Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

October 30, 2011

കറുത്ത സുരേഷ് ഗോപി


അധികമൊന്നും കാത്തുനില്‍ക്കേണ്ടി വന്നില്ല. കുതിച്ചുവന്ന ബസ് ബ്രേക്കിട്ടു. ഫുട്പാത്തില്‍ കയറിയില്ലെന്നേയുള്ളൂ.
മല്‍ബു ഏന്തിവലിഞ്ഞു നോക്കി. ഡ്രൈവറല്ലാതെ മറ്റാരുമില്ല.  


ഡ്രൈവര്‍ കയറൂ എന്ന് ആംഗ്യം കാണിക്കുന്നുണ്ടെങ്കിലും മല്‍ബു പണ്ടത്തെ നവ വധുവിനെ പോലെ നോട്ടം ഭൂമിയിലോട്ടാക്കി. നമ്രമുഖന്‍.

കൈനീട്ടിയല്ല ബസ് നിര്‍ത്തിയതെങ്കിലും ആംഗ്യം മതിയാക്കി ഇപ്പോള്‍ അയാള്‍ ശബ്ദമുണ്ടാക്കിത്തുടങ്ങി. ഹയവാന്‍ എന്ന വാക്കില്‍ ഒരു വാചകം അവസാനിപ്പിച്ചപ്പോള്‍ ഒളികണ്ണിട്ടു നോക്കി. 

നോട്ടത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടുതന്നെ ഒരുകാല്‍ നീട്ടിവെച്ച് ഓടാനുള്ള തയാറെടുപ്പും നടത്തി. കാരണം അയാള്‍ കറുത്ത സുരേഷ് ഗോപിയാണെങ്കില്‍ ഓടി രക്ഷപ്പെട്ടേ മതിയാകൂ. പക്ഷേ ഇതു വെളുത്തു തുടുത്തൊരു ഇന്ദ്രന്‍സ്.

കേട്ടതു തെറിയാണ്. എന്നാലും കേള്‍ക്കാനൊരു സുഖം. വിളിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും  ഉചിതമായ ഏതു ജന്തുവിന്റെയും പേരു ചേര്‍ക്കാം. ബുദ്ധിയുള്ള ഒരു ഹയവാനാണല്ലോ മനുഷ്യനും.
 

സാരമില്ല ഈ തെറി.
കഠിനാധ്വാനം ചെയ്ത് ഒറ്റക്കു സിനിമ പിടിച്ച മലയാളത്തിന്റെ വാഗ്ദാനം സന്തോഷ് പണ്ഡിറ്റിന് ഒരു സംഘം ചെറുപ്പക്കാര്‍ ഫോണിലൂടെ നല്‍കുന്ന തെറി വെച്ചുനോക്കുമ്പോള്‍ ഇതൊക്കെ എന്തു തെറി.  പ്രിയപ്പെട്ടവനേ എന്നു തോന്നുകയില്ലേ കേട്ടാല്‍. എണ്ണ മാത്രമല്ല, ഇവിടെ തെറിയും സംസ്കരിക്കപ്പെടുന്നുണ്ട്.

ആംഗ്യവും തെറിയുമൊക്കെ നിര്‍ത്തി. വെളുത്ത ഇന്ദ്രന്‍സ് ബസെടുത്തു. ഫുട്പാത്തില്‍ കയറ്റി ഭയപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.
 

ഏതു തിട്ടമേല്‍ കയറ്റാനും എങ്ങനേയും പോകാനും അധികാരമുള്ള ബസ് ആണിത്. രണ്ട് ഒറ്റനോട്ടുകള്‍ ചുരുട്ടി നിക്ഷേപിക്കാനുള്ള ഭണ്ഡാരമോ എ.സിയോ ഇല്ലാത്ത ചിന്ന ബസ്. ഇത്തിരി കാറ്റ് കിട്ടാന്‍ പഴഞ്ചന്‍ ബസിന്റെ ഗ്ലാസ് പോലും നീക്കാനാവില്ല. കണ്ടക്ടറോ ക്ലീനറോ ഇല്ല. കൂലി യാത്രക്കാര്‍ തന്നെ കൈമാറി കൈമാറിയാണ് ഡ്രൈവറുടെ കൈയില്‍ എത്തിക്കുക.
ബസ് കാത്തുനിന്ന മല്‍ബു, ബസ് നിര്‍ത്തി ഡ്രൈവര്‍ അഹ്‌ലന്‍ പറഞ്ഞിട്ടും എന്തുകൊണ്ട് കയറിയില്ല? അതൊരു കഥയാണ്.
റോഡരികില്‍ കാത്തുനില്‍ക്കുന്നവരെ കാറില്‍ കയറ്റിക്കൊണ്ടുപോയി പണം കവരുന്നവരുണ്ട്. കാറില്‍ നേരത്തെ തന്നെ നിലയുറപ്പിച്ചവരുടെ സഹായത്തോടെയായിരിക്കും ഇത്.  ചിലപ്പോള്‍ നൂറിന്റെയോ അഞ്ഞൂറിന്റെയോ നോട്ട് കാറിലിട്ട് യാത്രക്കാരന്റെ പഴ്‌സ് പുറത്തെടുപ്പിക്കുന്ന തന്ത്രമാകാം. അല്ലെങ്കില്‍ വിജനമായ പ്രദേശത്തു കൊണ്ടുപോയി കഴുത്തില്‍ മുണ്ട് മുറുക്കിയുള്ള അതിക്രമത്തിലൂടെയാകാം.
ഇതൊക്കെ അറിയാവുന്ന മല്‍ബു ഇരുട്ടിയ നേരത്തു വന്നുനിന്ന് ക്ഷണിച്ച ഒന്നു രണ്ടു കാറുകളില്‍ കയറിയില്ല.
ഒടുവില്‍ എത്തിച്ചേര്‍ന്ന ബസിലെ ഡ്രൈവറെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സുരേഷ് ഗോപിയെ പോലൊരാള്‍. നിറം അത്ര വരില്ല. കറുത്ത സുരേഷ് ഗോപിയെന്നു പറയാം.
നിര്‍ത്തിയും വേഗം കൂട്ടിയും നീങ്ങിയ ബസില്‍നിന്ന് യാത്രക്കാരൊക്കെ ഇറങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ ഡ്രൈവര്‍ക്ക് കൂട്ടായി മല്‍ബു മാത്രം. മല്‍ബുവിന് കൂട്ടായി ഇത്തിരി കൂടുതല്‍ ഹൃദയമിടിപ്പും.
മല്‍ബുവിനെ തൊട്ടടുത്ത സീറ്റിലേക്ക് വിളിച്ച് കുശലം പറഞ്ഞു തുടങ്ങി. അറബി വശമില്ലാത്തതിനാല്‍ തലയാട്ടുകയും ഐവ പറയുകയും ചെയ്തു. മുകളിലുള്ളവന്‍ ദയാപരനാണെന്നും ഇനിയും ആളുകള്‍ കയറുമെന്നും അയാള്‍ പറഞ്ഞത് ആംഗ്യഭാഷ കൂടി ഉപയോഗിച്ചായതിനാല്‍ പിടികിട്ടി.
 

