്‍ മല്‍ബു ചോദിച്ചു.

മാഷേ, ഇങ്ങള് വലിയ വിദ്വാനാണല്ലോ. എന്താ നമ്മുടെ ഈ മുരിങ്ങക്ക് ആയുര്‍േവദത്തില്‍ പറയാ..
മുരിങ്ങാന്നു തന്നെ. പിന്നെ ഒരു സംസ്‌കൃത പദമുണ്ട്. ശോഭാഞ്ജനപത്രം. തമിഴില്‍ മുരിങ്ക, ഹിന്ദിയില്‍ സജിന. ഇംഗ്ലീഷില്‍ മൊറിംഗ. 

September 13, 2013

റിസപ് ഷനിലെ പ്രതികാരം




ക്ലിനിക്ക് കൗണ്ടറില്‍ ഇരിക്കുന്ന മല്‍ബു ഒന്നു നേരെ നോക്കിയിട്ടുവേണം ഷുഗറിന്റെ ഡോക്ടറുടെ ഒരു ടോക്കണ്‍ ഒപ്പിച്ചുകിട്ടുമോ എന്നറിയാന്‍. 
പക്ഷേ, തിരക്കോട് തിരക്ക്. അയാള്‍ക്കൊന്ന് ശ്വാസം വിടാന്‍പോലും ഒഴിവില്ല. 
പിടിവിട്ട രൂപ മുതലാക്കാന്‍ ശമ്പളം വന്ന ദിവസം ബാങ്കിലേക്ക് വെച്ചുപിടിക്കുന്നതു പോലെയോ സോളാര്‍ കേസിലെ പ്രതി സരിതയെ ഒരുനോക്ക് കാണാന്‍ കോടതി മുറ്റത്തേക്കുള്ള പ്രവാഹം പോലെയോ ആണ് തിരക്ക്. 

അവരെ കൈകാര്യം ചെയ്ത് മല്‍ബു തളര്‍ന്നിരിക്കുന്നു. പത്തും ഇരുപതും ശതമാനം തുക സ്വന്തം പോക്കറ്റില്‍നിന്ന് പോകുമെങ്കില്‍ പോലും ജലദോഷപ്പനിവരെ രക്തവും മൂത്രവും പരിശോധിപ്പിച്ച് ചികിത്സിക്കാന്‍ ആളുകള്‍ക്ക് ബലം നല്‍കുന്ന മെഡിക്കല്‍ കാര്‍ഡുകള്‍ ഒന്നിനു പിറകെ ഒന്നായി നീട്ടുന്നു. 
ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടക്കണക്ക് പറയുമ്പോഴും ആശുപത്രികള്‍ തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുന്നതിന്റെ ഗുട്ടന്‍സാണിത്.

എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മല്‍ബു എ.സിയുടെ കോച്ചുന്ന തണുപ്പിലും വിയര്‍ക്കുകയാണ്. 
ഒരാള്‍ മഹാത്മാ ഗാന്ധിയുടെ മുദ്രാവാക്യം അനുസ്മരിപ്പിച്ചുകൊണ്ട് തൊട്ടടുത്തിരിക്കുന്നുണ്ടെങ്കിലും അങ്ങോട്ടേക്ക് ഒരാള്‍ പോലും കാര്‍ഡ് നീട്ടുകയോ ടോക്കണ്‍ വേണമെന്നു പറയുകയോ ചെയ്യുന്നില്ല. ടിയാന്‍ രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ മാറിമാറി നോക്കുകയും അയവിറക്കുകയും ചെയ്യുന്നു. മല്‍ബുവിലേക്കോ കൗണ്ടറിനു പുറത്ത് കാര്‍ഡ് നീട്ടിക്കൊണ്ടിരിക്കുന്ന ജനങ്ങളിലേക്കോ അയാള്‍ ഒരിക്കല്‍ പോലും നോക്കുന്നില്ല. 

മല്‍ബൂ, നീ കാര്യമാക്കേണ്ട. അവന്‍ അവിടെ വെറുതെ ഇരുന്നോട്ടെ എന്നു മുതലാളിക്ക് പറയാം. രണ്ടു തവണ രോഗികള്‍ക്ക് ടോക്കണ്‍ കൊടുത്ത് ഫയല്‍ ഡോക്ടറുടെ കമ്പ്യൂട്ടറില്‍ എത്തിച്ചപ്പോള്‍ ആയിസുമ്മ അവറാച്ചനും മൂപ്പന്റകത്ത് മൊയ്തു പാക്കിസ്ഥാനി ഗുലാമുമായതും വെച്ച് പറയാന്‍ മുതലാളിക്ക് ന്യായമുണ്ട്. അതോടൊപ്പം ഗാന്ധിജിയുടെ മുദ്രാവാക്യത്തെ മനസ്സറിഞ്ഞു പഴിക്കുകയും ചെയ്യാം. 

ചുമ്മാ വന്ന് കളിച്ചിരുന്നോട്ടെ എന്നാണ് മുതലാളി വെച്ചിരിക്കുന്നത്. പരാതിപ്പെടുമ്പോള്‍, ടിയാന്‍ കളിനിര്‍ത്തി കാര്യത്തിലേക്ക് കടന്നാല്‍ മല്‍ബുവിനു കടല്‍ കടക്കേണ്ടി വരുമെന്ന തത്വശാസ്ത്രം പറഞ്ഞു പേടിപ്പിക്കാം. 

തൊഴിലാളികളുടെ തൂക്കമൊപ്പിക്കുന്നതിന് മുതലാളി കണ്ടെത്തി ജോലി നല്‍കിയ ആളാണ്. ശമ്പളം നിശ്ചയിച്ചപ്പോള്‍ കൗണ്ടറിലിരുന്നു 
ഫേസ് 
ബുക്കും

 യൂ ട്യൂബുമൊക്കെ


 ഉപയോഗിക്കാന്‍ 
കഴിയുമോ

എന്നായിരുന്നു ചോദ്യം. ഓഫീസ് കമ്പ്യൂട്ടറില്‍ പറ്റില്ലെങ്കിലും മൊബൈലില്‍ ചെയ്‌തോളാന്‍ മുതലാളി സമ്മതിക്കുകയും ചെയ്തു.

ഒക്കെ പറയാന്‍ കൊള്ളാം. പക്ഷേ തിരക്കിന്മേല്‍ തിരക്കായതോടെ മല്‍ബു എല്ലാവരേയും ശപിച്ചുതുടങ്ങി. കാര്‍ഡ് നീട്ടുന്നവരോട് കണ്ണുകൊണ്ടും കഴുത്തനക്കിയും ദേ,  അയാടെ കൈയില്‍ കൊടുക്കൂ എന്ന പലതവണ സൂചന നല്‍കിയെങ്കിലും ആരും  അത് കാര്യമാക്കുകയോ അങ്ങോട്ടു നോക്കുക പോലുമോ ചെയ്യുന്നില്ല.

അവസാനം മല്‍ബു കഴുത്ത് വലത്തുനിന്ന് ഇടത്തോട്ട് പൂര്‍ണമായും വളച്ച് നിര്‍ത്തിയപ്പോള്‍ ആ സൂചനയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ രണ്ടുപേര്‍ വഴങ്ങി. ഒരച്ഛനും മകനും. 

പനിച്ചവശരായ അവരില്‍നിന്ന് ടിയാന്‍ മെഡിക്കല്‍ കാര്‍ഡുകള്‍ ഏറ്റുവാങ്ങിയെങ്കിലും അല്‍പം കഴിഞ്ഞപ്പോള്‍ ചാനലില്‍ കോണ്‍ഗ്രസ് നേതാവ് ഉണ്ണിത്താനും എതിരാളികളും തമ്മിലുള്ള ഘോരയുദ്ധം പോലെയായി രംഗം. വാക്കുതര്‍ക്കത്തിന്റെ പൊടിപൂരം. 

എന്താണ് സംഭവിച്ചതെന്ന് മറ്റുള്ളവര്‍ക്ക് പിടികിട്ടുന്നതിനു മുമ്പ്, പിടിച്ചുമാറ്റാനൊരുങ്ങിയ മല്‍ബുവിനെ തട്ടിമാറ്റി കൊടുങ്കാറ്റ് പോലെ അയാള്‍ പുറത്തേക്ക്. എന്തും സംഭവിക്കാമെന്ന ഘട്ടത്തില്‍ രോഗികളായ അച്ഛനേയും മകനേയും മറ്റുരോഗികള്‍ സുരക്ഷാവലയം തീര്‍ത്ത് രക്ഷിച്ചു.

കുറേനേരമായി കാത്തുനില്‍ക്കുന്നു എന്നേ പറഞ്ഞിട്ടുള്ളൂവെന്നും അതോടെ അയാള്‍ ക്ഷുഭിതനായെന്നും അവര്‍ വിശദീകരിക്കുമ്പോള്‍ വിടില്ല എന്ന പ്രഖ്യാപനത്തോടെ അയാള്‍ ശരീരം ചലപ്പിച്ചുകൊണ്ട് കെട്ടിടത്തിനു പുറത്തിറങ്ങി സ്വന്തം കാറിനടുത്ത് നിലയുറപ്പിച്ചു. 
പലരും ശ്രമിച്ചെങ്കിലും അയാളെ അനുനയിപ്പിച്ച് ആശുപത്രിക്കകത്തെ ചെയറിലെത്തിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. കാറില്‍നിന്ന് പുറത്തെടുത്ത മുട്ടന്‍വടി അയാളുടെ കൈയില്‍നിന്ന് പിടിച്ചുവാങ്ങാന്‍ സാധിച്ചുവെങ്കിലും ഡോക്ടറെ കണ്ടശേഷം മരുന്നു വാങ്ങാന്‍ പുറത്തിറങ്ങിയ അച്ഛന്റേയും മകന്റേയും നേരെ ചാടി വീഴുന്നത് തടയാന്‍ ഒരാള്‍ക്കും കഴിഞ്ഞില്ല. ഒടിഞ്ഞുവളഞ്ഞ്, കുതറി മാറി അയാള്‍ അവരെ ശരിക്കും പെരുമാറി.

പോലീസ് എത്തിയപ്പോള്‍ കീറിപ്പറിഞ്ഞ ടീ ഷര്‍ട്ടുമായി ആ അച്ഛനും മകനും തളര്‍ന്നവശരായി അവിടെ ഇരിപ്പുണ്ടായിരുന്നു. ഒപ്പം കലിയടങ്ങാത്ത റിസപ് ഷനിസ്റ്റും. 


August 27, 2013

അരിച്ചാക്കിലെ പണക്കിഴി



മല്‍ബു ഓഫീസില്‍നിന്നു വരികയായിരുന്നു. 
ഇന്നെങ്കിലും വെള്ളമുണ്ടാകണേ എന്നാണ് പ്രാര്‍ഥന. കാരണം രണ്ട് ദിവസമായി കുളിച്ചിട്ടില്ല. ദല്‍ഹിക്കാരന്‍ അഹമ്മദ് ചെയ്യുന്നതുപോലെ തലമാത്രം കഴുകി തോര്‍ത്തിയാണ് രാവിലെ ഓഫീസിലേക്ക് പോയത്. അതും ആറ് റിയാല്‍ കൊടുത്തു വാങ്ങുന്ന കുടിവെള്ളത്തില്‍. ഫ്‌ളാറ്റില്‍നിന്ന് ഇറങ്ങുമ്പോള്‍ സ്‌പ്രേ അടിച്ചതിനു പുറമേ ഓഫീസിലെത്തിയിട്ടും പലതവണ  അത്തറു പുരട്ടി വിയര്‍പ്പ് നാറുന്നുണ്ടോ എന്ന സംശയത്തില്‍നിന്ന് രക്ഷ നേടി. 

