Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

April 15, 2012

ഒരു വിരട്ടലിന്റെ പരിണാമം






ആദ്യമായി മല്‍ബു കഫീലിനെ കാണാന്‍ പോവുകയാണ്. അഞ്ച് വര്‍ഷമായി കൊണ്ടുനടക്കുന്ന സ്വപ്നം. സ്‌പോണ്‍സറെ കാണണമെന്ന് പറയുമ്പോഴൊക്കെ ഏജന്റ് പലവിധ നമ്പരുകള്‍ ഇറക്കും. കഫീല്‍ സ്‌പെയിനിലാണ്, തിരക്കിലാണ്, കാണാന്‍ കൂട്ടാക്കുന്നില്ല അങ്ങനെ അങ്ങനെ.
ഏജന്റുമാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും എങ്ങനെയെങ്കിലും സ്‌പോണ്‍സറുമായി ഡയരക്ട് കോണ്‍ടാക്ട് ഉണ്ടാക്കണമെന്നും പലരും മല്‍ബുവിനെ ഉപദേശിച്ചിരുന്നു. പക്ഷെ, പലതവണ കെഞ്ചിയിട്ടും ഏജന്റ് കഫീലിന്റെ ടെലിഫോണ്‍ നമ്പറു പോലും നല്‍കിയില്ല.

എല്ലാം ഞാന്‍ ചെയ്തു തരുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് കഫീലിനെ വിളിച്ചും കാണാന്‍ പോയും ബുദ്ധിമുട്ടുന്നതെന്നായിരിക്കും മറുചോദ്യം.

ഒന്നു രണ്ടു തവണ കഫീലിന്റെ മൊബൈല്‍ നമ്പര്‍ കിട്ടിയെന്നു കരുതിയതായിരുന്നു. പക്ഷെ അതും നടന്നില്ല.
കഫീലുമായി ദീര്‍ഘമായി സംസാരിക്കാനുണ്ടെങ്കില്‍ ഏജന്റ് സ്വന്തം ഫോണ്‍ ഉപയോഗിക്കില്ല. മല്‍ബുവിനോട് വാങ്ങും. കാള്‍ ഹിസ്റ്ററിയില്‍ കഫീലിന്റെ നമ്പര്‍ കാണുമല്ലോ എന്നു കരുതി മല്‍ബു സന്തോഷത്തോടെ മൊബൈല്‍ തിരിച്ചുവാങ്ങും. പക്ഷേ, അതിനകം, ഹിസ്റ്ററിയില്‍നിന്ന് പോലും കഫീലിന്റെ നമ്പര്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടാകും. അതുമായി ഒന്നുരണ്ടു തവണ മൊബൈല്‍ ടെക്‌നീഷ്യ•ാരെ സമീപിച്ചുവെങ്കിലും മായ്ച്ച് കളഞ്ഞതിനാല്‍  നമ്പര്‍ കണ്ടുപിടിക്കുക സാധ്യമല്ലെന്നായിരുന്നു മറുപടി.

കഫീലിന്റെ തിരുമുഖം കാണാന്‍ എത്തിയപ്പോള്‍, ഏജന്റിനോടൊപ്പം വേറെ രണ്ടു പേരുണ്ട്. അന്യരല്ല. മല്‍ബുകള്‍ തന്നെ.
ഒന്നും രണ്ടും ലക്ഷം ചെലവഴിച്ച് ഏജന്റ് വഴി കടല്‍ കടന്നവര്‍.