പ്രവാസിയെ പോലെ തന്നെ,
പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല
മല്‍ബുവിന്റെ മനസ്സിലേക്ക് കവിതയുടെ റീ എന്‍ട്രി.
കവിതയുടെ പേറ്റുനോവിനിടെ പൊടുന്നനെ ബസ് ~അതിവേഗത്തില്‍ ഒരു ഇടറോഡിലേക്ക് കയറ്റി. തൊട്ടടുത്ത നിമിഷം ബസ് നിര്‍ത്തി ഡ്രൈവര്‍ മല്‍ബുവിനുമേല്‍ പാഞ്ഞുവീണു. ഉള്ളതെല്ലാം പുറത്തെടുക്കാന്‍ പറഞ്ഞതോടൊപ്പം അരയില്‍നിന്ന് ഒരു കഠാര വലിച്ചൂരി. ഇപ്പോള്‍ കഠാര കഴുത്തിനു നേരെ, അയാളുടെ മറു കൈ മല്‍ബുവിന്റെ പോക്കറ്റിലും. ഒന്നനങ്ങിയാല്‍ കത്തി കഴുത്തില്‍ തറക്കും.
 

ബുദ്ധി പ്രവര്‍ത്തിച്ചതോ യാദൃച്ഛികമായി സംഭവിച്ചതോയെന്നു നിശ്ചയമില്ല. പോക്കറ്റ് അയാളുടെ കൈയിലേക്ക് കീറിപ്പോയതും മല്‍ബു ബസിനു പുറത്തേക്ക് ചാടിയതും ഒരു നിമിഷത്തില്‍.
വിജനമായ സ്ഥലത്ത് മല്‍ബു ജീവനുംകൊണ്ട് പാഞ്ഞു. 


അധികൃതര്‍ പിടിക്കാന്‍ വരുമ്പോള്‍ അനധികൃത താമസക്കാര്‍ പച്ചക്കറി വണ്ടി ഉപേക്ഷിച്ച് ഓടുന്നതുപോലെയല്ല. ഇതു ജീവനും കൊണ്ടുള്ള ഓട്ടമാണ്. ആശുപത്രിയിലെത്തി മുറിവുകള്‍ കരിഞ്ഞെങ്കിലും ഇപ്പോഴും പാടുകള്‍ ബാക്കി.
 

ബസ് കാണുമ്പോള്‍ ഇപ്പോള്‍ ആ പാടുകളില്‍ തടവി മല്‍ബു ഒന്നറച്ചുനില്‍ക്കും. ആദ്യം നോക്കുക, ഡ്രൈവറുടെ സീറ്റില്‍ ആ കറുത്ത സുരേഷ് ഗോപിയാണോ എന്നാണ്. പിന്നെ ബസില്‍ എത്ര പേരുണ്ടെന്നും. കയറിക്കഴിഞ്ഞാല്‍ അതു കാലിയാക്കപ്പെടുന്നതിനു മുമ്പ് അവസാനത്തെ യാത്രക്കാരനോടൊപ്പം ഇറങ്ങും.