വെള്ളമില്ലെന്ന് ഫ്‌ളാറ്റ് കാവല്‍ക്കാരനോടും ഉടമയോടുമൊക്കെ ആവലാതി ബോധിപ്പിച്ചെങ്കിലും പരിഹാരമായിട്ടില്ല. 
രാവിലെ വരും, വൈകിട്ട് വരും എന്നു പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറും. എത്ര ആലോചിച്ചിട്ടും പിടികിട്ടാത്ത കാര്യം രണ്ടു ദിവസം വെള്ളമില്ലാഞ്ഞിട്ടും ഇതിനകത്തു കഴിയുന്ന ഫാമിലികളൊക്കെ എന്തു ചെയ്യുന്നു എന്നതാണ്. 
എല്ലാവരേയും പോലെ നിങ്ങള്‍ എന്തുകൊണ്ട് വീപ്പയില്‍ വെള്ളം പിടിച്ചുവെക്കുന്നില്ല എന്നാണ് കാവല്‍ക്കാരന്‍ മണിയുടെ ചോദ്യം. 
റൂമിലെ അന്തേവാസികളും കുറേ ആയി പറയുന്നു. നമുക്കൊരു വീപ്പ വാങ്ങിക്കൊണ്ടുവന്ന് വെള്ളം പിടിച്ചുവെക്കണമെന്ന്. പക്ഷേ, നാലു പേരും കുഴിമടിയ•ാര്‍. ആരു പോയി ഡ്രം വാങ്ങിക്കൊണ്ടുവരുമെന്ന ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒരാള്‍ ഒരാഴ്ചത്തേക്ക് വെള്ളമുള്ളിടത്തേക്ക് ഗസ്റ്റ് പോയി. രണ്ടു പേര്‍ വേറെ എവിടെയോ പോയാണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാറുള്ളതെങ്കിലും അങ്ങനെ പോകാന്‍ മല്‍ബുവിന് മടിയാണ്. ഓഫീസിലെ ബാത്ത്‌റൂമാണ് കുളി ഒഴികെയുള്ള കൃത്യങ്ങള്‍ക്ക് ആശ്രയം.
മല്‍ബു കാറില്‍നിന്ന് ഇറങ്ങിയതും തേടിയ വള്ളി കാലില്‍ ചുറ്റിയതു പോലെ കുറച്ചകലെ മാലിന്യപ്പെട്ടിക്കു സമീപം ഒരു നീല വീപ്പ. അത് മല്‍ബുവിനെ മാടിവിളിക്കുകയാണ്. ഉച്ച സമയമായതു കൊണ്ട് അടുത്തൊന്നും ആരുമില്ല. മല്‍ബു കഴുത്തില്‍നിന്ന് ടൈ ഊരി പാന്റ്‌സിന്റെ പോക്കറ്റില്‍ തിരുകി നീലവീപ്പ ലക്ഷ്യമാക്കി നടന്നു. 
ആവശ്യമില്ലാത്തവര്‍ ഉപേക്ഷിക്കുന്ന  വസ്തുക്കള്‍ ആവശ്യമുള്ളവര്‍ എടുത്തുകൊണ്ടു പോകുക എന്നത് മോശം കാര്യമൊന്നുമല്ല. എന്തൊക്കെ സാധനങ്ങള്‍ ആര്‍ക്കൊക്കെ ഇങ്ങനെ സൗജന്യമായി കിട്ടിയിരിക്കുന്നു. ടി.വി സ്റ്റാന്റ് മുതല്‍ നല്ല ഒന്നാന്തരം സോണി ടി.വിവരെ. 
ഒന്നുകൂടി ചുറ്റുപാടും നിരീക്ഷിച്ചശേഷം മല്‍ബു വീപ്പയിലേക്ക് നോക്കി. ഒരു കുഴപ്പവുമില്ല. ക്ലീന്‍ എന്നു പറഞ്ഞാല്‍ പോരാ സൂപ്പര്‍ ക്ലീന്‍. 
എന്തുകൊണ്ടായിരിക്കും ഇത് ഉപേക്ഷിച്ചത്. മണത്തുനോക്കി. ഒട്ടും ദുര്‍ഗന്ധമില്ല. വല്ല പൊട്ടും കാണുമോ. എല്ലാ ഭാഗവും ഒന്നു കൂടി നോക്കി. ഒരു കുഴപ്പവുമില്ല. രണ്ടു കൈ കൊണ്ട് വട്ടത്തില്‍ പിടിച്ച് വേച്ച് വേച്ച് നടന്ന് ഫ്‌ളാറ്റിന്റെ വാതിലിനടുത്ത് എത്തി. ഇനിയിപ്പോ ഇത് നാലാം നിലയിലേക്ക് കയറ്റണം. ഒരാളുണ്ടെങ്കില്‍ നല്ലതാണല്ലോ എന്നു കരുതി മൊബൈലെടുത്ത് സഹമുറിയന്‍ മൊയ്തുവിനെ വിളിച്ചുനോക്കി. അവന്‍ ഫോണ്‍ എടുക്കുന്നില്ല. ഈനേരത്ത് അവന്‍ റൂമില്‍ ഉണ്ടാകേണ്ടതാണ്. ഫോണ്‍ സൈലന്റാക്കി ഉറങ്ങിക്കാണും. വിയര്‍ത്തുകുളിച്ചിട്ടുണ്ടെങ്കിലും കാര്യമാക്കാതെ മല്‍ബു തന്നെ അതു നാലുനില കയറ്റി. 
അവരൊക്കെ ഒന്ന് ഞെട്ടണം. കുഴിമടിയന്‍ മല്‍ബു തനിച്ച് വലിയൊരു വീപ്പ മുറിയിലെത്തിച്ചിരിക്കുന്നു. 
തട്ടലുംമുട്ടലും കേട്ട് ഉണര്‍ന്ന മൊയ്തുവിന് ഉച്ചമയക്കത്തില്‍ അതൊരു സ്വപ്നം പോലെയാണ് തോന്നിയത്. ബോധത്തിലേക്ക് വന്നപ്പോള്‍ വലിയ സംഭവമാക്കേണ്ട എന്നു കരുതി മൊയ്തു പറഞ്ഞു. 
ഇനിയിപ്പോ ഡ്രമ്മിന്റെ ആവശ്യമില്ല വെള്ളം വന്നു. ഇനി ആറു മാസം കഴിഞ്ഞായാലും മതി ഡ്രം. 
മല്‍ബു വിട്ടുകൊടുത്തില്ല. വെള്ളം ഇനി ഇടക്കിടെ പോകുമെന്നും വീപ്പ വാങ്ങി വെള്ളം പിടിച്ചുവെക്കണമെന്നും ഹാരിസ് മണി രാവിലേം കൂടി പറഞ്ഞതാ. അതുകൊണ്ടാ ഈ നട്ടുച്ചക്ക് പോയി വാങ്ങിക്കൊണ്ടുവന്നത്. 
രണ്ടുപേരും കൂടി വീപ്പ ബാത്ത് റൂമില്‍ എത്തിച്ച് വെള്ളമൊഴിച്ച് കഴുകിത്തുടങ്ങിയതും മൊയ്തു അതുകണ്ടുപിടിച്ചു. മല്‍ബു എത്രനോക്കിയിട്ടും കാണാത്ത ഒരു പാച്ച് വീപ്പയുടെ മധ്യഭാഗത്ത്. 
നോക്കി വാങ്ങണ്ടേ ഇഷ്ടാ എന്നു മൊയ്തു പറഞ്ഞപ്പോള്‍ വാങ്ങിയതല്ല, കിട്ടിയതാണെന്ന സത്യം മല്‍ബു വെളിപ്പെടുത്തി. 
ഏതായാലും കളയേണ്ട, ടാപ്പ് ഒട്ടിച്ചാല്‍ അരിയിട്ടുവെക്കാമെന്ന തീരുമാനത്തില്‍ ഇരുവരും ചേര്‍ന്ന് വീപ്പ കിച്ചണിലെത്തിച്ചു. പാച്ചടച്ച ശേഷം അരിച്ചാക്ക് പിടിച്ച് വീപ്പയിലേക്ക് തള്ളുമ്പോള്‍ അതിലൊരു പൊതി. കടലാസ് നീക്കിയപ്പോള്‍ ഒരു പ്ലാസ്റ്റിക്ക് സഞ്ചിയില്‍ കുറേ റിയാലുകള്‍. എണ്ണി നോക്കിയപ്പോള്‍ അയ്യായിരമുണ്ട്. 
അരിച്ചാക്ക് വാങ്ങിയതിനുള്ള സമ്മാനമായിരിക്കുമെന്ന് മല്‍ബു. ചായപ്പൊടിപ്പെട്ടിയിലും വാഷിംഗ്പൗഡറിലും ഇതുപോലെ സമ്മാനക്കിഴി ഉണ്ടാകാറുണ്ടല്ലോ? മൊയ്തു വേഗം ചാക്കിന്റെ പുറത്തുനോക്കി. വല്ലതും എഴുതിയിട്ടുണ്ടോ? ഒന്നും കാണുന്നില്ല.  അപ്പോഴാണ് വെള്ളമില്ലാത്തതിനാല്‍ ഗസ്റ്റ് പോയ അമ്മദിന്റെ വിളി?
വെള്ളം വന്നോ മല്‍ബൂ.
വെള്ളം വന്നു. പിന്നെ വേറെ ഒരു വിശേഷമുണ്ട്. അരിച്ചാക്കില്‍നിന്ന് നമുക്ക് സമ്മാനമടിച്ചു. ഒരു കെട്ട് റിയാല്‍. 
അയ്യോ അത് എന്റെ റിയാലാണെന്ന് പറഞ്ഞുകൊണ്ട് ഫോണ്‍ വെച്ച അമ്മദ് അഞ്ച് മിനിറ്റുകൊണ്ട് മുറിയില്‍ കുതിച്ചെത്തി. 
മക്കളേ, നാട്ടിലയക്കേണ്ട കാശാണ്. റേറ്റ് ഇനിയും കുറയാന്‍ വേണ്ടി കാത്തുനില്‍ക്കാണ്. പൂട്ടിവെക്കാന്‍ ഒരു സ്ഥലമില്ലാത്തതുകൊണ്ടാണ് അരിച്ചാക്കില്‍ വെച്ചത്.
എന്നാല്‍ പറ. എത്ര റിയാലുണ്ട്? 
മല്‍ബുവിന്റെ ചോദ്യത്തിനുമുന്നില്‍ ഒട്ടും പകക്കാതെ അമ്മദ് പറഞ്ഞു.
അയ്യായിരം. 
റേറ്റ് ഇനിയുമിനിയും കുറയട്ടെ. ഇതിന് ഒരുലക്ഷം കിട്ടിയാലേ അയക്കുന്നുള്ളൂ. 
ഉവ്വ ഉവ്വ നാലായിരത്തിനു ലക്ഷം കിട്ടുമെന്ന് പറഞ്ഞുകൊണ്ട് മല്‍ബുവും മൊയ്തുവും ബാക്കി സമയം ഉറങ്ങാന്‍ പോയി. അമ്മദാകട്ടെ രൂപയുടെ മൂല്യം ഡോളറിന് എഴുപതിലേക്ക് കൂപ്പുകുത്തുമെന്ന വാര്‍ത്ത ഒരിക്കല്‍ കൂടി വായിച്ചുരസിച്ചു.

August 21, 2013

ലൈക്ക് പിരാന്ത്




അതിരാവിലെ തുടങ്ങിയ വിളിയാണ്.
എടുക്കാന്‍ വേറെ ആളെ നോക്കണം. മല്‍ബു എടുക്കില്ല. വെറുതെയല്ല, കോഡ് നോക്കിയപ്പോള്‍ അതൊരു യൂറോപ്യന്‍ രാജ്യത്തുനിന്നാണ്. അങ്ങനെയുള്ള കോളുകള്‍ക്ക് റസ്‌പോണ്ട് ചെയ്താല്‍ മൊബൈലില്‍നിന്ന് കാശ് പോകുമെന്ന് കഴിഞ്ഞയാഴ്ച പത്രത്തില്‍ വായിച്ചിട്ടേയുള്ളൂ. മാത്രമല്ല, ഇതുപോലൊരു ഫോണ്‍ എടുത്തപ്പോള്‍ പോയിക്കിട്ടിയത് 25 റിയാലാണെന്ന് നാട്ടുകാരന്‍ നാണി പറഞ്ഞിട്ടുമുണ്ട്.
എടുക്കാതെയും വിളിക്കാതെയും തന്നെ ഫോണില്‍നിന്ന് ആഴ്ചയില്‍ കാശ് പോകുന്നുണ്ട്. അതൊന്നു ശരിയാക്കി കിട്ടാന്‍ കസ്റ്റമര്‍ കെയര്‍ വിളിച്ചു മടുത്തിരിക്കുമ്പോഴാണ് ഈ യൂറോപ്യന്‍ വിളി.
യൂറോപ്പില്‍നിന്ന് ആരും വിളിക്കാനില്ല. അങ്ങോട്ട് പോകാന്‍ പലപ്പോഴും കൊതിച്ചിട്ടുണ്ടെങ്കിലും പിന്നെ വേണ്ടെന്നു വെച്ചതാണ്. അതിനുമുണ്ട് കാരണം. ഓഫീസിലെ ജോണച്ചായന്റെ മകന്‍ പഠനം പൂര്‍ത്തിയാക്കാതെ മടങ്ങിയത് അവിടെനിന്ന് വംശവെറിയ•ാര്‍ മൊട്ടയടിച്ചു വിട്ടതിനാലാണ്. അതുകേട്ടപ്പോള്‍  മൊഴി ചൊല്ലിയതാണ് ആ മോഹം.
ദേ വീണ്ടും റിംഗ്. യൂറോപ്യന്‍ വിളി വിടുന്ന മട്ടില്ല. ഒന്നും രണ്ടു തവണയല്ല, പുലര്‍ച്ചെ മുതല്‍ പത്ത് തവണ വിളിച്ചിരിക്കുന്നു. ഇതെങ്ങനെ ബ്ലോക്ക് ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഹൈദ്രോസിന്റെ വിളി.
മൊയ്തു വിളിച്ചിട്ടെന്താ ഫോണ്‍ എടുക്കാത്തത്. എന്തോ അത്യാവശ്യമുണ്ടു പോലും. ഇപ്പോ വിളിക്കും. എടുത്തേക്കണം.
അപ്പോള്‍ അതാണ് ഈ യൂറോപ്യന്‍ നമ്പര്‍.
സഹപ്രവര്‍ത്തകനായ മൊയ്തു രണ്ടാഴ്ചത്തെ ട്രെയിനിംഗിനു യൂറോപ്പിലേക്ക് പോയിരിക്കയാണ്. പല രാജ്യങ്ങളില്‍ പോകും എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഫുള്‍ കമ്പനി ചെലവില്‍ ഒരു ടൂര്‍.
ഫേസ് ബുക്കില്‍ മെസേജ് ഇടാം എന്നൊക്കയാണ് പറഞ്ഞതെങ്കിലും ഒരു പെരുന്നാള്‍ ആശംസ പോലും ഇട്ടില്ല.
മൊയ്തു ഒരു സംഭവമാണ്.
ഓഫീസില്‍ അടുത്തടുത്താണ് ഇരിപ്പെങ്കിലും ഫേസ്ബുക്കിലൂടെയാണ് സംസാരം. രാഷ്ട്രീയ ചര്‍ച്ചകളും ബോസിനെ കളിയാക്കലുമെല്ലാം ഫേസ് ബുക്കിലൂടെ തന്നെ. ഒരു തരം അഡിക്ഷനാണ് മൊയ്തുവിന് ഫേസ്ബുക്ക്. ചിലപ്പോള്‍ ഓഫീസ് ടൈമിനും മുമ്പേ എത്തും ഫേസ്ബുക്ക് നോക്കാന്‍. എല്ലാവരും ഇറങ്ങിയാലേ ഓഫീസില്‍നിന്നിറങ്ങൂ. അതാണ് ആത്മാര്‍ഥതയെന്ന് ബോസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുമുണ്ട്. ജോലി മൊയ്തുവിനെ കണ്ടു പഠിക്കണം.
നാട്ടിലെ വാര്‍ത്തകള്‍ മാത്രമല്ല, വിദേശ വാര്‍ത്തകള്‍ പോലും അറിയാന്‍ മൊയ്തുവിന്റെ ഫേസ്ബുക്ക് പേജ് നോക്കിയാല്‍ മതി. അയല്‍പക്കത്തെ ആട് പ്രസവിച്ച വാര്‍ത്ത പോലും ഉണ്ടായിരുന്നു ചിത്രസഹിതം മൊയ്തുവിന്റെ പേജില്‍.
വാരാന്ത്യ അവധി ശനിയാഴ്ചയാക്കിയത് നന്നായെന്നാണ് മൊയ്തുവിന്റെ അഭിപ്രായം. കാരണം ശനിയാഴ്ച എന്ത് അപ്‌ഡേറ്റ് ഇട്ടാലും ഞായറാഴ്ച പൊതുവെ കമന്റുകളും ലൈക്കുകളും കുറവാണ് പോലും. ഞായറാഴ്ച ഓഫീസ് തുറന്ന ശേഷം സജീവമായാല്‍ മതി, തിങ്കളാഴ്ച ഇഷ്ടം പോലെ ലൈക്കും കമന്റും കിട്ടിക്കോളും. ആലോചിച്ചുറപ്പിച്ചെഴുതുന്ന കുറിപ്പുകള്‍ക്കും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും ലൈക്ക് കൂടിയാല്‍ മതി, മറ്റൊന്നും വേണ്ട മൊയ്തു ഹാപ്പിയാകാന്‍. ഒരു നൂറ് ലൈക്കുണ്ടെങ്കില്‍ അന്ന് സൂപ്പര്‍ ഹാപ്പി.
മൊയ്തുവിന്റെ അഡിക്ഷനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, ഫോണ്‍ ശബ്ദിച്ചു.
യൂറോപ്യന്‍ നമ്പറില്‍നിന്ന് മൊയ്തു തന്നെ.
എന്താ മാഷേ, ഒരു പെരുന്നാളാശംസ പോലും അയച്ചില്ലല്ലോ?  അങ്ങോട്ടൊരു പരിഭവം കാച്ചി.
അതിന് ഇവിടെ ഫേസ്ബുക്ക് തുറന്നിട്ടുവേണ്ടേ മല്‍ബൂ. നമ്മുടെ അവിടത്തെ പോലെയൊന്നുമല്ല ഇവിടെ. ഫേസ്ബുക്കൊന്നും തുറക്കാന്‍ പറ്റില്ല.
അതെന്താ,അവിടെ എഫ്.ബിക്കു നിരോധമുണ്ടോ?
നിരോധമൊന്നുമല്ല, അവിടത്തെ പോലെ ഇവിടെ ഓഫീസില്‍ എഫ്.ബി മാത്രമല്ല പല സൈറ്റുകളും ഉപയോഗിക്കാന്‍ പറ്റില്ല. നമ്മുടെ അവിടെ തന്നെയാണ് സ്വര്‍ഗം.
 ഇവിടെ എത്തിയതിന്റെ പിറ്റേന്ന് തന്നെ മല്‍ബുവിന് മെസേജ് അയക്കാന്‍ നോക്കിയതാ. എന്റെ കൈയിലുള്ള ടാബ് കേടായതു കൊണ്ട് ഇവിടത്തെ സൂപ്പര്‍വൈസറോട് ഞാന്‍ പറഞ്ഞു. ഒരു മെസേജ് അയക്കാനുണ്ടായിരുന്നു.
അയാള്‍ കംപ്യൂട്ടര്‍ ചൂണ്ടിക്കാട്ടി അയച്ചോളാന്‍ പറഞ്ഞു. പക്ഷേ, എഫ്.ബി തുറക്കാന്‍ നോക്കിയപ്പോള്‍ നോ ആക്‌സസ്.
ഫേസ്ബുക്കൊന്നും തുറക്കാന്‍ പറ്റില്ലെന്ന് അയാള്‍. വേണമെങ്കില്‍ ആര്‍ക്കാണ് മെസേജ് അയക്കുന്നതെന്ന് അവിടെയുള്ള ലോഗ് ബുക്കില്‍ എഴുതിവെച്ച് ഇ-മെയില്‍ അയച്ചോളാന്‍. നീ പിന്നെ ഇ-മെയില്‍ തുറക്കാത്ത ആളായതുകൊണ്ട് ഞാന്‍ അതിനു മെനക്കെട്ടില്ല.
ഇപ്പോള്‍ ഞാന്‍ വിളിച്ചത് നിനക്ക്  ഒരു ഇ-മെയില്‍ അയച്ചിട്ടുണ്ട്. ഫേസ്ബുക്കില്‍ ഒരു മെസേജ് ഇടാനാണ്. ഇല്ലെങ്കില്‍ ഞാന്‍ ചര്‍ച്ചകളില്‍ ഔട്ടായിപ്പോകും. ഫേസ്ബുക്ക് യൂസര്‍നെയിമും പാസ് വേഡും ഒക്കെ ഇ-മെയിലിലുണ്ട്. നീ ലോഗിന്‍ ചെയ്ത് മെസേജ് ഇട്ടാല്‍ മതി.
എന്തു അപ്‌ഡേറ്റാ ഇടേണ്ടത്.
മെയിലില്‍ ഞാന്‍ ഒരു ചിത്രം അയച്ചിട്ടുണ്ട്. അത് അപ്‌ലോഡ് ചെയ്ത ശേഷം താഴെ വി.എസും പറ്റിച്ചു എന്ന് എഴുതിയാല്‍ മതി. ബാക്കിയൊക്കെ എന്റെ ഫ്രന്റ്‌സ് ശരിയാക്കിക്കോളും. പിന്നെ ഇടയ്ക്കിടക്ക് ഫേസ് ബുക്ക് നോക്കി ഒരു 50 ലൈക്കായാല്‍ വിളിച്ചേക്കണം കേട്ടോ.
എന്നാല്‍ വെക്കട്ടെ.
ഒ.കെ എന്നു പറഞ്ഞതോടൊപ്പം എന്നാലും എന്റെ മൊയ്തൂ എന്നു കൂടി മല്‍ബുവിന്റെ വായില്‍നിന്ന് പുറത്തുവന്നു.