തൊഴില്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ചുകപ്പും മഞ്ഞയുമൊക്കെ തെളിഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ കൂടിക്കാഴ്ച നിര്‍ണായകമാണ്. ഇതോടെ തീരുമാനമെടുക്കണം. നില്‍ക്കണോ? പോണോ?
തീരുമാനം പറയാതെ ഉഴപ്പി നടന്നാല്‍ ഉടലോടെ ഉണ്ടാകുമെങ്കിലും രേഖകളില്‍ അപ്രത്യക്ഷനാകുമെന്ന് ഏജന്റിന്റെ മുന്നറിയിപ്പുണ്ട്.
നാളെ വന്നു കഫീലിനെ കണ്ടില്ലെങ്കില്‍ ഹുറൂബായിരിക്കുമെന്നും പിന്നെ എന്റെ കോളറിനു വന്ന് പിടിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നുമാണ് അയാളുടെ അന്ത്യശാസനം.

പുതിയ സാഹചര്യം കഫീലിന്റെ വായ്മുഖത്തുനിന്നു തന്നെ കേള്‍പ്പിക്കുകയെന്നതാണ് ഏജന്റിന്റെ ലക്ഷ്യം.
നാടുവിട്ടു നാലഞ്ചു വര്‍ഷമായെങ്കിലും ഒറ്റ അറബി വാക്കു പോലും പഠിക്കാത്തവര്‍ക്കും സുപരിചിതമാണ് ഹുറൂബും കഫീലും. പച്ചമലയാളം പോലെയായ വാക്കുകള്‍.
കൂലി കൊടുക്കുന്നവന്‍ കഫീല്‍. കൂലി വാങ്ങുന്നവന്‍ കൂലിക്കഫീല്‍. ഇതാണ് കഫീലുമാരെ തിരിച്ചറിയാനുള്ള എളുപ്പവഴി. രണ്ട് കൂട്ടര്‍ക്കും കൂട്ടലും കിഴിക്കലും തന്നെ മുഖ്യം. ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാതെ എങ്ങനെ തൊഴിലാളിയെക്കൊണ്ട് പരമാവധി പണിയെടുപ്പിക്കാമെന്നു ചിന്തിക്കുന്നയാള്‍ കഫീല്‍.

സ്വതന്ത്രരായി എവിടെയെങ്കിലും പോയി പണിയെടുക്കുന്നവര്‍ക്ക് കിട്ടുന്ന തുകയില്‍നിന്ന് വിഹിതം പറ്റുന്നയാള്‍ കൂലിക്കഫീല്‍. ഇപ്പണിക്ക് ഭാഷ ഒരു തടസ്സമല്ല. കൂലി കണക്കാക്കാനും അതു കിറുകൃത്യം പിരിച്ചെടുക്കാനും നിയോഗിക്കപ്പെട്ടവരുണ്ട്. അവരാണ് ഏജന്റുമാര്‍.
പണമില്ല കാക്കാ, അല്‍പം കൂടി കുറച്ചു തരണമെന്ന് അപേക്ഷിച്ച് സൈ്വരം കെടുത്തുന്ന മല്‍ബുകളെയാണ് ഏജന്റ് കഫീലിനു മുന്നില്‍ ഹാജരാക്കിയിരിക്കുന്നത്.

ഹസ്തദാനത്തിനും സുഖാന്വേഷണത്തിനും ശേഷം ഒന്നാമനോട് കഫീല്‍ പറഞ്ഞു. ഇപ്പോള്‍ മാസത്തില്‍ നല്‍കിപ്പോരുന്ന  200 റിയാലിനു പകരം ഇനി 600 റിയാല്‍ വേണം. എങ്കില്‍ മാത്രമേ വിസ പുതുക്കി നല്‍കുകയുള്ളൂ. പുതുക്കാനുള്ള ചാര്‍ജിനു പുറമേ, വര്‍ഷം 7200 റിയാല്‍.

പരമാവധി ശമ്പളം 1300 റിയാലാണെന്നും അതില്‍നിന്ന് 600 കൂലിക്കഫീലിനു നല്‍കി പിന്നെ എന്തിനു ഇവിടെ നില്‍ക്കണമെന്ന ചോദ്യം ഏജന്റ് അറബിയിലേക്ക് തര്‍ജമ ചെയ്യുന്നതിനു മുമ്പുതന്നെ കഫീലിന്റെ അടുത്ത വാചകം. വേണമെങ്കില്‍ ജോലി ചെയ്യുന്ന കഫീലിന്റെ കീഴിലേക്ക് മാറിക്കോളൂ. വിവരം രണ്ടു ദിവസത്തിനകം അറിയിച്ചാല്‍ മതി.

