Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

November 27, 2011

പോത്ത് മാഹാത്മ്യം


വിവരമില്ലാത്ത പോത്തുകള്‍...
മല്‍ബുവിന്റെ ആത്മഗതം ഇത്തിരി ഉച്ചത്തിലായിപ്പോയി.
അടുത്തിരുന്ന് ബീഫും പൂളയും അടിച്ചുമാറുകയായിരുന്ന സഹമുറിയന്‍ തല ഉയര്‍ത്തി നോക്കി.
ഉം... എന്ത്? എന്താ താന്‍ പറഞ്ഞത്?
അതോ പോത്തുകല്ലിലെ വീരാന്‍ കുട്ടീനെ കാണാന്‍ പോകുന്ന കാര്യം ആലോചിക്കാരുന്നു.
അല്ല താന്‍ പോത്തുകളെ കുറിച്ചല്ലേ പറഞ്ഞത്.
അല്ലാതെ പോത്തുകല്ല് എന്നു പറഞ്ഞിട്ട് ഒരു സ്ഥലുണ്ടോ? അവിടെ ഒരു വീരാന്‍ കുട്ടിയുണ്ടോ? വെറുതെ ആളുകളെ ഒരുമാതിരി ഇതാക്കരുത് കേട്ടോ.
മല്‍ബു സംഭാഷണത്തിനുനിന്നില്ല. ലോകത്തില്‍ എല്ലായിടത്തും സംഭാഷണത്തിന്റെ കാലമാണെങ്കിലും ഒരുകൂട്ടം മല്‍ബുകള്‍ ചേക്കേറിയിരിക്കുന്ന കേരള ഹൗസില്‍ സംഭാഷണം കലമ്പലിനെന്നു മാത്രമായിട്ടുണ്ട്.
തെറി വിളിക്കാന്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമ ഓടുന്ന തിയേറ്ററുകളിലേക്ക് ജനം ഇടിച്ചുകയറുന്നുവെന്ന് ചില പണ്ഡിതന്മാര്‍ പറയുന്നതുപോലെ കലമ്പു കേള്‍ക്കുമ്പോള്‍ മാത്രമാണ് മല്‍ബുകള്‍ കംപ്യൂട്ടര്‍, മൊബൈല്‍, ടി.വി എന്നിവയില്‍നിന്ന് കണ്ണെടുക്കുക.
പോത്തുകല്‍ എന്നൊരു സ്ഥലുണ്ടെന്ന് സ്ഥാപിക്കുകയാണ് ഇവിടെ വേണ്ടത്.
മല്‍ബു പെട്ടി തുറന്ന് ഒരു പൊതിയെടുത്തു.
ടാപ്പ് കൊണ്ട് ഒട്ടിച്ചു ഭദ്രമാക്കിയ അതിന്റെ പുറത്ത് ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്.

