എം.അഷ്റഫ്
ല എന്ന അക്ഷരം മറന്ന മല്‍ബൂനെ ഭാര്യ രക്ഷിച്ചതൊരു കഥയാണ്. ഇരുപത് വര്‍ഷത്തെ പ്രവാസമാണ് മല്‍ബൂന് ഈ അക്ഷര മറവി സമ്മാനിച്ചത്. ല എന്നൊരക്ഷരം അത്ര വലിയൊരു സംഭവമാണോ എന്നു ചോദിക്കാന്‍ വരട്ടെ. നാം ഉപയോഗിക്കാത്ത എത്രയെത്ര അക്ഷരങ്ങള്‍ വേറെയും കിടക്കുന്നു. പക്ഷേ മല്‍ബൂന് ലാ. ലാ ലല്ലാ എന്ന മൂളിപ്പാട്ട് പോലും വരില്ല.
അറബയിലും മലയാളത്തിലും പിന്നെയും ഏതൊക്കെയോ ഭാഷകളിലും ല എന്നത് നിഷേധത്തിന്റെ സൂചനയാണ്. ലാ എന്നു പറഞ്ഞു പറഞ്ഞുപോയാല്‍ ഇല്ലാ എന്നാകും. വിമാനം കയറുന്നതുവരെ മല്‍ബു ഒരു നിഷേധിയായിരുന്നു. ഒന്നും വിട്ടുകൊടുക്കാത്ത ഒരു നിഷേധി. മന്ത്രി സുധാകരനെ പോലെ എല്ലാം മറുചോദ്യങ്ങള്‍ കൊണ്ട് നേരിട്ട ശരിക്കുമുള്ളൊരു ബുദ്ധിജീവി.
നാടും വീടും വിട്ടുള്ള ജീവിതത്തിന്റെ തുടക്കത്തില്‍ ഈ ചങ്കുറപ്പും ഞാനെടാ ഭാവവും പലപ്പോഴും ദുരന്തത്തിന്റെ വക്കിലെത്തിച്ചിട്ടുണ്ട്. സഹപ്രവര്‍ത്തകരുടെ പരാതികള്‍ കഫീലിന്റെ മുന്നിലത്തുമ്പോള്‍ അറിയാതെ തന്നെ പുറത്തേക്കു വരുന്ന കണ്ണീരും അങ്ങേരുടെ ചായപ്പൂതിയുമാണ് പലപ്പോഴും രക്ഷിച്ചത്. മല്‍ബു കാച്ചുന്ന ചായയില്‍ വീഴാത്ത കഫീലുമാരുണ്ടോ? വെറും ചായ കൊണ്ട് മല്‍ബുകളില്‍ എത്രയെത്ര പേര് വലിയ വലിയ ബംഗ്ലാവും കാറും നേടിയിരിക്കുന്നു.
ഒരിക്കല്‍ തന്നെ പോലത്തെ മറ്റൊരു മല്‍ബൂന്റെ ആജ്ഞ ധിക്കരിച്ചപ്പോള്‍ ഇക്കുറി ജോലി പോയതുതന്നെ എന്നു ധരിച്ചതായിരുന്നു. തിരിച്ച് ഒരേ നാട്ടില്‍ പോകേണ്ടവരാണെന്ന കാര്യം പോലും മറന്നുകൊണ്ടായിരിക്കും ചിലപ്പോള്‍ ചില മല്‍ബു മേലാളന്മാരുടെ പെരുമാറ്റം. ഒന്നു വീക്കാനാണ് തോന്നുക. പിന്നെ വിധിയെന്നു കരുതി സമാധാനിക്കും. അങ്ങനെ മെല്ലെമെല്ലെയാണ് മല്‍ബു പാകപ്പെട്ടത്. ആരെന്തു പറഞ്ഞാലും ഇപ്പോള്‍ പ്രതികരണം ഒരു വിഡ്ഢിച്ചിരിയില്‍ ഒതുക്കും. ഒരിക്കല്‍ ഒരു സുഡാനി സുഹൃത്താണ് ഈ ചിരി പഠിപ്പിച്ചത്. ഇപ്പോള്‍ ആരോടും ലാ എന്നു പറയില്ല. എല്ലാം കേള്‍ക്കും എന്നിട്ട് മുഖത്ത് നേരത്തേ പറഞ്ഞ ആ ചിരി വരുത്തും.