ആവലാതികള്‍ നിരത്തിയ രണ്ടാമനും കഫീലിനോട് തോറ്റു. സ്‌പോണ്‍സര്‍ഷിപ്പ് മാറിക്കോളാം എന്നു പറഞ്ഞപ്പോള്‍ 10,000 റിയാല്‍ അടച്ച് നാളെ തന്നെ ആയിക്കോളൂ എന്നായിരുന്നു മറുപടി. പുതിയ വിസക്കുള്ള അതേ തുക. അതുകേട്ട് അയാള്‍ തല കറങ്ങി വീണില്ലെന്നേയുള്ളൂ.

ഇനി മല്‍ബുവിന്റെ ഊഴമാണ്.
ഒന്നാമനോടും രണ്ടാമനോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ മല്‍ബു ദൃഢനിശ്ചയത്തിലായിരുന്നു.
പുതിയ നിരക്കുകള്‍ കേട്ട മല്‍ബു പറഞ്ഞു.
ഇതിലും ഭേദം നാട്ടിലേക്ക് മടങ്ങുകയാണ്. എക്‌സിറ്റ് തന്നേക്കൂ. അതിനിപ്പോള്‍ ചാര്‍ജൊന്നും വേണ്ടല്ലോ?

തന്റെ വിരട്ടല്‍ ഏല്‍ക്കുമെന്നും  തുക  അല്‍പം കുറച്ചു കിട്ടുമെന്നുമുള്ള മല്‍ബുവിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് കഫീല്‍ പറഞ്ഞു.

സന്തോഷം, 3000 റിയാല്‍ അടച്ചോളൂ. നാളെ തന്നെ എക്‌സിറ്റ് തന്നേക്കാം.

മാപ്പിളമാരുടേയും ഹിന്ദുക്കളുടേയും വിരട്ടിനിടയില്‍ പീഠമുറപ്പിക്കാന്‍ മഹാപരിത്യാഗിയായി മാറിയ ഉമ്മന്‍ ചാണ്ടിയെപ്പോലെയായി മല്‍ബു.



April 8, 2012

വാനിറ്റി ബാഗ് കഥ പറയുന്നു



മല്‍ബു മല്‍ബിസമേതം കാറില്‍ കയറാന്‍ ഒരുങ്ങുമ്പോഴാണ് അതിവേഗം ഓടിവരുന്ന ആശാനെ കണ്ടത്. അങ്ങോട്ട് പോകേണ്ടെന്നും പോലീസ് പിടിക്കുമെന്നുമായിരുന്നു ആശാന്റെ സന്ദേശം.
ഷോപ്പിംഗിനു പോയാല്‍ പോലീസ് പിടിക്കില്ലെന്ന് അറിയാവുന്ന മല്‍ബി അതത്ര കാര്യമാക്കിയില്ലെങ്കിലും അവധിദിവസത്തിന്റെ ആലസ്യം കൊതിച്ച മല്‍ബു കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞു.
നേരം ശരിക്കും പുലര്‍ന്നിട്ടില്ല. മല്‍ബിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഷോപ്പിംഗിനായി ഇത്രനേരത്തെ ഒരുങ്ങിപ്പുറപ്പെട്ടത്. പുലര്‍ച്ചെ തന്നെ അവിടെ എത്തിയില്ലെങ്കില്‍ അങ്ങോട്ട് കയറാന്‍ കഴിയില്ലെന്നും നല്ല സാധനങ്ങളൊന്നും കിട്ടില്ലെന്നും രണ്ട് ദിവസം മുമ്പ് കമ്പനിയുടെ എസ്.എം.എസ് കിട്ടിയതു മുതല്‍ മല്‍ബി പറഞ്ഞു തുടങ്ങിയിരുന്നു. കഴിഞ്ഞ തവണ എത്താന്‍ വൈകിയതു കൊണ്ട് നല്ലതൊന്നും കിട്ടിയിരുന്നില്ല. ആദ്യമാദ്യം എത്തിയവരൊക്കെ വാരിക്കോരി കൊണ്ടുപോയി. കൊതിപ്പിക്കുന്ന സാധനങ്ങളായിരുന്നു പലരുടേയും കൈയില്‍.