veeran kutty, pothukal
ഇതാ ഇതൊന്നു വായിച്ചേ...
വീരാന്‍ കുട്ടി പോത്തുകല്‍ എന്നല്ലേ എഴുതിയിരിക്കുന്നത്.
ചോദ്യകര്‍ത്താവ് പത്തി മടക്കി. അപ്പോള്‍ ഇങ്ങനെയും ഒരു സ്ഥലമുണ്ട് അല്ലേ.
ഉണ്ട്. എന്നു മാത്രമല്ല, പുതുതായി പൊട്ടിമുളച്ച സ്ഥലമൊന്നുമല്ല. പണ്ടേ ഉള്ളതു തന്നെയാ.
പോത്തുകല്ല് മാത്രമല്ല പോത്ത്‌വെട്ടിയുമുണ്ട്.
പത്രം വായിക്കാറില്ലേ? പോത്തുകല്ലില്‍നിന്ന് ഇന്നലേം കൂടി വാര്‍ത്ത ഉണ്ടായിരുന്നു. പോത്തുകല്‍ കൂട്ടായ്മയുമുണ്ട്.
പോത്തും പൂളയും തീര്‍ത്ത് പ്ലേറ്റ് വടിച്ച് ചോദ്യകര്‍ത്താവ് കൈ കഴുകാന്‍ പോയി.
മല്‍ബു പോത്തുകല്ലുകാരന്‍ വീരാന്‍ കുട്ടിയുടെ ടെലിഫോണ്‍ നമ്പര്‍ ഒന്നുകൂടി നോക്കി. ഇനിയിപ്പോ ഇത് അവിടെ എത്തിക്കണം.
നാട്ടില്‍നിന്ന് ഇവിടെ എത്തിച്ചാലും പോരാ. താമസസ്ഥലത്ത് കൊണ്ടുകൊടുക്കുക വേണം എന്നു വരുമ്പോഴാ കഷ്ടം.
പൊതിക്കകത്ത് മറ്റൊന്നുമായിരുന്നില്ല.
ഷുഗര്‍, കൊളസ്‌ട്രോള്‍, യൂറിക് ആസിഡ്, പ്രഷര്‍ എന്നിവക്കുള്ള ഗുളികകള്‍. പോത്തിറച്ചി തിന്നുതിന്നാണത്രെ വീരാന്‍ കുട്ടിയെ ഇത്രയും രോഗങ്ങള്‍ ഒരുമിച്ചു പിടികൂടിയത്.
വീരാന്‍കുട്ടിക്കാകട്ടെ നാട്ടില്‍നിന്ന് ഗുളികകള്‍ വരുത്താതെ നിര്‍വാഹമില്ല. പ്രഥമ കാരണം അയാള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സില്ല. എല്ലാം കായ് കൊടുത്തു വാങ്ങണം. രണ്ടാമത്, നാട്ടിലെ ഗുളികകള്‍ മാത്രമേ തനിക്ക് ഫലിക്കുകയുള്ളൂ എന്ന് വീരാന്‍കുട്ടി ഉറച്ചു വിശ്വസിക്കുന്നു.
ജീവിതം മൊത്തത്തിലെടുത്ത് പരിശോധിച്ചാല്‍ ഏറ്റവും കൂടതല്‍ കഴിച്ച മാംസം പോത്താണ്. അതു വീണ്ടും പരിശോധിച്ചില്‍ ഇവിടെ ഫ്രീസറില്‍ വെച്ച് കിട്ടുന്ന രുചിയില്ലാ പോത്തല്ല, നാടന്‍ പോത്ത് തന്നെ.
ആരു നാട്ടില്‍നിന്നു വരുമ്പോഴും വീരാന്‍ കുട്ടിക്കൊരു പൊതി കാണും.
സ്‌നേഹം ചാലിച്ച് മല്‍ബി നന്നായി പാകം ചെയ്തു കൊടുത്തയക്കുന്ന അപാര രുചിയുള്ള പോത്ത്. കാലക്രമേണ ഇറച്ചിപ്പൊതി ഗുളികപ്പൊതിക്ക് വഴിമാറിയെന്നു മാത്രം.
നാടന്‍ പോത്ത് സമ്മാനിച്ച കൊളസ്‌ട്രോളിന് ഇപ്പോള്‍ നാടന്‍ ഗുളിക ശരണം.
െൈക കഴുകിവന്ന സഹമുറിയന്‍ മല്‍ബുവിനെ വിടാന്‍ ഭാവമില്ല.
പല്ലിനിടയില്‍ കുത്തി പോത്തിറച്ചിയുടെ അവശിഷ്ടങ്ങള്‍ പുറത്തെടുത്ത് കളയുന്നതിനിടെ അയാള്‍ ചോദ്യം തുടങ്ങി.