July 2, 2013

കാര്യസ്ഥന്റെ ചിരി



അപ്രതീക്ഷിതമായി കിട്ടിയ ഒഴിവുദിനം ആഘോഷിക്കുകയാണ് മല്‍ബു ഹൗസിലെ രണ്ട് അന്തേവാസികള്‍. നാട്ടിലെ ബന്ദ് പോലെ തന്നെ.
ഫ്‌ളൈയിംഗ് കുക്കിന് തിരക്കുണ്ടായിരുന്നെങ്കിലും സാദാ ചോറ് മാറ്റി ബിരിയാണി വെപ്പിക്കുന്നുണ്ട്. വില നല്ലോണം കൂടിയിട്ടുണ്ടെങ്കിലും അയക്കൂറ തന്നെ വാങ്ങി. പായസം ഉണ്ടാക്കാനൊന്നും നേരമില്ലെന്ന് കുക്ക് വാശി പിടിച്ചെങ്കിലും അതും ഒരു പാക്കറ്റ് മാള്‍ബോറോ കൊണ്ട് സമ്മതിപ്പിച്ചു.

പല മെസ്സുകളില്‍ വെക്കാനുള്ളതുകൊണ്ടാണ് ഫ്‌ളൈയിംഗ് കുക്കെന്ന പേരുവീണത്. ഒരിടത്തെ വെപ്പ് തീര്‍ത്ത് അടുത്ത ഫഌറ്റിലേക്ക് സിഗരറ്റും കത്തിച്ച് നടക്കാറാണ് പതിവെങ്കിലും ഫ്‌ളൈ ചെയ്യുന്നു എന്നു പറയാനാണ്  ആളുകള്‍ക്കിഷ്ടം. പറക്കാനാണല്ലോ മല്‍ബുവിന് എപ്പോഴും കൊതി.

കടത്തുവള്ളം യാത്രയായി, കരയില്‍ നീ മാത്രമായി എന്ന പാട്ട് കേള്‍ക്കുമ്പോള്‍ എയര്‍ഇന്ത്യ യാത്രയായി എന്നു തിരുത്തിപ്പാടുന്നവന്‍ മല്‍ബു.
ചെക്കിംഗുണ്ടാകും ഇന്ന് രണ്ട് പേരും ലീവെടുത്തോളൂ എന്നാണ് മൊബൈല്‍ കടയുടെ മുതലാളി പറഞ്ഞിരുന്നതെങ്കിലും അതായിരുന്നില്ല കാരണം. നിനക്കാതെ ലഭിച്ച ഈ ഓഫിനു പിന്നില്‍ കടയിലേക്കുള്ള കഫീലിന്റെ വരവാണെന്ന് ഇരു മല്‍ബുകളും ചുഴിഞ്ഞന്വേഷിച്ച് കണ്ടെത്തിയിരുന്നു.

കാരണം എന്തായാലും ചുമ്മാ ഒരു ദിവസം ലീവ് കിട്ടുകയെന്നു പറഞ്ഞാല്‍ അത് ആഘോഷിക്കേണ്ടതു തന്നെയാണ്. കഫീലെങ്കില്‍ കഫീല്‍, നിതാഖാത്തുകാരെങ്കില്‍ അവര്‍
കഫീലിന്റെ വരവ് മുതലാളി മല്‍ബുവിനെ ശരിക്കും തത്രപ്പാടിലാക്കിയിരുന്നു. കട തുടങ്ങി കൊല്ലം അഞ്ചായെങ്കിലും ആദ്യമായാണ് കഫീല്‍ കടയിലേക്ക് വരുന്നത്. മള്‍ട്ടി കഫീലിന് കടകളും തൊഴിലാളികളും നിരവധിയാണ്. ഓരോ കടയും സന്ദര്‍ശിക്കാന്‍ പിന്നെ എവിടെ നേരം. കാര്യങ്ങളെല്ലാം നടത്തിയിരുന്നത് കാര്യസ്ഥനായിരുന്നു. കഫീലു വരുമെന്ന് കഴിഞ്ഞ ദിവസമാണ് അയാള്‍ വന്നു പറഞ്ഞിട്ടു പോയത്.

മാസാമാസം കൊടുക്കാറുള്ള കഫീല്‍ മണി കൂട്ടാനായിരിക്കും എഴുന്നള്ളത്ത് എന്ന് കരുതിയാണ് മല്‍ബുവിന്റെ ഒരുക്കം. ചെറിയ മട്ടത്തില്‍ പോകുന്ന കടയാണെന്ന് തോന്നിപ്പിക്കാനാണ് രണ്ട് പണിക്കാര്‍ക്ക് ലീവ് കൊടുത്തത്. കഫീല്‍ അടിച്ചുമാറ്റുമെന്ന് ഉറപ്പായതിനാല്‍ ഡിസ്‌പ്ലേ വെച്ചിരുന്ന വില കൂടിയ ഫോണുകളൊക്കെ കാര്‍ട്ടണിലാക്കി അകത്തുവെച്ചു.

കഴിഞ്ഞ ദിവസമാണ് കൂട്ടുകാരന്റ കടയില്‍നിന്ന് അയാളുടെ കഫീല്‍ ഒരു മ്യൂസിക് സിസ്റ്റം ചുമ്മാ എടുത്തുകൊണ്ടുപോയത്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നാണല്ലോ?
കഫീല്‍ വരവിന്റെ ഉദ്ദേശ്യത്തെ കുറിച്ചൊന്നും കാര്യസ്ഥന്‍ വിട്ടു പറഞ്ഞിരുന്നില്ല. എന്തെങ്കിലും സംസാരിക്കാന്‍ കാണും എന്നു മാത്രമാണ് പറഞ്ഞിരുന്നത്.
പറഞ്ഞ സമയം തെറ്റിക്കാതെ കഫീല്‍ എത്തി.

പുതിയ കുഴപ്പങ്ങള്‍ കാരണം കച്ചവടമൊക്കെ കുറവാണ് എന്നു പറഞ്ഞുകൊണ്ടാണ് മല്‍ബു വരവേറ്റത്. വൈകുന്നേരങ്ങളില്‍ നിന്നു തിരിയാനിടമില്ലാത്ത കടയാണെന്ന് അറിയാവുന്ന കാര്യസ്ഥന്‍ അതുകേട്ട് ഊറിച്ചിരിക്കുന്നുണ്ടായിരുന്നു.

ഐ ഫോണൊന്നും വെക്കാതെ എങ്ങനെ കച്ചവടമുണ്ടാകുമെന്ന് ഡിസ്‌പ്ലേ സ്റ്റാന്റില്‍ കണ്ണോടിച്ചു കൊണ്ട് കഫീല്‍ പറഞ്ഞപ്പോഴും കാര്യസ്ഥന്‍ ചിരിച്ചു. ഒരാഴ്ച മുമ്പ് കണ്ട ഐ ഫോണുകളൊക്കെ എവിടെ പോയെന്ന് ആലോചിക്കുകയായിരുന്നു അയാള്‍.
ഐഫോണ്‍ വാങ്ങുന്ന കസ്റ്റമേഴ്‌സൊന്നും ഇവിടെ വരില്ലാന്നു പറഞ്ഞു മല്‍ബു. ആളുകളൊക്കെ സൂഖിലേക്കാണ് പോകുക.

അടിച്ചുമാറ്റാനുള്ള ഐഫോണ്‍ കാണാത്തതിനാല്‍ നിരാശനായി എന്നു പറയാനൊക്കില്ലെങ്കിലും കഫീല്‍ കാര്യത്തിലേക്ക് കടന്നു.
ഒരാളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഉടന്‍ മാറ്റണം. അല്ലാതെ കട നടത്തിക്കൊണ്ടു പോകാനാവില്ല. ആരാണ് മാറുന്നതെന്നുവെച്ചാല്‍ പെട്ടെന്ന് കടലാസുകള്‍ ഏല്‍പിക്കണം. ഇതാണ് ഡിമാന്റ്.

ഇക്കാര്യം മല്‍ബു ആലോചിക്കാത്തതല്ല.
സ്വയം മാറാന്‍ പറ്റില്ല. കാരണം കമ്പനി ജോലിക്കാരനാണ് മല്‍ബു. നിലവിലെ പണിക്കാര്‍ ആരും മാറാന്‍ തയാറില്ല. നാല് പണിക്കാരില്‍ ഒരാള്‍ ഇരട്ടി ശമ്പളത്തിന് കമ്പനിയിലേക്ക് മാറിയതോടെ മറ്റുള്ളവരും ആ പൂതിയിലാണ്.
പുതുതായി ഒരാളെ കണ്ടെത്താനുള്ള ശ്രമമൊന്നും വിജയിക്കുന്നില്ല.
ആലോചിക്കട്ടെ, ഒരാഴ്ച സമയം വേണം.
മല്‍ബുവിന്റെ മറുപടി കഫീല്‍ അംഗീകരിച്ചില്ല.
ഒരാഴ്ചയൊന്നും പറ്റില്ല. രണ്ട് ദിവസത്തിനുള്ളില്‍ മറുപടി വേണം.
ഇയാള്‍ ഇതും പറഞ്ഞങ്ങുപോകുമെന്ന് കരുതി ഇത്തിരി ഗൗരവത്തിലൊക്കെ നിന്നിരുന്ന മല്‍ബുവിനെ കഫീലിന്റെ അടുത്ത വാക്കുകള്‍ ശരിക്കും ഐസാക്കി കളഞ്ഞു.
കഫാല മാറാന്‍ ആളില്ലെങ്കില്‍ ഭയപ്പെടാനില്ല. കട കൈമാറിക്കോളൂ. വാങ്ങാന്‍ ആളൊക്കെ എന്റെ പക്കലുണ്ട്. അപ്പോഴും കാര്യസ്ഥന്റെ മുഖത്ത് വിടര്‍ന്ന ചിരി.


June 18, 2013

നീലപ്പെട്ടി പറഞ്ഞ കഥ




നഗരത്തിലെ നീലപ്പെട്ടികളും പ്രവാസികളെപ്പോലെ പദവി ശരിയാക്കുന്ന തിരക്കിലാണ്. വര്‍ഷങ്ങളായി അനവധി രാജ്യക്കാരെ സസന്തോഷം ഏറ്റവാങ്ങിയ അവയ്ക്കിപ്പോള്‍ പുതുമോടി.

പഴയ പെട്ടികളുടെ പദവി മാറ്റത്തിലും സ്ഥാനചലനത്തിലും ദുഃഖിക്കാനുള്ളത് രാവും പകലും കൂടെ ഉണ്ടായിരുന്ന പൂച്ചകള്‍ മാത്രം. വിവിധ ദേശഭാഷക്കാരുടെ എത്രയെത്ര രുചിയേറിയ വിഭവങ്ങള്‍ നല്‍കിയാണ് നീലപ്പെട്ടികള്‍  ഈ കൂട്ടുകാരെ സ്വന്തമാക്കിയത്. അവരില്‍ തടിച്ചുകൊഴുത്തവരും മെലിഞ്ഞുണങ്ങിയവരുമുണ്ട്.

പദവി ശരിയാക്കാന്‍ പരക്കം പായുന്ന അന്യദേശക്കാരിലുമുണ്ട് ഈ പൂച്ചകളെപ്പോലെ തടിയുള്ളവരും എല്ലും തോലുമായവരും.