October 23, 2011

സൂപ്പര്‍ സേവര്‍


വിമാനം പോയി, ഇനി നാളെ വന്നോളൂ.
ഇല്ല സാര്‍, ഏഴ് യാത്രക്കാരുണ്ട്. വിമാനം പുറപ്പെടാന്‍ ഇനിയും സമയമുണ്ടല്ലോ? ഒന്ന് സഹായിക്കൂ, പ്ലീസ്.
കയ്യില്‍ വയര്‍ലെസ് പിടിച്ച ഓഫീസര്‍ സ്വരം കടുപ്പിക്കുന്നതുവരെ അറബി, ഇംഗ്ലീഷ് മിശ്രിതത്തില്‍ കെഞ്ചി നോക്കി.
ഏഴല്ല, 70 യാത്രക്കാരുണ്ടായിട്ടും കാര്യമില്ല. ഇതുവരെ നിങ്ങള്‍ എന്തെടുക്കാരുന്നു? സ്വരം കടുത്തുതുടങ്ങി.
എം.എല്‍.എ രാജേഷിനെ പോലെ പൊട്ടിക്കരയേണ്ട സന്ദര്‍ഭം. പരിവാരങ്ങളുടെ മുമ്പില്‍ എങ്ങനെ കരയും? കരഞ്ഞില്ലെങ്കിലും മുഖഭാവം രാജേഷിനു സമാനമായിരുന്നു. തനിച്ചായിരുന്നെങ്കില്‍ ഓഫീസറുടെ കരളലിയിപ്പിക്കുംവിധം കരഞ്ഞേനെ. ഒട്ടും സംശയമില്ല.
കൈയില്‍ കൊണ്ടുപോകാവുന്നതിന്റെ പരമാവധി ബാഗേജുമായി കുട്ടികളടങ്ങുന്ന സംഘം ഉദ്യോഗസ്ഥര്‍ ഹാജരുണ്ടായിരുന്ന എല്ലാ ഗേറ്റുകളിലും പരക്കം പാഞ്ഞു. ആ പാച്ചില്‍ കണ്ട് സമീപത്തെ കടയില്‍നിന്നിറങ്ങിവന്ന ഒരു മല്‍ബു മുഖപരിചയമുള്ള ഒരു ഓഫീസറോട് ശുപാര്‍ശ ചെയ്തു നോക്കി.
ഇനി രക്ഷയില്ല. വിമാനത്തിലേക്കുള്ള എല്ലാ ബസും പോയി. ഡോറും അടച്ചു കാണും.
പറയേണ്ട ആരേലും പറയാതെ ഇനി അതു തുറക്കില്ല. 
ആ സമയത്ത് എവിടെനിന്ന് ഒരു രക്ഷകന്‍ അവതരിക്കും?
കൈ നീട്ടിയിട്ടും നിര്‍ത്താതെ പോകുന്ന ബസിന്റെ പിറകില്‍ ഒരു ഉരുളന്‍ കല്ലെടുത്ത് എറിയാന്‍ തോന്നുകയെങ്കിലുമാകാം. ഇവിടെ ആ ചിന്തക്കുപോലും സ്‌കോപ്പില്ല.
എന്തിനാ വിഷമിക്കുന്നത്? മുകളില്‍ പോയി ടിക്കറ്റ് മാറ്റിയാല്‍ മതി. നാളെ പോകാം.
എല്ലാ വിമാനങ്ങളും ഫുള്‍ ആണെന്ന് അറിയാമായിരുന്നിട്ടും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനാണല്ലോ പറയുന്നത്, ബോര്‍ഡിംഗ് പാസെടുത്ത്, ഇമിഗ്രേഷനും കഴിഞ്ഞ ശേഷം വിമാനം മിസ്സായ സ്ഥിതിക്ക് എന്തേലും വഴി കാണുമെന്ന് കരുതി എയര്‍ലൈന്‍സ് ഓഫീസിലേക്ക് കുതിച്ചു.
ടോക്കണ്‍ എടുത്ത് കാത്തിരുന്ന് ഊഴമെത്തിയപ്പോള്‍ ബുക്കിംഗ് പോലും~ഒരു മാസം കഴിഞ്ഞു നോക്കിയാ മതീന്ന് മറുപടി.
ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കിയതാണ് സാര്‍. ലഗേജും പോയി. രാത്രി ഇവിടെ തന്നെ കഴിഞ്ഞോളാം. നാളേക്ക് എങ്ങനേലും ടിക്കറ്റ് ശരിയാക്കി തരണം.
എല്ലാ വാതിലുകളിലും മുട്ടണമെന്നാണല്ലോ.
മാനേജറെ കണ്ടപ്പോള്‍ ഇടിത്തീ പോലെ മറ്റൊരു മറുപടി.
ഏഴു ടിക്കറ്റും സൂപ്പര്‍ സേവറാണെന്നും അവ ഉപയോഗിച്ചതായി കണക്കാക്കുമെന്നും ഇനി ബുക്കിംഗ് വേണമെങ്കില്‍ പുതിയ ടിക്കറ്റെടുക്കണമെന്നും.
വെബ് സൈറ്റ് വഴി ലാഭത്തിലുള്ള ടിക്കറ്റെടുക്കാന്‍ തോന്നിയ നിമിഷത്തെ പഴിച്ചു.
എമിഗ്രേഷന്‍ കഴിഞ്ഞ് യഥാസമയം ലോഞ്ചിലെത്തിയിരുന്നുവെന്നും ബോര്‍ഡിഗ് പാസെടുത്ത യാത്രക്കാരെ ഒറ്റത്തവണ പോലും വിളിച്ചില്ലെന്നും പറഞ്ഞപ്പോള്‍, മറ്റു യാത്രക്കാരൊക്കെ എങ്ങനെ പോയി എന്നായിരുന്നു യുക്തിഭദ്രമായ മറുചോദ്യം.
രണ്ടാമത്തെ കുടുംബത്തിന്റെ എമിഗ്രേഷന്‍ അല്‍പം വൈകിയിരുന്നുവെങ്കിലും ബോര്‍ഡിംഗ് തുടങ്ങേണ്ട സമയത്തു തന്നെ ഗേറ്റില്‍ എത്തിയിരുന്നു.
ഗേറ്റ് ഓപ്പണ്‍ എന്നെഴുതി വെച്ചിരുന്നുവെങ്കിലും അവിടെ ബോര്‍ഡിംഗ് പാസ് കീറിയെടുത്ത് കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്യണ്ടേ ഓഫീസര്‍ ഉണ്ടായിരുന്നില്ല.
ബോര്‍ഡിംഗ് തുടങ്ങിക്കാണില്ലെന്ന നിഗമനത്തില്‍ കിട്ടിയ ഇരിപ്പിടത്തില്‍ കാത്തിരുന്ന് മിനിറ്റുകള്‍ക്ക് ശേഷം എന്തേ ഇതു തുടങ്ങുന്നില്ലെന്ന് അന്വേഷിച്ചപ്പോഴാണ് യാത്രക്കാരൊക്കെ ഇറങ്ങിയെന്നും വിമാനത്തിലേക്കുള്ള ബസ് പോയെന്നുമുള്ള മറുപടി ലഭിച്ചത്.
കറാച്ചി, കറാച്ചി എന്നു വിളിച്ചുകൊണ്ട് യാത്രക്കാര്‍ക്കായി തലങ്ങും വിലങ്ങും പാഞ്ഞ ജോലിക്കാരില്‍ ആരും ഏഴു യാത്രക്കാര്‍ മിസ്സായിട്ടും കാലിക്കറ്റെന്നോ കൊല്‍ക്കത്തയെന്നോ ഒരു തവണ പോലും ഉച്ചരിച്ചില്ല.
ടിക്കറ്റും ഇനി ഉപയോഗിക്കാനാവില്ലെന്ന സത്യത്തിനുപിന്നില്‍ എല്ലാം പോയെന്നു പിറുപിറുക്കുമ്പോഴും എമിഗ്രേഷന്‍ കാന്‍സല്‍ ചെയ്ത് എങ്ങനെ പുറത്തു കടക്കും, അങ്ങനെ പോയാല്‍ അടുത്ത യാത്രക്ക് വീണ്ടും റീ എന്‍ട്രി വേണ്ടിവരുമോ എന്നൊക്കെയായിരുന്നു ചിന്ത.
ടിക്കറ്റ് ശരിയാക്കി വന്നോളൂ. നാളെ ഇതേ റീഎന്‍ട്രിയില്‍ പോകാമെന്നു പറഞ്ഞ് ചെറുപ്പക്കാരനായ ഒരു പാസ്‌പോര്‍ട്ട് ഓഫീസര്‍ ബാക്കി കാര്യങ്ങള്‍ ചെയ്തുതന്നു. ആശ്വസിപ്പിക്കാന്‍ കൂട്ടത്തില്‍ അങ്ങനെയും ചിലര്‍.
ആളില്ലാ ലഗേജ് അയക്കുന്നത് ചട്ട വിരുദ്ധമായിട്ടും യഥാസമയം കോഴിക്കോട്ട് എത്തിയ ലഗേജ് അവിടെതന്നെ വെക്കാന്‍ സന്ദേശമയച്ചു.
പുലര്‍ച്ചയോടെ വീടണഞ്ഞ ശേഷം അടുത്ത ഏതെങ്കിലും വിമാനത്തില്‍ ടിക്കറ്റ് തേടിയുള്ള നെട്ടോട്ടം. രണ്ടാഴ്ചത്തേക്ക് നോക്കേണ്ട. വിമാന കമ്പനികളുടെ സൈറ്റുകളില്‍ തെരഞ്ഞും ഫോണ്‍വിളിച്ചും ആ ദിവസം അവസാനിക്കാറായപ്പോള്‍ സൂപ്പര്‍ സേവറായി ഒരു മല്‍ബു അവതരിച്ചു. ഫോണിനു വിശ്രമമില്ലാതെ വായും കൈയും ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു മല്‍ബു. ജോലി വിമാനത്തിലല്ലെങ്കിലും വിമാന സര്‍വീസുകളെ കുറിച്ചെല്ലാം അറിയുന്ന ഒരാള്‍.
നഷ്ടപ്പെട്ടെന്ന് കരുതിയ അതേ സൂപ്പര്‍ സേവര്‍ ടിക്കറ്റിന് രക്ഷകന്‍ മല്‍ബു ജീവന്‍ വെപ്പിച്ചു.  പോക്കറ്റില്‍നിന്ന് 500 റിയാല്‍ വീതം ടിക്കറ്റൊന്നിനു ടിയാന്റെ പോക്കറ്റിലേക്ക് പറന്നുവെങ്കിലും അത്ഭുതമായിരുന്നു ആ രക്ഷകന്റെ കരുനീക്കങ്ങള്‍.
വരാനുള്ളത് വഴിയില്‍ തങ്ങില്ലെന്നും ഏതെങ്കിലും വിപത്തില്‍നിന്ന് മുകളിലുള്ളവന്‍ രക്ഷിച്ചതാകാമെന്നും സൂപ്പര്‍ സേവര്‍ പറയുമ്പോള്‍ കടം വാങ്ങിയതാണെന്ന കാര്യമൊക്കെ മറന്ന് ആ അഞ്ഞൂറിന്റെ നോട്ടുകള്‍ പോക്കറ്റില്‍ കിടന്നു പുഞ്ചിരിച്ചു.