പോത്തറിച്ചി തിന്നതിന് എന്നെ കളിയാക്കിയതല്ലേ താന്‍.
പോത്തുകല്ലും വീരാന്‍കുട്ടിയുമൊക്കെ താന്‍ വെറുതെ പറഞ്ഞതല്ലേ...
ദേ നീ തര്‍ക്കിക്കാന്‍ വരണ്ടാട്ടോ. ഞാന്‍ തന്നെ കുറിച്ചൊന്നുമല്ല പറഞ്ഞത്. നീ പോത്തുതിന്നാലും മട്ടന്‍ തിന്നാലും എനിക്കെന്തു പോയി?
ഇഷ്ടം പോലെ ഇനിയുമിനിയും തിന്നോളൂ.
പക്ഷേ ഒന്നുണ്ട്. ഓടിക്കിതച്ച് കൊളസ്‌ട്രോള്‍ ഒഴുക്കിക്കളയാന്‍ നീയും എന്റെ കൂടെ പോരുന്ന ഒരു ദിവസം വരിക തന്നെ ചെയ്യും.
പിന്നെ, ഈ പോത്തിറച്ചി മാത്രമാണല്ലോ ഇപ്പോള്‍ കൊളസ്‌ട്രോളിനു കാരണം. അങ്ങനെ കൂടുന്നെങ്കില്‍ കൂടട്ടെ. തടിയേ തടിയേ എന്നു വിചാരിച്ച് ആധി കൂടാനൊന്നും എന്നെക്കൊണ്ടു പറ്റൂല. കൊളസ്‌ട്രോള്‍ കൂടിയാല്‍ ഗുളിക തിന്നണം. അല്ലാതെന്താ.
ഇനിയിപ്പോള്‍ ശരീരം ഇങ്ങനെ കാത്തുസൂക്ഷിക്കുന്നത് തന്നെ ആര്‍ക്കു വേണ്ടിയാ. മുമ്പൊക്കെ കുടുംബക്കാരും നാട്ടുകാരുമാണ് അത് പറഞ്ഞിരുന്നത്.
ഇപ്പോള്‍ സ്വന്തം മല്‍ബിയും പറഞ്ഞുതുടങ്ങി.
പരമാവധി അവിടെ പിടിച്ചു നില്‍ക്കണം. തിരിച്ചുവരാന്‍ തോന്നരുത്. വന്നാല്‍ വിലക്കയറ്റത്തില്‍ മുങ്ങിച്ചാകും.
അയാള്‍ പറഞ്ഞുനിര്‍ത്തി ദീര്‍ഘനിശ്വാസം വിട്ടപ്പോള്‍
മല്‍ബു വീണ്ടും മൗനത്തിലേക്ക് വീണു.
ഇത് ഇന്നലെ രാത്രി നടന്ന വാക്പയറ്റിന്റെ ബാക്കിയാണ്.
നാട്ടില്‍നിന്ന് വരുമ്പോള്‍ പോത്തിറച്ചി കൊണ്ടുവരാത്ത മല്‍ബുവിനെ ഫ്‌ളാറ്റിലെ എല്ലാവരും കൂടി തിന്നു കാരുന്നു. ഇഷ്ടംപോലെ പൂളയും ഏത്തപ്പഴവും കൊണ്ടുവന്നെങ്കിലും ബീഫെവിടെ എന്ന അവരുടെ ചോദ്യത്തിനു മുന്നില്‍ പകച്ചുപോയി മല്‍ബു.
പോത്തിറച്ചിയുടെ ദൂഷ്യങ്ങള്‍ പറഞ്ഞ് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.
താന്‍ കൊണ്ടുവന്നില്ല, കൊണ്ടുവരാന്‍ പറ്റിയില്ല എന്നു പറഞ്ഞാല്‍ മതി. അല്ലാതെ പോത്തിന്റെ ദൂഷ്യങ്ങളൊന്നും വിളമ്പണ്ട.
താന്‍ ഒരാളല്ലല്ലോ, നാട്ടില്‍നിന്ന് ബീഫ് കൊണ്ടുവരുന്നത്.
ഓരോ വിമാനത്തിലും ചുരുങ്ങിയത് 250 പേരെങ്കിലും പോത്തിറച്ചി കൊണ്ടുവരും. ഒരാള്‍ പത്തുകിലോ വെച്ച് കൂട്ടിയാല്‍ പല പല വിമാനങ്ങളിലായി ഓരോ ദിവസവും യാത്രക്കാരോടൊപ്പം എത്ര പോത്തുകളാണ് വിമാനം കയറുന്നത്? കൂട്ടിനോക്കിക്കേ.
ഈ കണക്കാണ് വിവരമില്ലാത്ത പോത്തുകളെന്ന ആത്മഗതത്തിലേക്ക് പാവം മല്‍ബുവിനെ നയിച്ചത്.





