Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

September 30, 2012

പത്തരമാറ്റ്


സുമുഖനും സുന്ദരനും സല്‍സ്വഭാവിയുമായ മല്‍ബു വളരെ വേഗം എല്ലാവരുടേയും കണ്ണിലുണ്ണിയായി. ബക്കാലയില്‍ വരുന്ന വിവിധ ദേശക്കാരും ഭാഷക്കാരും ഒരുപോലെ ഇഷ്ടപ്പെട്ടു. 

വലദ് കോയിസെന്ന് അറബികളും അഛാ ആദ്മിയെന്ന് പാക്കിസ്ഥാനികളും നല്ലോനെന്ന് മല്‍ബുകളും പറഞ്ഞു. 


ഒത്ത ഉയരം, എപ്പോഴും പുഞ്ചിരി തൂകുന്ന മുഖം, ആര്‍ക്കും വീണ്ടുമൊന്ന് കാണാന്‍ തോന്നുന്ന പ്രകൃതം, സ്‌മോക്കിംഗില്ല, ഉറക്കം തൂങ്ങില്ല.
ആള്‍വേയ്‌സ് സ്മാര്‍ട്ട്.


ഒരു സെയില്‍സ്മാന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ പത്തരമാറ്റു തികഞ്ഞവന്‍ എന്നാണ് മുതലാളി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
ഒരു രഹസ്യത്തിന്റെ കെട്ടഴിച്ചു നല്‍കിയതും മുതലാളിയുടെ കണ്ണില്‍ പ്ലസ് പോയന്റായി. 


സര്‍ട്ടിഫിക്കറ്റൊക്കെ നല്‍കും. പത്ത് കായ് കൂട്ടിനല്‍കൂല്ല എന്ന് കടയിലെ മറ്റു രണ്ടു ഓള്‍ഡ് ജീവനക്കാര്‍ അസൂയ പങ്കുവെച്ചു. 


ഈ രണ്ട് സീനിയര്‍മാരാണ് മുതലാളിയുടെ മനസ്സ് കേടുവരുത്തിക്കൊണ്ട് രഹസ്യത്തിന്റെ പുകമറ തീര്‍ത്തത്. ഇവര്‍ക്ക് പലവിധ ദോഷങ്ങളുണ്ടെങ്കിലും വേറെ വഴിയില്ലാതെ നിലനിര്‍ത്തിപ്പോരുകയാണ്.
പുതിയ മുതലിനെ വെച്ച് അറുപിശുക്കന്‍ മുതലാളി ഒരു കളി കളിക്കുമെന്ന് സീനിയര്‍മാര്‍ക്ക് സംശയമുണ്ട്. എങ്കിലും സാവകാശം പുതുമുഖത്തെ തങ്ങളുടെ പാതയില്‍ കൊണ്ടുവരാമെന്ന് ശുഭപ്രതീക്ഷയും വെച്ചുപുലര്‍ത്തുന്നു. 


കടയിലെത്തിയാല്‍ ഒരു മണിക്കൂര്‍ കൂടുമ്പോഴെങ്കിലും മൂത്രശങ്ക തോന്നുന്നവരാണ് ഇരുവരും. അതാണ് മുതലാളിയുടെ കണ്ണില്‍ സീനിയര്‍മാര്‍ക്കുള്ള ദോഷങ്ങളിലൊന്ന്.
മൂത്രശങ്ക തീര്‍ക്കാന്‍ ബക്കാലയില്‍നിന്ന് രണ്ട് ബില്‍ഡിംഗ് അപ്പുറത്തുള്ള ഫഌറ്റില്‍ പോകാതെ രക്ഷയില്ല.
മുതലാളി ഇല്ലാത്ത നേരത്ത് കൂള്‍ ഡ്രിങ്ക്‌സും പാലും അടിച്ചുമാറുന്നതു കൊണ്ടാവാം അവര്‍ക്ക് പ്രകൃതിയുടെ ഈ അവര്‍ലി വിളിയെന്ന് സംശയിക്കാന്‍ നിവൃത്തിയില്ല. 
മുതലാളിയുടെ ശങ്ക വേറെയാണ്.
കടയില്‍നിന്ന് വലിക്കുന്ന കായ് കൊണ്ടുവെക്കാനാണ് ഇവരുടെ പോക്കെന്നും മൂത്രമൊഴിക്കാനല്ലെന്നും ടിയാന്‍  നൂറുവട്ടം വിശ്വസിക്കുന്നു.
വെറുതെയല്ല, കാര്യകാരണ സഹിതം. 