അതുകൊണ്ട് പരിഭവം മുഴുവന്‍ കേട്ടത് മല്‍ബുവായിരുന്നു. നൂറു തവണ പറഞ്ഞതാണ് തുറക്കുമ്പോഴേക്കും അവിടെ എത്തണമെന്ന്. നൂറായിരമായിരുന്നു അപ്പോള്‍ തടസ്സങ്ങള്‍. പിന്നെ എങ്ങനെ കിട്ടും? നല്ല ഒരു വാനിറ്റി ബാഗ് കൈയെത്താ ദൂരത്ത് കണ്ടപ്പോള്‍ ഫോണ്‍ ചെയ്തു അതും കളഞ്ഞിരുന്നു.
സവിശേഷമായ ഒരു ഷോപ്പിംഗാണിത്. ഗോഡൗണിംഗ് എന്നു പറയുന്നതാകും ഉചിതം. നൂറു റിയാലിനു വിറ്റ സാധനങ്ങള്‍ ചിലപ്പോള്‍ ഒരു റിയാലിനുവരെ കിട്ടും. ഗോഡൗണിനകത്ത് കൊടുംചൂട് സഹിക്കണമെന്നേയുള്ളൂ. സാധനങ്ങള്‍ കൊണ്ടുവന്നിടും. ചുറ്റമുള്ള ആളുകള്‍ വെറുതെ കിട്ടുന്ന ഉല്‍പന്നങ്ങളെന്ന പോലെ അതിനുമേല്‍ ചാടി വീഴും. അപ്പോള്‍ കിട്ടിയവര്‍ക്കായി. ഇല്ലാത്തവര്‍ക്ക് നഷ്ടബോധം.
ചിലപ്പോള്‍ അടി കിട്ടിയെന്നും വരാം. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ കൊണ്ടുവന്ന് ചൊരിഞ്ഞപ്പോള്‍ അതില്‍നിന്ന് രണ്ടെണ്ണത്തിനു ശ്രമിച്ച ഒരു മല്‍ബിക്ക് രണ്ടടി കിട്ടി. കൊണ്ടുവന്നിട്ടയുടന്‍ അവ വാരിക്കൂട്ടിയ ഒരു കുടുംബത്തിന്റെ പക്കല്‍നിന്ന് രണ്ടെണ്ണം വലിച്ചെടുക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു തല്ല്. തല്ലിയത് വേറെ ഏതോ രാജ്യക്കാരായതിനാല്‍ സഹിച്ചു.

അങ്ങനെ മനോഹരമായ വാനിറ്റി ബാഗുകള്‍ കൊണ്ടുവന്നിട്ടതായിരുന്നു. മല്‍ബി അതു എടുക്കാനാഞ്ഞപ്പോള്‍, പുറത്തു കാത്തുനില്‍ക്കുകയായിരുന്ന മല്‍ബു എന്താ പോരാനായില്ലേ എന്ന് അന്വേഷിച്ചുകൊണ്ടൊരു വിളി. ഇതാ ഇപ്പോള്‍ ഇറങ്ങാമെന്ന് മല്‍ബി ഫോണില്‍ മറുപടി നല്‍കിക്കൊണ്ടിരിക്കെ നിമിഷങ്ങള്‍ കൊണ്ട് ബാഗുകള്‍ കാലി.