എന്നാലും മല്‍ബു അതെങ്ങനെ സാധിച്ചുവെന്നോര്‍ത്ത് തല പുണ്ണാക്കുന്നവര്‍ക്ക് ഒരു ചെറിയ സൂചന. ബന്ധങ്ങള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്താന്‍ പഠിക്കണം. പക്ഷേ, അതു ചിലര്‍ക്കു മാത്രമേ കഴിയൂ എന്ന കാര്യവും വിസ്മരിക്കരുത്.


October 16, 2011

മൂന്നാം കണ്ണിലെ കരട്


പണി പോയാ പോയതു തന്നാ. 
സ്വദേശികള്‍ക്ക് പണി കണ്ടെത്താന്‍ അടവുകള്‍ പലതും പയറ്റുന്ന ഇക്കാലത്ത് വിശേഷിച്ചും. 
പണിയെടുപ്പിച്ചില്ലേലും പേരിനൊരു സ്വദേശിയെ വെക്കാതെ എവിടെയും തരമില്ലാതായിട്ടുണ്ട്.  കിട്ടിയ പണി കണ്ണിലെ കൃഷ്ണമണിപോലെ കാക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ല.
 

പക്ഷേ, മല്‍ബുവിന് പണിപോയതൊരു കഥയാണ്.
അനാദിക്കടയില്‍ പണിക്ക് നില്‍ക്കാനൊന്നും വന്നതല്ല മല്‍ബു.
പക്ഷേ, അതായിരുന്നു നിയോഗം.
 

വലിയ പ്രമാണിയുടെ മകന്‍. നാട്ടില്‍ ഇത്തിരി രാഷ്ട്രീയമൊക്കെ പയറ്റിത്തുടങ്ങിയ കാലം. പിതാവ് മുഴുവന്‍ പണവും മുതലിറക്കി തുടങ്ങിക്കൊടുത്ത ലോഡ്ജ് പൊളിഞ്ഞുപാളീസായി. അതുകൊണ്ടു മാത്രം വിമാനം കയറിയെന്നു പറയാന്‍ പറ്റില്ല. ഭൂമി കുലുങ്ങിയാണ് ലോഡ്ജ് പൊട്ടിപ്പൊളിഞ്ഞതെങ്കില്‍ ഈ ഗതി വരുമായിരുന്നില്ല. 
നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്തത്രയും പേരുദോഷം ലോഡ്ജ് വരുത്തിവെച്ചു. ലോഡ്ജ് പൂട്ടിയ ദിവസം തന്നെ ഒരു വിസ തരപ്പെടുത്തി കഥാനായകനെ ഗള്‍ഫിലേക്കയക്കാന്‍ എക്‌സ് പ്രവാസിയായ പിതാവ് നിര്‍ബന്ധിതനായി. 