November 20, 2011

വിഭ്രാന്തിയുടെ അനന്തരം




ചിന്താഭാരം നിമിത്തം മല്‍ബു തീര്‍ത്തും അവശനായിരുന്നു.
ഇറങ്ങുന്നില്ലേയെന്ന് ഡ്രൈവര്‍ ചോദിച്ചപ്പോഴാണ് ഫഌറ്റിനു മുന്നിലെത്തിയ കാര്യം പോലുമറിഞ്ഞത്. 

ഒരു തളര്‍ച്ച. കുറച്ചുനേരം കൂടി അങ്ങനെ ഇരുന്നുപോയി.
ലഗേജ് പുറത്തെടുത്ത് വെച്ച് ടാക്‌സി ഡ്രൈവര്‍  അയാളുടെ ജോലി പൂര്‍ത്തിയാക്കി.
എന്തുപറ്റി? ഇറങ്ങാന്‍ തോന്നുന്നില്ലേ?
സാരമില്ല, ഒന്നുരണ്ടു ദിവസംകൊണ്ടറ ശരിയായിക്കോളും- ഡ്രൈവര്‍ ആശ്വസിപ്പിച്ചു.
എയര്‍പോര്‍ട്ടില്‍നിന്നുള്ള യാത്രക്കിടയില്‍, കുടുംബത്തെ നാട്ടില്‍ നിര്‍ത്തിയാണ് മടങ്ങിയതെന്ന് സൂചിപ്പിച്ചുവെങ്കിലും അതു വെറും രണ്ടു മാസത്തേക്ക് മാത്രമാണെന്ന് പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ  അയാളുടെ മറുപടി ത്വാത്വികവും "നിതാഖാത്ത് പര' വുമായിരുന്നു.
 

കുറേക്കാലം കുടുംബത്തെ കൂടെ നിര്‍ത്തിയവര്‍ക്ക് തനിച്ചുള്ള പ്രവാസം ഇത്തിരി കഠിനമായിരിക്കും. ആദ്യമേ തന്നെ ഒറ്റക്കാണെങ്കില്‍ പിന്നെ വണ്ടി അങ്ങനെ ഓടിക്കോളും.
 

നിതാഖാത്താണോ ഫാമിലിയെ നാട്ടില്‍ നിര്‍ത്താന്‍ കാരണം? കമ്പനി ചുകപ്പിലാണോ? കുറേ പേര്‍ക്ക് ജോലി പോകുന്നുണ്ടോ?
25 വര്‍ഷമായി ടാക്‌സി ഓടിക്കുകയും തനിച്ച് താമസിക്കുകയും ചെയ്യുന്ന ഡ്രൈവര്‍ മല്‍ബു ചോദ്യശരങ്ങള്‍ എയ്തുവെങ്കിലും ഉത്തരങ്ങള്‍ കനപ്പിച്ചും അല്ലാതെയും മൂളലിലൊതുക്കി.
 

ആഴ്ചയില്‍ ഒന്നുവീതം എട്ട് ബ്രോസ്റ്റ് കഴിക്കുമ്പോഴേക്കും മല്‍ബിയും കുട്ടികളും ഇങ്ങെത്തുമെന്ന് പറഞ്ഞ് അയാളുടെ ചോദ്യങ്ങളുടെ ഒഴുക്ക് തടയാനും പോയില്ല.
 

ലഗേജ് വലിച്ച് സ്‌റ്റെപ്പുകള്‍ കയറി ലിഫ്റ്റില്‍ തള്ളിയശേഷം മൂന്നാം നിലയിലേക്ക് കോണിപ്പടികള്‍ ചവിട്ടിക്കയറി. ലഗേജ് നിറഞ്ഞ് സ്ഥലമില്ലാത്തതുകൊണ്ടല്ല മല്‍ബു ലിഫ്റ്റില്‍ കയറാതിരുന്നത്. അതങ്ങനെയാണ്.
വ്യായാമത്തിന്റെ ഭാഗമെന്ന് മറ്റുള്ളവരും പേടിയാണ് കാരണമെന്ന് മല്‍ബുവിന് മാത്രവും അറിയാവുന്ന ഒരു ശീലം.
ജീവിതത്തില്‍ ഒരിക്കല്‍ ലിഫ്റ്റില്‍ കുടുങ്ങിനോക്കണം.
അപ്പോള്‍ കോണിപ്പടി കയറിയുള്ള വ്യായാമം താനേ ശീലമാകും.
 

കിതച്ചുകൊണ്ട് മൂന്നാം നിലയിലെത്തിയിട്ടും ലിഫ്റ്റ് എത്തിയിട്ടില്ല.
നോക്കണേ തളര്‍ന്ന മല്‍ബുവിന്റെ ഒരു സ്പീഡെന്ന് പറയാന്‍ വരട്ടെ. ലഗേജ് ലിഫ്റ്റിലേക്ക് തള്ളി ഡോര്‍ അടച്ചതല്ലാതെ മൂന്നിലേക്ക് പോകാന്‍ അതിനു നിര്‍ദേശം നല്‍കിയിരുന്നില്ലെന്ന കാര്യം അപ്പോഴാണ് ഓര്‍ത്തത്. 


വീണ്ടും താഴോട്ടിറങ്ങി അതുനിര്‍വഹിക്കാന്‍ അത്ര മണ്ടനല്ല മല്‍ബു. മുകളില്‍നിന്നുതന്നെ മൂന്നമര്‍ത്തിയുള്ള പ്രായശ്ചിത്തത്തില്‍ ലിഫ്റ്റ് അനുസരണയുള്ളവനായി.
 