നാട്ടിലെത്തി ഒരാഴ്ചയേ ആയിട്ടുള്ളൂ. ഇതിനകം അവള് നാലു തവണ വന്നു. ചാനലില്‍ കിന്നരിക്കുന്ന പെണ്‍കുട്ടിയുടെ മുഖമുള്ളവള്‍. അവള് പറയുന്ന കഥകള്‍ കേട്ടിരിക്കും. എന്നിട്ട് നീ പിന്നെ വാ എന്നു പറഞ്ഞു മടക്കി അയക്കും. ഇല്ലാ എന്നു പറയാന്‍ കഴിയാത്ത മല്‍ബൂനെ തേടി അവള് പിന്നെയും വരും. പുതിയ കഥകളുമായി.
അവളുടെ സ്ഥിരമായുള്ള വരവ് പ്രിയതമക്കത്ര പിടിച്ചിട്ടില്ല. കുടിക്കാന്‍ ടാങ്ക് കലക്കി മടുത്ത ഒരു ദിവസം അവള് ചോദിച്ചു. എന്തോന്നാ ഈ കിന്നാരം. ഡെഡിക്കേഷനാണോ?
പതിനഞ്ചാം വിവാഹ വാര്‍ഷികത്തില്‍ പ്രിയപ്പെട്ട ചാനലിലേക്ക് വിളിച്ച് ഒരു പാട്ട് ഡെഡിക്കേറ്റ് ചെയ്തതിന്റെ പുകിലാണോര്‍മ വന്നത്. അന്ന് ചാനല്‍ സുന്ദരിയോട് കിന്നരിച്ചൂന്ന് പറഞ്ഞ് പരിഭവിച്ച ഭാര്യക്ക് രണ്ടര പവന്റെ ഒരു വള വാങ്ങിക്കൊടുത്തയച്ചാണ് പ്രശ്നം പരിഹരിച്ചത്. തന്നോട് സംസാരിക്കുന്നതിനേക്കാളും കൂടുതല്‍ ചാനലില്‍ വിളിച്ച് റിമ്മിയോടും നിമ്മിയോടുമൊക്കെ സംസാരിക്കുന്നൂന്നായിരുന്നു പരിഭവം. അത് കൊണ്ട് ഡെഡിക്കേഷന് എന്ന വാക്കു കേട്ടാല്‍ മതി മല്‍ബു മൂത്രമൊഴിച്ചോ എന്നു നോക്കിയാല്‍ മതി.
ഇപ്പോഴത്തെ പ്രശ്നം അത്ര വലിയ കാര്യമൊന്നുമല്ല. തേടിവരുന്ന പെണ്‍കുട്ടിയെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. നാട്ടില്‍ സുപരിചിത. മല്‍ബു ഗള്‍ഫില്‍ നിന്നെത്തുന്നതും കാത്തിരിക്കുകയായിരുന്നുവത്രേ അവള്. എങ്ങനെയെങ്കിലും ഒന്നെടുപ്പിക്കാനാണ് അവളുടെ വിടാതെയുള്ള വരവ്. മല്‍ബൂനാണെങ്കില്‍ അതിലൊട്ടും താല്പര്യമില്ലതാനും. പലിശയില്‍നിന്ന് വിട്ടുനില്‍ക്കണമെന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നു മാത്രമല്ല, എല്‍.ഐ.സിയില്‍ നിക്ഷേപിക്കുന്നത് വലിയ വിളവല്ലെന്ന ഇക്കണോമിക്സും മല്‍ബൂനറിയാം. പക്ഷേ, ലാ എന്നു പറയാന്‍ കഴിയുന്നില്ല. അതുകൊണ്ട് മല്‍ബു ഉണരും മുമ്പേ പുതിയ കഥകളുമായി അവള് എത്തും.