കഴിഞ്ഞ തവണത്തെ ആ സങ്കടം ഒഴിവാക്കാന്‍ കൂടിയാണ് ഇക്കുറി കുറേക്കൂടി നേരത്തെ തന്നെ ഇറങ്ങിയത്. അപ്പോഴാണ് ആശാന്റെ വരവ്. ജനങ്ങള്‍ തിങ്ങിക്കൂടിയെന്നും പോലീസിനെ പേടിച്ച് അടച്ചിട്ടിരിക്കയാണെന്നുമുള്ള വാര്‍ത്ത മല്‍ബുവും ആശാനും ചേര്‍ന്നുള്ള കളിയാണെന്ന് മല്‍ബിക്കു തോന്നാന്‍ ന്യായങ്ങളുണ്ട്.
സാധനങ്ങള്‍ വില്‍ക്കുന്നിടത്ത് തിരക്ക് സാധാരണം. അവിടെ പോലീസിനെന്തു കാര്യം?
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഫ്‌ളാറ്റിനകത്തേക്ക് കയറിപ്പോയ മല്‍ബി ടെലിഫോണില്‍ പല മല്‍ബികളുമായും ബന്ധപ്പെട്ട് സംഭവം ശരിയാണെന്ന് സ്ഥിരീകരിച്ചു.

ഷോപ്പിംഗ് തടഞ്ഞത് സാധാരണ പോലീസല്ലെന്നും സ്ത്രീ പുരുഷഭേദമന്യേ ആളുകള്‍ തിങ്ങിക്കൂടിയതിനാല്‍ കേന്ദ്രം അടപ്പിച്ചത് സദുപദേശ പോലീസാണെന്നുമുള്ള വിവരമാണ് ലഭിച്ചത്. കൂട്ടത്തിലൊരു മല്‍ബിയുടെ കമന്റ് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.

നിന്റെ മല്‍ബുവായിരിക്കും പോലീസില്‍ അറിയിച്ചത്. അങ്ങേര്‍ക്കാണല്ലോ പോകാനിത്ര മടി ? ആരായാലും വലിയ ചതിയായിപ്പോയെന്നു പറഞ്ഞും അടുത്തയാഴ്ചയോടെ പോലീസ് ശല്യം തീരുമെന്ന ഗോഡൗണുകാരുടെ വാക്കുകളില്‍ വിശ്വസിച്ചും മല്‍ബികള്‍ പരസ്പരം ആശ്വാസം കൊണ്ടപ്പോള്‍  നിരപരാധിയായ മല്‍ബു അവധി ദിവസത്തിലെ ബാക്കി ഉറക്കം തേടി കിടപ്പുമുറിയിലേക്ക് പോയി.  



April 1, 2012

പാതിരാവില്‍ കാണാതായ ഡോളര്‍

തട്ടിപ്പറിക്കിരയാകുന്ന സംഭവങ്ങള്‍ മല്‍ബു കഥകളില്‍ പുതിയതല്ല. പട്ടാപ്പകല്‍ പോലും ഇഖാമയും പണവുമടങ്ങുന്ന പഴ്‌സുകള്‍ തട്ടിപ്പറിച്ചോടിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ചെയ്യാത്തതും നിരവധി. ഇത്തരം കള്ളന്മാരില്‍നിന്ന് രക്ഷപ്പെടാന്‍ മല്‍ബുകള്‍ ആവിഷ്കരിച്ച രീതികള്‍ പലതാണ്. അസമയത്ത് തനിച്ചുള്ള യാത്ര ഒഴിവാക്കുക ഇതില്‍ പ്രധാനം. അത്യാവശ്യത്തിനുള്ള റിയാല്‍ മാത്രം പോക്കറ്റില്‍ കരുതുക, അപരിചിതര്‍ വണ്ടി നിര്‍ത്തിയാല്‍ കഴിയുംവേഗം രക്ഷപ്പെടുക അങ്ങനെ നീണ്ടുപോകുന്നു രക്ഷാ ടിപ്പുകള്‍.