രാവിലെ ഫഌറ്റില്‍നിന്നിറങ്ങിയാല്‍ ഉച്ചവരെ തനിക്ക് മൂത്രശങ്ക ഇല്ല എന്നതാണ് മെയിന്‍ ന്യായം. ഇവരെ പോലെ ചായയും വെള്ളവും താനും കുടിക്കുന്നുണ്ടല്ലോ?
ഒത്തുപോകാനുള്ള ശമ്പളം കിട്ടുന്നില്ലെങ്കില്‍  കടയിലെ പണിക്കാരെ സാധാരണ ബാധിക്കാറുള്ള അസുഖമായ വലിവ് അഥവാ ആസ്്ത്മ കണ്ടെത്താനുളള ഉപകരണം ഇന്നത്തെ പോലെ സാര്‍വത്രികമായിരുന്നില്ല അന്ന്.
അതുകൊണ്ടുതന്നെ ക്യാമറക്കണ്ണുകള്‍ക്കു പകരം സ്വന്തം കണ്ണുകള്‍ തുറന്നു പിടിക്കുകയേ മുതലാളിമാര്‍ക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ഇന്നിപ്പോള്‍ ഇത്തിരി കാശ് ചെലവാക്കിയാല്‍ മുതലാളിക്ക് സ്വന്തം മുറിയിലിരുന്ന് മോണിറ്ററോ മൊബൈല്‍ ഫോണോ നോക്കിയാല്‍ മതി. കടയില്‍ സൂചി അനങ്ങുന്നതുപോലും കാണാം.
ഉറക്കം കെടുത്തുന്ന കൂടംകുളം മാത്രമല്ല, നല്ല ഉറക്കം സമ്മാനിക്കുന്ന കൂടോത്രം കൂടിയാണിന്ന് ടെക്‌നോളജി. നാടുവിട്ട മല്‍ബു മുതലാളിമാര്‍ക്ക് സുഖനിദ്ര സമ്മാനിക്കുന്ന സാങ്കേതിക വിദ്യ.
ചൊറിയുന്നതു പോലും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുമല്ലോ എന്ന ഭയത്തോടെയാണ് ബക്കാല പണിക്കാര്‍, പാവങ്ങള്‍. വസ്ത്രമൊക്കെ ഇടക്കിടെ പിടിച്ചു നേരെയാക്കണം, ക്യാമറയില്‍ പതിയാനുള്ളതാണ്.  ഒരുതരത്തില്‍ പറഞ്ഞാല്‍ മുതലാളിമാര്‍ക്ക് കാണാന്‍ വേണ്ടിയാണല്ലോ പണിക്കാരുടെ അഭിനയം. ഏതെങ്കിലും ഭാഗത്ത് ഒടിഞ്ഞുകുത്തി ഇരിക്കാന്‍ പാടില്ല.
സീനിയര്‍മാര്‍ രണ്ടു പേരുമില്ലാത്ത ഒരു ദിവസം മുതലാളിയും മല്‍ബുവും തമ്മില്‍ ഒരു ഡയലോഗിന് അവസരമുണ്ടായി.
സമയം രാവിലെ പത്തു മണിയായിക്കാണും.
നീ അവസാനമായി എന്താണ് കുടിച്ചത്?
കടയില്‍നിന്ന് വല്ലതും കട്ടു കുടിച്ചതാണോ ചോദ്യത്തിനു കാരണമെന്ന് ആലോചിച്ച് മല്‍ബു ഒന്നു ഞെട്ടി.
കടയിലെത്തിയതിനുശേഷം പാലോ ജ്യൂസോ കുടിച്ചിട്ടില്ലാത്തതിനാല്‍ ധൈര്യസമേതം പറഞ്ഞു.
രാവിലെ റൂമീന്ന് ഇറങ്ങാന്‍ നേരത്ത് ഒരു ഗ്ലാസ് വെള്ളം കുടിച്ചതേയുള്ളൂ.
എന്നാലും എത്ര മണിയായിക്കാണും?
ഒരാറുമണി.
ഞാനും അപ്പോഴാണ് ഒരു ഗ്ലാസ് ചായ കുടിച്ചത്. നിനക്കിപ്പോള്‍ മൂത്രശങ്കയുണ്ടോ?
ഏയ്... ഇല്ല.
പിന്നെ ഇവന്മാര്‍ക്കിതെവിടെനിന്നു വരുന്നു ഈ മൂത്രം?  ഈ പോക്കു മൂത്രമൊഴിക്കാനൊന്നുമല്ല, വേറേ എന്തിനോ ആണ്. നിനക്കറിയോ ഈ പഹയന്മാരുടെ പരിപാടി?
ചിരിവന്ന മല്‍ബു രണ്ടു വിരലുകള്‍ അല്‍പം അകറ്റി ചുണ്ടില്‍വെച്ച് ആഞ്ഞുവലിച്ച ശേഷം വിട്ടു.
സിഗരറ്റോ? നിനക്കെങ്ങനെ അറിയാം?
ഇതിലൊക്കെ എന്തു രഹസ്യം? ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ എന്ന് പരസ്യമായും നീയൊക്കെ ഒരു പൊട്ടന്‍ മുതലാളിയെന്ന് മനസ്സിലും പറഞ്ഞു മല്‍ബു.
എന്നാലും അവരെ സിഗരറ്റ് മണമൊന്നുമില്ലല്ലോ?
ഓല് രണ്ടാളും അത്തറു പുരട്ടുന്ന സിഗരറ്റാണ് വലിക്ക്യ.
അത്തര്‍ സിഗരറ്റോ?
നോക്കിക്കോ, രണ്ടാളേം എപ്പോഴും അത്തറു മണക്കും.
മുതലാളി വിശ്വസിച്ചാലും ഇല്ലെങ്കിലും വന്ന് ഒരാഴ്ച കഴിയുന്നതിനുമുമ്പുതന്നെ വലിയ ഒരു രഹസ്യത്തിന്റെ കെട്ടഴിച്ചു കൊടുത്തു മല്‍ബു.
വലിക്കാരല്ലെന്ന് തെളിയിക്കാന്‍ പച്ചില മുതല്‍ അത്തറുവരെ പലവിധ ടെക്‌നിക്കുകള്‍ സ്വായത്തമാക്കിയവരായിരുന്നു സീനിയര്‍മാര്‍. 