ആക്സിഡന്റില്‍ മരിച്ച അയല്‍വാസിക്ക് എല്‍.ഐ.സി ഉണ്ടായിരുന്നെങ്കില്‍ അവന്റെ ഭാര്യക്ക് ഒരു സഹായമാകുമായിരുന്നില്ലേ, കുഞ്ഞോന് പോളിസി എടുത്തതുകൊണ്ട് ഇപ്പോള്‍ പണിയില്ലാതായപ്പോള്‍ സഹായത്തിനായില്ലേ? ക്ലെയിം കിട്ടിയ പണം കൊണ്ട് നാണി കാറ് വാങ്ങിയില്ലേ? മതവും പിടിച്ചോണ്ടിരുന്നാല്‍ ഇക്കാലത്ത് ജീവിക്കാന്‍ പറ്റ്വോ? തുടങ്ങിയ കഥകളാണ് ഓരോ ദിവസവും അവള് വിളമ്പുന്നത്. കേട്ടിരിക്കാന്‍ നല്ല രസം.
അയല്‍ക്കാരൊക്കെ സ്വത്ത് വാങ്ങിക്കൂട്ടുന്നു. നമ്മള് ഇങ്ങനെയായാല്‍ മതിയോ എന്ന ഭാര്യയുടെ ആവലാതി പറച്ചിലിനേക്കാള്‍ എന്തുകൊണ്ടും കേള്‍ക്കാന്‍ സുഖം.
അങ്ങനെ തുടരവേയാണ് ഡെഡിക്കേഷനെ കുറിച്ചുള്ള സംശയം പ്രിയതമ ഉയര്‍ത്തിയിരിക്കുന്നത്.
വേണ്ട, നീ പോ എന്ന് എങ്ങനെയാണ് അവളോട് പറയുകയെന്ന ആശയക്കുഴപ്പത്തിലായിരുന്നു മല്‍ബു. ഇത് അഞ്ചാമത്തെ വരവാണ്. പാവം� നല്ല പ്രതീക്ഷയോടയാണ് എല്ലാ വരവും.
ആറാമത്തെ വരവില്‍ മല്‍ബു ഭാര്യയോട് കാര്യം പറഞ്ഞു. എന്താ ചെയ്യുക. നീ ഒരു വഴിയുണ്ടാക്ക്.
അതാണോ ഇത്ര വലിയ കാര്യമെന്നായി ഭാര്യ. ഞാനാരാ മോളെന്ന് ഇപ്പോ കാട്ടിത്തരമെന്ന ഭാവത്തില്‍ ഒരു നൂറു രൂപ നോട്ടുമെടുത്ത് അവള് സിറ്റിംഗിലേക്ക് പോയി. പിന്നാലെ ഞാനും.
നീട്ടിപ്പിടിച്ച നോട്ടുമായി പ്രിയതമ പറഞ്ഞു. മോളെ നീ കുറെ തവണ വന്നതല്ലേ? ഇത് വണ്ടിക്ക് കൊടുത്തോ. ഇങ്ങേര് എല്‍.ഐ.സി എടുക്കൂല്ല.
ഓ ഇതൊരു കൊലച്ചതിയായിപ്പോയി എന്നു പറഞ്ഞോണ്ട് നോട്ടും വാങ്ങി അവള് മല്‍ബൂന്റെ മുഖത്തേക്കൊന്ന് ദൈന്യതയോടെ നോക്കിയ ശേഷം പടികളിറങ്ങി.
മല്‍ബു ഭാര്യയോട്.. നിനക്ക് ആ നൂറു രുപ ചുരുട്ടി മൗലവിമാര്‍ക്കൊക്കെ കൈമടക്കി കൊടുക്കുന്നതുപോലെ കൊടുത്താല്‍ പോരായിരുന്നോ.
ങാ പോയതു പോയി. ഇനിയും വയ്യാവേലിക്ക് നില്‍ക്കേണ്ട. ഡെഡിക്കേറ്റ് ചെയ്തുകളയുമെന്ന് പറഞ്ഞ് രൂക്ഷമായി നോക്കിയ പ്രിയതമയോട് മല്‍ബൂന്റെ മതിപ്പൊന്ന് കൂടീന്ന് പറഞ്ഞാല്‍ മതി.