 എന്നാല്‍ കള്ളന്മാരെ ഇളിഭ്യരാക്കി അവരില്‍നിന്ന് തട്ടിപ്പറിച്ചോടി ഒരു മല്‍ബു ചരിത്രം കുറിച്ചിരിക്കുന്നു. അയ്യോ, മല്‍ബുവും തുടങ്ങിയോ തട്ടിപ്പറി, ഇന്ത്യക്കാര്‍ക്ക് അപമാനം എന്നൊക്കെ തോന്നാന്‍ വരട്ടെ, മുഴുവന്‍ കേട്ടാല്‍ മല്‍ബുവിന്റെ മനോധൈര്യമോര്‍ത്ത് എല്ലാവര്‍ക്കും അഭിമാനിക്കാം.
 സമയം അര്‍ധരാത്രിയോടടുക്കുന്നു. റോഡിലൂടെ വാഹനങ്ങള്‍ കുതിച്ചു പായുന്നുണ്ടെങ്കിലും കാല്‍നടക്കാര്‍ അപൂര്‍വം. ആരേയും കാണാത്തതിനാല്‍ സ്വാഭാവികമായ തിടുക്കത്തിലായിരുന്നു മല്‍ബു. കടല്‍ കടന്നെത്തിയിട്ട് അധികമായിട്ടില്ല. തനിച്ചുള്ള യാത്ര പാടില്ലെന്ന് പലരും പറഞ്ഞിരുന്നു. കുറ്റപ്പെടുത്താനൊന്നുമില്ല. നാട്ടിലാണെങ്കിലും അസമയത്ത് പുറത്തിറങ്ങരുതെന്ന് ആരും പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ?

ആളുകള്‍ക്ക് പറയാനെളുപ്പമാണെങ്കിലും പുറത്തിറങ്ങുമ്പോള്‍ എപ്പോഴും കൂട്ടിനൊരാളെ കണ്ടെത്തുകയെന്നത് എളുപ്പമല്ല. നേതാക്കന്മാര്‍ക്കു പോലും ഇപ്പോള്‍ കൂടെ കൊണ്ടുനടക്കാന്‍ ശിങ്കിടികളില്ല.

 കഴിവതും നേരത്തെ ഫ്‌ളാറ്റണയാന്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും അവധി ദിനത്തില്‍ അത് നടപ്പില്ല. നാട്ടുകാരെയും കൂട്ടുകാരെയുമൊക്കെ കണ്ട് തിരികെയെത്തുമ്പോള്‍ നേരം ഇരുട്ടിയതോ പാതിരാവായതോ അറിയില്ല. അങ്ങനെ മാസാന്ത്യം ലഭിച്ച അവധി ആഘോഷമാക്കി വന്നിറങ്ങിയതായിരുന്നു മല്‍ബു. ഇത്തിരി ദൂരയാത്ര ചെയ്ത് സുഹൃത്തുക്കളെയൊക്കെ കണ്ടു മടങ്ങിയതാണ്. വാഹനം ഇറങ്ങിയശേഷം ഹോട്ടലില്‍ കയറി ഭക്ഷണവും കഴിച്ചായിരുന്നു ഫ്‌ളാറ്റ് ലക്ഷ്യമാക്കിയുള്ള നടപ്പ്.