അതൊരു രാഷ്ട്രീയ വൈരാഗ്യത്തിന്റെ കഥയാണെന്ന് മല്‍ബു പറയുമെങ്കിലും വിശ്വസിക്കാന്‍ ആളെ കിട്ടിയില്ല. പിതാവിനെ പോലും.
ലോഡ്ജ് റെയ്ഡില്‍  പോലീസ് പിടിയിലായ ഒരു നാരീജനം പറഞ്ഞത് മല്‍ബുവിന്റെ പേര്. അതിലൂടെ തകര്‍ന്നത് ലോഡ്ജിന്റെ പേരു മാത്രമല്ല, കുടുംബ മഹിമ കൂടിയായിരുന്നു. തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഒപ്പിച്ച വേലയായിരുന്നു അതെന്ന് മല്‍ബു തറപ്പിച്ചു പറയുന്നു.
 

ഗള്‍ഫിലെ അനാദിക്കടയിലെ ജോലിക്ക് ഇതൊക്കെ ഒരു തടസ്സമാണോ. 
അല്ലേയല്ല. പ്രവാസ ജീവിതം തുടങ്ങിയിട്ട് എത്രവര്‍ഷമായി എന്നു പോലും മറന്നുപോകുന്ന മല്‍ബുകള്‍ക്ക് എന്തു ജീവചരിത്രം.
 

അടുത്ത കാലംവരെ  സത്യസന്ധന്മാരെ തേടി കടക്കാര്‍ അലഞ്ഞിരുന്നു. ഇപ്പോഴാകട്ടെ സത്യസന്ധരല്ലാത്തവരെ പോലും കടയിലെ പണിക്ക് കിട്ടാനില്ല. 12 മണിക്കൂറോളം ജോലിക്കിടയില്‍ ഫ്‌ളാറ്റുകളില്‍ സാധനങ്ങള്‍ എത്തിക്കുന്നതിന് ഏണിപ്പടികള്‍ കയറി തളരാന്‍ ആരെ കിട്ടും. അതിനുമാത്രം ഉലുവാ കൊടുക്കുന്നുമില്ല. 

സത്യസന്ധത ഇപ്പോള്‍ ഒരു ഗുണമേ അല്ല. അതൊരു ഉപാധിയാക്കേണ്ടതുമില്ല. പണം മേശയില്‍ തന്നെ വീഴുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഉടമകള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ആസ്ത്മയുടെ കാലം അസ്തമിച്ചു. മേശയിലിടാതെ പണിക്കാര്‍ സ്വന്തം പോക്കറ്റിലേക്ക് പണം വലിക്കുന്നതാണ് വലിവ് അഥവാ ആസ്ത്മ. ഇപ്പോള്‍ പണിക്കാരെയാക്കി കടക്കാരന് മുറിയില്‍ സമാധാനത്തോടെ വിശ്രമിക്കാം. അവിടത്തെ ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് മുന്നിലെത്തിക്കാന്‍ ക്യാമറ റെഡി. ഏതു ദിവസത്തെ ചലനങ്ങളും സസൂക്ഷ്മം വീക്ഷിക്കാം. വീണ്ടും വീണ്ടും നോക്കാം.
 

മല്‍ബുവിന് ജോലി ലഭിച്ചതൊരു പഴഞ്ചന്‍ കടയിലായിരുന്നു. മൂന്നാം കണ്ണില്ലാതെ ഉടമ തന്നെ കണ്ണു തുറന്നുവെച്ച ഒരു കട. മല്‍ബുവിന് മുതലാളിയേയും മുതലാളിക്ക് മല്‍ബുവിനേയും വിശ്വാസത്തിലായി ജീവിതകഥ തുടരുകയായിരുന്നു.
മല്‍ബു ഒരു കോട്ടവും വരുത്തിയില്ല. വിശ്വാസമല്ലേ എല്ലാം.
 

ഒരു ദിവസം മുതലാളി മല്‍ബുവിനൊരു കഥ പറഞ്ഞുകൊടുത്തു.
അനാദിക്കടയില്‍ വിശ്വസ്തനായൊരു മല്‍ബുവിനെ അറബി പണിക്കുവെച്ചു. രാവും പകലും പണി. രാത്രിയായാല്‍ മല്‍ബു പണമൊക്കെ എണ്ണിത്തിട്ടപ്പെടുത്തി അറബിക്ക് എത്തിക്കും. കൊടുക്കുമ്പോള്‍ മല്‍ബു പറയും- നൂറ് ഞാനെടുത്ത്ക്ക്.
ശമ്പളത്തിനു പുറമെ, നൂറ് റിയാല്‍  എല്ലുമുറിയെ പണിയെടുക്കുന്ന തനിക്ക് അര്‍ഹമായതാണെന്ന് ഉറച്ചുവിശ്വസിക്കുന്ന മല്‍ബു മുതലാളി അറിഞ്ഞാണ് അത് എടുക്കുന്നതെന്ന് മനഃസാക്ഷിയെ ബോധ്യപ്പെടുത്താനാണത്രെ ഈ അടവ് സ്വീകരിച്ചത്.
 

ഒടുവില്‍ ടിയാന്‍ നാട്ടില്‍ പോയപ്പോള്‍ പകരക്കാരനായെത്തിയ മല്‍ബു ഈ നൂറെടുത്ത്ക്ക് പറയാതായതോടെയാണ് അറബിക്ക് സംഗതി പിടി കിട്ടിയത്.
 