Pages
About Me
പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
October 26, 2008
October 13, 2008
കൈവിട്ടു പോയ പത്ത് ലക്ഷം
എയര്‍ ഹോസ്റ്റസിനോട് ചോദിച്ച് വാങ്ങിയ പഞ്ഞി ഇരു ചെവികളിലും തിരുകിയ മല്‍ബു ചിന്തയുടെ അഗാധതകളിലേക്ക് ഊര്‍ന്നിറങ്ങി. പൊണ്ണത്തടിയും പ്രായവും കാരണം എയര്‍ ഇന്ത്യ അടുത്തൊന്നും പുറത്താക്കിനിടയില്ലാത്ത എയര്‍ഹോസ്റ്റസിനോട് മൂന്ന് തവണ ആവശ്യപ്പെട്ടതിനുശേഷമാണ് പഞ്ഞി സ്വന്തമാക്കിയത്. ഇനിയില്ലെന്നു പറഞ്ഞു കൊണ്ട് കൈമലര്‍ത്തി അടുത്ത സീറ്റിലിരുന്നവരെയൊക്കെ അവര്‍ നിരാശരാക്കുകയും ചെയ്തു. ബജറ്റ് എയര്‍ലൈനല്ലാത്തതിനാല്‍ പഞ്ഞി വില കൊടുത്തുവാങ്ങാനാവില്ലല്ലോയെന്ന് അവരൊക്കെ സമാധാനിച്ചിട്ടുണ്ടാകും.
മല്ബുവിന്റെ ചിന്ത പറന്നു പറന്നു പോകുന്നത് മരണത്തിലേക്കാണ്. വിമാനത്തിലിരുന്നുകൊണ്ട് അശുഭ ചിന്ത പാടില്ലെന്ന് മനസ്സിനെ ആവര്‍ത്തിച്ച് പഠിപ്പിച്ചിട്ടും ചെന്നു ചേരുന്നത് മരണത്തില്‍ തന്നെ. പിന്നെ അത് ജീവിതത്തിലെ കൂട്ടിക്കിഴിക്കലിലേക്ക് തിരിച്ചെത്തും.
ജീവസന്ധാരണത്തിനുള്ള ഈ പോക്കില്‍ മരണം ഇങ്ങനെ അതിക്രമിച്ചു കടന്നുവരാന്‍ പാടില്ലല്ലോ? മനസ്സിനെ അവിടെനിന്ന് പിടിച്ചു വലിച്ചപ്പോള്‍ പിന്നെ അതു പോകുന്നത് ലക്ഷങ്ങളുടെ നോട്ടുകെട്ടിലേക്കാണ്. പത്ത് ലക്ഷം രൂപ ഒറ്റയടിക്ക് വരാനിരിക്കയാണ്. 20 വര്‍ഷമായി മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കുന്നുണ്ടെങ്കിലും പത്ത് ലക്ഷം രൂപ ഒരുമിച്ചു കാണാന്‍ ഇതുവരെ സാഹചര്യമൊത്തിട്ടില്ല. അതിനു ശ്രമിച്ചില്ലെന്നുവേണം പറയാന്‍. പണം ഇങ്ങനെ സ്വരൂപിച്ചയക്കാന്‍ ഒരു എന്‍.ആര്.ഇ അക്കൗണ്ട് പോലും തുറന്നിട്ടില്ല. ബാങ്കുകളില്‍ പോയി ക്യൂ നില്‍ക്കാനുള്ള മടി കൊണ്ട് പണമയക്കാന്‍ എപ്പോഴും ആശ്രയിക്കാറുള്ളത് ഉണ്ടി എന്ന് ഓമാനപ്പേരിട്ട് വിളിക്കുന്ന ഹുണ്ടി എന്ന ഹവാലയെയാണ്. ശമ്പളം കിട്ടുന്നതിനു മുമ്പ് തന്നെ നാട്ടില്‍ ഉയര്‍ന്നുവരുന്ന പലമാതിരി ആവശ്യങ്ങള്‍ക്കായി റൂമിനും മെസ്സിനും കഴിച്ചുള്ള ബാക്കി തുകയങ്ങ് അയച്ചുകൊടുക്കാറാണ് പതിവ്. കുറച്ചൊക്കെ നീ അവിടെ സൂക്ഷിച്ചുവെക്കണമെന്ന് ശ്രീമതിയോട് പറയാറുണ്ടെങ്കിലും ചെലവ് കഴിഞ്ഞിട്ടുവേണ്ടേ മിച്ചം വെക്കാനെന്ന മറുപടിയാണ് അവള് നല്‍കാറുള്ളത്. ടെലിഫോണിനും കറണ്ടിനും ഗ്യാസിനും തന്നെ ഇപ്പോഴെത്ര വേണമെന്ന കണക്കും പറഞ്ഞു തരും.