പുതിയ കഫീലുമാരെ സ്വീകരിക്കുന്നതു പോലെ എല്ലാം മറന്ന് ഈ പൂച്ചകളും പഴയ കൂട്ടുകാരെ വിട്ട് പുതുമോടിക്കാരുടെ കൂടെ ചേരും. പ്രവാസികളെപ്പോലെ തന്നെ ഈ നീലപ്പെട്ടികള്‍ക്കും പദവി ശരിയാക്കാന്‍ സമയ പരിധിയുണ്ട്.
പെട്ടികളുടെ കഫീലുമാരായ അമാന കമ്പനി മാനക്കേടില്ലാതിരിക്കാന്‍ പദവി മാറ്റം സമയത്തു തന്നെ പൂര്‍ത്തിയാക്കുന്നു.
നഗരത്തിന്റെ മുക്കുമൂലകളില്‍ ഇടംപിടിച്ചിരിക്കുന്ന പുതിയ നീലപ്പെട്ടികള്‍ക്ക് എടുത്തുപറയാന്‍ മാറ്റമുണ്ട്. അതിഥികളെ വിഴുങ്ങുന്ന ഇവയ്ക്കിപ്പോള്‍ കവാടത്തോടുകൂടിയ അടപ്പുകള്‍.
ഇനിയിപ്പോ അടപ്പില്ലാഞ്ഞിട്ടാണ്-
ഇതാണ് ഒന്നിനെക്കുറിച്ചും അഭിപ്രായം ഒഴിവാക്കാത്ത മല്‍ബുവിന്റെ കമന്റ്. റോഡിനിപ്പുറം നിന്നു പോലും നിറയെ വിഭവങ്ങളുള്ള സഞ്ചികള്‍ കൃത്യമായി വാ തുറന്നു പിടിച്ചിരിക്കുന്ന നീലപ്പെട്ടികളില്‍ എറിഞ്ഞെത്തിക്കുന്നതില്‍ മറ്റു ദേശക്കാരോടൊപ്പം മല്‍ബുകളും ഒട്ടും പിന്നിലല്ല. അകത്ത് ഒളിച്ചിരിക്കുന്ന പൂച്ചകളെ ഭയന്ന് നീലപ്പെട്ടിക്കു ചുറ്റും വലിച്ചെറിഞ്ഞ് കടമ നിര്‍വഹിക്കുന്നവരുമുണ്ട്. അപ്പോള്‍ പെട്ടിക്ക് അടപ്പുള്ളതും ഇല്ലാതിരിക്കുന്നതും സമം തന്നെ.
നഗരത്തിനും നഗരവാസികള്‍ക്കും ഒഴിച്ചുകൂടാനാവാത്ത നീലപ്പെട്ടികളുടെ സ്ഥാനവും പരിപാലനവുമൊന്നും ചുമ്മാ തോന്നിയതുപോലെ ചെയ്യുന്നതല്ല. പേരുകേട്ട മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനി ആളുകളില്‍നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ചാണ് ഈ പെട്ടികളുടെ വലിപ്പവും എണ്ണവുമൊക്കെ നിശ്ചയിക്കുന്നത്.
അതൊന്നുമല്ല മല്‍ബുവിനും ഈ നീലപ്പെട്ടിക്കും പറയാനുള്ളത്. മുംബൈ മഹാനഗരത്തില്‍നിന്ന് ജീവിതം പഠിച്ച ശേഷം കടല്‍ കടന്നയാളാണ് കഥാനായകനായ മല്‍ബു. അവിടെ മസാലപ്പൊടികള്‍ പൊതിയിലാക്കി മടുത്തപ്പോള്‍ പുതിയ സ്വപ്നങ്ങളുമായി രണ്ടും കല്‍പിച്ച് വിമാനം കയറി. മരുഭൂമിയിലെത്തിയപ്പോള്‍ മള്‍ട്ടി കഫീലിന് മാസ വിഹിതം നല്‍കി ഒരു വണ്ടിയിറക്കി അതില്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വിറ്റു തുടങ്ങി. അതിന്റെ കൂടെ അത്യാവശ്യക്കാര്‍ക്ക് നാട്ടില്‍ പണമെത്തിക്കുന്ന ഹവാല കൂടി തുടങ്ങിയതോടെ സംഗതി സൂപ്പറായി. പച്ചപ്പദവിക്ക് വേണ്ടി ആളുകള്‍ പരക്കം പായുന്നതിനു മുമ്പ് തന്നെ മല്‍ബു ഇവിടേം നാട്ടിലും പച്ചതൊട്ടു. ഏതു നിമിഷം മടങ്ങിപ്പോകേണ്ടി വന്നാലും നാട് തിരസ്‌കരിക്കില്ല.
അങ്ങനെയുള്ള മല്‍ബുവിനെ ഒരിക്കല്‍ കള്ളന്മാരില്‍നിന്ന് രക്ഷിച്ച കഥയാണ് നീലപ്പെട്ടിക്ക് പറയാനുള്ളത്.

കള്ളന്മാരുടെ വരവിന് രാവും പകലുമില്ല. നാല് കാശ് കൊണ്ടുനടക്കുന്നയാളാണെങ്കില്‍ ഏതു സമയത്തും അവരെ പ്രതീക്ഷിക്കണമെന്നത് മല്‍ബുവിന് മുംബൈ നല്‍കിയ പാഠമാണ്. അവിടെ മസാല വാങ്ങാന്‍ ട്രെയിനില്‍ പോകുമ്പോള്‍ ചുരുട്ടിക്കൂട്ടി മൂലയിലിടുന്ന ചാക്കിലാണ് മല്‍ബു പണം ഒളിപ്പിക്കാറുള്ളത്. പോക്കറ്റടിക്കാര്‍ പല തവണ തേടിവന്നെങ്കിലും ഒരിക്കല്‍ പോലും പണം നഷ്ടപ്പെട്ടില്ല.
മുംബൈയില്‍ മാത്രമല്ല കള്ളന്മാര്‍, അവരെ കടത്തിവെട്ടുന്ന കള്ളന്മാരുണ്ടിവിടെ.
മല്‍ബുവിന്റെ പരിപാടികള്‍ മണത്തറിഞ്ഞ കള്ളന്മാര്‍ ഒരു ദിവസം പിന്നാലെ കൂടി. കലക്ഷനും ഹുണ്ടിപ്പണവും ഒക്കെയായി കൈയില്‍ നല്ലൊരു തുകയുണ്ട്. വാഹനം പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ മല്‍ബു ഇത്തിരി വളഞ്ഞുതിരിഞ്ഞൊക്കെ പോയി നോക്കി. രക്ഷയില്ല, അവര്‍ പിന്നലെ തന്നെ.

വണ്ടി നിര്‍ത്തിയാല്‍ അവരെത്തി ബാഗ് തട്ടിപ്പറിക്കുമെന്ന് ഉറപ്പാണ്.
ഒടുവില്‍ രണ്ടും കല്‍പിച്ച് വണ്ടിയില്‍ കരുതിവെച്ചിരുന്ന ആയുധം മല്‍ബു പുറത്തെടുത്തു. കുറെ കടലാസു തുണ്ടുകളും ഒന്നു രണ്ട് പെപ്‌സി കാനും അടങ്ങിയ ഒരു സഞ്ചി. ബാഗ് തുറന്ന് നോട്ടുകള്‍ ആ സഞ്ചിയിലേക്ക് ചൊരിഞ്ഞു. കുറച്ചുകൂടി മുന്നോട്ട് പോയി ഒരു നീലപ്പെട്ടിക്ക് സമീപം ചേര്‍ത്തു നിര്‍ത്തി. പിന്തുടരുന്നവര്‍ കാണുമെന്ന് ഉറപ്പാക്കി ആദ്യം രണ്ട് പെപ്‌സി കാനുകള്‍ കൃത്യതയോടെ ആ പെട്ടിയിലേക്ക് എറിഞ്ഞു. പിന്നാലെ നോട്ടുകെട്ടുകളും കടലാസുകളും അടങ്ങിയ വേസ്റ്റ് സഞ്ചിയും.

യാതൊന്നും സംഭവിക്കാത്തതു പോലെ വണ്ടി മുന്നോട്ട് പോയി. പിറകില്‍നിന്ന് അവര്‍ മാറിയിട്ടില്ല. പക്ഷേ പ്രതീക്ഷിച്ചതു പോലെ ഒന്നും സംഭവിച്ചില്ല. മല്‍ബു ഫ്‌ളാറ്റിനു മുന്നില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ പിന്തുടര്‍ന്ന കാര്‍ കടന്നു പോയി. ഹൃദയമിടിപ്പ് പുറത്തു കേള്‍ക്കാവുന്ന നിലയിലായിരുന്നു അപ്പോള്‍ മല്‍ബു. ഉടന്‍ തന്നെ സ്വന്തം വണ്ടി ഉപേക്ഷിച്ച് അവിടെനിന്നൊരു കാര്‍ പിടിച്ച് നീലപ്പെട്ടി ലക്ഷ്യമാക്കിപ്പോയ മല്‍ബുവിന് നിരാശപ്പെടേണ്ടി വന്നില്ല.

നോട്ടുകെട്ടുകളാണെന്ന് തിരിച്ചറിഞ്ഞ നീലപ്പെട്ടി ആ സഞ്ചി അവിടെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അതെടുത്ത് മറ്റൊരു കാറില്‍ മടങ്ങുമ്പോള്‍ മല്‍ബു ആലോചിക്കുകയായിരുന്നു.

ആരായിരിക്കും ആ പിന്തുടര്‍ന്നവര്‍?


June 3, 2013

വലിയ നില



കോണിപ്പടി മുഴുവന്‍ മീന്‍വെള്ളം തൂകിപ്പോയ താമസക്കാരനെ ശപിച്ചുകൊണ്ട് ഡെറ്റോളും വെള്ളവും ഉപയോഗിച്ച് കഴുകിത്തുടച്ച് വന്നതേയുള്ളൂ ഹാരിസ് നാണി. അപ്പോഴാണ് മൊബൈലില്‍നിന്ന് പ്രിയഗാനം ഒഴുകിയത്.
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു…
ടി.വി. ഓണ്‍ ചെയ്തു നോക്കൂ എന്നായിരുന്നു സന്ദേശം. വിളിച്ചത് മറ്റാരുമല്ല. മീന്‍ സഞ്ചി നേരാംവണ്ണം കൊണ്ടുപോകാതെ ഇരട്ടിപ്പണിയുണ്ടാക്കിയ ഒമ്പതാം നമ്പര്‍ ഫ്‌ളാറ്റിലെ താമസക്കാരന്‍ ഹൈദ്രോസ് തന്നെ. നേരാംവണ്ണം വേസ്റ്റ് കൊണ്ടുപോകാനറിയാത്ത ഈ വേസ്റ്റിനെ എങ്ങനെയെങ്കിലും പുറത്താക്കണമെന്ന് ആലോചിച്ചു തുടങ്ങിയിട്ട് കുറെ നാളായി. പക്ഷേ, ഫഌറ്റ് മുതലാളിയില്‍ അയാള്‍ക്കുള്ള പിടിത്തം കാരണം നടക്കുന്നില്ല. പരാതി പറയുമ്പോള്‍ അതൊന്നും സാരമില്ലെന്ന് പറഞ്ഞ് മുതലാളി ആശ്വസിപ്പിക്കും. വാടക കൊടുക്കുന്നയാള്‍ക്കാണല്ലോ വില. കാവല്‍ നില്‍ക്കുന്ന ഹാരിസിനെന്തു വില?
മീന്‍നാറ്റം പോകാന്‍ തുടച്ചുതുടച്ച് തളര്‍ന്നിരിക്കുമ്പോഴാണ് ടി.വി കാണാന്‍ പറയുന്നത്.
അതിനൊന്നും നേരമില്ല, ഹൈദ്രോസേ. നിങ്ങള്‍ തന്നെ കണ്ടില്ലേ. സ്റ്റെപ്പ് തുടച്ച് തുടച്ച് എന്റെ നടുവൊടിഞ്ഞു.
മറ്റൊന്നുമല്ല. നിങ്ങടെ ഫോട്ടോ ടി.വിയില്‍ കണ്ടതോണ്ട് വിളിച്ചതാ. കോട്ടും ടൈയുമൊക്കെയിട്ട് നല്ല ചൊങ്കന്‍ ആണല്ലോ?
കളിയക്കണ്ട. നമ്മളും കെട്ടും ടൈ.
മീന്‍വെള്ളം തൂകാതെ നോക്കണം എന്നു പറഞ്ഞതിനുള്ള വെപ്പാണ്
-നാണിക്കത് മനസ്സിലായി.
ടി.വിയില്‍ പടം വന്നൂന്ന് പറഞ്ഞ് കളിയാക്കാനൊന്നുമില്ല. ടി.വിയില്‍ വരാന്‍ ഇപ്പോള്‍ നിങ്ങളെ പോലെ വലിയ ആള്‍ക്കാരായി ടൈ ഒന്നും കെട്ടണമെന്നില്ല. ബണ്ടി ചോറിന്റെ ഫോട്ടോ തന്നെ എത്ര നേരാ കാണിച്ചത്. പിന്നെ, നിങ്ങളെ ഞാന്‍ കുറ്റം പറഞ്ഞതൊന്നുമല്ല. നാറ്റം കൊണ്ട് ആര്‍ക്കും കോണി കയറാന്‍ നിവൃത്തി ഇല്ലായിരുന്നു. മേലിലെങ്കിലും ശ്രദ്ധിക്കണമെന്നേ പറഞ്ഞുള്ളൂ. ഓണറുടെ ചീത്ത മുഴുവന്‍ കേട്ടത് ഞാനാണ്.
ഇതും പറഞ്ഞ് ദേഷ്യത്തോടെ ഹാരിസ് നാണി ഫോണ്‍ കട്ടാക്കിയപ്പോള്‍ ഹൈദ്രോസ് വല്ലാതായി. കളിയാക്കാന്‍ പറഞ്ഞതല്ല. ശരിക്കും നാണിയുടെ ഫോട്ടോ ടി.വിയില്‍ കാണിച്ചിരുന്നു. മുഴുവന്‍ കാര്യവും പറയാത്തതു നന്നായി. നാണി ഒന്നു കൂടി പൊട്ടിത്തെറിച്ചേനേ.
പക്ഷേ, ഹാരിസ് നാണിയുടെ ടി.വിയില്‍ വന്നത് മറ്റു താമസക്കാരും കണ്ടിരുന്നു. അതുകൊണ്ടു തന്നെ മല്‍ബുകള്‍ കൂട്ടത്തോടെ താമസിക്കുന്ന ബില്‍ഡിംഗില്‍ വാര്‍ത്ത വേഗം പരന്നു. കേട്ടവര്‍ കേട്ടവര്‍ നമ്മുടെ ഹാരിസ് നാണിയുടേതോ എന്നു ചോദിച്ചു.
സംഭവം ശരിയായിരുന്നു. ടെലിവിഷന്‍ കാണിച്ചത് നാണിയുടെ ഫോട്ടോ തന്നെ. ക്യാമറക്കു മുന്നില്‍ നാണിയുടെ ഭാര്യയും രണ്ടു പിഞ്ചുമക്കളും സങ്കടക്കഥ പറയുമ്പോഴാണ് ഒരു വില്ലനെ പോലെ നാണിയുടെ ഫോട്ടോ കാണിച്ചത്. അഞ്ചു വര്‍ഷമായി നാട്ടില്‍ പോയില്ലെന്നും ഒുരു വര്‍ഷമായി കുടുംബത്തിന് കാശയക്കുന്നില്ലെന്നുമാണ് സങ്കടക്കഥയുടെ ആകത്തുക. എല്ലാം വാസ്തവം. കുടുംബത്തോടു നീതി പുലര്‍ത്താത്ത ഇയാള്‍ അവിടെ വലിയനിലയിലാണ് എന്നു പറഞ്ഞതും ശരി തന്നെ. കോണിപ്പടി തുടച്ചു വന്ന് കഴിയുന്നത് ബില്‍ഡിംഗിന്റെ ഏറ്റവും മുകളില്‍ ടെറസില്‍ തട്ടിക്കൂട്ടിയ ചായ്പിലാണ്. അതാണ് നാണിയുടെ വലിയ നില.
ബഖാലയിലെത്തിയ നാണിയെ ആളുകള്‍ വളഞ്ഞുവെച്ചു. മീന്‍ വെള്ളത്തില്‍ മുക്കിയ ഹൈദ്രോസ് അവിടെ ഉണ്ടായിരുന്നുവെങ്കിലും രംഗം വഷളാകുന്നതിനു മുമ്പ് രക്ഷപ്പെട്ടു. ശേഷം ബാക്കിയുള്ളവരുടെ ജനകീയ വിചാരണ ആയിരുന്നു.
എന്തുകൊണ്ട് നാട്ടില്‍ പോകുന്നില്ല? ഓള്‍ക്കും മക്കള്‍ക്കും എന്തുകൊണ്ട് ചെലവിന് അയക്കുന്നില്ല? രണ്ട് ബില്‍ഡിംഗിലെ ഹാരിസ് പണി എടുത്തും കാറുകള്‍ കഴുകിയും ഉണ്ടാക്കുന്ന കാശ് എന്തു ചെയ്യുന്നു? നാട്ടിലേക്ക് എപ്പോള്‍ പോകും -തുരുതുരാ ചോദ്യങ്ങള്‍.
കൂട്ടത്തില്‍നിന്ന് വഴുതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചേക്കുവിന്റെ ബലിഷ്ടമായ കരങ്ങള്‍ തടഞ്ഞുനിര്‍ത്തി.
എനിക്കിവിടെ ഓളും മക്കളുമുണ്ട്. അതോണ്ടെന്ന്യാ പോകാത്തത് -നാണി ശബ്ദം താഴ്ത്തിപ്പറഞ്ഞു.
അമ്പട കള്ളാ.. ഇന്തോനേസിയാണോ, ഫിലിപ്പൈനിയാണോ -വീണ്ടും ചോദ്യങ്ങള്‍. മാത്രമല്ല ആളുകള്‍ തെറിയും തുടങ്ങി. ഇവനെയൊക്കെ ഷണ്ഡീകരിക്കണം.
നാണി പറഞ്ഞത് തമാശയാണെങ്കിലും അതു വിശ്വസിച്ച ആളുകള്‍ ആട്ടും തുപ്പുമായി. ആരും യഥാര്‍ഥ കാരണം അന്വേഷിച്ചതുമില്ല.
നിന്നെ പോലുള്ളവരെക്കൊണ്ട് ഞങ്ങള്‍ക്കാ പഴി. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പത്രങ്ങളില്‍ പേരെടുത്ത തൊക്കിലങ്ങാടി ആമു വാളെടുത്തു. നാണിയെ കണ്ടെത്തി നാട്ടിലെത്തിക്കാന്‍ അവിടെ ഒരു സംഘടനക്കാരനുമില്ലേ എന്ന് ടി.വിക്കാരന്‍ ചോദിച്ചതാണ് ആമുവിനെ വിറളി പിടിപ്പിച്ചത്.
ഒരു പതിനയ്യായിരം റിയാലും ടിക്കറ്റും തന്നേക്കൂ. ഞാനങ്ങ് പോയേക്കാം
-ധാര്‍മിക രോഷം കൊണ്ടിരുന്ന ആമുവിന്റെ ചെവിയില്‍ നാണി പറഞ്ഞു.
ഇഖാമ പുതുക്കാനായി പല തവണയായി കഫീലിനു കൊടുത്ത വകയില്‍ 15,000 റിയാലിന്റെ കടമുണ്ട്. ഇപ്പോള്‍ നാട്ടില്‍ പോകാനാകാത്ത വിധം ഹുറൂബിലുമായി. ഈ കടം തീര്‍ക്കാതെ പോകാന്‍ പറ്റൂല. അതുകൊണ്ട് തല്‍ക്കാലം വീട്ടില്‍ വിളിക്കാറില്ല. കാശും അയക്കാറില്ല. ഓളേം മക്കളേം എന്റെ ഉമ്മ നല്ലോണം നോക്കിക്കോളും. കടം തീര്‍ന്നാല്‍ ഞാനങ്ങു പോകുകേം ചെയ്യും. പ്രിയപ്പെട്ട മല്‍ബി സ്വയമേവ ടി.വിയില്‍ പോയതാണെന്ന് ഞാന്‍ കരുതുന്നില്ല. ആരോ ചതിയില്‍ പെടുത്തിയതാണ്.
ഗള്‍ഫില്‍നിന്ന് പണമയക്കാത്ത മല്‍ബുകളുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ എല്ലാ മല്‍ബികളും പോകുന്നതു പോലെ ഈ മല്‍ബിയും പോകേണ്ടിയിരുന്നത് തങ്ങളുടെ അടുത്തായിരുന്നു. അതു കണക്കിലെടുത്ത് തങ്ങളെ വിളിച്ചു ശട്ടം കെട്ടിയിരുന്നു -സമാധാനിപ്പിക്കാനും എല്ലാം ശരിയാകുമെന്ന് പറയാനും. ഒക്കെ പൊളിഞ്ഞു. ഹലാക്ക് പിടിച്ച സാധനം തന്നെ ടി.വി.
ബഖാലയില്‍നിന്ന് സംഘടനക്കാരനും ആളുകളും പരിഞ്ഞുപോയതല്ലാതെ നാണിയെ നാട്ടിലയക്കാന്‍ ആരും ഉത്സാഹം കാണിച്ചില്ല.
പക്ഷേ ടി.വിക്കാരന്‍ വീണ്ടും പറഞ്ഞു. കുടുംബത്തെ കണ്ണീരിലാക്കിയ നാണിയെ സാമൂഹിക പ്രവര്‍ത്തകനായ ആമു കണ്ടെത്തി. അയളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊര്‍ജിതമായി നടന്നുവരുന്നു.