 എതിര്‍ദിശയില്‍നിന്ന് രണ്ടു പേര്‍ വരുന്നു. മുന്നിലുള്ളയാള്‍ ഫോണില്‍ സംസാരിക്കുന്നു. രണ്ടു മൂന്നടി പിറകിലാണ് രണ്ടാമന്‍. അവരെ നോക്കിക്കൊണ്ട് മുന്നോട്ടു നടക്കുന്നതിനിടയില്‍ ഫോണില്‍ സംസാരിക്കുന്നയാളുടെ കൈയില്‍നിന്ന് ഒരു ചെറിയ പൊതി താഴെ വീണു. പൊതിയിലേക്ക് നോക്കിയ മല്‍ബു അക്കാര്യം ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഫോണ്‍ ചെവിയില്‍നിന്നെടുക്കാതെ അയാള്‍ മുന്നോട്ടുനീങ്ങി. പിറകെ വന്നയാള്‍ കൊച്ചു പൊതി കൈക്കലാക്കി. അതില്‍ അഞ്ഞൂറിന്റെ നോട്ടുകളാണെന്ന് മല്‍ബുവിനു മനസ്സിലായി. നോട്ടുകള്‍ ചുരുട്ടി ചെറിയ പ്ലാസ്റ്റിക് കവറിലിട്ട് റബര്‍ ബാന്റിട്ടിരിക്കുന്നു.

 നടന്നുപോയ ആളെ കൈകൊട്ടി വിളിക്കാനാഞ്ഞ മല്‍ബുവിനെ പൊതി കൈക്കലാക്കിയ ആള്‍ തടഞ്ഞു. അയാള്‍ പോട്ടെ, ഇതു വീതിച്ചെടുക്കാം എന്നായിരുന്നു ടിയാന്റെ പക്ഷം. പക്ഷേ മല്‍ബുവിന്റെ മനസ്സു നൊന്തു. ഫോണില്‍ സംസാരിക്കുന്നതിനിടെ നോട്ട്‌കെട്ട് താഴെ വീണതു പാവം അറഞ്ഞില്ലല്ലോ? പപ്പാതിയാക്കാം എന്നു പറഞ്ഞയാളോട് ഇത്തിരി ധാര്‍മികരോഷവുമുണ്ട്. അത് അയാളുടെ കൈയില്‍നിന്ന് വീണതാണെന്നു പറഞ്ഞെങ്കിലും ടിയാനു കുലുക്കമില്ല. അയാള്‍ പൊതി പിറകിലേക്ക് പിടിച്ചു.

 മല്‍ബു എല്ലാ ശക്തിയുമെടുത്ത് കൈ കൊട്ടി. ആ ശബ്ദം ഫോണിനെ അതിജീവിച്ച് പണം കളഞ്ഞു പോയ ആളുടെ കാതിലെത്തി. നിങ്ങളുടെ കൈയില്‍നിന്ന് പൊതി വീണുവെന്ന മല്‍ബുവിന്റെ ആംഗ്യം കണ്ട് അയാള്‍ തിരിച്ചുവന്നു. പണപ്പൊതി താഴെ വീണുവെന്നും അത് ഇയാളുടെ കൈയിലുണ്ടെന്നും മല്‍ബു പറഞ്ഞപ്പോള്‍ വീതിക്കാന്‍ കാത്തുനിന്നയാള്‍ക്ക് മറ്റു വഴിയില്ലാതായി.

അയാള്‍ പൊതി കൈമാറി. തിരിച്ചും മറിച്ചും നോക്കി ഇതില്‍ ഡോളര്‍ കാണുന്നില്ലല്ലോ എന്നായി അയാള്‍. പൊതി തുറന്നിട്ടില്ലെന്ന് പറഞ്ഞുവെങ്കിലും അയാള്‍ സമ്മതിക്കുന്നില്ല. ഇരുവരുടേയും പോക്കറ്റും പഴ്‌സുകളും പരിശോധിക്കണം.

