Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

April 24, 2011

തേന്‍വരിക്ക @ ജിമെയില്‍. കോം

ഇ കൊമേഴ്‌സ് അഥവാ ഇലക്‌ട്രോണിക് വ്യാപാരത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഒരു ടെലിഫോണ്‍ ലൈനും ഇന്റര്‍നെറ്റും ഉണ്ടെങ്കില്‍ ഏതു മല്‍ബുവിനും ഇ. കൊമേഴ്‌സ് തുടങ്ങാം. എന്നാല്‍ പി. കൊമേഴ്‌സ് അങ്ങനെയല്ല. അത് ആരും തുടങ്ങാന്‍ പാടുള്ളതല്ല. പറഞ്ഞതില്‍ കാര്യമുണ്ടെന്ന് മുഴുവന്‍ വായിച്ചാല്‍ ബോധ്യമാകും.
 ഓഫീസില്‍ വന്നു കയറിയതേയുള്ളൂ. നാല് ഫോണുകളും ഒരേ സമയം ശബ്ദിച്ചു തുടങ്ങി. സമയം 9.20. ഈ സമയത്ത് ഇങ്ങനെ ഫോണുകള്‍ പതിവുള്ളതല്ല. രാത്രി സെല്‍ ഫോണുകളെല്ലാം ഓഫ് ചെയ്തിട്ടതുകൊണ്ടാകാം, അതിരാവിലെ തന്നെ വിളികള്‍. ബിസിനസ് ഫയലുകള്‍ ക്ലോസ് ചെയ്ത ശേഷം മനസ്സമാധാനത്തോടെ ഉറങ്ങാന്‍ വേണ്ടിയല്ല രാത്രി ഫോണുകളെല്ലാം ഓഫ് ചെയ്തത്. ശരിക്കും പറഞ്ഞാല്‍ ഒരു ഫോണ്‍ കോള്‍ ലഭിക്കേണ്ടത് അത്യാവശ്യമായിരുന്നു. കാരണം ലണ്ടനിലേക്കയച്ച പാഴ്‌സലുകള്‍ എവിടെയോ കുടുങ്ങിക്കിടക്കുന്നു. പക്ഷേ, തലങ്ങും വിലങ്ങും ഫോണുകളും വന്നതോടെ എല്ലാ സെല്ലുകളും ഓഫാക്കാന്‍ നിര്‍ബന്ധിതനായി. മൊബൈലുകള്‍ ഓഫാക്കി ഉറങ്ങാന്‍ കിടന്നപ്പോള്‍ അതാ ലാന്റ് ഫോണും ശബ്ദിക്കുന്നു. അവസാനം വാര്‍ത്താ വിനിമയ ബന്ധം വിഛേദിച്ചാണ് അല്‍പമെങ്കിലും കണ്ണടക്കാന്‍ കഴിഞ്ഞത്
രാത്രി 12 മണിയോടെയാണ് ആദ്യ ഫോണ്‍ എത്തിയത്. സാര്‍, പരസ്യം കണ്ടു, എത്ര കാശ് വേണമെങ്കിലും തരാം. ഹുറൂബ് ഒഴിവായി ഒന്നു നാട്ടിലെത്തിയാല്‍ മതി.
ഏതു പരസ്യം എന്തു പരസ്യമെന്നു ചോദിച്ച് ഫോണ്‍ കട്ടാക്കിയതേയുള്ളൂ. അടുത്ത ഫോണിലെത്തി വിളി. കാര്യം ഒന്നു തന്നെ. ഹുറൂബ് ഒഴിവാക്കി നാട്ടിലെത്തിക്കണം, തുക ഒരു പ്രശ്‌നമല്ല.
ഹുറൂബ് ഒഴിവായി നാട്ടിലെത്താന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടണമെന്ന് പറഞ്ഞ് ആരോ ഇന്റര്‍നെറ്റില്‍ നല്‍കിയ പരസ്യമാണ് കാര്യം. പരസ്യത്തില്‍ കൊടുത്ത നമ്പര്‍ തെറ്റിയതായിരിക്കാമെന്നു പറഞ്ഞ്, വിളിച്ച രണ്ട് പേരെ ആശ്വസിപ്പിച്ചപ്പോഴേക്കും അവശേഷിക്കുന്ന മറ്റു രണ്ട് മൊബൈല്‍ നമ്പറുകളിലുമെത്തി ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള വിളികള്‍. സമയം കഴിയുംതോറും വിളികളുടെ എണ്ണം കൂടി. ഹുറൂബുകാര്‍ക്ക് എന്തു പാതിരാത്രി വന്നിരിക്കുന്നു? സുവര്‍ണാവസരമെന്നു കരുതി അവര്‍ വിളി തുടര്‍ന്നു. നാല് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത ശേഷം എന്തോ ചതി നടന്നിരിക്കുന്നുവെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ലാന്റ് ഫോണ്‍ ശബ്ദിച്ചത്.