രഹസ്യംതേടി ഒരു യാത്ര



പാന്റ്‌സിന്റെ പോക്കറ്റില്‍ മടക്കി സൂക്ഷിച്ചിരുന്ന ഗൂഗിള്‍ മാപ്പിന്റെ പ്രിന്റ് ഒന്നുകൂടി എടുത്തുനോക്കിയ മല്‍ബു സ്ട്രീറ്റിന്റെ പേരും ബില്‍ഡിംഗിന്റെ കിടപ്പും ഉറപ്പുവരുത്തി.
ഇല്ല, തരുണികള്‍ക്ക് തെറ്റിയിട്ടില്ല. കിറുകൃത്യം.
അല്ലെങ്കിലും ഈ തരുണികളെ സമ്മതിക്കണം. മല്‍ബു ഓര്‍ത്തു.
നാട്ടിലായിരുന്നപ്പോള്‍ മല്‍ബി കൂടെ ഉണ്ടെങ്കില്‍ ഒരിക്കലും വഴിതെറ്റിയിരുന്നില്ല. ഒരു ദിവസം മല്‍ബി കൃത്യമായി വഴി പറഞ്ഞും എഴുതിയും നല്‍കിയിട്ടും മല്‍ബുവിന് വഴി തെറ്റിയിരുന്നു. റോഡ് തിരിയുന്നിടത്തുനിന്ന് തെക്കോട്ടു പോകേണ്ടതിനു പകരം വടക്കോട്ട് പോയത് പറഞ്ഞ് മല്‍ബി ഇപ്പോഴും കളിയാക്കാറുണ്ട്. അതിലും വലുത് ഒപ്പിച്ചവനാണ് മല്‍ബു. മംഗലാപുരത്തേക്ക് പോകുന്ന ട്രെയിനിനു പകരം കയറിയത് തിരുവനന്തപുരത്തേക്കുള്ള ട്രെയിനില്‍. തെക്കും വടക്കും തിരിയാത്തവന്‍. അല്ലെങ്കിലും തെക്കും വടക്കും നിശ്ചയമില്ലാത്തതുകൊണ്ടാണല്ലോ മരുഭൂമിയില്‍ എത്തിപ്പെട്ടത്. അനന്തമായ മരുഭൂമി.
തരുണികള്‍ വഴി കൃത്യമായി പറഞ്ഞു തന്നിരുന്നു. ഒരു ഉറപ്പിനുവേണ്ടിയാണ് ഗൂഗിള്‍ മാപ്പ് കൂടി കരുതിയത.് പക്ഷേ, അവര്‍ പറഞ്ഞതിനു വിപരീതമായി ഗെയിറ്റ് മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.
മാപ്പ് നോക്കിയാണെങ്കിലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ് അനുമതിയില്ലാതെ ഒരിടത്ത് അതിക്രമിച്ചു കയറുക എന്നത്. രണ്ടും കല്‍പിച്ച് കയറി. എണ്ണയിടാത്ത ജാക്കിയുടേതു പോലുള്ള ഒരു ശബ്ദം കേള്‍ക്കാം. ജാക്കി ഗിഫ്റ്റ്.
മല്‍ബു ഒരു നിമിഷം നിന്നുപോയി. കാരണം ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് കേള്‍ക്കുന്നത്. നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്, ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്…
ഗൃഹാതുരത്വത്തിന്റെ അടുത്ത വരികള്‍ക്കായി കാതോര്‍ത്തുവെങ്കിലും വീണ്ടും അതേ വരികള്‍ തന്നെ. ബാക്കി അറിയില്ലായിരിക്കും.
ശബ്ദം കേട്ട ഭാഗത്തേക്കു നോക്കി. ബനിയനും പാവാട പോലെ മൂട്ടിയ ഇന്തോനേഷ്യന്‍ ലുങ്കിയുമുടുത്ത ഒരാള്‍ ഒരു കൈയില്‍ കൊടുവാളും മറുകൈയില്‍ ഒരു തേങ്ങയുമായി മുറിയില്‍നിന്ന് പുറത്തിറങ്ങുന്നു. ബില്‍ഡിംഗിനോട് ചേര്‍ന്നുള്ള ചായ്പില്‍നിന്നാണ് അയാള്‍ പുറത്തിറങ്ങിയത്.
മലയാളം പാട്ടുകള്‍ ഇന്തോനേഷ്യക്കാരെ കൊണ്ട് പാടിച്ച് യു ട്യൂബില്‍ കയറ്റുന്ന മല്‍ബുകള്‍ ഉണ്ടെങ്കിലും ഇത് മല്‍ബു തന്നെ. ആ വിടര്‍ന്ന ചിരി കണ്ടാലറിയാം.
ആരാ, എന്താ എന്നു ചോദിച്ചുകൊണ്ട് അയാള്‍ അടുത്തേക്കു വന്നു.
അതു പിന്നെ ഞാന്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ ഇന്തോനേഷ്യന്‍ പാവാട ശരിയാക്കിക്കൊണ്ട് അയാള്‍ ചോദിച്ചു.
എങ്ങനെ ഇതിനകത്തു കയറി? ഇവിടെ ആരേയും കയറ്റാന്‍ പാടില്ലാത്തതാണ്.
അതുപിന്നെ, ഗെയിറ്റ് തുറന്നുകിടന്നതു കണ്ടപ്പോള്‍ കയറിയതാണ്.
അയ്യോ ഗെയിറ്റടിച്ചില്ലേ എന്നു പറഞ്ഞുകൊണ്ട് മല്‍ബുവിനെ പിടിച്ച് ചായ്പിലേക്ക് തള്ളി അയാള്‍ ഗെയിറ്റിനടുത്തേക്ക് ഓടി. ഗെയിറ്റ് അടച്ചശേഷം കിതച്ചുകൊണ്ട് തിരിച്ചുവന്ന് കൊടുവാളും തേങ്ങയും കൈയിലെടുത്തു.
ഭാഗ്യം, ആരും കണ്ടിട്ടില്ല, മൂന്ന് വര്‍ഷമായി ഞാന്‍ ഇവിടെ ജോലി നോക്കുന്നു.
എനിക്കു പുറമെ, ഇവിടെ കാലു കുത്തുന്ന രണ്ടാമത്തെ മല്‍ബുവാണ് നിങ്ങള്‍. കഴിഞ്ഞ വര്‍ഷം ഹജ്ജിനുവന്ന അമ്മോശന്‍ മാത്രമേ ഇവിടെ വന്നിട്ടുള്ളൂ. അതുതന്നെ ഞാന്‍ മാഡത്തിന്റെ കാലു പിടിച്ച് പറഞ്ഞതുകൊണ്ടാണ് സമ്മതിച്ചത്.
വിസ്തരിച്ചു പറയാന്‍ നേരമില്ല. ഏതായാലും തേങ്ങാവെള്ളം കുടിക്കാമെന്നു പറഞ്ഞുകൊണ്ട് മല്‍ബു തേങ്ങ ഉരിച്ച് പുറത്തെടുത്ത് വെട്ടി വെള്ളം ഗ്ലാസിലാക്കി കൊടുത്തു.
ഇവിടെ കായ്ച്ചതാണ്-തെങ്ങ് ചൂണ്ടി അയാള്‍ പറഞ്ഞു. കാമ്പ് വലുതല്ലെങ്കിലും വെള്ളം സൂപ്പര്‍ ടേസ്റ്റാണ്. ഇടക്കിടെ മൂന്നാലെണ്ണം കിട്ടും. ഞാനത് ഏതെങ്കിലും മല്‍ബു ഫാമിലിക്ക് കൊടുക്കും.ആട്ടെ വിസ്തരിക്കാന്‍ നേരമില്ല. നിങ്ങളെന്തിനാ ഇങ്ങോട്ടു കയറിയത്.
മല്‍ബു പറയാനൊരു കളവ് അന്വേഷിക്കുകയായിരുന്നു. തരുണികള്‍ പറഞ്ഞിട്ടാണ് വന്നതെന്ന് എങ്ങനെ പറയും. അതേസമയം, തേങ്ങാവെള്ളം നല്‍കി സല്‍ക്കരിച്ച മല്‍ബുവിനോട് കളവ് പറയാനും തോന്നുന്നില്ല. അനുവാദമില്ലാതെ കയറിയിട്ടും എത്ര മാന്യമായിട്ടാണ് പെരുമാറുന്നത്.
ഇയാളോട് സത്യം പറയണോ? എന്തെങ്കിലും കള്ളം പറഞ്ഞ് തടി സലാമത്താക്കണോ?
തെങ്ങ് കണ്ടപ്പോള്‍ കയറിനോക്കിയതാണെന്നു പറയാം. അല്ലെങ്കില്‍ പാട്ടു കേട്ടു എന്നു പറയാം.  അതുമല്ലെങ്കില്‍ തായ്‌ലന്റ് ലോട്ടറി വേണോ എന്നു ചോദിക്കാനാണെന്നു പറയാം.
പക്ഷെ, സത്യസന്ധനായ മല്‍ബു ഒടുവില്‍ സത്യം തന്നെ പറയാന്‍ തീരുമാനിച്ചു. കാറില്‍ കളഞ്ഞുകിട്ടിയ വാനിറ്റി ബാഗ് അറബിച്ചിക്കു തിരിച്ചുകൊടുത്ത് സത്യസന്ധത തെളിയിച്ചവനാണ് മല്‍ബു. കാശിനുവേണ്ടി നാട്ടില്‍നിന്നു വിളി വരുമ്പോള്‍ ഒരിക്കല്‍ പോലും കളവ് പറയാത്തവന്‍ മല്‍ബു. അങ്ങനെയുള്ള മല്‍ബു കളവു പറഞ്ഞ് രക്ഷപ്പെടുമെന്ന് കരുതിയ മനഃസാക്ഷിക്കു തെറ്റി.
എന്തിനാ കയറിയത് താന്‍ പറടോ
അതുപിന്നെ ഒരു കാര്യം അന്വേഷിക്കാന്‍ എന്റെ കസ്റ്റമേഴ്‌സ് അയച്ചതാണ്.
ഏതു കസ്റ്റമേഴ്‌സ്, എന്ത് അന്വേഷിക്കാന്‍.
മൂന്ന് തരുണികളാണ് എന്റെ കസ്റ്റമേഴ്‌സ്. അവരെ രാവിലെ യൂനിവേഴ്‌സിറ്റിയില്‍ കൊണ്ടുവിടും. വൈകിട്ട് തിരിച്ചെടുക്കും. ഇതാണ് പണി.
ഒ.കെ. അതിനു ഈ വീട്ടിലെന്താണ് കാര്യം. ഇവിടെ ആരെയും അതിനു കിട്ടില്ല. വണ്ടികള്‍ നാലാണ് ഇവിടെ. ഒരു സമയം നാല് മദ്രസകളിലേക്കാണ് കുട്ടികളുടെ പോക്ക്. എനിക്ക് പുറമേ ഒരു ഡ്രൈവര്‍ കൂടിയുണ്ട് ഇവിടെ. അയാള്‍ നാട്ടിലേക്ക് കാശയക്കാന്‍ പോയിരിക്കയാണ്. ഇപ്പോ ഇങ്ങെത്തും.
അതേയ്, ഞാന്‍ ആളെ പിടിക്കാന്‍ വന്നതൊന്നുമല്ല. എന്റെ യൂനിവേഴ്‌സിറ്റി തരുണികള്‍ക്ക് നിങ്ങളെ കുറിച്ച് ഒരു സംശയം.
എന്നെ കുറിച്ചോ. അതെന്താപ്പാ?
നിങ്ങള്‍ അജ്‌നബിയാണോ അതോ ഇന്നാട്ടുകാരനാണോ എന്നാണ് അവര്‍ക്ക് അറിയേണ്ടത്. തോബ് ധരിച്ചാല്‍ നിങ്ങള്‍ മല്‍ബുവാണെന്ന് ഒരാളും പറയില്ല. തനി ബദു. നിങ്ങളുടെ മാഡത്തിനിത്തിരി ഗമയുണ്ട്. നാട്ടുകാരനെ ഡ്രൈവറാക്കിയവളെന്ന ഗമ. പക്ഷേ, ആ ഗമ തട്ടിപ്പാണെന്ന് അവര്‍ക്ക് എങ്ങനെയോ പിടികിട്ടി. അതു ഉറപ്പിക്കാനാണ് എന്നെ അയച്ചത്.
ഓ അതാണല്ലേ സംഗതി. ഇവിടെ ജോലിക്കു വന്നപ്പോള്‍ പ്രധാന ഡിമാന്റ് അതായിരുന്നു. എപ്പോഴും യൂനിഫോമിലായിരിക്കണം. അതയായത് അറബി വേഷം. അറബി മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ. ആരു ചോദിച്ചാലും നാട്ടുകാരനാണെന്നേ പറയാന്‍ പാടുള്ളൂ. അല്ലെങ്കില്‍ മിണ്ടാതിരിക്കണം. വിദേശി ഡ്രൈവറാണെന്ന് ആര്‍ക്കും തോന്നാന്‍ പാടില്ല. അതാണ് മുഖ്യം. ആദ്യമൊക്കെ ഇത്തിരി ബുദ്ധിമുട്ടായിരുന്നു. ഇപ്പോ ലുങ്കി ഉടുക്കുന്ന സുഖാണ് നീളക്കുപ്പായം ഇടുമ്പോള്‍. പിന്നെ ശമ്പളം കൃത്യമായി കിട്ടും. നാട്ടില്‍ പോകുമ്പോള്‍ ബദല്‍ നിര്‍ത്താന്‍ ഈ കണ്ടീഷനൊക്കെ ഒക്കുന്ന ഒരാളെ കണ്ടെത്തുകയാണ് പണി. അതിനുവേണ്ടി ആളെ തപ്പുകയാണ് ഞാന്‍. ആരെങ്കിലുമുണ്ടോ?
അയാളോട് മൊബൈല്‍ നമ്പര്‍ വാങ്ങി പുറത്തിറങ്ങിയ മല്‍ബു തരുണികളില്‍ ഒരാളെ വിളിച്ച് ആ വിവരം കൈമാറി.
ഹുവ ഹിന്ദീ. മല്‍ബു സവാ സവ.