പോയ ഉടനെ മുറികളൊക്കെ വൃത്തിയാക്കാന്‍ നല്ല പാടായിരിക്കുമെന്ന മല്‍ബിയുടെ വാക്കുകള്‍ ഓര്‍ത്തുകൊണ്ടാണ് ഫഌറ്റിന്റെ ഡോര്‍ തുറന്നത്. ട്യൂബിടാന്‍ സ്വിച്ച് തപ്പുന്നതിനിടയില്‍ ബെഡ് റൂമില്‍നിന്ന് ഫാനിന്റെ ഒച്ച കേള്‍ക്കുന്നു. ഒരു മാസം മുഴുവന്‍ ഈ ഫാന്‍ കറങ്ങിയോ എന്ന് മല്‍ബിയെ ശപിക്കുമ്പോഴാണ് പാതി തുറന്നു കിടക്കുന്ന ബെഡ് റൂമിലെ ലൈറ്റും ഓഫ് ചെയ്തിട്ടില്ലെന്ന് കണ്ടത്.
 

ലൈറ്റും ഫാനും ഒക്കെ ഓഫ് ചെയ്ത് താനാണല്ലോ ബെഡ് റൂം അടച്ചതെന്ന് മല്‍ബു ഓര്‍ത്തു.
കൈകാലുകളില്‍ ഒരു വിറയല്‍. കാല് മുന്നോട്ടു നീങ്ങുന്നില്ല.
 

ഒരുവിധം ഏന്തിവലിഞ്ഞ് പാതി തുറന്ന ഡോര്‍ തള്ളിയപ്പോള്‍ മല്‍ബു തീര്‍ത്തും ഐസായെന്നു പറഞ്ഞാല്‍ മതി.
കട്ടിലില്‍ പര്‍ദയണിഞ്ഞ് ഒരു സ്ത്രീ തല കുമ്പിട്ടിരിക്കുന്നു. ചരിഞ്ഞുള്ള ഇരിപ്പില്‍ മുഖം കാണാന്‍ വയ്യ. എന്നാലും രൂപം സ്വന്തം മല്‍ബിയുടേത് തന്നെ. ഡോര്‍ തള്ളിത്തുറന്നുവെങ്കിലും സ്ത്രീ തല ഉയര്‍ത്തിയിട്ടില്ല. അതേ ഇരിപ്പ്.
 

ഇതാണോ സാഹിത്യകാരന്മാരൊക്കെ പറയുന്ന വിഭ്രാന്തി? യാഥാര്‍ഥ്യമാകുന്ന സ്വപ്നങ്ങള്‍.
സ്വപ്‌നത്തിലല്ലെന്നും യഥാര്‍ഥ ലോകത്താണെന്നും ബോധ്യപ്പെട്ട മല്‍ബു ഉടന്‍ ചാടി പുറത്തിറങ്ങി ഫഌറ്റിന്റെ വാതില്‍ ലോക്ക് ചെയ്തു.
 

ഒരു മാസംമുമ്പ് ഭദ്രമായി അടച്ചിട്ട് പോയ ഫഌറ്റില്‍ ഒരു സ്ത്രീ കയറി ഇരിക്കയാണ്. അതും മല്‍ബിയുടെ അതേ രൂപത്തിലുള്ള ഒരു സ്ത്രീ. മല്‍ബിയെന്നു പറഞ്ഞാല്‍ മനസ്സിലാവില്ല. സൈഡീന്നു നോക്കുമ്പോള്‍ ഐശ്വര്യറായിയെ പോലുണ്ടെന്നാണ് സ്‌നേഹമുള്ളവര്‍ അവളോട് പറയാറുള്ളത്.
 

രൂപത്തെ കുറിച്ച് ചിന്തിക്കാനുള്ള സമയമല്ല. ഈ സാഹചര്യത്തില്‍ ആരെയും ആശ്രയിക്കുന്നതിനു മുമ്പ് കാണാനുള്ളത് ഫഌറ്റിന്റെ ചുമതലക്കാരനായ ഹാരിസിനെയാണ്.
ചാര്‍ജ് കഴിഞ്ഞതിനാല്‍ ഫോണ്‍ വിളിക്കാനും പറ്റുന്നില്ല. താഴേക്ക് ചാടിയിറങ്ങി അയാളുടെ വാതിലില്‍ മുട്ടിയെങ്കിലും തുറക്കുന്നില്ല. സമയം അര്‍ധ രാത്രിയായതിനല്‍ ഉറങ്ങിക്കാണുമെന്ന ധാരണയില്‍ വീണ്ടും വീണ്ടും മുട്ടി. മറുപടിയില്ല.
 