പത്ത് ലക്ഷം രൂപ കിട്ടിയാല്‍ ഒരു പത്ത് പവന് ആഭരണമെങ്കിലും അവള്‍ക്ക് വാങ്ങിക്കൊടുക്കണം. ഇത്തവണയും താന്‍ നാട്ടില്‍ ചെന്നപ്പോള്‍ അയല്‍ക്കാര്‍ അവളെയിട്ട് കളിയാക്കിയത്രെ. പത്തിരുപത് കൊല്ലമായി കെട്ടിയോന് ഗള്‍ഫിലുണ്ടായിട്ടും കല്യാണത്തിനും സല്ക്കാരത്തിനു പോകാന്‍ അയല്‍ക്കാരി ആച്ചുമ്മയുടെ ആഭരണങ്ങളെ ആശ്രയിക്കണമെന്നതു നാണക്കേട് തന്നെ. നീ കാര്യായി പറയാത്തുതുകൊണ്ടല്ലേ ഒന്നും കൊണ്ടു തരാത്തത് എന്ന് അവളെ അയല്‍ക്കാരിലൊരാള്‍ പഠിപ്പിച്ചു വിടുകയും ചെയ്തിരിക്കുന്നു. നാണക്കേട് തന്നെയെന്ന് സമ്മതിച്ചുകൊടുത്തപ്പോഴാണ് അവള്‍ക്കും അല്പം സമാധാനമായത്. ഇനിയെങ്കിലും ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കണമെന്ന അവളുടെ ഉപദേശത്തിനു തലയാട്ടുകയും ചെയ്തു.
സ്വര്‍ണവില കുത്തനെ കുതിച്ചുയരുന്നുവെന്ന് പത്രങ്ങളിലും ടെലിവിഷനുകളിലും കാണുമ്പോള്‍ പലപ്പോഴും കുറ്റബോധം പിടികൂടാറുണ്ട്. പണ്ടേ ഇത്തിരി ആഭരണം അവള്‍ക്ക് വാങ്ങിക്കൊടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ നല്ല വില കിട്ടിയേനെ എന്ന ചിന്ത ഇല്ലാതാക്കാന്‍ താന്‍ സമ്പാദ്യം തായ്ലന്റ് ലോട്ടറി കളിച്ച് കളഞ്ഞതൊന്നുമല്ലല്ലോ എന്നാണ് ആശ്വസിക്കാറുള്ളത്.
നീ ഒരു നൂറു റിയാലെങ്കിലും മാസം ബാക്കി വെക്കണമെന്ന് കൂടെ താമസിക്കുന്ന സുഹൃത്ത് പറയാറുണ്ടെങ്കിലും വീട്ടുകാരിയുടേയും ബന്ധുക്കളുടേയും ആവശ്യങ്ങള്‍ കുന്നുകൂടുമ്പോള്‍ അതൊന്നും ഓര്‍ക്കാറേയില്ല.
ഇരുപത് കൊല്ലത്തെ ഗള്‍ഫ് ജീവിതത്തിനിടെ പത്ത് മാസം മാത്രമാണ് നാട്ടില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ ലഭിക്കുന്ന ഒരു മാസത്തെ അവധി കണ്ണുചിമ്മി തുറക്കുംമമ്പേ പറന്നു പോകുമായിരുന്നു.
പത്ത് ലക്ഷത്തില്‍ ഒരു ലക്ഷം കൊണ്ട് ഒരു നാനോ കാര്‍ കൂടി വാങ്ങണം. എന്നിട്ട് അവളെയും കുട്ടികളേയും കയറ്റി ഇത്തവണ ബസ് കത്തുനില്‍ക്കുമ്പോള്‍ കളിയാക്കിയ കുഞ്ഞോന്റെ മുന്നിലൂടെ പോകണം. ഒരു റെന്റേ കാറെങ്കിലും വാങ്ങിയാല്‍ ഈ നില്പ് ഇങ്ങനെ നില്‍ക്കണോ എന്ന് അവന് ചോദിച്ചപ്പോള്‍ എന്നെക്കാളും ചൂളിയത് അവളായിരുന്നു.
ഓരോ പദ്ധതികളും പ്ലാനുമായി അങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കയാണ് നോട്ടുകെട്ടുമായി അവന് മുട്ടി വിളിച്ചത്. കണ്ണ് തുറന്ന്, തുറിച്ച് നോക്കിയിട്ടും അവന്റെ കൈയില്‍ നോട്ടുകെട്ട് കാണുന്നില്ല.