ഹൈദ്രോസിന്റെ താടിയും മകളുടെ കല്യാണവും



രണ്ടു ദിവസം നീട്ടിനീട്ടിവെച്ച പണി തീര്‍ത്ത ആശ്വാസത്തിലായിരുന്നു മൊയ്തുവും നാണിയും. ഹൈദ്രോസ് മല്‍ബുവിന്റെ മൂന്ന് വലിയ പെട്ടികള്‍ കാര്‍ഗോ അയച്ചു തിരിച്ചെത്തിയതേയുള്ളൂ. കാര്‍ഗോ നാട്ടില്‍ എപ്പോള്‍ കിട്ടുമെന്നതിന് ഒരു വ്യവസ്ഥയുമില്ല. എന്നാലും ഏറ്റ പണി ചെയ്തു. ഏതു സമയത്തും നാട്ടിലെത്താനിടയുള്ള ഹൈദ്രോസ് വിളിച്ചു ചോദിച്ചാല്‍ ഇനിയും അയച്ചില്ല എന്നു പറയേണ്ട സാഹചര്യം മാറിക്കിട്ടി. ഹൈദ്രോസിനോട് അങ്ങനെ ഒരിക്കലും പറയാന്‍ കഴിയില്ല. കാരണം അത്രമാത്രം ഉപകാരിയായിരുന്നു ഹൈദ്രോസ്. ഫഌറ്റിലുള്ളവര്‍ക്കു മാത്രമല്ല, ഏതെങ്കിലും മല്‍ബുവിന് എന്തെങ്കിലും സഹായം വേണ്ടിവന്നാല്‍ അവിടെ ഓടി എത്തും. ശാരീരികമായും സാമ്പത്തികമായും തന്നാലാവുന്നത് ചെയ്‌തേ മടങ്ങൂ. പണത്തിനാണ് അത്യാവശ്യമെങ്കില്‍ കൈയിലില്ലെങ്കിലും ഉള്ളവരില്‍നിന്ന് തേടിപ്പിടിച്ച് എത്തിക്കും. സ്വന്തം കാര്യം മറന്നും അന്യന്റെ കണ്ണീരൊപ്പുന്ന പരസഹായി.
ഹുറൂബുകാരെ സഹായിക്കുന്ന ഹുറൂബുകാരനെന്ന് ഹൈദ്രോസിനെ കളിയാക്കാറുണ്ട്. മല്‍ബുകളുടെ കണ്ണിലുണ്ണിയാണെന്ന കാര്യം കഫീല്‍ നോക്കേണ്ടതില്ലല്ലോ? സ്‌പോണ്‍സര്‍മാരുടെ വഞ്ചനയെ തുടര്‍ന്ന് അനധികൃത താമസക്കാരായി മാറിയ അനേകായിരം മല്‍ബുകളില്‍ ഒരുവനായി ഹൈദ്രോസും. താന്‍ ഒരു ഹുറൂബാണെന്ന കാര്യം വിസ്മരിച്ചുകൊണ്ടാണ് മറ്റു ഹുറൂബുകാരുടെ സേവനങ്ങള്‍ക്കായി ഹൈദ്രോസ് ഇറങ്ങിത്തിരിച്ചത്.
ഒടുവില്‍ ഹൈദ്രോസിനും മടങ്ങാന്‍ നേരമായി. മകളുടെ വിവാഹം നിശ്ചയിച്ചു. നാട്ടിലെത്തിയേ പറ്റൂ. അങ്ങനെയാണ് പോലീസുകാര്‍ക്ക് കാശ് കൊടുത്ത് പിടിത്തം കൊടുത്ത് നാട്ടിലേക്ക് മടങ്ങുന്നവരുടെ ഇടത്താവളമായ തര്‍ഹീലിലേക്ക് പോയത്. സാധനങ്ങളൊക്കെ പാക്ക് ചെയ്ത് കാര്‍ഗോ അയക്കാന്‍ മൊയ്തുവിനേയും നാണിയേയും ശട്ടം കെട്ടി പോയ ഹൈദ്രോസ് ഇതുവരെ വിളിച്ചിട്ടില്ല. പോകുന്ന പോക്കില്‍ പറ്റിയെങ്കില്‍ എയര്‍പോര്‍ട്ടില്‍നിന്ന് വിവരം അറിയിക്കും. അല്ലെങ്കില്‍ നാട്ടിലെത്തിയിട്ട് വിളി പ്രതീക്ഷിച്ചാല്‍ മതി. ഇതും പറഞ്ഞ് യാത്രയായ ഹൈദ്രോസിന്റെ വിളി കാത്തിരിക്കയാണ് രണ്ട് റൂംമേറ്റുകളും.
ഉച്ചമയക്കത്തിലാണ്ട ഇരുവരും തുരുതുരെ ബെല്ലടിക്കുന്നതു കേട്ടാണ് ഉണര്‍ന്നത്. വാതില്‍ തുറന്നു നോക്കിയപ്പോള്‍ ദേ നില്‍ക്കുന്നു ഹൈദ്രോസ് മല്‍ബു. മുഖത്ത് ചിരിയാണോ സങ്കടമാണോ എന്നു വ്യക്തമല്ല.
ഒന്നുകൂടി കണ്ണു തിരുമ്മി നോക്കിയ മൊയ്തുവും നാണിയും എന്തു പറ്റിയെന്ന് ആംഗ്യഭാഷയില്‍ ആരാഞ്ഞു. നാവിറങ്ങിയതു പോലെ ഹൈദ്രോസ് തന്റെ നീണ്ട താടിയില്‍ തടവിക്കൊണ്ട് അകത്തേക്ക് കയറി.
ഒന്നും പറയണ്ട, ഈ താടി നമ്മളെ ചതിച്ചു- സോഫയിലേക്ക് തളര്‍ന്നുവീണു കൊണ്ട് ഹൈദ്രോസ് പറഞ്ഞു.
അറിയാനുള്ള തിടുക്കത്തോടെ മൊയ്തുവും നാണിയും.
രണ്ടു ദിവസം കൊണ്ട് നാട്ടിലെത്താനാകുമെന്ന പ്രതീക്ഷയോടെയാണ് ഹൈദ്രോസ് മല്‍ബു പിടിത്തം കൊടുത്തത്. പിടിത്തം കൊടുത്തതല്ല, പണം കൊടുത്ത് പിടിപ്പിച്ചതാണ്. മകളുടെ കല്യാണം നിശ്ചയിച്ചിരിക്കെ, നാട്ടിലെത്തുന്നതിന് വേറെ വഴി ഒന്നും കണ്ടില്ല. പിടിത്തം കൊടുത്ത് തര്‍ഹീലിലെത്തി അങ്ങനെ നാട്ടിലെത്താം.
നാടു സ്വപ്‌നം കണ്ട് തര്‍ഹീലിലെത്തിയ ഹൈദ്രോസ് പക്ഷേ, അവിടെയും കണ്ണിലുണ്ണിയായി മാറി. നീണ്ട താടിയുള്ള മല്‍ബുവിനെ അവിടെയുള്ളവര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കാന്‍ നിയോഗിച്ചു. ഖുര്‍ആന്‍ പാരായണം കേട്ടവര്‍ അഭിനന്ദനങ്ങളുമായി നാലുപാടും കൂടി. അങ്ങനെ എല്ലാ പ്രാര്‍ഥനകള്‍ക്കും മല്‍ബുവായി നേതൃത്വം. നാട്ടിലേക്ക് പോകാന്‍ അവസരം കാത്ത് തര്‍ഹീലില്‍ കഴിയുന്ന മറ്റു മല്‍ബുകള്‍ക്ക് ഹൈദ്രോസ് നീണ്ട താടിയുള്ള തിരുവനന്തപുരം പാളയം ഇമാമിന്റെ പ്രതീതിയാണ് നല്‍കിയത്.
നാട്ടിലെത്തിയാല്‍ ചെയ്യാനുള്ള കാര്യങ്ങളൊക്കെ ഓര്‍ത്ത് ഒരു ദിവസം മല്‍ബു ചുമരില്‍ ചാരി ഇരിക്കുകയായിരുന്നു. ഒരു പോലീസുകാരന്‍ അടുത്തെത്തി ഹസ്തദാനം ചെയ്ത ശേഷം ഖുര്‍ആന്‍ പാരായണത്തിനുള്ള കഴിവിനെ പുകഴ്ത്തി. ഹിന്ദികളുടെ കഴിവില്‍ മതിപ്പ് പ്രകടിപ്പിച്ചശേഷം മല്‍ബുവിന്റെ കൈ പിടിച്ച് പുറത്തേക്ക് നടന്നു. അവിടെ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ കയറ്റിയപ്പോള്‍ മല്‍ബുവിന്റെ മനസ്സ് നാട്ടിലേക്ക് പറന്നു. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയാണ്.
പക്ഷെ, കുറച്ചുദൂരം പിന്നിട്ടപ്പോള്‍ പോലീസുകാരന്‍ പറഞ്ഞു.
നിങ്ങള്‍ നാട്ടിലേക്ക് പോകേണ്ട. എവിടെയെങ്കിലും പോയി ജോലി ചെയ്തു ജീവിച്ചോളൂ. നിങ്ങളെ പോലുള്ളവരെ ഈ നാടിന് ഇനിയും ആവശ്യമുണ്ട്.
ചുമലില്‍ പിടിച്ച് പുറത്തിറക്കിയ മല്‍ബു എന്തെങ്കിലും പറയുന്നതിനുമുമ്പേ പോലീസുകാരന്‍ ജീപ്പോടിച്ചു പോയി.
മൂന്നാം നാള്‍ താടി വടിച്ച് ക്ലീന്‍ ഷേവായി തര്‍ഹീലിലേക്കുള്ള പിടിത്തം കൊടുക്കാനായി ഹൈദ്രോസ് മല്‍ബു വീണ്ടും ഇറങ്ങുന്നതുവരെയും അതിനുശേഷവും ചിരിയായും സങ്കടമായും ഇക്കഥ അവരുടെ ഫഌറ്റിലും പുറത്തും പാറിപ്പറന്നു.

May 18, 2013

മുടിപ്പകര്‍പ്പ്




ഹൈദ്രോസും മൊയ്തുവും ആ വരവ് നോക്കിയിരിക്കുകയായിരുന്നു. അവര്‍ മാത്രമല്ല, വേറെയും ആളുകള്‍ നോക്കുന്നുണ്ട്. അതിവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ സ്ലോ ആക്കി ചിലര്‍ തല പുറത്തിട്ട് നോക്കുന്നു, വേറെ ചിലര്‍ ഹോണ്‍ മുഴക്കുന്നു.