ഒരു പത്ത് തേന്‍വരിക്ക വേണം. വരിക്കയാണെങ്കില്‍ മാത്രം മതീട്ടോ, രാവിലെ വന്ന് എടുത്തോളാം. കാര്യം അന്വേഷിച്ചപ്പോഴാണ് തേന്‍വരിക്ക ചക്ക പകുതി വിലക്ക് ലഭിക്കുന്നുവെന്ന പരസ്യത്തിനു താഴെ കൊടുത്തിരിക്കുന്നത് ഇതേ നമ്പറാണെന്ന് വിളിച്ചവര്‍ തറപ്പിച്ചു പറഞ്ഞത്.
ഹുറൂബിനെ കുറിച്ചോ തേന്‍ വരിക്കയെ കുറിച്ചോ ഒരു പരസ്യവും കൊടുത്തിട്ടില്ലെന്നും റോംഗ് നമ്പര്‍ ചേര്‍ത്തുപോയതായിരിക്കാമെന്നും പറഞ്ഞുകൊണ്ട് വിളിച്ചവരെയൊക്കെ വിശ്വസിപ്പിക്കാന്‍ പെട്ട പാട് ചെറുതല്ല. തലങ്ങും വിലങ്ങും ഫോണ്‍ ശബ്ദിച്ചപ്പോള്‍ മല്‍ബിയും കുട്ടികളും സഹായത്തിനെത്തി. അവസാനം സെല്‍ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്തു. ലാന്റ് ഫോണിന്റെ കേബിള്‍ ഊരിയിട്ടു.
ബിസിനിസ് കാര്‍ഡിലെ നമ്പറുകളെല്ലാം ഇന്റര്‍നെറ്റിലെ സൗജന്യ സൈറ്റില്‍ നല്‍കിയിരിക്കുന്ന പരസ്യങ്ങളോടൊപ്പം ചേര്‍ത്തിരിക്കയാണ്. വിളിക്കുന്നവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
ഇതു പോലുള്ള സൈറ്റുകള്‍ ഇപ്പോള്‍ മല്‍ബുകളുടെ ദൗര്‍ബല്യമാണ്. ഒന്നും വാങ്ങാനോ വില്‍ക്കാനോ ഇല്ലെങ്കിലും അതില്‍ കയറിയിറങ്ങി വായിച്ചിരിക്കുക അവരുടെ ഒരു ഹരമാണ്. വില്‍ക്കാനുള്ള സാധനങ്ങളുടെ കൂട്ടത്തില്‍ പൊന്നോമനയുടെ ബാത്ത് ടബ്ബ് മുതല്‍ ഒരു തവണ മാത്രം ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ വരെയുണ്ട്. താഴെ ഏതെങ്കിലും മാന്യന്റെ നമ്പര്‍ കൊടുത്താല്‍ മതിയല്ലോ.
മടിച്ചു മടിച്ചാണ് ഓഫീസിലെ ഫോണെടുത്തത്. അതു തന്നെ, തേന്‍വരിക്കക്കു വേണ്ടിയുള്ള വിളി. അതിരാവിലെ തന്നെ അവന്റ ഒരു തേന്‍വരിക്കയെന്നു ശപിച്ചു കൊണ്ടിരുന്നപ്പോള്‍ ഐ.ടി വിദഗ്ധന്‍ കുതിച്ചെത്തി.
സാര്‍ ഒരു രക്ഷയുമില്ല, തേന്‍വരിക്ക ജിമെയില്‍ ഡോട്ട് കോമില്‍നിന്ന് നമ്മുടെ കമ്പനിയുടെ എല്ലാ ഫോണ്‍ നമ്പറുകളും വെച്ച് പരസ്യം കൊടുത്തിട്ടുണ്ട്. ഹുറൂബും ചക്കയും മാത്രമല്ല, സൗജന്യ ഹൃദയ ശസ്ത്രകിയയുമുണ്ട് കൂട്ടത്തില്‍. ഹൃദയമില്ലാത്തവരുടെ പി. കൊമേഴ്‌സാണിത്. പറ്റിക്കല്‍ കൊമേഴ്‌സ്. ആരും ഇത് ചെയ്യാന്‍ പാടുള്ളതല്ല, ക്രൂരവിനോദം. 


3 comments:

pravaasam... prethavaasam said...

ithu vaayichappo orma vannath oru announcement aanu:
devikk ishtam vedi vazhipaadu!!!

ചാപ്പനങ്ങാടിക്കൂട്ടം said...

മല്ഭു പറഞ്ഞതില്‍ കാര്യമില്ലാതില്ല

ചാപ്പനങ്ങാടിക്കൂട്ടം said...

മല്ഭു പറഞ്ഞതില്‍ കാര്യമില്ലാതില്ല

Related Posts Plugin for WordPress, Blogger...