ഇക്കഥ തന്നോട് എന്തിനു പറഞ്ഞുവെന്ന ചിന്ത നമ്മുടെ മല്‍ബുവിന്റെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കെയാണ് ഒരു ദിവസം തലക്കു മുകളില്‍ അത് പ്രത്യക്ഷപ്പെട്ടത്. മൂന്നാം കണ്ണ്. ആ ദിവസം മുഴുവന്‍ മുതലാളി വന്നതുമില്ല. മുറിയിലിരുന്ന് ക്യാമറയില്‍ ദൃശ്യങ്ങള്‍ ആസ്വദിച്ചു.
അടുത്ത ദിവസം പുലര്‍ച്ചെ തന്നെ മല്‍ബു മുതലാളിയെ കണ്ടു പറഞ്ഞു.
വേറെ ആളെ നോക്കിക്കോ. വിശ്വാസമാണ് എല്ലാം.
 

ജോലി വലിച്ചെറിഞ്ഞെന്നു മല്‍ബുവും ക്യാമറയെ ഭയപ്പെടുന്ന അവനെ പറഞ്ഞുവിട്ടെന്നു മുതലാളിയും പറയുന്നു. പാര്‍ട്ടി വിട്ടെന്ന് വിട്ടയാളും പുറത്താക്കിയതാണെന്ന് ബാക്കിയുള്ളവരും പറയുന്നതു പോലെ.

October 9, 2011

മഞ്ഞിനു മീതെ നിലാവ്

മല്‍ബു ഇത്രവേഗം മടങ്ങുമെന്ന് ആരും നിരീച്ചതല്ല.
എല്ലാവരെയും അറിയിച്ച്, കൊട്ടിഘോഷിച്ചു കൊണ്ടുള്ള ഒരു മടക്കം.
അഞ്ച് കൊല്ലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മല്‍ബുവിന്റെ കോട്ടിട്ട ചൊങ്കന്‍ പടമാണല്ലോ പത്രത്തില്‍ അച്ചടിച്ചു വന്നിരിക്കുന്നത്.
എന്നാലും ഇതെങ്ങനെ സാധിച്ചുവെന്ന് തിരക്കാത്തവരില്ല.
പ്രവാസത്തിനു ഇത്രവേഗം ഒരു ഫുള്‍ സ്റ്റോപ്പ് ? അറിഞ്ഞവര്‍ അറിഞ്ഞവര്‍ ചോദിച്ചു. ഇരുപതും മുപ്പതും വര്‍ഷമായിട്ടും മടക്കയാത്രയെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ തലയില്‍ പെയിന്റടിച്ചു നടക്കുന്നവരുടെ ഇടയില്‍.
മല്‍ബു മറുപടി പുഞ്ചിരിയിലൊതുക്കി.
കുത്തികുത്തി ചോദിക്കുന്നവരോട് പറയും. ജീവിതം ഇവിടെ ഹോമിക്കാനുള്ളതല്ല. അഞ്ച് വര്‍ഷത്തെ പരിധി നിശ്ചിയിച്ചോണ്ടാ ഞാന്‍ വിമാനം കയറിയത്. അഞ്ച് തികയാന്‍ ഇനി ഒരു മാസം കൂടിയുണ്ട്. പോയിട്ടുവേണം മോനെ സ്‌കൂളില്‍ ചേര്‍ക്കാന്‍. ശിഷ്ടകാലം എന്റെ മല്‍ബിയോടൊപ്പം സുഖജീവിതം.
പിന്നെ പിന്നെ, പറഞ്ഞാ മതി. സുഖ ജീവിതം. പൊരിയുന്ന ചൂടും കുത്തനെ ഉയരുന്ന സാധനങ്ങളുടെ വിലയും. ആറു മാസം തികച്ചു നില്‍ക്കാനാവില്ല. നീയൊക്കെ അനുഭവിക്കും.
എന്നാലും നീ ചെറുപ്പമല്ലേ. നല്ലോണം ആലോചിച്ചോണ്ടു തന്നെയാണോ തീരുമാനമെടുത്തത്. പലര്‍ക്കും മടങ്ങിപ്പോയിട്ട് അവിടെ നില്‍ക്കക്കള്ളി കിട്ടിയിട്ടില്ല. വല്ലതും ഉണ്ടോ നാട്ടില്‍. അവിടെ പോയി എന്തു ചെയ്യാനാ പ്ലാന്‍.
നല്ല സുഹൃത്തുക്കളുടെ അന്വേഷണവും ഉപദേശവും തുടര്‍ന്നു.
അങ്ങനെയിരിക്കെയാണ്  മല്‍ബുവിനു പേരുദോഷം വരുത്തിക്കൊണ്ട് ലുങ്കി ന്യൂസുകളുടെ പ്രവാഹം തുടങ്ങിയത്.

വെറുമൊരു ഹൗസ് ഡ്രൈവറായ മല്‍ബു ഇത്ര വേഗം എങ്ങനെ പ്രവാസത്തിന് ആണിയടിക്കും. അതിന്റെ ഗുട്ടന്‍സ് ലുങ്കി ന്യൂസ് ഉമടകള്‍ക്ക് ഒരു തരത്തിലും പിടികിട്ടുന്നില്ല. അവര്‍ പലമാതിരി കഥകള്‍ പരത്തി. രഹസ്യവിവരങ്ങളുടെ കുത്തൊഴുക്ക്.
അറബിച്ചി വലിയ ഒരു കിഴി നല്‍കിക്കാണും.
അല്ലെങ്കില്‍ അവിടെനിന്ന് എന്തേലും അടിച്ചു മാറ്റിക്കാണും.
തായ്‌ലന്റ് ലോട്ടറി കിട്ടിക്കാണും.
സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് ഓഫര്‍ സാധനങ്ങള്‍ വാങ്ങി കടകളില്‍ കൊടുത്ത് നല്ലോണം സമ്പാദിച്ചിട്ടുണ്ടാകും.
ഇതില്‍ അവസാനം പറഞ്ഞതാണ് അല്‍പമെങ്കിലും യാഥാര്‍ഥ്യത്തോടു ചേര്‍ന്നു നില്‍ക്കുന്നത്. അല്ലാതെ അറബിച്ചി കിഴുക്കല്ലാതെ കിഴി നല്‍കിയിട്ടേയില്ല. സൂപ്പര്‍മാര്‍ക്കറ്റീന്ന് സോപ്പ് പൊടിയും പാല്‍പ്പൊടിയും ഓഫറില്‍ വാങ്ങി മറിച്ചു വിറ്റാല്‍ കിട്ടുന്നതിന് ഒരു കണക്കില്ലേ ഇഷ്ടാ. നട്ടാല്‍ മുളക്കാത്തെ നുണയൊന്നും ഇങ്ങനെ എഴുന്നള്ളിക്കരുത്. ജോലി കഴിഞ്ഞ് ഒഴിവുള്ള സമയത്ത് ഓഫറുകള്‍ തേടി സൂപ്പര്‍മാര്‍ക്കറ്റുകള്‍ തേടി പോകാറുണ്ട്. അതു മനസ്സിലാക്കിയ സൂപ്പര്‍മാര്‍ക്കറ്റുകാര്‍ ഒരാള്‍ക്ക് വാങ്ങാവുന്ന ഒരിനത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.