നാടിളക്കി വരുന്നത് മറ്റാരുമല്ല, സഹ പണിക്കാരനാണ്. സൂപ്പര്‍ മാര്‍ക്കറ്റ് തുറന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് എഴുന്നള്ളത്ത്. ഭാഗ്യവാന്‍. മറ്റെല്ലാ പണിയും തീര്‍ത്ത് സാവകാശം വന്നാല്‍ മതിയെന്ന് ചേക്കുമുതലാളി ഇളവു കൊടുത്തിട്ടുണ്ട്. വന്നിട്ടെന്താ എന്നു മറ്റുള്ളവര്‍ ചോദിക്കുമെങ്കിലും എല്ലാ ദിവസവും തല കാണിക്കും.

നിയമനം നല്‍കി രണ്ട് മാസമേ ആയിട്ടുള്ളൂ. നല്ല മൂഡിലാണെങ്കില്‍ അല്‍പനേരം കാഷ് കൗണ്ടറില്‍ ഇരിക്കും. അല്ലെങ്കില്‍ ഒന്നു ചുറ്റിക്കറങ്ങിയ ശേഷം പടിയിറങ്ങും. വെറെ ഒന്നുമെടുത്തില്ലെങ്കിലും രണ്ട് റബര്‍ ബാന്‍ഡുകള്‍ മറക്കാതെ എടുക്കും.

നിര്‍ബന്ധിതാവസ്ഥയില്‍ ചേക്കു മുതലാളി നിയമിച്ചയാളാണ്. ഇതോടെ മുതലാളിയും കീഴിലുള്ള തൊഴിലാളികളും മാത്രമല്ല, സൂപ്പര്‍ മാര്‍ക്കറ്റിന്റെ കഫീല്‍ തന്നെയും ചുകപ്പില്‍നിന്ന് പച്ചയിലായി. വിദേശി-സ്വദേശി നിയമനത്തോതിന്റെ അനുപാതമൊപ്പിക്കാന്‍ കഫീല്‍ നിര്‍ബന്ധിച്ചപ്പോള്‍ വേണ്ടാ വേണ്ടാന്നു പരമാവധി പറഞ്ഞുനോക്കിയതാണ് ചേക്കു. പക്ഷേ രക്ഷയില്ലായിരുന്നു.

കറുത്ത നീളന്‍ കുപ്പായമിട്ട് തലയില്‍ കറുത്ത തൊപ്പി കൂടി വെച്ചപ്പോള്‍ ദൂരക്കാഴ്ചയില്‍ ശരിക്കുമൊരു പര്‍ദയണിഞ്ഞ സ്ത്രീ തന്നെ. നടത്തവും അതുപോലെ. അതാണ് ചീറിപ്പാഞ്ഞു പോകുന്ന കാറുകളുടെ പോലും വേഗം കുറച്ചത്. തല പുറത്തിട്ട് നോക്കിയ ചെക്കന്മാര്‍ ഇളിഭ്യരായി.

പണിക്കാരായ ഹൈദ്രോസും മൊയ്തുവും പലര്‍ക്കും മല്‍ബുച്ചുവയുള്ള പേരു നല്‍കാറുണ്ട്. മുടിയുടെ സാമ്യം വെച്ച് ടിയാനു നല്‍കിയിരിക്കുന്ന പേര് പന്ന്യന്‍ എന്നാണ്. സൂക്ഷിച്ചുനോക്കിയാല്‍ മുഖത്തും പന്ന്യന്‍ രവീന്ദ്രന്റെ സാമ്യമുണ്ടെന്ന് മൊയ്തു മൊത്തത്തില്‍ വിശകലനം ചെയ്തു പറഞ്ഞിട്ടുണ്ട്.

മുടിയും വേഷവും പലപ്പോഴും സ്ത്രീ സാന്നിധ്യമാകുന്ന അറബിപ്പന്ന്യന്‍ കൗണ്ടറില്‍ ഇരുന്ന ശേഷം എഴുന്നേറ്റു പോയാല്‍ ഹൈദ്രോസിന് വല്ലാത്തൊരു അസ്വസ്ഥതയാണ്. മറ്റൊന്നുമല്ല, അവിടെയും ഇവിടെയും മുടി. ഈ പെണ്‍മുടി ഹൈദ്രോസ് മല്‍ബുവിന് സഹിക്കില്ല.

നാട്ടില്‍ പോയാല്‍ മല്‍ബിയുമായി ഉണ്ടാകാറുള്ള ഏക കശപിശ മുടിയെ ചൊല്ലിയാണ്. പനങ്കുല പോലുള്ള മുടിയെ വര്‍ണിക്കുകയും തഴുകുകയും ചെയ്യുന്ന സമയമുണ്ടെങ്കിലും വിളമ്പിവെച്ച ചോറിലോ കറിയിലോ കണ്ടാല്‍ ഹൈദ്രോസിന് അതു സഹിക്കില്ല. ചോറു വിളമ്പിയ പ്ലേറ്റ് തട്ടിമാറ്റി എഴുന്നേറ്റു പോകും. പിന്നെ വേറെ വല്ലതുമുണ്ടാക്കി കൊടുത്താലല്ലാതെ മല്‍ബിയോട് ഹൈദ്രോസ് തണുക്കില്ല. ഇവിടേം, പന്ന്യന്‍ എഴുന്നേറ്റു പോയാല്‍ ഹൈദ്രോസ് സൂക്ഷ്മ നിരീക്ഷണം നടത്തും. അതു കാണുമ്പോള്‍ മൊയ്തു പറയും. നിന്റെ ഒരു വസ്‌വാസ്. ഒരു മുടിയല്ലേ ഇഷ്ടാ?
അപ്പോഴും ഹൈദ്രോസ് അറപ്പ് പ്രകടിപ്പിക്കും.

തൊപ്പി തലയില്‍നിന്നെടുത്തുകൊണ്ട് പന്ന്യന്‍ കയറിയതും  ഹൈദ്രോസ് മൊയ്തുവിനോട് പറഞ്ഞു.
ദേ നോക്കിക്കേ, പന്ന്യനിന്ന് സൂപ്പര്‍ ഫോമിലാണല്ലോ?
മറുപടി പറഞ്ഞത് മൊയ്തുവായിരുന്നില്ല.
പന്നി നിന്റെ വാപ്പ എന്നു പറഞ്ഞുകൊണ്ട് അറബിപ്പന്ന്യന്‍ കൈ ഓങ്ങി അടുത്തു വന്നപ്പോള്‍ കടത്തനാടന്‍ അടവുകള്‍ വശമുള്ള ഹൈദ്രോസ് ഒഴിഞ്ഞുമാറി.

കൈ ഓങ്ങിയതല്ല, ഹൈദ്രോസ്, മൊയ്തു മല്‍ബുകളെ അമ്പരപ്പിച്ചത് അറബിപ്പന്ന്യന്റെ മലയാളമായിരുന്നു. അത്ര കിറുകൃത്യമായിരുന്നു പറച്ചില്‍. ഗള്‍ഫിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറബിയില്‍ തപ്പിത്തടയുന്ന അവര്‍ക്ക് വെറും രണ്ട് മാസം കൊണ്ട് അറബിപ്പന്ന്യന്‍ മലയാളം പഠിച്ചുവെന്ന് എങ്ങനെ വിശ്വസിക്കാന്‍ കഴിയും. ഇതിനു മുമ്പു പലപ്പോഴും ടിയാനെ പരാമര്‍ശിക്കാന്‍ പന്ന്യന്‍ എന്നു ഉപയോഗിച്ചിട്ടുണ്ട്. അന്നൊന്നും ഒരു പ്രതികരണവുമുണ്ടായിട്ടില്ല.

ഇത്തിരി കൂടുതല്‍ അടുപ്പമുള്ള മൊയ്തു പത്രത്തില്‍ തപ്പി സാക്ഷാല്‍ പന്ന്യന്റെ ഫോട്ടോ കണ്ടുപിടിച്ച് തങ്ങള്‍ പന്നി എന്ന് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തി മാലിഷാക്കിയപ്പോള്‍ അറബിപ്പന്ന്യന്‍ റോഡിന്റെ മറുവശത്ത് നാണി മല്‍ബു പണിയെടുക്കുന്ന ബൂഫിയയിലേക്ക് വിരല്‍ ചൂണ്ടി.

നാണി ഒപ്പിച്ച വേലയായിരുന്നു അത്. ഹൈദ്രോസിന്റേയും മൊയ്തുവിന്റേയും സംസാരം അറബിപന്ന്യന്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തത് കേള്‍പ്പിച്ചപ്പോള്‍ അതിന്റെ മറുപടി മണിമണിയായി പഠിപ്പിക്കാന്‍ നാണി എടുത്ത സമയം പത്ത് മിനിറ്റ് മാത്രം.


May 12, 2013

മൂലകാരണം




മൊയ്തു ഒരു രാഷ്ട്രീയ ഗുണ്ടയോ തെമ്മാടിയോ ഒന്നുമല്ല. പലരേയും പോലെ ഒരു ഫ്രീ വിസക്കാരന്‍. രണ്ടു ബഖാലകള്‍ നടത്തുന്നു. അതിനു വേറെയും പാര്‍ട്ണര്‍മാരുണ്ടെന്നും അതല്ല, മൊയ്തുവിന്റെ സ്വന്തമാണെന്നും അഭിപ്രായമുണ്ട്. അധികൃതരുടെ കണക്കായ 70 ശതമാനം ബിനാമികളില്‍ താനും ഉള്‍പ്പെടുന്നുവെന്ന തിരിച്ചറിവില്‍ പലരേയും പോലെ, ഒരു ബഖാല കൈയൊഴിഞ്ഞാലോ എന്നു രാവും പകലും ചിന്തിച്ചുകൂട്ടുന്നു. ഒന്ന് ഒഴിവാക്കാമെന്ന് രാത്രി തീരുമാനിക്കും. രാവിലെ ആയാല്‍ തീരുമാനം മാറ്റും. വേണ്ട, പരമാവധി പിടിച്ചുനില്‍ക്കാം.
അങ്ങനെയുള്ള മൊയ്തു നാലാളുടെ മുന്നില്‍വെച്ച് മല്‍ബുവിനെ അടിക്കാന്‍ കൈയോങ്ങിയത് വലിയൊരു വിഷയമായി.
ഓങ്ങിയതല്ലേയുള്ളൂ തല്ലിയില്ലല്ലോ എന്നു മറ്റുള്ളവര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മല്‍ബുവിന് അത് സഹിച്ചില്ല. ഒരു മുറിയില്‍ രണ്ടു കട്ടിലിട്ട് അഭിമുഖമായി കിടക്കുന്നവരാണ്. ആശയും നിരാശയും ഉറക്കമൊഴിഞ്ഞു പോലും പങ്കുവെക്കുന്നവര്‍. അങ്ങനെയുള്ള മൊയ്തുവാണ് കരണം നോക്കി ഓങ്ങിയത്.
മല്‍ബുവിന് നേരിട്ട അഭിമാനക്ഷതത്തിനു സാക്ഷ്യം വഹിച്ചവരും പുറമേനിന്ന് വന്നവരൊന്നുമല്ല. എല്ലാവരും അതേ ഫഌറ്റിലെ താമസക്കാര്‍.
അവര്‍ക്കിടയില്‍ ചൂടേറിയ വാക്കുതര്‍ക്കങ്ങള്‍ പുതിയ സംഭവമല്ല. ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ പോലും മണിക്കൂറുകളോളം ചര്‍ച്ച ചെയ്യും. ചിലത് മഹാ വിടലായിരിക്കും. സൂപ്പര്‍ ബണ്ട്ല്‍.
അങ്ങനെയുള്ള ഒരു ചര്‍ച്ചയാണ്, ഒരൊറ്റ ചോദ്യം മതി ജീവിതം മാറ്റിമറിക്കാനെന്നതു പോലെ കശപിശയില്‍ കലാശിച്ചത്.
തുടക്കം പിഴച്ചത് മല്‍ബുവിനായിരുന്നു. കാരണം അന്നത്തെ മല്‍ബുവിന്റെ രണ്ടു  വിടല്‍സും പമ്പര വിഡ്ഢിത്തമായിരുന്നു.
റോമിംഗിനെ കുറിച്ചായിരുന്നു ആദ്യം.
സൗജന്യ റോമിംഗ് നിര്‍ത്തലാക്കിയത് പ്രവാസികള്‍ക്ക് വലിയ കഷ്ടമായിപ്പോയെന്നും ഇവിടെ നിന്നെടുത്ത ഒരു സിം നാട്ടില്‍ മല്‍ബിക്കെത്തിച്ചാല്‍ ലോക്കല്‍ കോള്‍ നിരക്കില്‍ ഇഷ്ടം പോലെ സംസാരിക്കാമെന്നും മല്‍ബു കാച്ചിയപ്പോള്‍ ഇന്ത്യയില്‍ സൗജന്യ റോമിംഗ് ഇല്ലായിരുന്നുവെന്ന വസ്തുത കൊണ്ട് നേരിട്ടത് ഹൈദ്രോസായിരുന്നു. ഇനി ഉണ്ടെങ്കില്‍ തന്നെ ഇവിടത്തെ ലോക്കല്‍ കോള്‍ നിരക്കറിയുന്നവര്‍ റോമിംഗിനായാലും ഉപയോഗിക്കാന്‍ നില്‍ക്കില്ല.
ഇവര് നമ്മളെ എല്ലാ നിലക്കും പുകച്ചു പുറത്തു ചാടിക്കുമെന്ന മുഖവുരയോടെയായിരുന്നു രണ്ടാമത്തെ ബണ്ട്ല്‍.
എല്ലാവരും ശമ്പളം ബാങ്ക് അക്കൗണ്ട് വഴിയാക്കണമെന്ന നിയമത്തിനു ശേഷം ഇതാ എ.ടി.എമ്മില്‍നിന്ന് പണമെടുക്കാന്‍ 25 റിയാല്‍ ഫീ ചുമത്തുന്നു. കഷ്ടം തന്നെ എന്നു പറഞ്ഞ് മല്‍ബു നിര്‍ത്തിയപ്പോള്‍ മേശക്കടിയില്‍ പരതി ഒരു പത്രമെടുത്ത് പൊട്ടത്തരം പറയാതെ മല്‍ബൂ എന്നു പറഞ്ഞത് മൊയ്തു.
ഇവിടത്തെ കാര്‍ഡുമായി മറ്റു രാജ്യങ്ങളിലെ എ.ടി.എമ്മുകളില്‍നിന്ന് പണമെടുക്കുമ്പോഴാണ് ഫീ ചുമത്താന്‍ ആലോചിക്കുന്നതെന്ന വാര്‍ത്ത മൊയ്തു വായിച്ചു കേള്‍പ്പിച്ചു.
രണ്ട് ബണ്ടലുകളും പൊട്ടിയെങ്കിലും മല്‍ബു അവസാനിപ്പിച്ചില്ല.
ഓല് ബ്രോസ്റ്റും കയ്ച്ച് മടങ്ങിയല്ലോ? പ്രതീക്ഷയായിരുന്നു പോലും പ്രതീക്ഷ.
മല്‍ബു ഇതു പറഞ്ഞപ്പോള്‍ മൊയ്തുവിന് ഒട്ടും പിടിച്ചില്ല. ചര്‍ച്ച ബഹിഷ്‌കരിച്ച് മൊയ്തു എഴുന്നേറ്റ് തിരിഞ്ഞു നടന്നപ്പോള്‍ വീണ്ടും മല്‍ബു പറഞ്ഞു.
കണ്ടില്ലേ കെറുവിച്ചുകൊണ്ട് മന്ത്രീടെ അതേ പോക്ക്.
മല്‍ബൂ നിനക്ക് മൊയ്തൂന്റെ കൈയീന്ന് വീഴും കേട്ടോ.
നാണീം ഹൈദ്രോസും താക്കീത് നല്‍കി.
ആര് എന്തൊക്കെ പറഞ്ഞാലും ഓല് പെരുമ്പറയടിച്ച് വന്നിട്ട് ഒരു ചുക്കും നേടിയില്ലാന്നേ ഞാന്‍ പറയൂ. ഇത് ഇവിടെ മാത്രമല്ല, എവിടേം പറയും.
മല്‍ബു സ്വന്തം അഭിപ്രായം ഇത്തിരി കനത്തില്‍ പ്രഖ്യാപിച്ചപ്പോള്‍ അത് കാതില്‍ തറച്ച മൊയ്തുവിന് തിരിച്ചു വരാതിരിക്കാന്‍ കഴിഞ്ഞില്ല.
മന്ത്രിമാരെ കുറിച്ച് വായില്‍ തോന്നിയത് വിളിച്ചു പറയരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു മടക്കം.
ആ പറച്ചിലിനികാട്ടെ ആധികാരികതയും ഗമയുമുണ്ട്.
ഒച്ച ഉയര്‍ത്തി പറഞ്ഞില്ലെങ്കില്‍ മല്‍ബു വെള്ളം കുടിപ്പിക്കുമെന്ന് മൊയ്തുവിന് നന്നായി അറിയാം.
മന്ത്രിമാര്‍ ബ്രോസ്റ്റ് തിന്നുന്നത് താന്‍ കണ്ടോ?
മൊയ്തു മല്‍ബുവിന് നേരെ വിരല്‍ ചൂണ്ടി ചോദ്യം നേര്‍ക്കുനേരെയാക്കി.
അതു പിന്നെ, ഇവിടംവരെ വന്നിട്ട് അല്‍ബെയ്ക് കൂടി തിന്നാതെയാണ് മടങ്ങിയതെങ്കില്‍ മഹാനഷ്ടം തന്നെ.
വിടാന്‍ ഭാവമില്ലാതെ, മല്‍ബു ഒന്നുകൂടി ആക്കിപ്പറഞ്ഞു.
മൊയ്തു ഒന്നു കൂടി ഇളകുകയായിരുന്നു.
പ്രവാസികളുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വന്ന കേന്ദ്ര മന്ത്രിമാരെ പിന്താങ്ങുകയൊന്നുമല്ല ഞാന്‍. എന്നാലും പറയുന്നതിന് ഒരു മാന്യത വേണം.
നിങ്ങളെ പോലെ തന്നാ മന്ത്രീം. അങ്ങേര്‍ക്കുമുണ്ട് ചിക്കന്‍ തിന്നാന്‍ പറ്റാത്ത അസുഖം. കണ്ടില്ലേ പത്രക്കാരേം, സംഘടനക്കാരേം ഒക്കെ വെറുപ്പിച്ചല്ലേ അങ്ങേര് മടങ്ങിയത്. അസുഖമില്ലെങ്കില്‍ ഇങ്ങനെ കണ്ടവരോടൊക്കെ തട്ടിക്കയറുമോ ഒരു മന്ത്രി?
ഇതു പറഞ്ഞപ്പോള്‍ മൊയ്തുവിന്റെ നാവല്ല, കൈയാണ് ചലിച്ചത്. മല്‍ബുവിന്റെ വിസ്തൃതിയുള്ള മുഖം നോക്കി കൈ ഓങ്ങിയപ്പോള്‍ ഹൈദ്രോസും നാണീം കൂടി പിടിച്ചുവെച്ചതു കൊണ്ട് ടപ്പേ എന്ന് ഒച്ച കേട്ടില്ലെന്ന് മാത്രം.
മന്ത്രിയെ ആക്ഷേപിച്ചതല്ല മൊയ്തുവിനെ ക്ഷുഭിതനാക്കിയതെന്ന് മനസ്സിലാക്കി, അതിന്റെ മൂലകാരണം കണ്ടെത്തിയ ഹൈദ്രോസും നാണിയും മേലില്‍ അതു പറയരുതെന്ന് മല്‍ബുവിനെ കൊണ്ട് സത്യം ചെയ്യിച്ചു.