നല്ല ഉറക്കായിരുന്നു അല്ലേ.. അടുത്തിരുന്ന യാത്രക്കാരന് ഹൈദ്രോസിന്റെ ചോദ്യം.
കാലാവസ്ഥ മോശമായതിനാല്‍ വിമാനം അരമണിക്കൂര്‍ വൈകിയേ ലാന്റ് ചെയ്യുകയുള്ളൂ..ഇനിയും വേണമെങ്കില്‍ ഉറങ്ങാം. ഹൈദ്രോസ് പറഞ്ഞു.
അല്ല, ഞാനിങ്ങനെ ഓരോന്നാലോചിച്ച് മയങ്ങിപ്പോയതാ. പിന്നെ നിങ്ങള്‍ എത്രയുടേതാ എടുത്തത് അഞ്ച് ലക്ഷത്തിന്റേതോ പത്ത് ലക്ഷത്തിന്റേതോ?
ഒന്നും പിടികിട്ടാതെ ഹൈദ്രോസ് മിഴിച്ചു നോക്കി. അല്ല, വിമാനത്തില്‍ കയറുമ്പോള്‍ എടുത്ത ഇന്‍ഷൂറന്‍സിന്റെ തുകയാ ഞാന്‍ ചോദിച്ചത്.
നിങ്ങള്‍ എടുത്തോ? ഹൈദ്രോസ് തിരിച്ചുചോദിച്ചു.
ഏതായാലും എടുക്കകുയല്ലേ, 180 രൂപ കൊടുത്ത് ഞാന്‍ പത്ത് ലക്ഷത്തിന്റേതു തന്നെയങ്ങെടുത്തു.
നിങ്ങളൊരു മരപ്പൊട്ടന് തന്നെ. വിമാനവും യാത്രക്കാരെയുമൊക്കെ മൊത്തം എയര്‍ ഇന്ത്യ ഇന്‍ഷുറന്‍സ് ചെയ്തിരിക്കയല്ലേ.
പിന്നെ നിങ്ങള്‍ വേറെ തന്നെ ഇന്‍ഷുര്‍ ചെയ്യേണ്ടുതണ്ടോ?
ഹൈദ്രോസിന്റെ ചോദ്യത്തോടൊപ്പം തന്നെ വിമാനം ലാന്റ് ചെയ്യുകയാണെന്ന അനൗണ്‍സുമെന്റുമെത്തി.
October 12, 2008
ഗര്ഭന് അഥവാ ഗര്‍ഭം ധരിക്കുന്ന പുരുഷന്

അമേരിക്കയിലെ, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായ ആര്.വൈ.ടി ഹോസ്പ്റ്റലിന്റെ അറിയിപ്പില്‍ ഇങ്ങനെ പറയുന്നു. ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാരെ ഇപ്പോള്‍ പ്രവേശിപ്പിക്കാന്‍ നിര്‍വാഹമില്ല.
1978 ല്‍ ആദ്യ ടെസ്റ്റ്റ്റ്യൂബ് ശിശു ജനിച്ചതു മുതല്‍ ആര്.വൈ.ടി. ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ആണുങ്ങളെ ഗര്‍ഭം ധരിപ്പിക്കുന്നതിനു ഫലപ്രദമായ മാര്‍ഗം കണ്ടെത്താന്‍ കഠിന ശ്രമം നടത്തി വരികയാണ്. ഈ ശ്രമത്തിനു വിധേയനായ ആദ്യ പുരുഷനായ ലീ എന്നയാളുടെ റേഡിയോഗ്രാഫിക് ചിത്രമാണ് ഇതോടൊപ്പം ചേര്‍ത്തിട്ടുള്ളത്. അദ്ദേഹത്തിന്റെ വയറ്റില്‍ ഭ്രൂണം വളരുന്നതായി ചിത്രം കാണിക്കുന്നു.