ഇനിയെന്തു ചെയ്യുമെന്നറിയാതെ നിന്നപ്പോഴാണ് ഒരു കാറു വന്നുനിന്നതും അതില്‍നിന്ന് ഹാരിസും ബ്രോസ്റ്റും കോളയും തൂക്കിപ്പിടിച്ചുകൊണ്ട് മറ്റൊരാളും ഇറങ്ങിയത്.
 

മല്‍ബുവിനെ കണ്ടതും ഹരിസ് പാഞ്ഞെത്തി കാതില്‍ പറഞ്ഞു.
മുകളില്‍ മുറിയിലുള്ളത് ഇയാളുടെ വൈഫാണ്. പുള്ളിക്കാരി ഉംറ വിസയില്‍ വന്ന് ഓവറാണ്. 


ഇവരുടെ ഫ്‌ളാറ്റിന്റെ ചുറ്റുവട്ടത്തൊക്കെ റെയ്ഡ് നടക്കുന്നതിനാല്‍ ഇന്ന് ഇവിടെ കൊണ്ടു വന്നാക്കിയതാണ്. നിങ്ങള്‍ വരാന്‍ രണ്ടു ദിവസം കൂടിയുണ്ടല്ലോ. പത്താം തീയതി മടങ്ങുമെന്നല്ലേ പറഞ്ഞിരുന്നത്.
ഒരു മാസത്തെ അവധിക്കു പോകുമ്പോള്‍ ഫ്‌ളാറ്റിന്റെ താക്കോല്‍ ഏല്‍പിക്കാന്‍ തോന്നിയ നിമിഷത്തെ ശപിക്കുന്നതിനിടയില്‍ ഹാരിസ് കൂടെ വന്നിറങ്ങിയ ആളുടെ കാതിലും എന്തോ മന്ത്രിച്ചു.
 

പിന്നെ അഞ്ച് മിനിറ്റിനകം മല്‍ബുവിന് വിഭ്രാന്തി സമ്മാനിച്ച കഥാപാത്രത്തെയും കൊണ്ട് ആഗതന്‍ യാത്രയായി. ഒന്നു കൊടുക്കാന്‍ തോന്നിയെങ്കിലും ഹാരിസിനെ കടുപ്പിച്ചൊന്നു നോക്കുക മാത്രം ചെയ്ത് മല്‍ബു ഫ്‌ളാറ്റിലേക്കും. 

November 13, 2011

വളണ്ടിയര്‍ വിത്തൗട്ട് ബാഡ്ജ്


നാട്ടില്‍നിന്ന് വിളിയോട് വിളിയായിരുന്നു. ഹജ് കര്‍മത്തിനായി മിനായിലെത്തിയ ഹമീദ്ക്കാനെ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നത് ഒരു പാക്കിസ്ഥാനി. അതും ഇതും പറഞ്ഞ് ഫോണ്‍ വെക്കുകയും ചെയ്യുന്നു.

ഹിന്ദിയും ഉര്‍ദുവുമൊക്കെ അറിയാവുന്ന മകന്‍ ഹൈദറാണ് വീണ്ടും വീണ്ടും വിളിച്ചുനോക്കുന്നത്.
പക്ഷേ എന്തു ചെയ്യാം, ആ പാക്കിസ്ഥാനി പറയുന്ന ഉര്‍ദു ഈ ഹിന്ദിക്കു തിരിയുന്നില്ല.
അവസാനം സ്കൂളിലെ ഉര്‍ദു മാഷെ കൊണ്ടു വിളിപ്പിച്ചുനോക്കി. അപ്പോഴാണ് അങ്ങേത്തലക്കല്‍ ഉര്‍ദുവല്ല, പകരം പഷ്തുവാണെന്നു മനസ്സിലായത്. അതുണ്ടോ ഉര്‍ദു മാഷ്ക്കു തിരിയുന്നു.