11 comments:

വീകെ said...

ഒന്നൊളിച്ചു നിന്നു ഒരു പുകയെടുത്ത് ആത്മശാന്തിയെങ്കിലും നേടാൻ സമ്മതിക്കില്ലെ ഇവറ്റകൾ....!!?

aboothi:അബൂതി said...

ശരിക്കും പത്തര മാറ്റ്

Jefu Jailaf said...

ഇനിയപ്പോ മല്ബുവിന്റെ കാലമാണ് ബാക്കാലയില്‍ വരാനിരിക്കുന്നത്.

ഷാജു അത്താണിക്കല്‍ said...

മൽബൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ
ഹഹ്ഹഹാ എന്തൊക്കെ തരികിടയാണല്ലെ ഈ മനുഷ്യരുടെ അടുത്ത്

a.rahim said...

അങ്ങിനെ അവസാനം ആ രഹസ്യം പുതു മല്‍ബു വെളിപ്പെടുത്തിയതോടെ ഒരു ദിവസം 5 രൂപയല്ലേ പോകുന്നുള്ളൂ എന്ന സമാധാത്തില്‍ മുതലാളി സമാധാനത്തോടെ ഉറക്കം തുടങ്ങി................

ente lokam said...

ഹ..ഹ...രസമായി...

Vinodkumar Thallasseri said...

ഇത്തരം 'വെളവുകളൊക്കെ' സ്വന്തം വീട്ടില്‍ ചെല്ലുമ്പോള്‍ മാത്രമാണെന്നാണ്‌ ഞാന്‍ വിചാരിച്ചത്‌.

ഫൈസല്‍ ബാബു said...

കളി മല്ഭുവിനോടോ ?? .മുതലാളി ക്യാമറയില്‍ കാണ്മ്പോള്‍ ,സംഗതി മനസ്സില്‍ കാണുന്നവനാ ഈ മല്ഭു !!

Akbar said...

:)

കൊമ്പന്‍ said...

ഹഹഹ് എന്നാലും ആ രഹസ്യം പോട്ടിച്ചവനെ സമ്മതിക്കണം
അതാരില്‍ മുക്കിയ സിഗ് റൈറ്റ്
കൊള്ളാം

Echmukutty said...

ഉം,തന്നെ, തന്നെ.

Related Posts Plugin for WordPress, Blogger...