April 30, 2013

കാണാതായ ഫോണ്‍




കവലയിലെ ചതുരപ്പെട്ടിയില്‍ നിറഞ്ഞ പ്ലാസ്റ്റിക് സഞ്ചികള്‍ക്കിടയില്‍ നീളമുള്ള വടി കൊണ്ട് കുത്തിത്തിരയുകയായിരുന്നു ഹൈദ്രോസ് മല്‍ബു. കൂട്ടുവന്നയാള്‍ മാത്രമല്ല, വേറെയുമുണ്ട് കാഴ്ചക്കാര്‍

മാലിന്യക്കൂമ്പാരത്തില്‍നിന്ന് ജീവിതം കണ്ടെത്തുന്ന ഒടിഞ്ഞുകുത്തി വീഴാറായ സ്ത്രീയുടെ കണ്ണുകളില്‍ പുതുമുഖത്തെ കണ്ട വിസ്മയം. ഇയാളൊന്ന് മാറിയിട്ടുവേണം അവര്‍ക്ക് പെപ്‌സി കാനുകള്‍ തപ്പിയെടുത്ത് അടുത്ത പെട്ടി ലക്ഷ്യമാക്കി നീങ്ങാന്‍. അവരുടെ ഭാണ്ഡത്തില്‍ കിടന്ന് കുഞ്ഞ് കരയുന്നുമുണ്ട്.

മാലിന്യ സഞ്ചികളെ നോവിക്കാതെ സാത്വിക ഭാവത്തോടെ ഓരോന്നിലും കുത്തി നോക്കുന്ന വി.ഐ.പിക്ക് വിലപിടിച്ചതെന്തോ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പിടികിട്ടിയ സമീപത്തെ ഫ്‌ളാറ്റിലെ കാവല്‍ക്കാരനും കണ്ണെടുക്കാതെ നോക്കുന്നുണ്ട്. അയാളൊരു മല്‍ബു അല്ലാത്തതുകൊണ്ട് അടുത്തെത്തി ഇടപെട്ടില്ലെന്നേയുള്ളൂ.

പണ്ടൊരു മല്‍ബുവിന് കളഞ്ഞുപോയ അഞ്ച് പവന്‍ സ്വര്‍ണമാല ഇതുപോലൊരു മാലിന്യപ്പെട്ടി തിരികെ സമ്മാനിച്ചപ്പോള്‍ ബ്രോസ്റ്റ് വാങ്ങി ആഘോഷിച്ച കഥ മല്‍ബു പാട്ടുകളിലൊന്നാണ്. നാട്ടില്‍ പോകാനുള്ള പെട്ടി കെട്ടുന്നതിനിടയിലാണ് സാധനങ്ങളുടെ കവറുകള്‍ വാരിക്കെട്ടി കളഞ്ഞപ്പോള്‍ മല്‍ബിക്കായി വാങ്ങിയ മാല അതില്‍പെട്ടത്. മാലിന്യപ്പെട്ടിയുടെ സ്ഥിരം അവകാശികള്‍ എത്തുന്നതിനുമുമ്പ് തന്നെ മല്‍ബു ചാടിപ്പോയി മറ്റൊന്നും ആലോചിക്കാതെ കൈയിട്ട് തെരഞ്ഞതു കൊണ്ടാണ് കൂട്ടുകാര്‍ക്ക് ബ്രോസ്റ്റ് വാങ്ങിക്കൊടുക്കാന്‍ വിധിയുണ്ടായത്.
ഇയാളിതിങ്ങനെ സഞ്ചിക്ക് നോവാതെ വടി കൊണ്ടു കുത്തിയാല്‍ എങ്ങനെ കളഞ്ഞുപോയ സാധനം  കിട്ടുമെന്ന് ആലോചിക്കുകയായിരുന്നു കൂട്ടുവന്ന നാണി മല്‍ബുവും അതുപോലെ കാഴ്ച കാണുകയായിരുന്ന കാവല്‍ക്കാരനും.

സഹികെട്ട കാവല്‍ക്കാരന്‍ അടുത്തുവന്ന് ചോദിച്ചു.
എന്താ കളഞ്ഞുപോയത്?
ഫോണ്‍.

അതിനാണോ ഇങ്ങനെ കുത്തിമലര്‍ത്തുന്നത്. മുറിയില്‍ പോയി വേറൊരു ഫോണില്‍നിന്ന് അടിച്ചു നോക്കൂ. ഇവിടെ ഉണ്ടോയെന്ന് അപ്പോള്‍ അറിയാം. അയാള്‍ വിജ്ഞാനം വിളമ്പി.

നാണി മല്‍ബുവിന് അപ്പോഴൊരു സംശയം. അതെന്തിനാ റൂമില്‍ പോയി തന്നെ വേറൊരു മൊബൈലില്‍നിന്ന് അടിക്കുന്നത്. റിംഗ് ചെയ്യുമ്പോള്‍ ഇയാള്‍ക്ക് അടിച്ചുമാറ്റാനായിരിക്കും. രണ്ടു മുഴം അപ്പുറത്ത് ചിന്തിക്കാന്‍ ശേഷിയുള്ള അയാള്‍ സ്വന്തം ഫോണെടുത്ത് നീട്ടി.
ഇതാ ഇതീന്ന് ഡയല്‍ ചെയ്തു നോക്കൂ.
ഡയല്‍ ചെയ്തപ്പോള്‍ റിംഗ് ചെയ്യുന്നുണ്ട്.
മൂവരും ചതുരപ്പെട്ടിയിലേക്ക് കാതോര്‍ത്തു. റിംഗ് ചെയ്യുന്നുണ്ടെങ്കിലും ശബ്ദം കേള്‍ക്കുന്നില്ല. ഒന്നുകൂടി ചെവിവട്ടം പിടിച്ച കാവല്‍ക്കാരന്‍ പറഞ്ഞു.
ഇതിലില്ല. ഉറപ്പാണ്.

പിന്നെയും പിന്നെയും ഡയല്‍ ചെയ്തപ്പോള്‍ അങ്ങേത്തലക്കല്‍ ഒരാള്‍ ഉറക്കച്ചടവില്‍ ഫോണെടുത്തെങ്കിലും കാര്യം പറയുംമുമ്പേ ഫോണ്‍ കട്ടായി.
ഇതോടെ രണ്ടു കാര്യങ്ങള്‍ ഉറപ്പായി.

ആളുകള്‍ പറഞ്ഞതു പോലെ ഹൈദ്രോസ് മല്‍ബു ഫോണ്‍ എവിടെയെങ്കിലും കൊണ്ടുവെച്ചിട്ടില്ല, ഭക്ഷണം കഴിക്കുന്ന സ്ഥലത്തുവെച്ച ഫോണ്‍ ചുരുട്ടിക്കൂട്ടി വേസ്റ്റ് സഞ്ചിയില്‍ തിരുകിയിട്ടില്ല.
ആരോ ഫോണ്‍ അടിച്ചുമാറ്റിയിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടത്. പക്ഷേ, കള്ളനാണെങ്കില്‍ ഫോണ്‍ ഓഫ് ചെയ്യേണ്ട സമയം കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇത് ഇപ്പോഴും റിംഗ് ചെയ്തു കൊണ്ടേയിരിക്കുന്നു.

സസ്‌പെന്‍സ് അധികനേരം നീണ്ടുപോയില്ല.
മെസ് ഹാളില്‍നിന്ന് മാലിന്യക്കൂമ്പാരങ്ങളിലേക്ക് നീണ്ടുപോയ തെരച്ചിലിനും സംശയങ്ങള്‍ക്കും പരിഹാരമുണ്ടാക്കി ഒരു വിദ്വാന്‍ പ്രത്യക്ഷപ്പെട്ടു.
മൊയ്തു.
കളഞ്ഞുപോയ ഫോണ്‍ അയാളുടെ കൈയിലുണ്ട്.
പതിവുപോലെ മെസ് ഹാളില്‍നിന്ന് ഭക്ഷണം കഴിച്ചുപോയ മൊയ്തു ഉറങ്ങാന്‍ കിടന്നതായിരുന്നു. നിദ്രയിലാണ്ട അയാള്‍ക്കു സമീപം ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ സഹമുറിയനായ മല്‍ബു അതെടുത്ത് സൈലന്റാക്കി.

ഹൈദ്രോസ് മല്‍ബു മറ്റൊരാളുടെ ഫോണില്‍നിന്ന് വീണ്ടും വീണ്ടും റിംഗ് ചെയ്തു.
ഉറക്കമുണര്‍ന്ന മൊയ്തു ഫോണില്‍ താന്‍ ഫീഡ് ചെയ്തതു പോലെയല്ലല്ലോ  പേരു കാണിക്കുന്നതെന്ന് ആലോചിച്ച് കണ്ണുകള്‍ ഒന്നകൂടി തിരുമ്മി.

കോണ്‍ടാക്ട് ലിസ്റ്റില്‍ ഒരേ പേരുതന്നെ പലവിധമാണ് പലരും സേവ് ചെയ്യുക. മുഹമ്മദ് കുഞ്ഞി എന്ന പേരിനു പകരം കുഞ്ഞി മതി. ബഹുമാനം പ്രകടപ്പിക്കണമെങ്കില്‍ കുഞ്ഞിക്ക എന്നാക്കാം. കുഞ്ഞും ഇക്കയും വിരുദ്ധമാണെങ്കിലും കുഞ്ഞിക്ക കേള്‍ക്കാനും രസം. മുഹമ്മദിനു ശേഷം കുഞ്ഞി എന്നുള്ളതിനാല്‍ പഴഞ്ചന്‍ പേരായോ എന്ന് സംശയിച്ച ഒരാള്‍ കുഞ്ഞിയെ അറബിവല്‍ക്കരിച്ച് സഗീര്‍ എന്നാക്കിയ കഥയുണ്ട്.

മൊയ്തു പേരിലെ മറിമായത്തെ കുറിച്ച് ആലോചിക്കുമ്പോഴാണ് മെസ് ഹാളില്‍നിന്ന് ഹൈദ്രോസിന്റെ ഫോണ്‍ നഷ്ടപ്പെട്ട വാര്‍ത്തയുമായി കൂട്ടുകാരന്‍ എത്തിയത്. നോക്കിയപ്പോള്‍ മൊയ്തുവിന്റെ കയ്യിലുള്ളതുപോലെ മറ്റൊരു ഫോണ്‍ തൊട്ടപ്പുറത്ത് വിശ്രമിക്കുന്നു.
ആരേയും പഴിക്കേണ്ട. ഫോണ്‍ എടുക്കാതെ ഭക്ഷണത്തിനുപോയ മൊയ്തു തന്റേതാണെന്ന് കരുതി അവിടെ കിടന്നിരുന്ന ഫോണ്‍ എടുത്തു മടങ്ങിയതായിരുന്നു.

ഫോണിനുവേണ്ടി മാലിന്യപ്പെട്ടി തപ്പാന്‍ പോയ ഹൈദ്രോസിനെ പെട്ടിയുടെ അവകാശിയായ ഒരു സ്ത്രീ  വിരട്ടിയെന്നത് നാട്ടിലെ നോക്കുകൂലിക്ക് സമാനമായി  കൂട്ടുകാര്‍ പ്രചരിപ്പിച്ച മറ്റൊരു കഥ.

Related Posts Plugin for WordPress, Blogger...