അവന്‍ വല്ലതും അടിച്ചുമാറ്റിക്കാണുമെന്നും അതുകൊണ്ടാണ് വേഗം തടി സലാമത്താക്കുന്നതെന്നും ലുങ്കി ന്യൂസ് പരന്നത് മനസ്സിലാക്കി തന്നെയാണ് മല്‍ബുവിന്റെ മനസ്സില്‍ ഐഡിയ ഉദിച്ചത്. ഒളിച്ചോടി പോകുന്നതല്ലെന്നും എല്ലാവരെയും അറിയിച്ചുകൊണ്ടുതന്നെയാണ് പോക്കെന്നും നാലാളെ ബോധ്യപ്പെടുത്തുക.
ഒരു ഫോട്ടോ പത്രത്തില്‍ വരുത്തുക. അങ്ങനെ അടുത്ത കൂട്ടുകാരെ വിളിച്ച് പാര്‍ട്ടി ഏര്‍പ്പാടാക്കി. ബ്രോസ്റ്റും സെവനപ്പും.
അങ്ങനെയാണ് അടുത്ത ദിവസം പടം സഹിതം വാര്‍ത്ത വന്നത്.
അഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് മടങ്ങുന്ന മല്‍ബുവിനു കൂട്ടുകാര്‍ യാതായയപ്പ് നല്‍കി.
ബ്രോസ്റ്റിനു മീതെ സെവനപ്പും വലിച്ചു കുടിച്ച  ശേഷം പല്ലില്‍കുത്തി രസിക്കുന്നതിനിടെ കൂട്ടുകാര്‍ ചോദിച്ചപ്പോള്‍ മല്‍ബു അറിഞ്ഞോ അറിയാതെയോ തന്റെ വിജയഗാഥ അവതരിപ്പിച്ചു. മഞ്ഞിനുമീതെ നിലാവ് പെയ്തതു പോലെ.

അതിന്റെ തുടക്കവും വളര്‍ച്ചയും തിളങ്ങുന്ന ഇന്ത്യയിലാണ്. ഗള്‍ഫിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഉള്ള കാശ് തട്ടിക്കൂട്ടി ഇത്തിരി സ്ഥലം വാങ്ങിയിരുന്നു. അന്ന് മൂന്ന് ലക്ഷത്തിനു കിട്ടിയ റബര്‍ തോട്ടത്തിനു ഇപ്പോള്‍ വില 75 ലക്ഷമായിട്ടുണ്ട്.
ഇവിടെ വന്നതിനുശേഷം  രണ്ട് ലക്ഷത്തിനു വാങ്ങിയ 10 സെന്റിന് 20 ലക്ഷവുമായി. ഇനി ജീവിക്കാന്‍ ഇതൊക്കെ മതി. എന്താ പോരേ?