അങ്ങനെ രണ്ടു ദിവസം അറിയാത്ത ഭാഷ കേട്ടുകേട്ട് മടുത്തു. ഒടുവില്‍ ആ ഭാഷയും കേള്‍ക്കാന്‍ അവസരമില്ലാതായി.
ഫോണ്‍  ചത്തതിനു ശേഷമാണ് ഹൈദര്‍ മല്‍ബുവിനെ വിളിച്ചത്.
ബാപ്പയുടെ ഫോണ്‍ കളഞ്ഞുപോയതായിരിക്കുമെന്നും കിട്ടിയതു പാക്കിസ്ഥാനിക്കായിരിക്കുമെന്നും പറഞ്ഞ്
ആശ്വസിപ്പിച്ചു.
ബാപ്പയെ ഒന്ന് അന്വേഷിച്ചുനോക്കണമെന്ന് അഭ്യര്‍ഥന.
കൂടെ വരണമെന്നു കരുതിയതായിരുന്നു. പിന്നെ ബിസിനസ് തിരക്കിന്റെ സമയമായതിനാല്‍ വേണ്ടെന്നു വെച്ചു. രണ്ടു മൂന്ന് തവണ വന്നതാണ്. ഇനി അടുത്ത തവണ എന്തായാലും വരണം.

85 വയസ്സാണ് ഹമീദ്ക്കാക്ക്.
നാട്ടിലെ പ്രമാണിയാണ്. കൂടെ ആരുമില്ലാതെ ഹജിന് വിട്ടിരിക്കയാണ്. അതിനു ന്യായീകരണവുമുണ്ട്.
എന്തിനാ കൂടെ ആള്?
അവിടെ നൂറുക്കണക്കിനല്ലേ വളണ്ടിയര്‍മാര്‍?

പത്രത്തിലും ടി.വിയിലും വളണ്ടിയര്‍മാരുടെ വാര്‍ത്തകള്‍ കാണുമ്പോള്‍ ഹൈദര്‍ ആശ്വസിക്കും. കൂടെ പോരാനൊത്തില്ലെങ്കിലും ബാപ്പയുടെ കാര്യങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടിക്കാരുടെ വളണ്ടിയര്‍ സംഘത്തെ മാത്രമല്ല, എതിരാളികളുടെ വളണ്ടിയര്‍ സംഘത്തെയും വിളിച്ചേല്‍പിച്ചിരുന്നു.

ഇതാ ഹമീദ്ക്ക ഇക്കുറി വരുന്നുണ്ടൂട്ടോ. ഒന്ന് ശ്രദ്ധിച്ചോണേ.

ഒന്നും പേടിക്കേണ്ട, അതിനല്ലേ ഞങ്ങളൊക്കെ ഇവിടെ എന്നായിരുന്നു വളണ്ടിയര്‍മാരുടെ മറുപടി. പക്ഷേ, മിനായിലെത്തിയ ഹമീദ്ക്കാനെ ഒരു വളണ്ടിയര്‍ പോലും അന്വേഷിച്ചില്ലെന്ന് ഹൈദറിനു പരാതി.

ലക്ഷക്കണക്കിനു ആളുകളല്ലേ ഹൈദറേ. നിങ്ങളെപ്പോലെ എത്രയെത്ര പേര്‍ ഇങ്ങനെ വളണ്ടിയര്‍മാരെ വിളിച്ച് സ്വന്തക്കാരെ നോക്കാനേല്‍പിക്കുന്നുണ്ടാകും. അപ്പോള്‍ ബില്‍ഡിംഗ് നമ്പരും ഹാജി നമ്പരുമൊക്കെ എഴുതിവെക്കും. പിന്നെ ആ കടലാസ് കാണാതാകും. അല്ലെങ്കില്‍ ഇങ്ങനെയൊരു കാര്യം തന്നെ മറന്നു പോകും.

പാര്‍ട്ടിക്കാര്‍ക്ക് പിരിവുമതിയെന്ന്  പറഞ്ഞു രോഷാകുലനായ ഹൈദറിനെ വീണ്ടും ആശ്വസിപ്പിച്ചു.

ഏതായാലും വിളിച്ചു പറഞ്ഞ സ്ഥിതിക്ക് നാട്ടുകാരനായ മല്‍ബു പലരേയും വിളിച്ചുനോക്കി. കിട്ടിയ അടയാളങ്ങളൊക്കെ നല്‍കിയെങ്കിലും ആളെ കണ്ടെത്താനായില്ല. അസുഖം വല്ലതും ബാധിച്ച് ആശുപത്രിയിലായോ എന്നായി പിന്നീട് ആധി.
ഹൈദര്‍ വിളി തുടര്‍ന്നുകൊണ്ടേയിരുന്നു.