ഈ ചിത്രവും പുരുഷ ഗര്‍ഭത്തെ കുറിച്ചുള്ള വിവരങ്ങളും ആശുപത്രി പുറത്തുവിട്ടുകൊണ്ടതു കൊണ്ടാണോ എന്നറിയില്ല, അവിടേക്കുള്ള ഇടിച്ചുകയറ്റം കാരണമായിരിക്കാം ഇങ്ങനെയൊരു അറിയിപ്പിനു കാരണം. പുരുഷ ഗര്‍ഭം ഇപ്പോഴും ഗവേഷണത്തിലാണെന്നും സമീപഭാവിയിലൊന്നും അത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാവില്ലെന്നും ആശുപത്രിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. ഇന്‍ വിറ്റ്രോ ഫെര്‍ടിലൈസേഷന്‍ (ഐ.വി.എഫ്) വിദ്യയിലൂടെയാണ് പുരുഷന്റെ വയറ്റില്‍ സിക്താണ്ഡവും പ്ലാസന്റയും നിക്ഷേപിച്ചത്.
കൂടുതല്‍ അറിയന്‍ http://www.malepregnancy.com/science/
October 3, 2008
ലഖ്നോ പ്രാതലും തെലുങ്കന് ലഞ്ചും
വ്രതമാസത്തിനുശേഷമുള്ള പെരുന്നാള്‍ ആഹ്ലാദത്തില്‍ ഇത്തവണ എന്നെ വരവേറ്റത് ലഖ്നോ പ്രാതലും തെലുങ്കന് ലഞ്ചുമായിരുന്നു. വീട്ടുകാരിയും കിടാങ്ങളും നാട്ടിലാണെന്ന് അറിയാവുന്ന കുടുംബ സുഹൃത്തുക്കളെല്ലാം പെരുന്നാള്‍ സദ്യക്ക് വിളിച്ചുവെങ്കിലും അയല്‍ക്കാരുടെ ക്ഷണത്തിനുമുന്നില്‍ അവയൊക്കെയും നിരസിക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.
റമദാന് കൂടി ഉള്‍പ്പെട്ടതിനാല്‍ ഇക്കുറി ലഭിച്ച നീണ്ട അവധിക്കാലം പരമാവധി ആസ്വദിച്ചോട്ടെയെന്ന് കരുതി തന്നെയാണ് അവരില്ലാതെ ജിദ്ദയിലെ ജോലി സ്ഥലത്തേക്ക് തിരിച്ചത്. ചിത്രങ്ങള്‍ കണ്ടും കേട്ടും മാത്രമറിഞ്ഞിരുന്ന ജീവികളെ നേരില്‍ കണ്ടപ്പോള്‍ മകള്‍ അഫ്രക്കുണ്ടായ ആഹ്ലാദവും അയല്പക്കത്തെ കുട്ടികളെ കൂട്ടി അവളൊരു ടീമിനെ ഉണ്ടാക്കി ഉല്ലസിച്ച ദിനങ്ങളും തന്നെയാണ് ഈ വെക്കേഷന്റെ ബാക്കി.
അടുക്കളയില്‍ കുടുംബിനിയെ പരമാവധി സഹായിക്കണമെന്നൊക്കെ അറിയാമെങ്കിലും വിജ്ഞാനക്കമ്മി കാരണം അങ്ങോട്ട് തിരിഞ്ഞു നോക്കാതിരുന്ന എനിക്ക് നോമ്പ് കാലത്ത് എന്തു ചെയ്യുമെന്നൊക്കെ ആശങ്ക ഉണ്ടായിരുന്നുവെങ്കിലും ജിദ്ദയിലെ അയല്‍ക്കാരുടേയും സുഹൃത്തുക്കളുടേയും സല്ക്കാരത്തിലൂടെ വ്രതദിനങ്ങള്‍ കടന്നു പോയതറഞ്ഞില്ല.
അതില്‍ അവസാനത്തേതായിരുന്നു പെരുന്നാള്‍ പ്രാര്‍ഥന കഴിഞ്ഞെത്തിയപ്പോള്‍ ലഖ്നോക്കാരി സമ്മാനിച്ച പ്രാതലും ഉച്ചക്ക് തെലുങ്കത്തി സമ്മാനിച്ച ഉഗ്രന്‍ ബിരിയാണിയും.
ഇതോടൊപ്പം ഇന്ത്യയുടെ രൂചിഭേദങ്ങളെ കുറിച്ചുള്ള ഒരു മേപ്പും ചേര്‍ക്കുന്നു.
ഇവിടെ
Subscribe to:
Posts (Atom)