October 2, 2011

പെട്ടി നിറക്കും മുമ്പ്

പെട്ടിയെന്നു പറയുമ്പോള്‍ പല തരമുണ്ടെങ്കിലും മല്‍ബുവിന് രണ്ട് പെട്ടികള്‍ ഒഴിവാക്കാനാവില്ല.
പെട്ടിക്കെത്രയാ റേറ്റ് എന്നു ചോദിക്കുന്നതു കേട്ടാല്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധനങ്ങള്‍ കുത്തിനിറക്കുന്ന പെട്ടിയുടെ വിലയല്ല. മറിച്ച് ഒരു ലക്ഷം രൂപ നാട്ടിലെത്തിക്കാനുള്ള ഹുണ്ടിയുടെ നിരക്കാണ് ഉദ്ദേശിക്കുന്നതെന്ന് അറിയാത്തവരുണ്ടാകാന്‍ വഴിയില്ല.
വിനിമയ നിരക്ക് കുത്തനെ കുറഞ്ഞതോടെ എല്ലാവരും പരമാവധി രൂപ നാട്ടിലെത്തിക്കാനുള്ള തത്രപ്പാടിലായിരുന്നു. സ്വരൂപിച്ചതും കടം വാങ്ങിയതും ചിട്ടി പിടിച്ചതുമൊക്കെ നാട്ടിലേക്ക് ചവിട്ടാനുള്ള നെട്ടോട്ടം.
ബാങ്ക് വഴി അല്ലേ അയക്കാവൂ, ഹുണ്ടിയെന്ന ഹവാല പാടില്ലല്ലോ എന്നു ചോദിക്കരുത്.
എന്‍ജിനീയറാണ് ഇത്രമാത്രം ശമ്പളമുണ്ട് എന്നു പറഞ്ഞ് ലക്ഷങ്ങള്‍ അയക്കാന്‍ മണി ട്രാന്‍സ്ഫര്‍ ഏജന്‍സികളില്‍ പോയാല്‍ ഇഖാമ ചോദിക്കുമ്പോള്‍ അതില്‍ പ്രൊഫഷന്‍ ലേബറായിരിക്കും. ഒരു ലേബര്‍ക്ക് മാസം പരമാവധി അയക്കാന്‍ സാധിക്കുന്ന തുക അമ്പതിനായിരം ഇന്ത്യന്‍ രൂപയാണ്. മികച്ച ജോലിയും തക്ക ശമ്പളവുമുണ്ടെങ്കിലും ഇഖാമയിലെ പ്രൊഫഷന്‍ മാറിയില്ലെങ്കില്‍ പിന്നെ ആശ്രയം ഹുണ്ടി തന്നെ.
നിരക്ക് കുറഞ്ഞിരിക്കെ, നാട്ടിലെത്തിക്കാന്‍ പരമാവധി തുക സ്വരൂപിച്ച് കൊടുത്തവരെ കണ്ണീരിലാക്കി ഹുണ്ടി ഏജന്റുമാര്‍ മുങ്ങിയ അനുഭവങ്ങളും നിരക്കിടിവിന്റെ ആഘോഷത്തിനിടയില്‍ അങ്ങിങ്ങായുണ്ട്.
രണ്ടാമത്തെ പെട്ടി സാക്ഷാല്‍ പെട്ടി തന്നെയാണ്. നാട്ടില്‍ പോകുമ്പോള്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അവകാശങ്ങള്‍ മാനിക്കുന്നതിന് മല്‍ബു സാധനങ്ങള്‍ കുത്തിനിറക്കുന്ന പെട്ടി. നിറയുന്നതുവരെ മനസ്സമാധാനമില്ലാത്ത പെട്ടി.
മുംബൈയിലേയും ബാംഗ്ലൂരിലേയും നാടന്‍ പ്രവാസികളെ പെട്ടി നോക്കി തിരിച്ചറിയാമെന്ന് പറയാറുണ്ട്. ഒരു പെട്ടിയും തൂക്കിയാണ് വരുന്നതെങ്കില്‍ മലപ്പുറം. പെട്ടി രണ്ടാണെങ്കില്‍ കണ്ണൂര്‍. എയര്‍പോര്‍ട്ടില്‍ പെട്ടികളുടെ ഭാരം കുറക്കുന്നതിന് രണ്ടു പെട്ടികളാക്കണമെന്ന നിബന്ധന വന്നപ്പോള്‍ അതില്‍ മനസ്സാ സന്തോഷിക്കുന്നവര്‍ കണ്ണൂരില്‍നിന്നുള്ള മല്‍ബുകളായിരിക്കും.
കൂടിയാല്‍ ഒരു പെട്ടിക്ക് 32 കിലോ ഭാരം മാത്രമേ പാടുള്ളൂ എന്ന നിബന്ധന ലംഘിക്കാന്‍ മല്‍ബുവിന് കഴിഞ്ഞിട്ടില്ല.
വേണമെങ്കില്‍ 32 കിലോ മാത്രമുള്ള ഒരു പെട്ടിയുമായി പോകാം. പക്ഷേ ഇത്രയേറെ ദ്രോഹിക്കുന്ന എയര്‍ ഇന്ത്യയെ എന്തിനു സഹായിക്കണം. കല്ലു നിറച്ചായാലും 40 കിലോ തന്നെ കൊണ്ടുപോകണമെന്നത് മല്‍ബുവിന് നിര്‍ബന്ധം.
കാര്‍ട്ടണുകള്‍ റാപ്പ് ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് വലിയ ബോര്‍ഡ് സ്ഥാപിച്ച് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ അതിനായുള്ള മെഷീന്‍ വെച്ച് ഇരിക്കുന്നവരുടെ വയറ്റത്തടിച്ചിട്ടുണ്ടെങ്കിലും ഇവിടെ റാപ്പ് ചെയ്യുക നിര്‍ബന്ധമാണെന്നാണ് വെപ്പ്. അതല്ലെങ്കില്‍ എയര്‍പോര്‍ട്ടില്‍ കാല് കുത്തിയാല്‍ അതുറപ്പിക്കാന്‍ ആളുകളുണ്ട്.
അവരുടെ കണ്ണ് വെട്ടിക്കാന്‍ കഴിയില്ലെന്നുറപ്പായ മല്‍ബു കണ്ടെത്തിയ വഴികള്‍ വേറെയാണ്.
ആ മെഷീനില്‍ തിരിക്കാനിട്ട് കൊടുത്ത് ചുരുങ്ങിയത് 25 റിയാല്‍ കൊടുക്കുന്നതിനു പകരം വീട്ടില്‍വെച്ചു തന്നെ പ്ലാസ്റ്റിക് പൊതിഞ്ഞാല്‍ പോരേ?  സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയും അല്ലാതെയും പ്ലാസ്റ്റിക് വാങ്ങി മല്‍ബു തന്നെയങ്ങു ചുറ്റി.
വേറെ ചില മല്‍ബുകള്‍ കാര്‍ട്ടണിനോട് വിട ചൊല്ലി രണ്ടു പെട്ടികള്‍ വാങ്ങി. രണ്ടു തവണ നാട്ടിലേക്ക് പോകുമ്പോള്‍ കാര്‍ട്ടണ്‍ ചുറ്റാന്‍ കൊടുക്കുന്ന തുകയുണ്ടെങ്കില്‍ സ്വന്തമായി പെട്ടി വാങ്ങാം.
രണ്ടു പെട്ടികളുമായി സന്തോഷത്തോടെ പോകുന്നവന്‍ കണ്ണൂര്‍ മല്‍ബുവായിരിക്കും എന്നു പറയാന്‍ കാരണമെന്തായിരിക്കും?
മറ്റൊന്നുമല്ല. ഒരു പെട്ടി മല്‍ബുവിന്റെ സ്വന്തം വീട്ടിലേക്ക്. മറ്റേത് മണിയറയൊരുക്കി മല്‍ബി കാത്തിരിക്കുന്ന  ഭാര്യാഗൃഹത്തിലേക്ക്. മണിയറയില്‍ വെക്കാനുള്ള അലങ്കര വസ്തുക്കളും നാടാകെ സുഗന്ധ പൂരിതമാക്കാനുള്ള മേത്തരം അത്തറുകളും ഈ പെട്ടിയിലാണല്ലോ.


Related Posts Plugin for WordPress, Blogger...