മല്‍ബുവിനു നാട്ടുകാരനാണെങ്കിലും ഹൈദറിനു ബാപ്പയാണല്ലോ. വയസ്സായ ബാപ്പയുടെ കൂടെ പോരേണ്ടതായിരുന്നു എന്ന കുറ്റബോധം അയാളെ വല്ലാതെ അലട്ടുന്നുവെന്നും തോന്നി. മണിക്കൂര്‍ ഇടവിട്ട് വിളിക്കും. എന്തെങ്കിലും വിവരം കിട്ടിയോ എന്നറിയാന്‍.

അങ്ങനെയാണ് മല്‍ബു നേരിട്ട് തെരയാന്‍ പോയത്.
മിനായില്‍ പല ബാഡ്ജുകള്‍ അണിഞ്ഞ സന്നദ്ധ സേവകരുണ്ട്. എങ്ങോട്ടു തിരിഞ്ഞാലും ഒരു മലയാളി വളണ്ടിയറെ കാണാം. മലയാളികള്‍ മാത്രമേയുള്ളൂ ലക്ഷങ്ങള്‍ വരുന്ന തീര്‍ഥാടകര്‍ക്കിടയില്‍ സന്നദ്ധസേവകരായി. ഒറ്റ ബാഡ്ജില്‍ ഒരുമയോടെ ഇറങ്ങിയിരുന്നവര്‍ ഇപ്പോള്‍ വെവ്വേറെ ബാഡ്ജുകളിലായപ്പോള്‍ സേവനത്തില്‍ വീറും വാശിയും വര്‍ധിച്ചു. ഹാജിമാരുടെ ഭാഗ്യം.

ഹാജി അല്ലാത്തതുകൊണ്ടോ എന്തോ വഴി ചോദിച്ച മല്‍ബുവിനെ വളണ്ടിയര്‍മാര്‍ ആദ്യമൊന്നും ഗൗനിച്ചില്ല. ചിലര്‍ ദൂരെ ടെന്റ് ചൂണ്ടിക്കാട്ടി അവരുടെ പാട്ടിനുപോയി.

ബാഡ്ജ് കാണിക്കാനും സ്വയം പരിചയപ്പെടുത്താനും എല്ലാവര്‍ക്കും താല്‍പര്യം. പിന്നെ സേവനങ്ങള്‍ എണ്ണിപ്പറയാനും.
ഹമീദ്ക്കാനെ തെരഞ്ഞ് തളര്‍ന്ന മല്‍ബു ഒരിടത്തിരുന്നപ്പോള്‍ പല ബാഡ്ജുകളിലുള്ള വളണ്ടിയര്‍മാര്‍ ഓടിയെത്തി. ആദ്യമെത്തിയവര്‍ സ്വന്തമാക്കിയ മല്‍ബുവിനെ ഭൂപടം നോക്കി ഹമീദ്ക്കായുടെ ടെന്റിലെത്തിച്ചു. മറ്റുള്ളവര്‍ സേവനത്തിനുള്ള അവസരം നഷ്ടപ്പെട്ടതില്‍ നിരാശരായി മടങ്ങി.

ടെന്റിലെത്തിയപ്പോഴാണ് കൊണ്ടുവന്നത് ഹാജിയെയല്ല, ബാഡ്‌ജൊന്നുമില്ലാതെ സേവനത്തിനിറങ്ങിയ മല്‍ബുവിനെയാണെന്ന് വളണ്ടിയര്‍മാര്‍ക്ക് മനസ്സിലായത്.

വിവരം അറിയാതെ നാട്ടിലുള്ളവര്‍ കുഴങ്ങുന്ന കാര്യം പറഞ്ഞപ്പോള്‍ ഹമീദ്ക്കയുടെ മറുപടി.
വിളിക്കുന്ന കുന്ത്രാണ്ടം കളഞ്ഞുപോയി. ഇനിയിപ്പോ എല്ലാം കഴിഞ്ഞിട്ട് എങ്ങനേലും വിളിക്കാനാ തീരുമാനം. 
പിന്നെ മോനേല്‍പിച്ച വളണ്ടിയര്‍മാരുണ്ടല്ലോ. അവരെ വിളിച്ചു ചോദിക്കട്ടെ.

മോനോടാണോ വളണ്ടിയര്‍മാരാടോണോ ഹമീദ്ക്കയുടെ ദേഷ്യമെന്നൊന്നും ചോദിക്കാന്‍ പോയില്ല. ഹൈദറിനെ വിളിച്ച് ബാപ്പ ഹാജരുണ്ടെന്ന വിവരം മാത്രം നല്‍കി.


Related Posts Plugin for WordPress, Blogger...