മല്‍ബു നോക്കി നില്‍ക്കെ, ആയിക്കോട്ടെ എന്നു പറഞ്ഞു മറ്റെയാള്‍ പഴ്‌സെടുത്തു നല്‍കി. അത് പരിശോധിച്ച് ഡോളര്‍ ഇല്ലെന്ന് ഉറപ്പു വരുത്തി തിരിച്ചുനല്‍കിയ ശേഷം മല്‍ബുവിനു നേരെ കൈ നീട്ടി. താന്‍ പൊതിയെടുത്തിട്ടില്ലെന്നും തന്റെ പഴ്‌സ് പരിശോധിക്കേണ്ട കാര്യമില്ലെന്നും മല്‍ബു പറഞ്ഞെങ്കിലും വഴങ്ങുന്നില്ല. ഇപ്പോള്‍ നോക്കിയതുപോലെ നോക്കി തിരികെ തരില്ലേ, എന്തു കൊണ്ടു തന്നുകൂടാ? അതേ, കൊടുത്തേക്കൂ, നോക്കിയിട്ട് തന്നോളുമെന്ന് മറ്റെയാളും.

മനസ്സില്ലാ മനസ്സോടെ മല്‍ബു പഴ്‌സ് പുറത്തെടുത്തു. എന്തോ പന്തികേട് മണക്കുന്നുണ്ട്. അടുത്തൊന്നും ആരുമില്ല. ചങ്കിടിപ്പ് കൂടിയെങ്കിലും മല്‍ബു പഴ്‌സിന്റെ അകം കാണിച്ചു, ഇതില്‍ ഡോളറില്ല എന്നു പറഞ്ഞെങ്കിലും അയാള്‍ പഴ്‌സ് പിടിച്ചുവാങ്ങി. ആദ്യം കിട്ടിയത് 200 റിയാലായിരുന്നു. ഓ ഇത് റിയാലാണെന്ന് പറഞ്ഞു മല്‍ബുവിനെ ഏല്‍പിച്ചശേഷം പരിശോധന തടുര്‍ന്നു. പഴ്‌സിനകത്ത് ഇഖാമയും എ.ടി.എം കാര്‍ഡുമൊക്കെയുണ്ട്. ഇഖാമയും പഴസും തട്ടിപ്പറിച്ചോടുന്ന സംഭവങ്ങള്‍ കേട്ടറിവുള്ള മല്‍ബു പഴ്‌സിന്റെ ഒരറ്റത്തു പിടിത്തമിട്ടു. അടുത്ത നിമിഷത്തില്‍ സര്‍വശക്തിയുമെടുത്ത് അത് കൈക്കലാക്കി. ഇതില്‍ ഡോളറൊന്നുമില്ലെന്ന് പറഞ്ഞു ഓട്ടമോ നടത്തമോ എന്നു നിശ്ചയമില്ലാത്തവിധം അവിടെനിന്നു രക്ഷപ്പെട്ടു. പിന്നെ തിരിഞ്ഞു നോക്കിയപ്പോള്‍ അവര്‍ രണ്ടു പേരും കൂട്ടുകാരെ പോലെ വണ്ടിയില്‍ കയറി പോകുന്നു. ഫഌറ്റിലെത്തി സംഭവം പറഞ്ഞപ്പോഴാണ് നോട്ട് താഴെയിട്ടുള്ള തട്ടിപ്പ് സംഘത്തില്‍നിന്നാണ് താന്‍ രക്ഷപ്പെട്ടതെന്ന് മല്‍ബുവിനു മനസ്സിലായത്. ഇതുപോലുള്ള തട്ടിപ്പ് കണ്ടും കേട്ടും അറിവുള്ളവരാണ് ചുറ്റുമുള്ള മല്‍ബുകള്‍.

 അപ്പോള്‍ രസികനായ മറ്റൊരു മല്‍ബുവിന്റെ കമന്റ്. മല്‍ബു സ്വന്തം പഴസ് തട്ടിപ്പറിച്ചോടിയപ്പോള്‍ കള്ളന്മാര്‍ വല്ലതും നഷ്ടപ്പെട്ടുവോ എന്നറിയാന്‍ അവരുടെ പോക്കറ്റുകള്‍ തപ്പുന്നുണ്ടായിരുന്നു.
Related Posts Plugin for WordPress, Blogger...